ഇത് അധികാരത്തിന്റെ അഹങ്കാരം

ആശ വർക്കർമാർ അയിത്ത ജാതിക്കാർ അല്ല

ത് രാഷ്ട്രീയ പാർട്ടിയും പ്രവർത്തിക്കുന്നത് ആശയങ്ങളുടെയും നയങ്ങളുടെയും പ്രത്യേക ശാസ്ത്രത്തിന്റെയും തണലിലാണ്. കമ്മ്യൂണിസ്റ്റ് പാർട്ടികൾ അവരുടെ വിശ്വാസപ്രമാണമായി പറയുന്നത് അടിസ്ഥാന വർഗ്ഗ സിദ്ധാന്തവും തൊഴിലാളി വർഗ്ഗ ആധിപത്യവും ഒക്കെയാണ്. എത്ര വലിയ വീരവാദങ്ങൾ മുഴക്കിയാലും മറ്റ് എവിടെയും പോലെ കേരളത്തിലും കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ അടിത്തറ എന്ന് പറയുന്നത് തൊഴിലാളികളും പാവപ്പെട്ടവരും ആണ്. കാലം മാറിയപ്പോൾ തൊഴിലാളികളുടെ പേരിൽ കണ്ണീരൊഴുക്കുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്ത പല സഖാക്കന്മാരും ആഡംബരത്തിലും കോടീശ്വര മോഹത്തിലും ആയി തീർന്നു എന്നത് മറച്ചു പിടിച്ചിട്ട് ഒരു കാര്യവുമില്ല. കേരളത്തിലെ സിപിഎമ്മിന്റെയും സിപിഐയുടെയും നേതൃനിരയിലുള്ള 90% ആൾക്കാരും വലിയ സമ്പന്നന്മാരും ആഡംബര ജീവികളും ആണ്. മാത്രവുമല്ല സോഷ്യലിസവും ജനാധിപത്യവും പറയുന്ന നേതാക്കളുടെ മക്കളും മരുമക്കളും ഒക്കെ വിദേശങ്ങളിലെ വിദ്യാഭ്യാസവും തൊഴിലും കൊണ്ട് കോടീശ്വരന്മാരായി വിലസിനടക്കുന്നു എന്നതും ഒരു സത്യമാണ്. ഇതൊക്കെ ജനങ്ങളും കാണുന്നുണ്ട്-എന്ന കാര്യം ഈ നേതാക്കൾ മാത്രം അറിയുന്നില്ല. സ്റ്റേജിൽ കയറി നിന്നു കൊണ്ട് ഇപ്പോഴും തൊഴിലാളി വർഗ്ഗ പ്രേമം വിളിച്ചു പറയുവാനും അധികാരത്തിൽ വന്നാൽ തൊഴിലാളികളെ പരമാവധി ദ്രോഹിക്കാനുള്ള നടപടികൾ എടുക്കുക എന്നുള്ളതാണ് ഇപ്പോഴത്തെ കമ്മ്യൂണിസ്റ്റ് സിദ്ധാന്തം.

