എം മുകുന്ദൻ വെറും കൂലി എഴുത്തുകാരൻ

രവി പിള്ള എന്ന കോടീശ്വരനെ പുകഴ്ത്തുന്നവർ വിഡ്ഢികൾ

രണകക്ഷികളുടെ കൊടി അടയാളം നോക്കിയും സർക്കാരിനെ പുകഴ്ത്തിക്കൊണ്ടും വേണം എഴുത്തുകാരൻ സാഹിത്യസൃഷ്ടി നടത്തുവാനും അഭിപ്രായം പറയുവാനും തയ്യാറാകേണ്ടത് എന്ന് പ്രസ്താവിച്ച പ്രമുഖ എഴുത്തുകാരൻ എം മുകുന്ദനെ രൂക്ഷമായി വിമർശിച്ചും ആക്ഷേപിച്ചുകൊണ്ടും സിപിഎമ്മിന്റെ മുതിർന്ന നേതാവും മുൻമന്ത്രിയും ആയ ജി സുധാകരൻ രംഗത്ത് വന്നത് സമൂഹമാധ്യമങ്ങളിലും മറ്റും വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. മുകുന്ദൻ വെറും കൂലി എഴുത്തുകാരന്റെ രീതിയിലേക്ക് തരംതാണതുകൊണ്ടാണ് ഇത്തരം അഭിപ്രായങ്ങൾ പറയുന്നതെന്നും ഏതുതരത്തിലുള്ള എഴുത്തുകാരനും അത്യാവശ്യമായി വേണ്ടത് സ്വന്തം നിലപാടുകൾ തന്റേടത്തോടെ പറയാനുള്ള ചങ്കൂറ്റമാണെന്നും സുധാകരൻ വിമർശിച്ചു. സർക്കാരനെ പുകഴ്ത്തുകയല്ല-കലാകാരന്റെയും സാഹിത്യകാരന്റെയും ചുമതലയെന്നും  ഏതു സർക്കാരിലും ഉണ്ടാകുന്ന തെറ്റുകളും വീഴ്ചകളും തുറന്നു പറഞ്ഞ് അത് തിരുത്തുവാനുള്ള നിലപാട് എടുക്കുകയാണ്-ഈ കൂട്ടർ ചെയ്യേണ്ടതെന്നും മുൻമന്ത്രി സുധാകരൻ പറഞ്ഞുവെച്ചു. കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടികൾ ജനങ്ങൾക്കിടയിൽ സ്വാധീനം ഉണ്ടാക്കിയത് നാടകം അടക്കമുള്ള കലാരൂപങ്ങൾ വഴി ആയിരുന്നു. ആ കലാകാരന്മാർ തെറ്റായ കാര്യങ്ങളെ തുറന്നു പറയാൻ നട്ടെല്ലുള്ള ആൾക്കാർ ആയിരുന്നു. ഇന്ന് ആ സ്ഥിതി മാറിയിരിക്കുന്നു. അധികാരത്തിൽ വരുന്ന സർക്കാരുകളെ പുകഴ്ത്തി എന്തെങ്കിലും തരത്തിലുള്ള കസേരകൾ സമ്പാദിക്കുക എന്ന ഗതികേടിലേക്ക് കലാകാരന്മാരും സാഹിത്യകാരന്മാരും ഒക്കെ മാറിപ്പോയി എന്നും സുധാകരൻ അഭിപ്രായപ്പെട്ടു.

കലാകാരന്മാരെയും സാഹിത്യകാരന്മാരെയും മാത്രമല്ല തെറ്റ് എന്ന് തോന്നുന്ന ആരുടെ അഭിപ്രായങ്ങളെയും വിമർശിക്കുന്ന കാര്യത്തിൽ ശക്തമായ നിലപാടുള്ള ഒരു നേതാവായി സിപിഎം നേതാവ് ജി സുധാകരൻ മാറിയിരിക്കുകയാണ്. സ്വന്തം പാർട്ടിയുടെയും ഭരണകൂടത്തിന്റെയും തകരാറുകളെയും പ്രവർത്തനശൈലികളെയും വിമർശിക്കാൻ സുധാകരൻ മുന്നോട്ട് വന്നിട്ടുണ്ട്. ഇത്തരത്തിലുള്ള വിമർശനങ്ങളുടെ പേരിൽ പാർട്ടിയിൽ തനിക്കെതിരായ നീക്കങ്ങൾ ഉണ്ടായപ്പോൾ അതിനെ ചോദ്യം ചെയ്യാനും ജനപക്ഷത്ത് നിൽക്കുന്ന നിലപാടെടുക്കാനും സുധാകരൻ തയ്യാറായതിനാൽ പാർട്ടിയിലെ സാധാരണ സഖാക്കൾ വലിയ തോതിൽ സുധാകരനെ അംഗീകരിച്ച് ഒപ്പം നിൽക്കുന്നുണ്ട്.

