ശശി തരൂർ ഒരു യഥാർത്ഥ രാഷ്ട്രീയക്കാരൻ ഒന്നുമല്ല. അദ്ദേഹം വിശ്വാസ പൗരൻ ആണോ അതോ തലസ്ഥാന പൗരൻ ആണോ എന്നതൊക്കെ വേറെ കാര്യം. രാഷ്ട്രീയ താൽപര്യവുമായി കേരളത്തിലേക്ക് വിമാനം കയറിയ ശശി തരൂർ ഐക്യരാഷ്ട്രസഭയുടെ ഒരു പ്രമാണി ആയിരുന്നു. ലോകം മുഴുവനും ഉള്ള നേതാക്കന്മാരുമായി അദ്ദേഹത്തിന് ബന്ധവും ഉണ്ട്. ഇതെല്ലാം കോൺഗ്രസ് പാർട്ടി നൽകിയ സംഭാവന അല്ല. ശശി തരൂർ സ്വന്തമായി പ്രയത്നിച്ച് നേടിയെടുത്ത പദവികൾ ആയിരുന്നു. അതെല്ലാം പോകട്ടെ, കേരളത്തിലേക്ക് വന്നപ്പോൾ അദ്ദേഹത്തെ പാർലമെൻറ് സ്ഥാനാർത്ഥി ആക്കി നിർത്തിയത് കോൺഗ്രസ് പാർട്ടി ആയിരുന്നു. അദ്ദേഹത്തിൻറെ വ്യക്തിത്വം മനസ്സിലാക്കിയാണ് തിരുവനന്തപുരം പോലെയുള്ള വിദ്യാസമ്പന്നരായ വോട്ടർമാർക്ക് ഇടയിൽ ഭൂരിപക്ഷം നേടി ശശി തരൂർ പാർലമെന്റിൽ എത്തിയത്. ഈ വിജയം കഴിഞ്ഞ മൂന്നു തിരഞ്ഞെടുപ്പുകളിലും അദ്ദേഹം നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്. ഇത് മാത്രമല്ല രണ്ടുവർഷം മുമ്പ് ഇന്ത്യയിലെ പ്രധാന രാഷ്ട്രീയ പാർട്ടിയായ കോൺഗ്രസ് പാർട്ടിക്കകത്ത് ദേശീയ തലത്തിൽ തെരഞ്ഞെടുപ്പ് നടന്നു. ഔദ്യോഗിക സ്ഥാനാർത്ഥി ഖാർഗെക്ക് എതിരെ മത്സരിച്ച് രണ്ടാം സ്ഥാനത്ത് വോട്ട് നേടി ദേശീയ അംഗീകാരം ഉണ്ടാക്കിയെടുക്കുകയും ചെയ്തു. അപ്പോൾ ഒരു കാര്യം വ്യക്തമാണ്. ശശി തരൂർ എന്ന നേതാവ് ജനങ്ങൾക്കിടയിൽ അത്യാവശ്യം അംഗീകാരവും ആദരവും ഉള്ള ആളാണ്. മാത്രവുമല്ല ലോകകാര്യങ്ങളിൽ നല്ല പാണ്ഡിത്യവും അദ്ദേഹത്തിന് ഉണ്ട്. അദ്ദേഹം മാസത്തിൽ ഒരിക്കൽ എഴുതുന്ന ഇംഗ്ലീഷ് പത്രത്തിലെ ഒരു ലേഖനത്തിൽ കേരള സർക്കാരിലെ എന്തോ ഒരു നേട്ടത്തെക്കുറിച്ച് പറഞ്ഞു പോയി. അതിൻറെ പേരിൽ കോൺഗ്രസിന്റെ നേതാക്കൾ വാളെടുത്ത് അദ്ദേഹത്തിനെതിരെ ഇറങ്ങിയിരിക്കുകയാണ്. യഥാർത്ഥത്തിൽ കോൺഗ്രസ് നേതാക്കൾ കാണിച്ചത് ഒന്നാന്തരം വിവരക്കേടാണ്. ശശി തരൂർ ഒരു പത്രത്തിൽ തെറ്റായി എന്തെങ്കിലും എഴുതി എന്നിരിക്കട്ടെ, അത് കൊണ്ട് കേരളത്തിൽ കോൺഗ്രസ് പാർട്ടി നാമാവശേഷമാകും എന്ന് ആരെങ്കിലും വിശ്വസിക്കുമോ? തരൂർ എഴുതിയ ലേഖനം ഏറ്റുപിടിച്ച് മാധ്യമങ്ങളുടെ പിറകെ കോൺഗ്രസ് നേതാക്കൾ പാഞ്ഞപ്പോൾ ആണ് ഈ വിവരം നാട്ടുകാരെല്ലാം അറിയാൻ തുടങ്ങിയത്. ഈ വിഷയം കണ്ടില്ല കേട്ടില്ല എന്ന രീതിയിൽ കോൺഗ്രസ് നേതാക്കൾ തള്ളിക്കളഞ്ഞിരുന്നെങ്കിൽ ഇതൊന്നും നാട്ടുകാരുടെ ഇടയിൽ ചർച്ചയ്ക്ക് വരില്ലായിരുന്നു.