കേരളത്തിലെ നഗര ഗ്രാമീണ മേഖലകളിൽ എല്ലായിടത്തുമായി സേവനം നടത്തുന്ന ആൾക്കാരാണ് ആശ വർക്കർമാർ. ഈ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവരെല്ലാം സ്ത്രീകളാണ്-എന്നതും ഈ വിഭാഗത്തിൻറെ പ്രത്യേകതയാണ്. കേന്ദ്രസർക്കാരിന്റെ നാഷണൽ ഹെൽത്ത് മിഷനു കീഴിൽ ആണ് ആശാ വർക്കർമാർ പ്രവർത്തിച്ചുവരുന്നത്. കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും യോജിച്ചു കൊണ്ടാണ് ഇവർക്ക് ഓണറേറിയം നൽകിവരുന്നത്. ഇത്തരത്തിൽ കാലങ്ങളായി ജോലി ചെയ്യുന്നെങ്കിലും ഒരു ആശാവർക്കറെയും സർക്കാരിൻറെ സ്ഥിരം ജീവനക്കാരിയായി നിയമിച്ചിട്ടില്ല-എന്നത് ഒരു വാസ്തവം ആണ്. ജീവിക്കാൻ തികയുന്ന-ഒരു ആനുകൂല്യവും ഈ വിഭാഗത്തിന് സർക്കാർ നൽകുന്നുമില്ല. ആശാവർക്കർമാരുടെ സംഘടനാ നേതാക്കൾ പറയുന്നതനുസരിച്ച്-ആണെങ്കിൽ മാസം 7000 രൂപയാണ് ഇവർക്ക് ഓണറേറിയമായി നൽകുന്നത്. ഇത് തികച്ചും അനീതിയാണ് എന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ല. കഴിഞ്ഞ 17 ദിവസമായി തലസ്ഥാനത്ത് സെക്രട്ടറിയേറ്റിന് മുന്നിൽ ആശാവർക്കർമാരുടെ സംഘടന സമരം തുടരുകയാണ്. ഈ സമരത്തെ കേരളത്തിലെ വിവിധ സംഘടനകളും സാമൂഹിക പ്രവർത്തകരും ഏറ്റെടുക്കുകയും-ഈ സമരത്തിന് അനുഭാവം രേഖപ്പെടുത്തിക്കൊണ്ട് പൊതു രംഗത്ത് ഇറങ്ങുകയും ചെയ്തുകഴിഞ്ഞു. ഇത്രയും കാലമായി സമര രംഗത്ത് തുടർന്നിട്ടും-ഈ വിഭാഗത്തിന്റെ ഭാഗം എന്ത് എന്ന് കേൾക്കാൻ പോലും സർക്കാരും ബന്ധപ്പെട്ട മന്ത്രിയും തയ്യാറായില്ല എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്.

രാവെന്നോ പകലെന്നോ നോക്കാതെ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുന്ന ആശ വർക്കർമാരെയും അവരുടെ സംഘടന നേതാക്കളെയും പരമാവധി അധിക്ഷേപിക്കുവാനും സമൂഹത്തിലെ കൊള്ളരുതാത്തവരായി ചിത്രീകരിക്കാനും ചിലർ ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നു. സിപിഎമ്മിന്റെ തൊഴിലാളി സംഘടനയായ സി ഐ ടി യു നേതാവായ എളമരം കരീം ആണ്-ആദ്യമായി ആശാവർക്കർമാരെ ആക്ഷേപിച്ച് പരസ്യമായി രംഗത്ത് വന്നത്. സമരം നടത്തുന്നവർ ആശാവർക്കർമാർ അല്ല എന്നും സമരത്തിന് പിന്നിൽ ചില രാഷ്ട്രീയലക്ഷങ്ങൾ മാത്രമാണ് എന്നും ഈ സമരത്തെ അടിച്ചമർത്തി സമരക്കാരെ മര്യാദ പഠിപ്പിക്കണം-എന്നും ഒക്കെയാണ് സിപിഎമ്മിന്റെ തൊഴിലാളി നേതാവ് പ്രസംഗിച്ചത്. ഇപ്പോൾ ഏറ്റവും ഒടുവിൽ-സമരം നടത്തുന്ന ആശ വർക്കർമാരെ അതിൽ നിന്നും അകറ്റുവാൻ രാഷ്ട്രീയമായി തന്നെ തന്ത്രങ്ങൾ പയറ്റുകയാണ്. സിപിഎം പാർട്ടിയുടെ ആഭിമുഖ്യത്തിലുള്ള ആശാവർക്കർമാരുടെ സംഘടനയുടെ പേരിൽ സംസ്ഥാനം ഒട്ടാകെ പ്രതിഷേധ സമരം നടത്തുന്നു. ഈ സമരത്തിൽ ആശാവർക്കർമാർ അല്ല മറ്റ് സിപിഎം പ്രവർത്തകരാണ് പങ്കെടുക്കുന്നത് എന്നതാണ് മറ്റൊരു വസ്തുത. ഇതുകൊണ്ടും സർക്കാരിൻറെ തൊഴിലാളി ദ്രോഹ നടപടി അവസാനിക്കുന്നില്ല. സമരത്തിൽ ഏർപ്പെട്ട ആശാവർക്കർമാർക്ക് ഭീഷണി സ്വരത്തിൽ വകുപ്പ് അധികൃതർ നോട്ടീസ് അയച്ചിരിക്കുകയാണ്. സമരം പിൻവലിച്ചില്ല എങ്കിൽ ജോലിയിൽ നിന്നും പിരിച്ചുവിടും എന്നാണ് ഉത്തരവ്. ഇത് ഒരു കമ്മ്യൂണിസ്റ്റ് സർക്കാരിൻറെ നയമാണോ എന്ന കാര്യം അവർ തന്നെയാണ് ആലോചിക്കേണ്ടത്.

