വ്യക്തിപരമായി കളിക്കുവാൻ അനുകൂലമായ രാഷ്ട്രീയ സാഹചര്യം ഇല്ലാതെ വരുമ്പോൾ, മാന്യമായി ഒതുങ്ങി നിൽക്കാനും അനുകൂല സാഹചര്യം വന്നുചേരുമ്പോൾ ശത്രുവിനെ മലർത്തി അടിക്കാൻ 18 അടവും പയറ്റുന്നതിനും പരിചയം ഉള്ള നേതാവാണ് സാക്ഷാൽ രമേശ് ചെന്നിത്തല. കേരളത്തിൻറെ രാഷ്ട്രീയ ഭീഷ്മാചാര്യൻ എന്നും രാഷ്ട്രീയ തന്ത്രജ്ഞൻ എന്നും ഒക്കെ ഇപ്പോഴും പറയപ്പെടുന്ന സാക്ഷാൽ കെ കരുണാകരന്റെ ശിഷ്യനാണ് രമേശ് ചെന്നിത്തല. പത്ത് വർഷത്തിലധികം കെപിസിസിയുടെ പ്രസിഡൻറ് പദവിയിലും പിന്നീട് ആഭ്യന്തരമന്ത്രിയായും, അതിനുശേഷം യുഡിഎഫ് പ്രതിപക്ഷത്തായപ്പോൾ പ്രതിപക്ഷ നേതാവായും ഒക്കെ വിലസിയ ആളാണ് രമേശ് ചെന്നിത്തല.
കേരളത്തിലെ കോൺഗ്രസ് നേതാക്കളിൽ നിന്നും പാർട്ടിയുടെ ദേശീയ നേതൃനിരയിൽ ഏറെക്കാലം പ്രവർത്തിച്ചിട്ടുള്ള ആളുമാണ് രമേശ് ചെന്നിത്തല. ഇപ്പോൾ കേരളത്തിലെ കോൺഗ്രസ് പാർട്ടിക്കുള്ളിൽ നിലനിൽക്കുന്ന ആഭ്യന്തര പ്രശ്നങ്ങൾ തനിക്ക് ഇടപെടാൻ അനുകൂലമായ സാഹചര്യം ഉണ്ടാക്കിയിരിക്കുന്നു- എന്നുള്ള തിരിച്ചറിവിലാണ് ചെന്നിത്തല പുതിയ രാഷ്ട്രീയ തന്ത്രങ്ങൾ പയറ്റുന്നതിന് രംഗത്തിറങ്ങിയിരിക്കുന്നത്. കെപിസിസി നേതൃത്വത്തിൽ പുനഃസംഘടന നടത്തുക എന്നത് അടിയന്തരമായി ചെയ്യേണ്ട ഒരു കാര്യമായി കോൺഗ്രസ് ഹൈക്കമാന്റ് തീരുമാനമെടുത്തെങ്കിലും ഏറെക്കാലമായിട്ടും അത് നടപ്പിലായിട്ടില്ല. പലതരത്തിലുള്ള നേതാക്കളുടെ ഇടപെടലുകളും ഗ്രൂപ്പ് തർക്കങ്ങളും കൊണ്ടാണ് സംസ്ഥാന പാർട്ടി പുനസംഘടന നീണ്ടു നീണ്ടു പോയിട്ടുള്ളത്. എന്നാൽ കേരളത്തെ സംബന്ധിച്ചിടത്തോളം ഒരു വർഷത്തിനുള്ളിൽ സുപ്രധാനമായ രണ്ടു തെരഞ്ഞെടുപ്പുകൾ വരുന്നതുകൊണ്ട് പാർട്ടിയെ അതിന് സജ്ജമാക്കാൻ- അടിയന്തരമായി സംസ്ഥാന കമ്മിറ്റിയിലും ജില്ലാ കമ്മിറ്റികളിലും പുനഃസംഘടന ഉണ്ടാകണം എന്നാണ് പാർട്ടിയുടെ ദേശീയ നേതൃത്വം തീരുമാനിച്ചിട്ടുള്ളത്.