കൊല്ലം ജില്ലാകാരനും കേരളത്തിലെ ഏറ്റവും വലിയ സമ്പന്നനായ പ്രവാസി വ്യവസായിയുമായ രവി പിള്ളയ്ക്ക് കഴിഞ്ഞദിവസം തലസ്ഥാനത്ത് വലിയ ഒരു സ്വീകരണവും ആദരവും ഒക്കെ നടത്തിയിരുന്നു. സൗദി സർക്കാർ രവി പിള്ളയ്ക്ക് നൽകിയ ഒരു പദവിയുടെ പേരിൽ ആയിരുന്നു ഈ ആദരവും മറ്റും നടന്നത്. മുഖ്യമന്ത്രിയും സിനിമാതാരങ്ങളും വൻകിട വ്യവസായികളും ഒക്കെ ഈ യോഗത്തിൽ പങ്കെടുക്കുകയും രവി പിള്ള എന്ന കോടീശ്വരനെ വലിയതോതിൽ വാഴ്ത്തി പാടുകയും ചെയ്തിരുന്നു. ഈ സംഭവത്തെക്കുറിച്ച് മുൻമന്ത്രി ജീ സുധാകരൻ പരിഹാസത്തോടെ വിമർശനം നടത്തിയതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. എങ്ങനെയെങ്കിലും പണം ഉണ്ടാക്കി കോടീശ്വരനായി കഴിഞ്ഞാൽ സ്വന്തം പണം മുടക്കി വലിയ ആദരം ഉണ്ടാക്കുന്ന അൽപന്മാരാണ് ഇപ്പോൾ കേരളത്തിൽ ഉള്ളത് എന്ന രീതിയിലുള്ള വിമർശനമാണ് രവി പിള്ളയുടെ പേര് പറയാതെ സുധാകരൻ നടത്തിയത്. രവി പിള്ള എന്ന കോടീശ്വരൻ എങ്ങനെയാണ് സമ്പന്നനായത് എന്ന കാര്യം കൂടി ഈ വാഴ്ത്തു പാട്ടുകാർ അന്വേഷിക്കണം എന്നും അത്തരത്തിൽ അന്വേഷണം നടത്തിയാൽ നല്ലതല്ലാത്ത പല കഥകളും പുറത്തുവരുമെന്നും സുധാകരൻ പരിഹാസത്തോടെ പറയുന്നുണ്ട്.

സിപിഎമ്മിനകത്ത് തന്നെ തിരുത്തൽ വാദത്തിന്റെയും ആദർശരാഷ്ട്രീയത്തിന്റെയും ഒരു പുതിയ അവതാരമായി ആലപ്പുഴക്കാരൻ ജീ സുധാകരൻ മാറിയിരിക്കുകയാണ്. സ്വന്തം പാർട്ടിയിലെ പല നേതാക്കളും അനർഹമായ സ്വത്ത് സമ്പാദിക്കുന്ന സ്വഭാവക്കാരായി മാറി എന്നും സാമ്പത്തിക തട്ടിപ്പുകൾക്കും റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്കും ആണ് ഇപ്പോൾ മുതിർന്ന സഖാക്കൾ പോലും സമയം കണ്ടെത്തുന്നത് എന്നും സുധാകരൻ വിമർശിച്ചിരുന്നു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് സ്വന്തമായ ആശയം ഉണ്ടെന്നും, അത് ഉപേക്ഷിച്ചുകൊണ്ടുള്ള രാഷ്ട്രീയ പ്രവർത്തനം തുടർന്നാൽ കമ്മ്യൂണിസം എന്ന പ്രത്യയശാസ്ത്രം തന്നെ ഇല്ലാതാവുന്ന സ്ഥിതി വരുമെന്ന മുന്നറിയിപ്പും സുധാകരൻ പാർട്ടി പ്രവർത്തകർക്ക് മുന്നിൽ വയ്ക്കുകയുണ്ടായി. സിപിഎമ്മിന്റെ സംസ്ഥാന നേതാക്കൾക്കും മുഖ്യമന്ത്രിക്കും മുന്നിൽ കണ്ണിലെ കരടായി മാറിയിരിക്കുകയാണ് സുധാകരൻ ഇപ്പോൾ. എന്നാൽ പാർട്ടിയുടെ നന്മയ്ക്കുവേണ്ടി പറയുന്ന കാര്യങ്ങളുടെ പേരിൽ തനിക്കെതിരെ ആരെങ്കിലും വാളെടുത്താൽ തനിക്ക് ഒന്നും സംഭവിക്കാനില്ല എന്നും  മരണംവരെ താൻ ഒരു കമ്മ്യൂണിസ്റ്റായി ജീവിക്കുമെന്നും ചങ്കൂറ്റത്തോടെ പറയുന്ന സുധാകരനെ സാധാരണ സഖാക്കൾ ഇഷ്ടപ്പെടുന്നുണ്ട് എന്നതാണ് വസ്തുത.