ഇന്ത്യ മുന്നണി പൊളിഞ്ഞു

കോൺഗ്രസ് പാർട്ടി ഒറ്റപ്പെടുന്നു

രാജ്യ തലസ്ഥാനമായ ഡൽഹിയിലെ നിയമസഭാ തിരഞ്ഞെടുപ്പ് കൂടി കഴിഞ്ഞപ്പോൾ-ബിജെപി എന്ന രാജ്യം ഭരിക്കുന്ന പാർട്ടിയെ തകർക്കുവാൻ രംഗത്ത് വന്ന ഇന്ത്യ മുന്നണി എന്ന പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മ പൂർണമായി തകരുന്ന സ്ഥിതിയിൽ എത്തി. പ്രതിപക്ഷ നിരയിലെ ഏറ്റവും വലിയ പാർട്ടി എന്ന നിലയിൽ കോൺഗ്രസ് പാർട്ടി മുന്നിൽ നിന്നു കൊണ്ടാണ് ഇന്ത്യ മുന്നണി എന്ന പ്രതിപക്ഷ കൂട്ടുകെട്ട് ഉണ്ടാക്കിയത്. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിയുടെ കൂട്ടായ്മയിലൂടെ പ്രതിപക്ഷ പാർട്ടികൾക്ക് കാര്യമായ നേട്ടം ഉണ്ടാക്കുവാൻ കഴിഞ്ഞിരുന്നു. എന്നാൽ പിന്നീട് നടന്ന പല സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിലും മറ്റും മുന്നണി ഘടകകക്ഷികളിൽ പലരും പരസ്പരം മത്സരിക്കുന്ന സ്ഥിതിയാണ് ഉണ്ടായത്. ഹരിയാനയിലും നിയമസഭ തെരഞ്ഞെടുപ്പ് അവസരത്തിൽ മുന്നണി ഘടകകക്ഷികൾ പരസ്പരം മത്സരിച്ചപ്പോൾ അത് മുതലെടുത്ത് കൊണ്ട് ബിജെപി വലിയ നേട്ടം ഉണ്ടാക്കി അധികാരത്തിൽ എത്തുകയും ചെയ്തു. അതിൻറെ ആവർത്തനമാണ് ഇപ്പോൾ ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിലും ഉണ്ടായത്. ഇന്ത്യ മുന്നണിയിലെ കക്ഷികളായ കോൺഗ്രസ് പാർട്ടിയും എഎപി പാർട്ടിയും പരസ്പരം മത്സരിച്ചതോടുകൂടി രണ്ടു പാർട്ടികളും വലിയ തകർച്ച നേരിട്ടു. ഈ അവസരം മുതലെടുത്തുകൊണ്ട് വലിയ നേട്ടം ഉണ്ടാക്കി-ബിജെപി ഭരണം പിടിച്ചെടുക്കുന്ന സ്ഥിതിയും ഉണ്ടായി. എല്ലാ പാർട്ടികളും ഇപ്പോൾ ഉയർത്തുന്ന പരാതി കോൺഗ്രസ് പാർട്ടി സംസ്ഥാന പാർട്ടികളെ ഒരുതരത്തിലും പരിഗണിക്കുന്നില്ല എന്നും, അവരെ അർഹമായ അളവിൽ കാണുന്നില്ല എന്നും ഒക്കെയാണ്. ഏതായാലും കോൺഗ്രസ് നേതൃത്വത്തിൽ രൂപം കൊണ്ട ഇന്ത്യ മുന്നണി തല്ലി തകർന്ന സ്ഥിതിയിൽ എത്തിയിരിക്കുന്നു.