രണ്ടുവർഷത്തോളമായി നടക്കുന്ന പാർട്ടി പുനസംഘടന നീണ്ട് പോകുന്നതിന് പിന്നിൽ, മുഖ്യമായും കെപിസിസിയുടെ അധ്യക്ഷ പദവി തന്നെയാണ് തടസ്സമായി നിൽക്കുന്നത്. നിലവിലെ കെപിസിസി പ്രസിഡണ്ട് സുധാകരൻ മാറണം എന്ന് പാർട്ടിയിലെ ഒരുപറ്റം നേതാക്കൾ അഭിപ്രായപ്പെടുമ്പോൾ സുധാകരനെ മാറ്റേണ്ട സാഹചര്യം നിലവിലില്ല എന്ന് പറഞ്ഞുകൊണ്ട്, മറ്റൊരു വിഭാഗം നേതാക്കളും നിലപാട് എടുക്കുന്നതാണ് ഇപ്പോഴുള്ള പ്രതിസന്ധി. മാത്രവുമല്ല സുധാകരൻ കെപിസിസി പ്രസിഡണ്ട് പദവി ഒഴിഞ്ഞാൽ പകരം ആര് എന്ന കാര്യത്തിൽ കേരള നേതാക്കൾക്കിടയിൽ ഒരു ധാരണ രൂപപ്പെട്ടിട്ടുമില്ല. ഇതിനിടയിൽ തനിക്ക് യാതൊരു ആരോഗ്യ പ്രശ്നവും ഇല്ലായെന്നും പാർട്ടിയെ നയിക്കാൻ തനിക്ക് കഴിയുമെന്നും പറഞ്ഞുകൊണ്ട് അധ്യക്ഷപദവി വിടാൻ തയ്യാറാകാതെ സുധാകരനും നിലപാട് എടുത്തിട്ടുണ്ട്. ഇത്തരത്തിലുള്ള പ്രതിസന്ധികളെ മുതലെടുക്കുവാനുള്ള തന്ത്രപരമായ ഒരു നീക്കവുമായിട്ടാണ് ഇപ്പോൾ രമേശ് ചെന്നിത്തല അങ്കത്തട്ടിൽ ഇറങ്ങിയിരിക്കുന്നത്.
നിലവിൽ കേരളത്തിലെ പ്രതിപക്ഷ നേതാവായി പ്രവർത്തിക്കുന്ന വി ഡി സതീശൻ കെപിസിസിയുടെ അധ്യക്ഷപദവി ഏറ്റെടുക്കണം എന്ന രീതിയിലുള്ള നിർദ്ദേശമാണ്- ചെന്നിത്തല പാർട്ടി കേന്ദ്ര നേതൃത്വത്തിനു മുന്നിൽ ഇപ്പോൾ വെച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാവായ ശേഷം സതീശന്റെ പ്രവർത്തനങ്ങളിൽ കോൺഗ്രസിന്റെ മുതിർന്ന പല നേതാക്കൾക്കും ശക്തമായ പ്രതിഷേധം ഉണ്ട്. യുഡിഎഫ് ചെയർമാൻ കൂടിയായ പ്രതിപക്ഷ നേതാവ്, മുന്നണിയിലെ മറ്റു പാർട്ടികളെ മുഖവിലയ്ക്കെടുക്കാതെ- അവരുമായി യാതൊരുവിധ കൂടിയാലോചനകളും നടത്താതെ മുന്നണി തീരുമാനങ്ങൾ പ്രഖ്യാപിക്കുന്നു എന്നതാണ് ഈ പ്രതിഷേധത്തിന് കാരണം. കോൺഗ്രസ് പാർട്ടി കാര്യങ്ങളിൽ പോലും മുതിർന്ന നേതാക്കളും കെപിസിസി അധ്യക്ഷന്മാരും അടങ്ങുന്നവരെ അവഗണിച്ചുകൊണ്ട്- യൂത്ത് കോൺഗ്രസിൻറെ നേതാക്കളെ ഒപ്പം നിർത്തി ഏകപക്ഷീയ തീരുമാനങ്ങളാണ് സതീശൻ എടുക്കുന്നത് എന്ന ആക്ഷേപം എല്ലാ നേതാക്കൾക്കുമുണ്ട്. ഇത് മാത്രമല്ല യുഡിഎഫിലെ രണ്ടാമത്തെ വലിയ പാർട്ടിയായ മുസ്ലിം ലീഗിൻറെ മുതിർന്ന നേതാക്കൾക്കും സതീശന്റെ പ്രവർത്തന ശൈലിയിൽ പ്രതിഷേധമുണ്ട്. കേരള കോൺഗ്രസ്, ആർ എസ് പി തുടങ്ങിയ പാർട്ടികളുടെ നേതാക്കളും സതീശന്റെ പ്രവർത്തനങ്ങളിൽ നീരസം ഉള്ളവരാണ്. അവരും കോൺഗ്രസ് നേതാക്കളോട് പരാതി പറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇത്തരത്തിൽ സതീശനെതിരായ നീക്കങ്ങൾ പല തട്ടുകളിൽ നിന്നും ഉയർന്നുവരുന്നത് മുതലെടുക്കുക എന്നതാണ് ചെന്നിത്തലയുടെ ലക്ഷ്യം.
