ഇനി കോൺഗ്രസിന് കുതിപ്പിന്റെ കാലം

വരുന്നു.....പ്രസിഡണ്ടായി ബെന്നി ബഹനാൻ

മാസങ്ങളായി തുടർന്നുവരുന്ന കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ നേതൃത്വ മാറ്റ തർക്കങ്ങൾക്ക് തിരശ്ശീല വീഴുന്നു. മുതിർന്ന നേതാക്കൾ ഗ്രൂപ്പുകളുടെ പേരിൽ പല പല ആൾക്കാരെയും കെപിസിസി പ്രസിഡണ്ട് ആക്കുന്നതിന് നിർദ്ദേശിച്ചിരുന്നു. എങ്കിൽ ഇപ്പോൾ ഹൈക്കമാൻഡ് കൂടി ഇടപെട്ടതോടുകൂടി ചർച്ചകൾ ഒരു നേതാവിൻറെ പേരിലേക്ക് ഒതുങ്ങിയതായിട്ടുള്ള ഡൽഹിയിൽ നിന്നും വാർത്തകൾ വന്നിരിക്കുന്നു. കേരളത്തിൽ ഏറ്റവും ശക്തവും ഊർജ്ജസ്വലവുമായ പാർട്ടി പ്രവർത്തനത്തിന്റെ ചരിത്രം കൊണ്ട് തിളങ്ങി നിൽക്കുന്ന മുതിർന്ന നേതാവ് ബെന്നി ബഹനാൻ ആയിരിക്കും, അടുത്ത കെപിസിസി പ്രസിഡൻറ് എന്ന കാര്യത്തിൽ ഇനി മറ്റൊരു ആലോചന ഇല്ല-എന്നുമാണ് ഒടുവിൽ വരുന്ന റിപ്പോർട്ടുകൾ.

ഞാൻ ബെന്നിയാ.. എന്നു പറയുമ്പോൾ ബെന്നി ചേട്ടാ എന്ന വിളിയോട് കൂടി ചുറ്റും ഒത്തുചേരുന്ന കോൺഗ്രസ് പ്രവർത്തകരുടെ ചിത്രമാണ് ഏതുകാലത്തും ബെന്നി ബഹനാൻ എന്ന നേതാവിൻറെ സവിശേഷത. കേരളത്തിൻറെ ഏത് മുക്കിലും മൂലയിലും പടർന്നുകിടക്കുന്ന കോൺഗ്രസ് പ്രവർത്തകരുമായുള്ള ആത്മബന്ധത്തിന്റെ അളവിലാണ് ബെന്നി ബഹനാൻ വ്യത്യസ്തനാകുന്നത്. ഘനഗാംഭീര്യമുള്ള ശബ്ദം, ഏത് ആൾക്കൂട്ടത്തിലും ഉയർന്നുനിൽക്കുന്ന ശിരസ്സ്, രാഷ്ട്രീയത്തിലെ ശത്രുപക്ഷത്തിന്റെ നെഞ്ചു പിളർക്കുന്ന അളന്നും തൂക്കിയും ഉള്ള പ്രസംഗം. എടുക്കുമ്പോൾ ഒന്ന് എന്നും തൊടുക്കുമ്പോൾ നൂറ് എന്നും കൊള്ളുമ്പോൾ ആയിരം എന്നുമുള്ള അസ്ത്ര ശാസ്ത്രത്തിൻറെ പൊരുൾ നിറഞ്ഞുനിൽക്കുന്ന പ്രസംഗങ്ങൾ കേരളത്തിൻറെ നാനാദിക്കുകളിലുമുള്ള ചുമരുകളിൽ പ്രതിധ്വനിക്കുന്നത് ഇന്നും തുടരുന്ന ഒന്നാണ്. ശരീരം യുവത്വത്തെ കൈവിടുമ്പോഴും യുവത്വത്തെ വിടാത്ത മനസ്സാണ് ബെന്നി ബഹനാനിൽ കുടികൊള്ളുന്നത്. ഒരു പക്ഷേ ഏറ്റവും ജനകീയനായിരുന്ന ഉമ്മൻചാണ്ടി എന്ന നേതാവ് കഴിഞ്ഞാൽ, കോൺഗ്രസ് പാർട്ടിയുടെ പ്രവർത്തനങ്ങൾക്കായി ഏറ്റവും കൂടുതൽ ഓടി നടക്കുന്ന ഒരു നേതാവ് ഇന്നും ബെന്നി ബഹനാൻ ആയിരിക്കും എന്ന് നിസംശയം പറയാം.

