ഉത്തർപ്രദേശിന്റെ മഹാഭാഗ്യമായി കുംഭമേള

സർക്കാരിന് കിട്ടുന്നത് ഒരു മാസം കൊണ്ട് രണ്ടുലക്ഷം കോടി രൂപ

രു വ്യാഴവട്ടത്തിനിടയിൽ നടക്കുന്ന മഹാകുംഭമേളയ്ക്ക് തുടക്കമായി കഴിഞ്ഞു. ഉത്തർപ്രദേശിലെ പ്രയാഗ് രാജ് എന്ന സ്ഥലത്താണ് കുംഭമേള അരങ്ങേറുന്നത്. ഗംഗ യമുന നദികളും പിന്നെ സരസ്വതി നദിയും സംഗമിക്കുന്ന സ്ഥലത്താണ് ലക്ഷക്കണക്കിന് ആൾക്കാർ ഒത്തുചേരുന്ന കുംഭമേള നടക്കുക. പൗഷ പൗർണമി നാളിലാണ് കുംഭമേളയ്ക്ക് തുടക്കം കുറിച്ചത്. ആദ്യ ദിവസം തന്നെ ഒന്നരക്കോടിയിലധികം ഭക്തജനങ്ങൾ സംഗമഭൂമിയിൽ എത്തിയെന്നാണ് പറയുന്നത്. ഉത്തർപ്രദേശ് സംസ്ഥാനം വലിയ ഒരുക്കങ്ങളാണ് കുംഭമേളയ്ക്കായി നടത്തിയിരിക്കുന്നത്. കുംഭമേളയ്ക്ക് എത്തുന്ന ഭക്തർക്ക് വേണ്ട സൗകര്യങ്ങൾ സംസ്ഥാന സർക്കാർ ഒരുക്കി കഴിഞ്ഞു. 7000 കോടിയിലധികം രൂപയുടെ താൽക്കാലിക സൗകര്യങ്ങളും സംവിധാനങ്ങളുമാണ് കുംഭമേള ലക്ഷ്യമാക്കി സർക്കാർ ഒരുക്കിയിരിക്കുന്നത്. ഈ ഒരുക്കങ്ങൾക്ക് പിന്നിൽ സർക്കാർ ലക്ഷ്യം വയ്ക്കുന്നത് വലിയ സാമ്പത്തിക വരുമാനം തന്നെയാണ്. ഒരുമാസത്തോളം നീണ്ടുനിൽക്കുന്ന കുംഭമേളയിലൂടെ ഉത്തർപ്രദേശ് സർക്കാരിന് രണ്ടുലക്ഷം കോടി രൂപയുടെ വരുമാനം ഉണ്ടാകുമെന്നാണ് കണക്കാക്കിയിരിക്കുന്നത്.

കുംഭമേളയിൽ പങ്കെടുക്കുന്നവരിൽ നല്ലൊരു പങ്ക് രാജ്യത്തിൻറെ പല ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന സന്യാസി മഠങ്ങളിലെ സന്യാസിമാർ ആയിരിക്കും. ഈ സന്യാസിമാരുടെ കൂട്ടത്തിൽ വസ്ത്രം ഇല്ലാതെ കഴിയുന്ന ദിഗംബര സ്വാമികളായ സന്യാസിമാരും ഉണ്ടാകുന്നു എന്നത് ഇതിൻറെ പ്രത്യേകതയാണ്. ഓരോ ദിവസവും ലക്ഷക്കണക്കിന് ഭക്തന്മാർ ആണ് കുംഭമേള സ്ഥലത്തേക്ക് ഒഴുകിയെത്തുന്നത്. എത്തിച്ചേരുന്ന ഭക്തന്മാർ ത്രിവേണി സംഗമത്തിൽ മുങ്ങിക്കുളിച്ച് നിർവൃതി നേടുന്നു എന്നാണ് പറയപ്പെടുന്നത്. 12 വർഷത്തിൽ ഒരിക്കൽ നടക്കുന്ന കുംഭമേളയുടെ പങ്കാളിയായാൽ എല്ലാ സൗഭാഗ്യങ്ങളും ഉണ്ടാകുമെന്നും വിശ്വസിക്കപ്പെടുന്നുണ്ട്. അതുകൊണ്ട് കൂടിയാണ് ഇത്രയധികം ഭക്തജനങ്ങൾ ഇവിടെ എത്തിച്ചേരുന്നത്. അടുത്ത ഫെബ്രുവരി മാസം 25 വരെയാണ് കുംഭമേള തുടരുക. ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന ഈ കുംഭമേളയിൽ മൊത്തത്തിൽ 45 കോടിയോളം ഭക്തരുടെ വരവാണ് സംസ്ഥാന സർക്കാർ കണക്കാക്കുന്നത്. ഇത്തരത്തിൽ കുംഭമേളയ്ക്ക് എത്തിച്ചേരുന്ന ഭക്തന്മാർ വിവിധ ആവശ്യങ്ങൾക്കായി ചിലവഴിക്കുന്ന തുകയിൽ നിന്നുമാണ് സംസ്ഥാന സർക്കാരിന് ലക്ഷക്കണക്കിന് കോടി രൂപയുടെ ആദായം ഉണ്ടാകുന്നത്.