ഇനി തരൂർ എഴുതിവെച്ച കാര്യങ്ങളിൽ അദ്ദേഹം തന്നെ നല്ല വിശദീകരണം രണ്ടുദിവസമായി നടത്തുന്നുണ്ട്. കേരളത്തിലെ സ്റ്റാർട്ടപ്പ് കമ്പനികൾക്ക് തുടക്കം കുറിച്ചത് യുഡിഎഫും ഉമ്മൻചാണ്ടിയും ആയിരുന്നു എന്ന കാര്യത്തിൽ തരൂരിന് അഭിപ്രായവ്യത്യാസം ഇല്ല. അദ്ദേഹം വ്യക്തമാക്കുന്നത് മറ്റു ചില കാര്യങ്ങളാണ്. അത് ഇതിനുമുമ്പും പലതാവണ അദ്ദേഹം തൻറെ പ്രസംഗങ്ങളിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കേരളം വിദ്യ സമ്പന്നരുടെ നാടാണ്. എന്നാൽ ഉന്നത പഠനം കഴിഞ്ഞ് ഒരു ജോലിക്കായി കാത്തിരിക്കുന്ന ലക്ഷക്കണക്കിന് യുവാക്കൾ കേരളത്തിൽ ഉണ്ട്. അവർക്ക് തൊഴിൽ അവസരങ്ങൾ ഉണ്ടാക്കുക എന്നതാണ് ഏത് സർക്കാരിന്റെയും ബാധ്യത. ഒരു ചെറുപ്പക്കാരനെങ്കിലും സർക്കാർ തൊഴിലിന് അവസരം ഉണ്ടാക്കിയാൽ അത് നല്ലതുതന്നെ എന്ന് പറഞ്ഞാൽ ആകാശം ഇടിഞ്ഞു വീഴും എന്ന് ചിന്തിക്കുന്ന കോൺഗ്രസ് നേതാക്കളെ കുറിച്ച് എന്തു പറയാനാണ്.
മാത്രവുമല്ല ആ ലേഖനത്തിൽ തരൂർ എഴുതിയ പല കാര്യങ്ങളും കോൺഗ്രസ് നേതാക്കൾ കണ്ടിട്ടില്ല. കഴിഞ്ഞ രണ്ട് തവണകളായി കേരളം ഭരിക്കുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടികളാണ്. നാളെ യുഡിഎഫ് അധികാരത്തിൽ വരികയും ഇടതുമുന്നണി പ്രതിപക്ഷത്ത് വരികയും ചെയ്യുമ്പോൾ വികസനം വ്യവസായം തുടങ്ങിയ വാക്കുകൾ അലർജിയായി മാറരുത്-എന്നും വികസനം ലക്ഷ്യമാക്കി യുഡിഎഫ് സർക്കാർ കൊണ്ടുവരുന്ന പദ്ധതികളെ ഇടതുപക്ഷം അംഗീകരിക്കണമെന്നും തരൂർ പറയുന്നുണ്ട്. ഇതല്ലേ യഥാർത്ഥ രാഷ്ട്രീയക്കാരൻ സ്വീകരിക്കേണ്ട നിലപാട്? അതല്ല ശശിതരൂർ ഒരു ലേഖനത്തിനിടയിൽ ഇടതുപക്ഷ സർക്കാർ ഒരു വികസന കാര്യം നടത്തിയിട്ടുണ്ടെങ്കിൽ അത് തള്ളിപ്പറഞ്ഞാൽ അതാണ് കോൺഗ്രസിന്റെ നേതൃഗുണം എന്ന് കണ്ടാൽ അതിനെക്കുറിച്ച് എന്തു പറയുവാനാണ്?
