ഗോപൻ സ്വാമിയെ കൊന്നത് തന്നെ

സ്വത്ത് തട്ടിയെടുക്കാൻ മക്കളുടെ ശ്രമം

വിദ്യാഭ്യാസപരമായിട്ടും സാംസ്കാരികമായിട്ടും വലിയ ഉയരത്തിൽ നിൽക്കുന്ന സമൂഹമാണ് കേരളത്തിലുള്ളത് എന്നൊക്കെ വീമ്പ് പറയുന്നുണ്ടെങ്കിലും, ഇപ്പോഴും അന്ധവിശ്വാസവും അനാചാരവും ഒക്കെ ഇഷ്ടം പോലെ ഇവിടെ നിലനിൽക്കുന്നു. അതുകൊണ്ട് തന്നെയാണ് ഇപ്പോൾ വിവാദത്തിൽ എത്തിയ ഗോപൻ സ്വാമിയെപ്പോലെ പല പല സ്വാമിമാരും പലപ്പോഴായി കേരളത്തിൽ തന്നെ പൊങ്ങിവരുന്നത്. ഈ പറയുന്ന എല്ലാ കപട സ്വാമിമാർക്കും ചുറ്റും കൂടാൻ ആൾക്കാരും. ഈ സ്വാമിമാർ പറയുന്ന തട്ടിപ്പ് ഏർപ്പാടുകൾക്ക് സംഭാവന നൽകാനും കേരളീയർ ഇപ്പോഴും തയ്യാറായിക്കൊണ്ടിരിക്കുന്നു എന്നതും ഓർക്കണം.

തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരത്ത് അധിയന്നൂരിൽ കാവു വിളാകം കൈലാസനാഥ ക്ഷേത്രത്തിലെ പൂജാരിയായിരുന്ന ഗോപൻ സ്വാമിയെ ദിവസങ്ങളോളം കാണാതെ വന്നപ്പോഴാണ് നാട്ടുകാർ സ്വാമി എവിടെ എന്ന ചോദ്യവുമായി രംഗത്തുവന്നത്. അപ്പോഴാണ്, സ്വാമിയുടെ മക്കൾ വളരെ വിദഗ്ധമായി സ്വാമി സമാധിയായി എന്നും- അദ്ദേഹത്തെ കുടിയിരുത്തി എന്നും എഴുതിയ പോസ്റ്ററുകൾ നാട്ടിൽ ചിലയിടത്ത് ഒട്ടിച്ചത്. ഇതോടെയാണ് വെറുതെ ഇരുന്ന നാട്ടുകാർക്ക് പലതരത്തിലുള്ള സംശയങ്ങൾ ഉണ്ടായത്. കുറച്ചു നാളായി സ്വാമി വാർദ്ധക്യ സഹജമായ രോഗം മൂലം കിടപ്പിലായിരുന്നു എന്ന് സ്വാമിയുടെ ബന്ധുക്കൾ തന്നെ നാട്ടുകാരോട് പറഞ്ഞിരുന്നതാണ്. തീർത്തും അവശനായി കഴിഞ്ഞിരുന്ന ഗോപൻ സ്വാമിക്ക് മക്കളോ ഭാര്യയോ മരുന്നും ചികിത്സയും ഒന്നും കൊടുത്തിരുന്നില്ല എന്നാണ് നാട്ടുകാർ പറഞ്ഞത്. തികച്ചും കിടപ്പുരോഗിയായിരുന്ന ഗോപൻ സ്വാമിയെ കല്ലറയ്ക്കുള്ളിൽ എങ്ങനെ കുടിയിരുത്തി എന്നതും നാട്ടുകാരുടെ സംശയമായി മാറി. അതോടുകൂടിയാണ് പോലീസും അന്വേഷണവുമായി രംഗത്തുവന്നത്.

