പഞ്ചായത്തുകൾ മുതൽ പാർലമെൻറ് വരെ തെരഞ്ഞെടുപ്പ് നടത്തുകയും ജനപ്രതിനിധികളെ അങ്ങോട്ട് അയയ്ക്കുകയും ചെയ്യുന്നത് സുഗമമായും ഭരണഘടനാപരമായിട്ടും ഭരണം നടത്തി ജനങ്ങളെ സേവിക്കുന്നതിന് വേണ്ടിയാണ്. ഇതൊക്കെ എവിടെയോ മറന്നുപോയ കാര്യങ്ങളാണ് എന്ന സ്ഥിതിയിലാണ് ഇപ്പോൾ നമ്മുടെ കേരളവും നമ്മുടെ രാജ്യവും എത്തിനിൽക്കുന്നത്. എങ്ങനെയെങ്കിലും ജനങ്ങളെ കബളിപ്പിച്ചു ഭൂരിപക്ഷം നേടി ഭരണത്തിൽ കയറുകയും കിട്ടുന്ന അവസരങ്ങളിലെല്ലാം കയ്യിട്ടുവാരുകയും അതെല്ലാം സ്വന്തം വീട്ടിലേക്ക് അടിച്ചു മാറ്റുകയും ചെയ്യുകയാണ് ജനാധിപത്യം എന്നും അതാണ് ഭരണമെന്നും ഒക്കെ വിശ്വസിക്കുന്ന ഒരു കൂട്ടം ആൾക്കാർ നമ്മുടെ രാജ്യത്ത് ഉണ്ടായിരിക്കും.
രാജ്യത്ത് നിലനിൽക്കുന്ന ജനാധിപത്യ ഭരണ സ്ഥാപനങ്ങളിൽ ഏറ്റവും താഴെത്തട്ടിലുള്ളത് പഞ്ചായത്ത് ഭരണസമിതികളാണ്. ഇതുകൂടാതെ മുനിസിപ്പാലിറ്റികളും നഗരസഭകളും കോർപ്പറേഷനുകളുമൊക്കെ സ്വയംഭരണ സ്ഥാപനങ്ങളായി ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. കേരളത്തിലടക്കം ഇത്തരം ഭരണസമിതികളിൽ കടന്നുവരുന്ന ജനപ്രതിനിധികൾ സത്യപ്രതിജ്ഞാ വാചകങ്ങൾ പോലും മറന്നുകൊണ്ട് സ്വന്തം കാര്യം സിന്ദാബാദ് എന്ന മുദ്രാവാക്യവുമായി നീങ്ങുകയാണ്. കേരളത്തിലെ പല ഭരണസമിതികളിലും നടക്കുന്ന സാമ്പത്തിക ക്രമക്കേടുകളും അഴിമതികളും നിരന്തരം പുറത്തുവന്നുകൊണ്ടിരിക്കുന്നു. ഏറ്റവും ഒടുവിൽ കോട്ടയം നഗരസഭയിൽ നിന്നും പുറത്തുവന്ന വാർത്തകൾ ആരെയും അമ്പരപ്പിക്കുന്ന വിധത്തിലുള്ളതാണ്.