കോൺഗ്രസ് നേതൃത്തിലുള്ള ഇന്ത്യ മുന്നണിയിലെ വലിയ രണ്ടു പാർട്ടികളായ-പശ്ചിമ ബംഗാളിലെ കോൺഗ്രസും, ബീഹാറിലെ ആർ ജെ ഡി യും ഉത്തർപ്രദേശിലെ സമാജ് വാദി പാർട്ടിയും അതുപോലെതന്നെ മഹാരാഷ്ട്രയിലെ എൻസിപിയും എല്ലാം-മുന്നണി ബന്ധം ഉപേക്ഷിച്ച് ഒറ്റക്ക് നിന്ന് മുന്നേറുവാനുള്ള തീരുമാനത്തിൽ എത്തിയിരിക്കുകയാണ്. അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളിൽ മുഖ്യമന്ത്രി മമത ബാനർജി-ഇങ്ങോട്ട് ആരും സഖ്യവും പറഞ്ഞ് വരേണ്ടതില്ല എന്ന് പരസ്യമായി പറഞ്ഞിരിക്കുകയാണ്. മാത്രവുമല്ല പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിച്ച് വിജയം നേടി. നാലാമതും അധികാരത്തിൽ എത്തുമെന്നും മമതാ ബാനർജി പറഞ്ഞിട്ടുണ്ട്. ഇതുതന്നെയാണ് ബീഹാറിലെയും സ്ഥിതി. ആർ ജെ ഡി പാർട്ടിയുടെ നേതൃത്വം തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഒറ്റയ്ക്ക് മുന്നേറുന്നതിന് തീരുമാനമെടുത്തു. ഇന്ത്യ മുന്നണിയുമായിട്ടോ കോൺഗ്രസുമായിട്ടോ ഒരു ബന്ധവും ഇനി ഉണ്ടാവില്ലായെന്ന് നേതാക്കൾ പറഞ്ഞു കഴിഞ്ഞു. ഉത്തർപ്രദേശിൽ കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ വലിയ നേട്ടം ഉണ്ടാക്കാൻ പ്രതിപക്ഷ മുന്നണിക്ക് കഴിഞ്ഞത് സംസ്ഥാനത്തെ ശക്തിയുള്ള പാർട്ടിയായ അഖിലേഷ് യാദവിന്റെ പാർട്ടിയുടെ കൂട്ടുകെട്ട് കോൺഗ്രസിനും ഇന്ത്യ മുന്നണിക്കും കിട്ടിയതുകൊണ്ടായിരുന്നു. ഏതായാലും ഇപ്പോൾ അഖിലേഷ് യാദവ് കോൺഗ്രസ് സഖ്യത്തിന്റെ കാര്യത്തിൽ താൽപര്യത്തിലല്ല.

മഹാരാഷ്ട്രയിൽ കഴിഞ്ഞ ഇടയ്ക്ക് നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ-കോൺഗ്രസ് നേതൃത്വം കൊടുത്ത ഇന്ത്യ മുന്നണിയുടെ പേരിൽ മത്സരിച്ച എൻ സി പി പാർട്ടിക്ക് കനത്ത തോൽവിയാണ് ഉണ്ടായത്. പാർട്ടിയുടെ ഏക നേതാവായ ശരത് പവാർ-ഇനിയും ഇന്ത്യ മുന്നണിയുമായി മുന്നോട്ടു പോകുന്നതിൽ കാര്യമില്ല-എന്ന നിലപാടിൽ എത്തിയത് ആയിട്ടാണ് അറിയുന്നത്. അന്തരിച്ച മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കോൺഗ്രസ് പാർട്ടിയെ നയിച്ചിരുന്ന കാലത്ത് ആ പാർട്ടിയുടെ യുവ തുർക്കികളുടെ പട്ടികയിൽ വലിയ ജന സ്വാധീനം നേടിയ നേതാക്കൾ ആയിരുന്നു മമത ബാനർജി. ശരത്ത് പവാറും പിന്നീട് കോൺഗ്രസ് പാർട്ടിയുടെ പ്രവർത്തന ശൈലിയിൽ ശക്തമായ പ്രതിഷേധം അറിയിച്ച് നേതൃത്വവുമായി ഉടക്കിയതോടെയാണ് ഈ രണ്ടു നേതാക്കളും കോൺഗ്രസ് വിട്ട് സ്വന്തം പാർട്ടി രൂപീകരിച്ച് സംസ്ഥാനതലത്തിൽ വലിയ ശക്തിയായി വളർന്നത്. ഈ രണ്ടു നേതാക്കളും ഇപ്പോൾ വീണ്ടും ഒരിക്കൽ കൂടി കോൺഗ്രസ് ബന്ധം ഉപേക്ഷിക്കുന്ന തീരുമാനത്തിൽ എത്തിയിരിക്കുകയാണ്.