ഏതായാലും ഗോപൻ സ്വാമിയുടെ കല്ലറ പൊളിച്ചു മൃതശരീരം പരിശോധനയ്ക്ക് വിധേയമാക്കുന്നതിന് പോലീസ് നടപടികൾ ആരംഭിച്ചു. എന്നാൽ ഈ അവസരത്തിൽ പോലീസിനെ തടയാൻ ഗോപൻ സ്വാമിയുടെ ഭാര്യയും മക്കളും രംഗത്തുണ്ട്. ഒപ്പം ചുരുക്കം ചില നാട്ടുകാരും- സ്വാമിയുടെ വീട്ടുകാർക്കൊപ്പം ചേർന്നതോടെ വലിയ സംഘർഷമാണ്. ഇതോടെ കല്ലറ പൊളിക്കൽ തൽക്കാലത്തേക്ക് മാറ്റിവെച്ച് പോലീസ് മടങ്ങുകയായിരുന്നു. ഗോപൻ സ്വാമി പൂജാരിയായി നിർമ്മിച്ച കൈലാസനാഥ ക്ഷേത്രവും ചുറ്റുമുള്ള സ്ഥലവും ക്ഷേത്ര ഭരണസമിതിക്കാരുടെ ഉടമസ്ഥതയിലേക്ക് കൈമാറുന്ന വിൽപത്രം എഴുതിവയ്ക്കാൻ സ്വാമി തീരുമാനിച്ചതാണ് കുടുംബ കലഹത്തിന് കാരണം എന്ന് പറയപ്പെടുന്നു. സ്വാമിയുടെ തീരുമാനം നടപ്പിൽ വന്നാൽ ക്ഷേത്രവും ഭൂമിയും നഷ്ടപ്പെടുകയും വരുമാനം ഇല്ലാതാവുകയും ചെയ്യും എന്ന ഭയം കൊണ്ടാണ് മക്കളും ഭാര്യയും ഗോപൻ സ്വാമിയെ സമാധിയിലേക്ക് എത്തിച്ചതെന്നാണ് പറയപ്പെടുന്നത്. ഏതായാലും സമാധി ഇരിക്കുവാൻ കഴിയുന്ന തരത്തിലുള്ള ആരോഗ്യസ്ഥിതി സ്വാമിക്ക് ഉണ്ടായിരുന്നില്ല എന്നാണ് നാട്ടുകാരിൽ പലരും പറയുന്നത്. ഇവർ പറയുന്ന രീതിവെച്ചു പരിശോധിച്ചാൽ സ്വാമിയുടെ സമാധി എന്ന വാദം സംശയാസ്പദമാണെന്നും സ്വാമിയെ ഭാര്യയും മക്കളും കൂടി കൊലപ്പെടുത്തുകയാണ് ചെയ്തത് എന്നും വാദിക്കുന്നവർ ഉണ്ട്. കൊലപ്പെടുത്തിയ ശേഷം കല്ലറയിൽ കിടത്തി അടച്ചു പൂട്ടുകയാണ് ഉണ്ടായതെന്നും, അതുകൊണ്ടുതന്നെ മൃതശരീരം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി മരണകാരണം കണ്ടെത്തണം എന്നുമാണ് നാട്ടുകാരിൽ വലിയൊരു വിഭാഗം ആവശ്യപ്പെടുന്നത്.