കോട്ടയം നഗരസഭയിൽ ജനപ്രതിനിധികൾ മാത്രമല്ല ഉദ്യോഗസ്ഥർ വരെ വലിയ തോതിൽ സാമ്പത്തിക തട്ടിപ്പുകൾ തുടരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. മുനിസിപ്പാലിറ്റികൾക്ക് വരുമാനമായി ലഭിക്കുന്നത് വിവിധതരത്തിലുള്ള നികുതികളും മുനിസിപ്പാലിറ്റിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെ വാടകയും മറ്റുതരത്തിലുള്ള വരുമാനങ്ങളുമാണ്. കേരളത്തിലെ വലിയ മുനിസിപ്പാലിറ്റികളിൽ ഒന്നാണ് കോട്ടയം മുനിസിപ്പാലിറ്റി. വലിയതോതിൽ വരുമാനമുള്ള ഒരു നഗരസഭയാണ് കോട്ടയം. ഈ നഗരസഭയിൽ യാതൊരു നീതീകരണവും ഇല്ലാത്ത തട്ടിപ്പുകളും ക്രമക്കേടുകളും നടന്നിരിക്കുന്നു എന്നാണ് വിജിലൻസ് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥർ കണ്ടെത്തിയിരിക്കുന്നത്. നഗരസഭയിലേക്ക് വിവിധ ഇനങ്ങളിൽ ലഭ്യമായ 211 കോടി രൂപയുടെ കണക്ക് പോലും കാണുവാനില്ലായെന്നാണ് വിജിലൻസ് ഉദ്യോഗസ്ഥർ അന്വേഷണത്തിലൂടെ കണ്ടെത്തിയത്. ഈ വലിയ തുകകൾ എവിടെപ്പോയി എന്നുള്ള അന്വേഷണങ്ങൾ നടന്നുവരുന്നുണ്ട്. നികുതിയിനത്തിലും മറ്റും നഗരസഭയ്ക്ക് ലഭിച്ച തുകകൾ കൃത്യമായി ബാങ്കുകളിൽ അടച്ചിട്ടില്ലായെന്നും ചെക്കായി നികുതി ദായകർ നൽകിയ തുക പോലും ബാങ്കിൽ നിക്ഷേപിച്ചിട്ടില്ലായെന്നുമൊക്കെ കണ്ടെത്തിയിട്ടുണ്ട്. പണമായി മുനിസിപ്പാലിറ്റിയിലെ കൗണ്ടറിൽ നേരിട്ട് ലഭിച്ച തുക പോലും ബാങ്കുകളിൽ അടച്ചിട്ടില്ലാത്ത സ്ഥിതിയും കണ്ടെത്തിയിട്ടുണ്ട്.
കോട്ടയം നഗരസഭയുടെ ഭരണസമിതി കോൺഗ്രസ് നേതൃത്വം കൊടുക്കുന്ന യുഡിഎഫിന്റെ കൈകളിലാണ്. ഇപ്പോൾ ഏറ്റവും ഒടുവിൽ- അവിടുത്തെ നഗരസഭ ചെയർപേഴ്സൺ പോലും കൗൺസിലർമാരുടെ ചില തട്ടിപ്പുകളും അഴിമതികളും പരസ്യമായി പറയുന്ന സ്ഥിതി വന്നിട്ടുണ്ട്. അടുത്ത മാസത്തിൽ നഗരസഭയുടെ ധനകാര്യ ബജറ്റ് അവതരിപ്പിക്കുകയാണ്. സാധാരണ ബജറ്റ് അവതരിപ്പിക്കുമ്പോൾ നഗരസഭയിലെ കൗൺസിലർമാർക്ക് ചില സാധനസാമഗ്രികൾ സംഭാവനയായി കൊടുക്കുന്ന പതിവുണ്ടെന്നും ഈ അവസരം മുതലെടുത്തുകൊണ്ട് ഭരണപക്ഷ പ്രതിപക്ഷ കൗൺസിലർമാർ ഒറ്റക്കെട്ടായി നഗരപരിധിയിലെ കടകളിൽ നിന്നും മറ്റും വൻ തുകകൾ പിരിച്ചുകൊണ്ടിരിക്കുന്നു എന്നുമാണ് നഗരസഭ അധ്യക്ഷ സങ്കടത്തോടെ പറഞ്ഞിരിക്കുന്നത്. ഇത്തരത്തിൽ ആരൊക്കെ എവിടെ നിന്നൊക്കെ പണം പിടിച്ചു എന്ന കാര്യത്തിൽ പോലും ഒരു വിവരവുമില്ല. പിരിച്ചുകിട്ടുന്ന തുക ശേഖരിച്ച് ആ തുക ഉപയോഗിച്ച് കൗൺസിലർമാർക്ക് ഉപഹാരങ്ങൾ നൽകുക എന്നതാണ് ഉദ്ദേശിക്കുന്നത്. എന്നാൽ ഇത്തരത്തിൽ ഒരു കാര്യം നടത്തുന്നതിന് ഒരു കൗൺസിലറോടും നാട്ടുകാരിൽ നിന്നും പണം പിരിക്കാൻ നിർദ്ദേശിച്ചിട്ടില്ലായെന്നും കൗൺസിലർമാർ നടത്തിക്കൊണ്ടിരിക്കുന്നത് നാണംകെട്ട പ്രവർത്തനമാണെന്നും നഗരസഭ അധ്യക്ഷ പറയുന്നുണ്ട്.