കോൺഗ്രസ് രാഷ്ട്രീയത്തിൽ സ്വാഭാവികമായും ഒരു നേതാവിന് അനുഭവിക്കേണ്ടിവരുന്ന നേട്ടങ്ങളും കോട്ടങ്ങളും അനുഭവിച്ചിട്ടുള്ള ആളാണ് ബെന്നി ബഹനാൻ. സ്ഥാനമാനങ്ങൾക്ക് വേണ്ടി ഒരിക്കലും വാശി പിടിക്കാതെ പാർട്ടിയെയും പാർട്ടി പ്രവർത്തകരെയും ഉള്ളിൽ നിറയ്ക്കുന്ന ശീലമാണ് അദ്ദേഹത്തിൻറെത്. കെ എസ് യു എന്ന കോൺഗ്രസിൻറെ വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയാണ് കോൺഗ്രസ് കുടുംബത്തിൽ ജനിച്ച ബെന്നി ബഹനാനും രാഷ്ട്രീയത്തിലേക്ക് ചുവട് വച്ചത്. 1978 ൽ കെ എസ് യുവിന്റെ പ്രസിഡന്റായ അദ്ദേഹം 1979 ൽ യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി ആയിരുന്നു. 1982ൽ മുപ്പതാമത്തെ വയസ്സിൽ പിറവം നിയോജക മണ്ഡലത്തിൽ നിന്നും നിയമസഭാംഗമായി മാറി കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ സംസ്ഥാന നേതൃത്വ നിരയിൽ ഏറ്റവും കൂടുതൽ കാലം ജനറൽ സെക്രട്ടറിയുടെ പദവിയിലിരുന്ന ആളാണ് ബെന്നി ബഹനാൻ. 17 കൊല്ലമാണ് അദ്ദേഹം ഈ പദവിയിൽ തുടർന്നത്. 2018 ൽ അദ്ദേഹം കേരളത്തിലെ യുഡിഎഫിന്റെ കൺവീനർ ആയി മാറി.

നീണ്ട ഇടവേളക്കുശേഷം 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃക്കാക്കര മണ്ഡലത്തിൽ നിന്നും അദ്ദേഹം ജയിച്ചു കയറി. പിന്നീട് ലോക്സഭയിലേക്ക് മത്സരിച്ച ബെന്നി ബഹനാൻ 2019 ൽ ചാലക്കുടി മണ്ഡലത്തിൽ-പ്രസിദ്ധ സിനിമാതാരം ഇന്നസെന്റിനെ തോൽപ്പിച്ചുകൊണ്ട് പാർലമെൻറിൽ എത്തി. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിൽ അതേ മണ്ഡലത്തിൽ നിന്നും മുൻമന്ത്രി ശ്രീ രവീന്ദ്രനാഥിനെ തോൽപ്പിച്ച് ലോകസഭയിൽ ഇപ്പോഴും തുടരുകയാണ്.

കോൺഗ്രസ് പാർട്ടിയുടെ വളർച്ചയ്ക്കായി നടത്തേണ്ട ഏത് ദുർഘടം നിറഞ്ഞ പ്രവർത്തനത്തിനും ഒരിക്കലും മടി കാണിക്കാത്ത ആളാണ് ബെന്നി ബഹനാൻ. നേതൃനിരയിൽ തന്നെ നിൽക്കുമ്പോൾ പഴയ തട്ടിൽ ഉള്ള പ്രവർത്തകരാണ് തന്റെയും പാർട്ടിയുടെയും ശക്തി എന്ന ബോധ്യം എന്നും അദ്ദേഹത്തിന് ഉണ്ട്. അതുകൊണ്ടുതന്നെയാണ് എവിടെ ചെന്നാലും ബെന്നി ചേട്ടാ എന്ന വിളിയോട് കൂടി പ്രവർത്തകർ അദ്ദേഹത്തിന് ചുറ്റും ഒത്തുകൂടുന്നത്. പാർട്ടി പ്രവർത്തനം ജീവിതലക്ഷ്യമായി ഉൾക്കൊണ്ട അദ്ദേഹത്തിന് ഊണും ഉറക്കവും ഒരിക്കലും അത്യാവശ്യ ഘടകങ്ങൾ ആയിരുന്നില്ല. ഏത് പാതിരാത്രിക്കും കയറിച്ചെല്ലാനും സംസാരിക്കാനും ഏതു കോൺഗ്രസ് പ്രവർത്തകനും അനുമതിയുള്ള ഒരു നേതാവ് കൂടി ആണ് ബെന്നി ബഹനാൻ. ഒരുപക്ഷേ ഉമ്മൻചാണ്ടി എന്ന നേതാവിന്റെ പ്രവർത്തനശൈലിയെ കണ്ടുപഠിച്ച സുഹൃത്ത് എന്ന നിലയിൽ വിശ്രമിക്കുക എന്നത് ബെന്നി ബഹനാന്റെ ജീവിത വൃത്തിയിലും ഒരിക്കലും പ്രാധാന്യമുള്ള ഒന്നായിട്ടില്ല.

കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ പ്രവർത്തന ഘടകങ്ങളിൽ എല്ലാ പദവികളിലും പ്രവർത്തിച്ചിട്ടുള്ള നേതാവാണ് ബെന്നി ബഹനാൻ. അതുകൊണ്ടുതന്നെ കെപിസിസി പ്രസിഡൻറ് എന്ന പദവി അദ്ദേഹത്തിന് ഏറ്റവും അനുയോജ്യവും ഫലപ്രദമായി പ്രവർത്തിക്കാൻ കഴിയുന്ന ഒന്നും ആണ്-എന്ന കാര്യത്തിൽ തർക്കമില്ല. അദ്ദേഹത്തിൻറെ വിശ്രമമില്ലാത്ത പാർട്ടി പ്രവർത്തനത്തിന്റെ കഴിഞ്ഞകാലം കേരളത്തിലെ എല്ലാ കോൺഗ്രസ് നേതാക്കൾക്കും ബോധ്യം ഉള്ളതാണ്.
ഏതായാലും മാസങ്ങൾ നീണ്ടുനിന്ന അനിശ്ചിതാവസ്ഥയ്ക്ക് വിരാമം ഇട്ടുകൊണ്ട് കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ അധ്യക്ഷ പദവിയിലേക്ക് ബെന്നി ബഹനാൻ കടന്നുവരുന്നു എന്നതാണ് ഒടുവിലുള്ള റിപ്പോർ.ട്ട് കെപിസിസിയുടെ പുതിയ പ്രസിഡണ്ടിനെ കണ്ടെത്തുന്നതിനായി ഡൽഹിയിൽ പാർട്ടി ഹൈക്കമാന്റും കേരളത്തിലെ മുതിർന്ന നേതാക്കളും ആഴ്ചകളായി ചർച്ചകൾ തുടർന്നു വരികയാണ്. ഇത്തരം ചർച്ചകളുടെ അവസാന ഘട്ടത്തിലാണ് ബെന്നി ബഹനാന്റെ കാര്യത്തിൽ യോജിപ്പ് ഉണ്ടായത് എന്നാണ് അറിയുന്നത്. കേരളത്തിലെ മുതിർന്ന നേതാക്കളും ഗ്രൂപ്പുകളുടെ മാനേജർമാരും അറിയപ്പെടുന്ന രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവ് സതീശൻ കെപിസിസി പ്രസിഡൻറുമാരായ മുരളീധരൻ സുധീരൻ മുല്ലപ്പള്ളി തുടങ്ങിയവരും ബെന്നി ബഹനാന്റെ കാര്യത്തിൽ അനുകൂല അഭിപ്രായം അറിയിച്ചു കഴിഞ്ഞു. നിലവിലെ കെ പി സി സി പ്രസിഡൻറ് സുധാകരനും ഇദ്ദേഹത്തിൻറെ പേരിൻറെ കാര്യത്തിൽ യോജിപ്പിലാണ് എന്നാണ് അറിയുന്നത്.

അവസാന വട്ട ചർച്ചകൾ നാളെ ഹൈക്കമാൻഡ് നടത്തുന്നുണ്ട്. ഈ യോഗത്തിൽ കേരളത്തിൻറെ ചുമതലയുള്ള ദീപാ ദാസ് മുൻഷി ബെന്നി ബഹനാന്റെ പേര് ശുപാർശ ചെയ്യും എന്നാണ് അറിയുന്നത്. മറ്റു നേതാക്കൾ ഈ കാര്യത്തിൽ യോജിപ്പ് അറിയിക്കുകയും കൂടി ചെയ്താൽ മാർച്ച് മാസം പതിനഞ്ചാം തീയതിക്ക് മുൻപ് പുതിയ കെ പി സി പ്രസിഡണ്ടായി ബെന്നി ബഹനാനെ പ്രഖ്യാപിക്കും. കേരളത്തിൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും നടക്കാനിരിക്കെ എത്രയും വേഗം പുതിയ പാർട്ടി പ്രസിഡന്റിനെ നിയോഗിച്ചുകൊണ്ട് കേരളത്തിൽ കോൺഗ്രസ് പാർട്ടിയെ ശക്തിപ്പെടുത്തുകയും അതുവഴി യുഡിഎഫിന് പുതിയ ഊർജ്ജം പകരാനും അടിയന്തര നടപടി വേണം എന്നു തന്നെയാണ് കോൺഗ്രസ് ഹൈക്കമാന്റിന്റെയും നിലപാട്.