സമര രംഗത്ത് സ്ഥിരമായി നിലനിൽക്കുകയും ആധിപത്യം ഉറപ്പിക്കുകയും തൊഴിലാളികളുടെ പേരിൽ മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തു കൊണ്ടാണ് കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടികൾ എല്ലായ്പ്പോഴും അധികാരത്തിൽ വന്നിട്ടുള്ളത്. അധികാരം ലഭിച്ചു കഴിഞ്ഞാൽ പിന്നെ കെട്ടിപ്പിടിക്കുന്നതും താലോലിക്കുന്നതും മുതലാളിമാരെ മാത്രമാണ് എന്നതും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്വഭാവമായി മാറിയിട്ടുണ്ട് . തിരുവനന്തപുരത്ത് സമരം നടത്തുന്ന ആശ വർക്കർമാരുടെ സമരത്തെ നേരിടുവാൻ കമ്മ്യൂണിസ്റ്റ് സർക്കാർ സ്വീകരിക്കുന്ന നിലപാടുകൾ തൊഴിലാളി ദ്രോഹത്തിന്റെ കൃത്യമായ തെളിവ് തന്നെ ആണ്.

ആശാ വർക്കർമാർ ചെയ്യുന്ന ജോലിയും അവരുടെ പ്രവർത്തനമേഖലയും ബഹുമാനപ്പെട്ട മന്ത്രിയും സർക്കാരും വിശദമായി പരിശോധിക്കണം. കേരളത്തിൽ എല്ലായിടത്തും ഉള്ള അശരണരും രോഗികളുമായ ആൾക്കാരെ ശുശ്രൂഷിക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള പ്രവർത്തനങ്ങളാണ് ആശാവർക്കർമാർ ചെയ്യുന്നത്. ഇവർ സമര രംഗത്തേക്ക് ഇറങ്ങിയതോടുകൂടി ദുരിതത്തിലും കഷ്ടപ്പാടിലും ആയത് കിടപ്പുരോഗികൾ അടക്കമുള്ള കുടുംബങ്ങളാണ്. അവരുടെ കാര്യങ്ങൾ നോക്കുന്നതിന് ആരും ഇല്ലാത്ത സ്ഥിതിയാണ് ഇപ്പോൾ ഉള്ളത്. ഒരു കാര്യം കൂടി സംസ്ഥാന ഭരണകൂടം തിരിച്ചറിയണം, നിങ്ങളൊക്കെ അധികാരത്തിന്റെ സൗകര്യവും ഉപയോഗിച്ചുകൊണ്ട് വിദേശത്ത് പോയി ചികിത്സിക്കുന്നതിനാണ് ശ്രമിക്കുന്നത്, കേരളത്തിലെ 60 ശതമാനത്തോളം വരുന്ന-പാവപ്പെവരുടെ കുടുംബങ്ങളിൽ രോഗികൾക്കും മറ്റും ആശ്രയമായിരുന്നത് ആശ വർക്കർമാർ തന്നെയാണ്. അവരെയാണ് സമരം നടത്തിയതിന്റെ പേരിൽ- പീഡിപ്പിക്കാൻ സർക്കാർ ശ്രമിക്കുന്നത്. തൊഴിലാളികളുടെ ഏറ്റവും താഴെ തട്ടിൽ നിൽക്കുന്ന ആശാവർക്കർമാർക്ക് മാന്യമായി ജീവിക്കാൻ ഉള്ള ഓണറേറിയും കൊടുക്കാൻ ശ്രമിക്കാതെ സമരത്തിന്റെ പേരിൽ അവരെ കുറ്റക്കാരായി പ്രഖ്യാപിക്കുകയും ശിക്ഷിക്കാൻ തയ്യാറാവുകയും ചെയ്യുന്ന കമ്മ്യൂണിസ്റ്റ് ഭരണകൂടം എന്ത് തൊഴിലാളി വർഗ്ഗ സ്നേഹമാണ് കാണിക്കുന്നത് എന്നുകൂടി അറിയാൻ മഹാത്മന്യൂസിനും കേരളത്തിലെ ജനങ്ങൾക്കും താല്പര്യം ഉണ്ട്.