ഇതിനിടയിലാണ്- നഗരപരിധിയിലുള്ള ആൾക്കാർക്ക് അനുവദിച്ച പെൻഷൻ തുകയിൽ നിന്നും- രണ്ടേകാൽ കോടിയോളം രൂപ അവിടുത്തെ ഒരു ഉദ്യോഗസ്ഥൻ തന്നെ അടിച്ചുമാറ്റി എന്ന റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. ബാങ്കിൽ നിന്നും തുക പിൻവലിച്ച് പെൻഷൻ വിതരണം നടത്തേണ്ട കാര്യത്തിൽ സെക്രട്ടറിയാണ് ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥനായി പ്രവർത്തിക്കേണ്ടത്. എന്നാൽ പെൻഷൻ വിതരണത്തിനുള്ള തുക ബാങ്കിൽ നിന്നും പിൻവലിക്കുന്നത് വിതരണം ചെയ്തിട്ടുണ്ടോ എന്ന് പോലും സെക്രട്ടറി പരിശോധിച്ചിട്ടില്ലാ എന്നാണ് ഇപ്പോൾ അന്വേഷണങ്ങളിൽ കണ്ടെത്തിയിരിക്കുന്നത്. ട്രഷറി ചെക്കുകൾ സെക്രട്ടറി ഒപ്പിട്ടു കൊടുത്തതാണ് ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ സാമ്പത്തിക തട്ടിപ്പിനായി ഉപയോഗപ്പെടുത്തിയതെന്നും പറയപ്പെടുന്നു. ഈ കാര്യത്തിൽ ഇപ്പോൾ തദ്ദേശ സ്വയംഭരണ വകുപ്പിലെ ജോയിൻറ് ഡയറക്ടർ അന്വേഷണം നടത്തുകയും റിപ്പോർട്ട് മേൽ ഉദ്യോഗസ്ഥന് കൈമാറുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ വലിയ തട്ടിപ്പ് നടത്തിയ മുൻ നഗരസഭ ഉദ്യോഗസ്ഥൻ ഇപ്പോൾ ഒളിവിലാണെന്നും പറയപ്പെടുന്നു.
പലപ്പോഴും കോട്ടയം നഗരസഭ പലതരത്തിലുള്ള വിവാദങ്ങളിലും കടന്നു വരാറുണ്ട്. നഗരസഭയുടെ ചെയർമാൻ പദവി പാർട്ടികൾ തമ്മിൽ വീതം വയ്ക്കുന്ന കാര്യത്തിൽ വലിയ സംഘർഷം ഉണ്ടായ സംഭവങ്ങളും കണ്ടിട്ടുള്ളതാണ്. ഇത്തരത്തിൽ നേതാക്കന്മാരും ഭരണസമിതിക്കാരും ചേരിപ്പോരുകൾ തുടരുന്നത് കൊണ്ടാണ് ഭരണസമിതിയിലെ അംഗങ്ങളും നഗരസഭ ജീവനക്കാരും വലിയ തട്ടിപ്പുകൾക്ക് അവസരം കണ്ടെത്തുന്നതെന്ന ആരോപണവും പുറത്തുവരുന്നുണ്ട്. ഭരണസമിതി അംഗങ്ങൾ വലിയ സാമ്പത്തിക അഴിമതിയും തട്ടിപ്പും നടത്തിക്കൊണ്ടിരിക്കുമ്പോൾ മറുവശത്തു നിന്നു കൊണ്ട് ഉദ്യോഗസ്ഥർ സാമ്പത്തിക തിരിമറി നടത്തുന്നു എന്നാണ് പൊതുജനങ്ങൾ പറയുന്നത്. ഭരണസമിതിക്കാർ സംശുദ്ധരാണെങ്കിൽ മാത്രമേ ജീവനെക്കാരെ നിലക്കുനിർത്താൻ കഴിയൂ എന്നത് ഒരു വസ്തുതയാണ്. കൗൺസിലർമാർ തന്നെ സ്ഥിരം സംഭാവന പിരിക്കലും അഴിമതി നടത്തലും തുടരുകയാണെങ്കിൽ അവർക്ക് കീഴിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരും സ്വാഭാവികമായും ഇത്തരം കാര്യങ്ങൾ നടത്താൻ മടി കാണിക്കില്ല എന്നത് ഒരു സത്യം മാത്രമാണ്. നന്ദി, നമസ്കാരം