കോൺഗ്രസിന്റെ നേതൃത്വത്തിൽ രൂപം കൊള്ളുകയും ഭരണകക്ഷിയായ ബിജെപി യെ അധികാരത്തിൽ നിന്നും അകറ്റുന്നതിന് പ്രവർത്തിക്കുകയും ചെയ്ത ഇന്ത്യ മുന്നണി യാതൊരു പ്രവർത്തനവും ഇല്ലാത്ത സ്ഥിതിയിലാണ് ഇപ്പോൾ നീങ്ങുന്നത്. ഇന്ത്യ മുന്നണിയുടെ കൂട്ടായ്മയിൽ ഒരുമിച്ചിരുന്ന 18 ഓളം പാർട്ടികൾ ഇപ്പോൾ ഒരുമിച്ചു നിൽക്കുന്ന സ്ഥിതിയിൽ അല്ല. മുന്നണിയുടെ ഒരു യോഗം പോലും ലോകസഭ തെരഞ്ഞെടുപ്പിനുശേഷം നടന്നിട്ടില്ല. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിൽ നേടിയെടുക്കാൻ കഴിഞ്ഞ ശക്തമായ തിരിച്ചുവരവിന് വഴിയൊരുക്കിയത് ഇന്ത്യ മുന്നണിയാണ് എന്ന ചിന്ത കോൺഗ്രസ് പാർട്ടി നേതാക്കൾക്ക് ഇല്ലായെന്നതാണ് ഈ പ്രതിസന്ധിക്ക് കാരണം. ഡൽഹി തെരഞ്ഞെടുപ്പിൽ മുന്നണിയിൽപെട്ട കജരിവാളിന്റെ പാർട്ടിയുമായി കോൺഗ്രസ് ഒരുമിച്ചിരുന്നെങ്കിൽ ബിജെപിയെ അവിടെ തുരത്തുവാൻ കഴിയുമായിരുന്നു. ഇത്തരത്തിൽ ഒരു ചർച്ച നടത്താൻ പോലും കോൺഗ്രസ് നേതാക്കൾ തയ്യാറായില്ല എന്ന വിമർശനവും ഉയരുന്നുണ്ട്.
ഏതായാലും ബിജെപി എന്ന രാഷ്ട്രീയ ശക്തിയെ അധികാരത്തിൽ നിന്നും അടിച്ചോടിക്കുവാൻ തയ്യാറായി മുന്നോട്ടുവന്ന കോൺഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യ മുന്നണി ഫലത്തിൽ ഇപ്പോൾ ചത്ത കുതിരയായി മാറിയിരിക്കുകയാണ്. പ്രമുഖരായ മുന്നണി നേതാക്കൾ മുന്നണി വിട്ടുകൊണ്ട് ഒറ്റയ്ക്ക് സംസ്ഥാനം പിടിച്ചെടുക്കാനുള്ള രാഷ്ട്രീയ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവുകയാണ്. ഈ കക്ഷികളുടെ നേതാക്കളല്ലാം കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തെ വിമർശിക്കുകയും പാർട്ടിയുടെ നേതാക്കളുടെ പിടിപ്പുകേടുകളാണ് ഇന്ത്യ മുന്നണിയുടെ തകർച്ചക്കു കാരണമെന്നും തുറന്നു പറഞ്ഞു കൊണ്ടിരിക്കുകയാണ്. ഈ സ്ഥിതി ആത്യന്തികമായി ദോഷം ഉണ്ടാക്കുക-ഇപ്പോഴും ഇന്ത്യയിൽ ഒരു വലിയ ശക്തിയായി നിലനിൽക്കുന്ന കോൺഗ്രസ് പാർട്ടിക്ക് തന്നെ ആയിരിക്കും എന്നതാണ് വസ്തുത.