കുംഭമേളയ്ക്ക് എത്തുന്ന ഭക്തന്മാർ ഭക്ഷണ-പാനീയങ്ങൾ, എണ്ണ, വിളക്ക്, മറ്റു വഴിപാടുകൾ തുടങ്ങിയവയ്ക്കായി ചെലവാക്കുന്ന തുകയാണ് വലിയ വരുമാനമാർഗമായി കണക്കാക്കപ്പെടുന്നത്. ഇതിനുപുറമേയാണ് ഇവിടെ എത്തിച്ചേരുന്ന ലക്ഷക്കണക്കിന് ഭക്തന്മാർ താമസസൗകര്യത്തിനും യാത്ര സൗകര്യത്തിനും മറ്റും ചെലവഴിക്കുന്ന തുക. ഇത്രയുമധികം ജനങ്ങൾ തിങ്ങിയെത്തുന്ന- ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന പരിപാടി എന്ന നിലയിൽ വലിയ കമ്പനികൾ വലിയ തുക നൽകി കുംഭമേള സ്ഥലത്ത് പരസ്യങ്ങൾ നൽകുന്നതും വലിയ വരുമാനമാർഗമാണ്.

കുംഭമേളയുടെ സുഗമമായ നടത്തിപ്പിനും ഭക്തന്മാർക്ക് സൗകര്യം ഒരുക്കുന്നതിനും വിപുലമായ ഏർപ്പാടുകൾ ഉത്തർപ്രദേശ് സർക്കാർ ഒരുക്കിയിട്ടുണ്ട്. 10000 ഏക്കർ സ്ഥലത്ത് ഒരു സമയം ഒരു കോടിയിലധികം ഭക്തന്മാർക്ക് ഇരിക്കുവാൻ കഴിയുന്ന വിധത്തിലുള്ള താൽക്കാലിക പന്തലാണ് വലിയ മഹാത്ഭുതമായി നിലനിൽക്കുന്നത്. കുംഭമേളയ്ക്ക് വേണ്ടി മാത്രം 30 താൽക്കാലിക പാലങ്ങൾ പണി പൂർത്തിയാക്കി കഴിഞ്ഞു. 45,000ത്തിൽ അധികം പോലീസുകാരാണ് ക്രമസമാധാന പാലനത്തിലും ഭക്തരുടെ സുരക്ഷയ്ക്കും ആയി രംഗത്തുള്ളത്.

രാജ്യത്തിൻറെ പല ഭാഗങ്ങളിൽ നിന്നായി ഒഴുകിയെത്തുന്ന ഭക്തന്മാരാണ് നദിക്കരയിൽ എത്തിച്ചേർന്ന് കുംഭമേളയിൽ പങ്കെടുക്കുന്നത്. ഒരു ജില്ലയിലധികം വരുന്ന പ്രദേശം ജയ് വിളികളും ഭക്തിഗാന ആലാപനങ്ങളും കൊണ്ട് നിറഞ്ഞുനിൽക്കുന്ന അന്തരീക്ഷമാണ് ഇപ്പോൾ ഉള്ളത്. വലിയ തോതിൽ വിദേശികളും കുംഭമേളയുടെ ഭാഗമാകാൻ എത്തുക പതിവാണ്. വിദേശികളെ സംബന്ധിച്ചിടത്തോളം ഒരിടത്തും കണ്ടിട്ടില്ലാത്ത- അത്രയ്ക്ക് വലിയ ജനങ്ങളുടെ കൂട്ടമാണ് കുംഭമേളയിൽ എത്തുന്നത്. വിദേശികൾക്ക് ഈ കാഴ്ച തന്നെ ഒരു അത്ഭുതമാണ്. ഏതായാലും വല്ലപ്പോഴും എത്തുന്ന കുംഭമേളയുടെ വിജയകരമായ നടത്തിപ്പിന് എല്ലാ സൗകര്യവും ഉത്തർപ്രദേശ് സർക്കാർ ഒരുക്കുമ്പോൾ- ഈ കുംഭമേള വഴി സംസ്ഥാന സർക്കാരിൻറെ ഖജനാവിലേക്ക് ഒഴുകിയെത്തുന്നത് ഏകദേശം രണ്ടു ലക്ഷം കോടയിൽ അധികം രൂപയാണ് എന്നത് സർക്കാരിനെ സംബന്ധിച്ചിടത്തോളം ഒരു വലിയ അനുഗ്രഹമായിട്ട് തന്നെ കണക്കാക്കാവുന്നതാണ്.