ഗോപൻ സ്വാമിയെ പറ്റി വിവരം ഒന്നും ഇല്ലാതെ വന്നപ്പോൾ ആണ്- സ്വാമി എവിടെ എന്ന ചോദ്യവുമായി അയൽക്കാർ അടക്കമുള്ളവർ രംഗത്ത് വന്നത്. ഇതിനുശേഷമാണ് ഭാര്യയും മക്കളും സമാധിയുടെ വിവരം പുറത്തു പറയുന്നത്. എന്നാൽ രോഗബാധിതനായി കഴിഞ്ഞിരുന്ന ​ഗോപൻ സ്വാമിയെ സമാധി ഇരുത്തുന്നതിന് മുൻപ്- മരണപ്പെട്ട വിവരം നാട്ടുകാരെ എന്തുകൊണ്ട് അറിയിച്ചില്ല? അല്ലെങ്കിൽ നാട്ടുകാരുടെ സാന്നിധ്യത്തിൽ എന്തുകൊണ്ട് സമാധിയിൽ എത്തിയില്ല എന്നതെല്ലാം തെളിയിക്കപ്പെടേണ്ട കാര്യങ്ങളാണ്. വെറും ഒരു കൂലിപ്പണിക്കാരനായിരുന്ന ഗോപൻ എങ്ങനെ ദിവ്യനും സ്വാമിയും പൂജാരിയും ഒക്കെയായി മാറി എന്നത് ഇപ്പോഴും നാട്ടുകാർക്ക് പിടികിട്ടാത്ത കാര്യമാണ്. ഏതായാലും വെളിപാടുണ്ടായി ഗോപൻ സ്വാമി സ്വന്തമായി തീർത്ത കൈലാസനാഥ ക്ഷേത്രത്തിൽ ദർശനത്തിനായി ആൾക്കാർ വരുന്ന സാഹചര്യം പിന്നീടുണ്ടായി. ക്ഷേത്രദർശനത്തിന് എത്തുന്ന ഭക്തന്മാരുടെ എണ്ണം കൂടിയപ്പോൾ സ്വാഭാവികമായും വരുമാനവും വന്നുചേർന്നു. ആദ്യഘട്ടങ്ങളിൽ ക്ഷേത്രത്തിൻറെ പ്രവർത്തനങ്ങളുമായി നാട്ടുകാരിൽ ചിലർ സഹകരിച്ചതായിട്ടാണ് പറയപ്പെടുന്നത്. പിന്നീട് സ്വാമി തന്നെ ഉണ്ടാക്കിവച്ച ചില നിബന്ധനകളുടെ പേരിൽ ഭക്തന്മാർ ക്ഷേത്രത്തിൽ നിന്നും അകന്നു മാറി എന്നും പറയുന്നു.

ഏതായാലും ഗോപൻ സ്വാമിയുടെ സമാധി ഒരു പ്രദേശത്താകെ വലിയ ചർച്ചയും വിവാദവും ഉണ്ടാക്കിയിരിക്കുകയാണ്. പോലീസിൽ ആരും പരാതി നൽകാത്ത സാഹചര്യത്തിൽ കേസ് രജിസ്റ്റർ ചെയ്ത് നടപടിയെടുക്കാൻ പോലീസിന് കഴിഞ്ഞിരുന്നില്ല. എന്നാൽ ഗോപൻ സ്വാമിയെ കാണുവാനില്ല എന്ന വാർത്ത വന്നതോടുകൂടി ആളെ കണ്ടെത്തുന്നതിന് ജില്ലാ കളക്ടർ പോലീസിന് നിർദ്ദേശം നൽകുകയായിരുന്നു. ഇതിൻറെ ഭാഗമായി പോലീസ് കഴിഞ്ഞദിവസം സംഭവസ്ഥലത്ത് പരിശോധനയ്ക്കും അന്വേഷണത്തിനും എത്തിയപ്പോഴാണ് വലിയ തോതിലുള്ള സംഘർഷത്തിലേക്ക് നീങ്ങുന്ന സാഹചര്യം ഉണ്ടായതും തൽക്കാലത്തേക്ക് പോലീസ് നടപടികൾ നിർത്തിവയ്ക്കപ്പെട്ടതും.

ഏതായാലും ഗോപൻ സ്വാമിയുടെ മരണം സമാധിയോ സ്വാഭാവിക മരണമോ അല്ല എന്ന സംശയത്തിന് ന്യായങ്ങൾ ഏറെയുണ്ട്. നാട്ടുകാർ പറയുന്ന രീതിയിൽ ഗോപൻ സ്വാമിയുടെ ക്ഷേത്രവും സ്ഥലവുമെല്ലാം മറ്റുള്ള ആൾക്കാരുടെ പേരിൽ എഴുതിവെച്ചാൽ ഭാര്യക്കും മക്കൾക്കും സ്വത്ത് നഷ്ടപ്പെടും എന്നതാണ് ഈ ഗുരുതരമായ സാഹചര്യങ്ങൾക്ക് കാരണമായത്. ഏതായാലും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുള്ള സാഹചര്യത്തിൽ, ബുദ്ധിപരമായി മഹാന്മാർ എന്ന് പറയുന്ന മലയാളികൾക്കിടയിൽ ഇപ്പോഴും സ്വാമിമാരും സിദ്ധന്മാരും മന്ത്രവാദികളും ഒക്കെ യഥേഷ്ടം വിലസുന്നു എന്നകാര്യം എങ്കിലും നമ്മൾ തിരിച്ചറിയേണ്ടതാണ്.