ഇന്നുമുതൽ ഒരുമാസം മഹാ കുംഭമേള

പ്രയാഗ് രാജിലേക്ക് ഭക്തരുടെ ഒഴുക്ക്

ന്ത്യയിലെ ഏറ്റവും വലിയ ഉത്സവങ്ങളിലൊന്നായ മഹാ കുംഭ മേള ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ ഇന്നുമുതൽ മുതൽ ഫെബ്രുവരി 26 വരെ നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൽഘാടനം ചെയ്ത ചടങ്ങിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും മറ്റു പ്രമുഖ വ്യക്തികളും സന്നിഹിതരായിരുന്നു. ഫെബ്രുവരി 26ന് മഹാ ശിവരാത്രി ദിനത്തിലാണ് ഒന്നരമാസത്തോളം നീളുന്ന കുംഭമേളയ്ക്ക് അവസാനം കുറിക്കുക.
2025ലെ മഹാ കുംഭമേളയെക്കുറിച്ച്‌ അറിഞ്ഞിരിക്കേണ്ട പത്ത് സുപ്രധാന കാര്യങ്ങൾ നോക്കാം.

ഓരോ 12 വർഷവും കൂടുമ്പോഴാണ് മഹാ കുംഭ മേള സംഘടിപ്പിക്കുന്നത്. പ്രയാഗ് രാജിലെ ത്രിവേണി സംഗമത്തിലാണ് കുംഭ മേള ആഘോഷിക്കുന്നത്. പുണ്യനദികളായ ഗംഗ, യമുന, സരസ്വതി എന്നിവ കൂടിച്ചേരുന്ന സ്ഥലമാണ് ത്രിവേണി സംഗമം. മഹാ കുംഭമേളയിൽ ആകെ ആറ് സ്‌നാനങ്ങളാണ് ഉള്ളത്. അതിൽ മൂന്ന് രാജകീയ സ്‌നാനങ്ങളും മൂന്ന് മറ്റ് സ്‌നാനങ്ങളും ഉൾപ്പെടുന്നു. 2025 ജനുവരി 13 പൗഷ് പൂർണി, ജനുവരി 14 മകര സംക്രാന്തി ഈ ദിവസങ്ങളിലാണ് ആദ്യത്തെ രാജകീയ സ്‌നാനം, ജനുവരി 29 മൗനി അമാവാസിയിലാണ് രണ്ടാമത്തെ രാജകീയ സ്‌നാനം. ഫെബ്രുവരി 3 ബസന്ത് പഞ്ചമിയാണ് മൂന്നാമത്തെ രാജകീയ സ്‌നാനം, ഫെബ്രുവരി 12 മാഘി പൂർണിമ, ഫെബ്രുവരി 26 മഹാശിവരാത്രി എന്നീ രണ്ട് ദിവങ്ങളിലാണ് അവസാനത്തെ സ്‌നാനം.

കുംഭ മേളയും മഹാ കുംഭമേളയും തമ്മിലുള്ള പ്രധാന വ്യത്യാസം അവ നടക്കുന്ന സ്ഥലങ്ങളാണ്. കുംഭ മേള നാല് പ്രധാന നഗരങ്ങളിലായാണ് നടക്കുന്നത്. മഹാ കുംഭ മേള എപ്പോഴും പ്രയാഗ് രാജിലാണ് നടക്കുക. കുംഭ മേള ഓരോ മൂന്ന് വർഷം കൂടുമ്പോഴും നടക്കും. അതേസമയം, മഹാ കുംഭ മേള ഓരോ പന്ത്രണ്ട് വർഷം കൂടുമ്പോഴുമാണ് ആഘോഷിക്കുന്നത്. അവസാന കുംഭ മേള 2013 ലാണ് നടന്നത്. ഏകദേശം പത്ത് കോടിയോളം പേരാണ് അന്ന് കുംഭമേളയിൽ പങ്കെടുത്തത്. ഏകദേശം 12,000 കോടിയോളം രൂപയുടെ വരുമാനമാണ് ഈ കുംഭമേളയിലൂടെ ലഭിച്ചത്. കൂടാതെ, 65,0000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്തു. ഈ വർഷം 40 കോടി ഭക്തർ മഹാ കുംഭ മേളയിൽ പങ്കെടുക്കാൻ എത്തുമെന്നാണ് സംസ്ഥാന സർക്കാർ പ്രതീക്ഷിക്കുന്നത്. ഇത്രയും ആളുകളെ ഉൾക്കൊള്ളുന്നതിന് വലിയ സൗകര്യങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്.