കെപിസിസിയുടെ അധ്യക്ഷപദവിയിലേക്ക് രണ്ടാംനിര നേതാക്കൾ കടന്നുവരണമെന്നും, വരുന്ന തെരഞ്ഞെടുപ്പുകളെ നേരിടുന്നതിന് യുവാക്കളുടെ പുതിയ നേതൃനിര ഉണ്ടാകണമെന്നും ഒക്കെയുള്ള വലിയ നിർദ്ദേശങ്ങളാണ് സതീശന് പാരവെക്കാനായി ചെന്നിത്തല കണ്ടെത്തിയിരിക്കുന്നത്. സതീശനെപ്പോലെ കേരളം മുഴുവൻ ഓടിനടന്ന് പ്രവർത്തിക്കുന്ന- ചെറുപ്പം വിടാത്ത നേതാവ് പാർട്ടിയുടെ അധ്യക്ഷനാകുന്നത് ഗുണം ചെയ്യും എന്ന നിലപാടാണ് ചെന്നിത്തല പാർട്ടിയുടെ കേന്ദ്ര നേതൃത്വത്തോടും പറഞ്ഞിട്ടുള്ളത്. കേരളത്തിലെ മുതിർന്ന നേതാക്കളിലും മുൻ പാർട്ടി പ്രസിഡന്റുമാരിലും ചെന്നിത്തലയുടെ അഭിപ്രായങ്ങൾ സ്വീകാര്യമാക്കാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
കെപിസിസിയുടെ അദ്ധ്യക്ഷ പദവിയിലേക്ക് സതീശനെ നിയോഗിച്ചാൽ- സ്വാഭാവികമായും ഇപ്പോഴുള്ള പ്രതിപക്ഷ നേതാവിന്റെ പദവി അദ്ദേഹം ഒഴിയേണ്ടി വരും. അത്തരമൊരു സാഹചര്യം ഉണ്ടായാൽ സ്വാഭാവികമായും കോൺഗ്രസ് നേതാക്കൾ ആ പദവിയിലേക്ക് എടുത്തു വയ്ക്കുക രമേശ് ചെന്നിത്തലയുടെ പേര് ആയിരിക്കും. മുൻപ് അഞ്ചു വർഷക്കാലം പ്രതിപക്ഷ നേതാവായി പ്രവർത്തിക്കുകയും- പിണറായി വിജയൻറെ ഒന്നാം സർക്കാരിൻറെ കാലത്ത്- വിവാദം ഉണ്ടാക്കിയ വലിയ അഴിമതികളുടെയുംമറ്റും കേസുകൾ ഉയർത്തിക്കൊണ്ടു വരികയും ചെയ്ത ആളാണ് രമേശ് ചെന്നിത്തല. മുൻകാല പരിചയവും അതുപോലെതന്നെ യുഡിഎഫിനെ ഒറ്റക്കെട്ടായി കൊണ്ടുപോകാനുള്ള സവിശേഷമായ കഴിവും ചെന്നിത്തല തെളിയിച്ചിട്ടുള്ളതാണ്. ഇത്തരം കഴിഞ്ഞകാല അനുഭവങ്ങൾ ചെന്നിത്തലയ്ക്ക് അനുകൂലമായി മാറും എന്നത് വാസ്തവമാണ്.
ഈ വിധത്തിൽ നിലവിലെ പ്രതിപക്ഷ നേതാവ് സ്ഥാനം ഒഴിയുകയും, ആ പദവിയിലേക്ക് ചെന്നിത്തല കടന്നു വരികയും ചെയ്തു കഴിഞ്ഞാൽ- ശേഷിക്കുന്ന ഒരു വർഷം കൊണ്ട് പ്രതിപക്ഷ നേതാവായി ഷൈൻ ചെയ്യാൻ ചെന്നിത്തലയ്ക്ക് കഴിയുമെന്നതും തള്ളിക്കളയേണ്ട കാര്യമില്ല. ഈ സ്ഥിതി ഉണ്ടായാൽ ഒരു വർഷത്തിനുശേഷം കേരളത്തിൽ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഭൂരിപക്ഷം നേടിയാൽ സ്വാഭാവികമായും അടുത്ത മുഖ്യമന്ത്രി ആര് എന്ന ചോദ്യത്തിന് രമേശ് ചെന്നിത്തല എന്ന ഒരു ഉത്തരം മാത്രമേ ഉണ്ടാകൂ എന്നും ചെന്നിത്തല മുൻകൂട്ടി കാണുന്നുണ്ട്. ഈ സ്വപ്നം സഫലമാക്കുന്നതിനുള്ള തന്ത്രപരമായ രാഷ്ട്രീയ നീക്കങ്ങളാണ് ചെന്നിത്തല തുടങ്ങിവെച്ചിരിക്കുന്നത്. ഇത്തരം ഒരു ആശയം നടപ്പിലാക്കി എടുക്കുന്നതിന്- കേരളത്തിലെ എല്ലാ ജില്ലകളിലും മുതിർന്ന നേതാക്കളുമായി നേരിൽ കണ്ടുകൊണ്ട് ചെന്നിത്തല ചർച്ചകൾ നടത്തിവരികയാണ്. കെപിസിസി അധ്യക്ഷപദവിയിലെ മാറ്റവും- മാറുന്ന പദവിയിലേക്ക് സതീശനെ പ്രതിഷ്ഠിക്കുക എന്നതും നടത്തിയെടുക്കുന്നതിനുള്ള രഹസ്യ നീക്കങ്ങളാണ് ചെന്നിത്തല ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഈ നീക്കങ്ങൾക്ക് പിന്നിൽ സതീശനെതിരായി നിൽക്കുന്ന- കോൺഗ്രസിലെ മുതിർന്ന നേതാക്കളുടെ പിന്തുണയും ഉണ്ടെന്നാണ് അറിയുന്നത്.