ശശി തരൂർ എന്ന നേതാവിനെ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ഇപ്പോൾ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. ഒരു നേതാവ് ഇപ്പോൾ പറയുന്നത് ശശി തരൂർ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി രാജിവെക്കണം എന്നാണ്. ഇത് പറയുന്ന നേതാവിന് കേരളത്തിൽ എത്ര വലിയ ജനപിന്തുണയുണ്ട് എന്നത് കവടി നിരത്തി നോക്കേണ്ട കാര്യമാണ്. ശശി തരൂരിനെ നേതാവാക്കിയത് കോൺഗ്രസ് പാർട്ടിയാണ്. എന്നാൽ ആ പാർട്ടിയിൽ തന്നെ രാജ്യത്തൊട്ടാകെയുള്ള പ്രവർത്തകരുടെ അംഗീകാരവും വോട്ടും കിട്ടിയപ്പോഴാണ് എ ഐ സി സി തിരഞ്ഞെടുപ്പിൽ അദ്ദേഹം രണ്ടാം സ്ഥാനത്ത് എത്തിയത്. അല്ലാതെ കേരളത്തിലെ മുതിർന്ന നേതാക്കൾ തോളിലേറ്റി കസേരയിൽ ഇരുത്തിയതല്ല എന്ന കാര്യം വിമർശിക്കുന്നവർ ശ്രദ്ധിക്കണം.
കോൺഗ്രസിലെ ഇവിടുത്തെ നേതാക്കൾ വരാൻ പോകുന്ന യുഡിഎഫ് സർക്കാരിന്റെയും അതിലെ മുഖ്യമന്ത്രി കസേരയേയും സ്വപ്നം കണ്ടു കൊണ്ട് സ്വപ്നലോകത്തെ ബാലഭാസ്കരന്മാരായി കഴിയുകയാണ്. പാർട്ടി ശക്തമാക്കാൻ പ്രവർത്തിക്കുന്നതിന് പകരം മുഖ്യമന്ത്രി കസേരയ്ക്കുള്ള തമ്മിലടിയാണ് നേതാക്കൾ നടത്തിക്കൊണ്ടിരിക്കുന്നത്. കെ സുധാകരൻ സംസ്ഥാന പ്രസിഡണ്ടായി വന്നശേഷം മൂന്നു കൊല്ലമായി പാർട്ടിയിലെ പുനസംഘടന ചർച്ച തുടരുകയാണ്. സ്വന്തം നാട്ടിലെ പാർട്ടി കാര്യങ്ങൾ ഒരുമിച്ച് നിന്ന് പരിഹരിച്ചു തെരഞ്ഞെടുപ്പിന് പാർട്ടിയെ സജ്ജമാക്കാൻ സമയം കണ്ടെത്തേണ്ട നേതാക്കളാണ് ശശി തരൂരിന്റെ പ്രസ്താവനയും ചുരുട്ടി കെട്ടി മാധ്യമങ്ങളുടെ പിറകെ ഓടി നടക്കുന്നത്. ഇത് കൊണ്ട് ഒരുപക്ഷേ ശശി തരൂർ എന്ന ഒരു മികച്ച നേതാവിനെ മൂലയിൽ ഇരുത്താൻ കഴിഞ്ഞേക്കും. ഇപ്പോൾ വരെ തരൂരിന്റെ നിലപാടുകൾ പരിശോധിച്ചാൽ അദ്ദേഹം ബിജെപിയിലേക്ക് പോകുന്നതിനുള്ള ലക്ഷണം ഒന്നും കാണുന്നില്ല. ഒരു കാര്യം ഉറപ്പാണ് , നരേന്ദ്രമോദിയുടെ ഒപ്പം കൂടിയാൽ ഇന്ത്യയിലെ കോൺഗ്രസ് പാർട്ടി നേതാക്കൾക്ക് കൊടുക്കാൻ കഴിയാത്ത വലിയ പദവി തരൂരിന് ലഭിച്ചേക്കും. ഇത്തരത്തിൽ അനാവശ്യമായ കാര്യങ്ങളിൽ പോലും വിവാദം ഉണ്ടാക്കി കോൺഗ്രസ് തറവാട്ടിൽ നിന്നും ഇറക്കിവിട്ട നിരവധി മുതിർന്ന നേതാക്കൾ ഇപ്പോൾ പല പാർട്ടികളിലും വലിയ സ്ഥാനങ്ങളിൽ കഴിയുന്നുണ്ട്. ഇങ്ങനെ ജന സ്വാധീനമുള്ള പല നേതാക്കളും ഇറങ്ങിപ്പോയപ്പോൾ ആണ് കോൺഗ്രസ് തറവാട് ദരിദ്രമായത് എന്ന കാര്യമെങ്കിലും ഇവിടുത്തെ കോൺഗ്രസിന്റെ നേതാക്കന്മാർ ഓർമ്മിച്ചിരുന്നെങ്കിൽ നല്ലതായിരുന്നു.