4000 ഹെക്ടർ വരുന്ന കുംഭ് ഗ്രൗണ്ട് 25 ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. പുഴയുടെ രണ്ട് വശങ്ങളിലുമായാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. സുരക്ഷ വർധിപ്പിക്കുന്നതിനായി ഉത്തർപ്രദേശ് പോലീസിന്റെ നേതൃത്വത്തിൽ വെള്ളത്തിനടിയിൽ ഡ്രോണുകൾ വിന്യസിക്കുകയും 2700 എഐ ക്യാമറകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് പുറമെ സുരക്ഷ ഉറപ്പാക്കാൻ ഏഴുതലങ്ങളിലായുള്ള സുരക്ഷാ സർക്കിളുകളും സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ, പ്രവിശ്യാ ആംഡ് കോൺസ്റ്റാബുലറി, ദേശീയ ദുരന്ത നിവാരണ സേന, സെൻട്രൽ ആംഡ് പോലീസ് ഫോഴ്‌സ്, ബിഡിഡി, എഎസ് ചെക്ക് എന്നിവയെയും വിന്യസിച്ചിട്ടുണ്ട്. നഗര- ഗ്രാമ പ്രദേശങ്ങളിലായി പതിനായിരത്തോളം പോലീസുകാരെയാകും വിന്യസിക്കുക.

കുംഭമേളയ്ക്ക് എത്തുന്ന ഭക്തർ ഓർത്തിരിക്കേണ്ട ചില കാര്യങ്ങൾകൂടിയുണ്ട്. അപകട സാധ്യത കുറയ്ക്കുന്നതിന്- വിലപിടിപ്പുള്ള വസ്തുക്കൾ, അനാവശ്യമായ ഭക്ഷണം, വസ്ത്രങ്ങൾ എന്നിവ കൊണ്ടുപോകുന്നത് പരമാധി ഒഴിവാക്കുന്നതാണ് ഉചിതം. അപരിചിതരുമായി സൗഹൃദം സ്ഥാപിക്കുന്നതും അനധികൃതമായ സ്ഥലങ്ങളിൽ നിന്ന് ഭക്ഷണം കഴിക്കുന്നതും ഒഴിവാക്കണം. സംഘർഷസാധ്യതയുള്ള ഇടങ്ങളിൽ നിന്ന് ഭക്തർ വിട്ടു നിൽക്കുകയും നദിയിലെ അനുവദനീയമായ സ്ഥലങ്ങളിൽ മാത്രമേ ഇറങ്ങാനും പാടുള്ളൂ. നദിയിൽ ഇറങ്ങുമ്പോൾ സോപ്പുകളും ഡിറ്റർജന്റും ഉപയോഗിക്കാതെ ശ്രദ്ധിക്കുക. പൂജയ്ക്കുപയോഗിക്കുന്ന സാമഗ്രികൾ നദിയിൽ ഉപേക്ഷിക്കരുത്. ആരോഗ്യവും ശുചിത്വവും പാലിക്കുകയും അനാരോഗ്യകരമായ അവസ്ഥയുണ്ടെങ്കിൽ തിരക്കേറിയ സ്ഥലങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയും വേണം. പ്ലാസ്റ്റിക് കവറുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കുകയും തുറസ്സായ സ്ഥലങ്ങളിൽ മലമൂത്ര വിസർജനം ചെയ്യരുത്. പ്രകൃതിയെ സംരക്ഷിക്കുക.