ബിജെപിയെ കുരുക്കിലാക്കി ആർ എസ് എസ് നേതൃത്വം

ക്രിസ്ത്യാനിയുടെയും മുസ്ലിമിന്റെയും നാവടപ്പിച്ച്‌ പുതിയ നീക്കം.

ബിജെപി നേതൃത്വത്തെയും രാജ്യത്തെ അഹിന്ദുക്കളായ മത വിഭാഗങ്ങളെയും അമ്പരപ്പിച്ചുകൊണ്ട് ആർ എസ് എസ് നേതൃത്വം തന്ത്രപരമായ വലിയ നീക്കങ്ങൾ നടത്തുന്നു. ദേശീയതലത്തിൽ ബിജെപിയെയും രാജ്യത്തുള്ള മുസ്ലിം ക്രിസ്ത്യൻ മതമേധാവികളെയും അമ്പരപ്പിച്ച നീക്കമാണ് ആർ എസ് എസ് മേധാവിയും സർ സംഘ് ചാലകുമായ മോഹൻ ഭഗവത് നടത്തിയിരിക്കുന്നത്. ആർ എസ് എസ്സിന്റെ തണലിൽ വളർന്ന പാർട്ടിയാണ് ഇപ്പോൾ രാജ്യം ഭരിക്കുന്ന ബിജെപി.

യഥാർത്ഥത്തിൽ ബിജെപിയുടെ മാതൃ സംഘടന ആർ എസ് എസ് എന്ന് പറഞ്ഞാൽ അതിൽ തെറ്റില്ല. ബിജെപിയുടെ ഏതുകാലത്തുമുള്ള നയങ്ങളും നിലപാടുകളും തീരുമാനിച്ചിരുന്നത് ആർ എസ് എസ് നേതൃത്വമായിരുന്നു. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പ് വേളയിലാണ് ബിജെപി സംഘടന നേതൃത്വവും ആർഎസ്എസ് നേതൃത്വവും തമ്മിൽ വലിയതോതിൽ ഇടഞ്ഞ് ഭിന്നിപ്പിലേക്കു നീങ്ങുന്നത്. അതിൻറെ തിരിച്ചടിയായിട്ടാണ് കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വിജയ സംഖ്യ വലിയതോതിൽ കുറയുന്നതിന് കാരണമായത്. ഇപ്പോൾ വീണ്ടും ഒരിക്കൽ കൂടി ആർ എസ് എസ് നേതൃത്വം ബിജെപിയുടെ നേതാക്കളുടെ അഭിപ്രായങ്ങളെ അവഗണിച്ചുകൊണ്ട് സ്വന്തം നിലപാടും പരിപാടികളും നടപ്പിലാക്കുകയാണ്. കഴിഞ്ഞദിവസം ആർ എസ് എസ് മേധാവി മോഹൻ ഭഗവത് മുൻകൈയെടുത്ത് ഡൽഹിയിലെ ഹരിയാന ഭവനിൽ വലിയൊരു സർവ്വമത സമ്മേളനം സംഘടിപ്പിച്ചു. ഹൈന്ദവ വിഭാഗങ്ങളിലെ പ്രമുഖർക്കൊപ്പം മുസ്ലിം ക്രിസ്ത്യൻ മതമേധാവികളും വിവിധ സാമൂഹ്യ സംഘടനകളുടെ നേതാക്കളും റിട്ടയേഡ് ജഡ്ജിമാരും ബുദ്ധിജീവികളുമെല്ലാം ഈ യോഗത്തിൽ ക്ഷണിക്കപ്പെട്ടതിന്റെ പേരിൽ എത്തിച്ചേർന്നിരുന്നു. ഹൈന്ദവ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് തെരഞ്ഞെടുപ്പുകളിൽ വിജയം നേടി അധികാരം തുടർന്നുകൊണ്ടിരിക്കുന്ന ബിജെപിരാഷ്ട്രീയപാർട്ടിയെ സംബന്ധിച്ചിടത്തോളം ആർഎസ്എസ്സിന്റെ ഈ നീക്കം വലിയ തിരിച്ചടി ഉണ്ടാക്കാനാണു സാധ്യത.
ആർ എസ് എസ് – വിശ്വഹിന്ദു പരിഷത്ത് തുടങ്ങിയ സംഘപരിവാർ സംഘടനകളാണ് ഇന്ത്യയിൽ ബിജെപി എന്ന രാഷ്ട്രീയപാർട്ടിയുടെ വളർച്ചയ്ക്ക് വലിയ പങ്ക് വഹിച്ചിട്ടുള്ളത്. എല്ലാ സംസ്ഥാനങ്ങളിലും കേഡർ സ്വഭാവത്തിൽ പ്രവർത്തിക്കുന്ന സംഘടനകളാണ് സംഘപരിവാർ സംഘടനകൾ. അടുക്കും ചിട്ടയുമായി പ്രവർത്തിക്കുന്ന ആർ എസ് എസി ന് ഇന്ത്യയിലെ ഗ്രാമീണ മേഖലയിൽ വലിയതോതിൽ പ്രവർത്തകരും അനുഭാവികളുമുണ്ട്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഈ പ്രവർത്തകരാണ് ബിജെപിയുടെ വിജയത്തിനായി മുഖ്യപങ്ക് വഹിച്ചിട്ടുള്ളത്. എന്നാൽ പാർട്ടിയും സംഘപരിവാർ സംഘടനകളും തമ്മിൽ നിലനിൽക്കുന്ന ആശയപരമായ സംഘർഷങ്ങളാണ് ആർ എസ് എസ് നേതൃത്വം പുതിയ നീക്കങ്ങൾ നടത്താൻ കാരണമായത്.

ബിജെപി എന്ന രാഷ്ട്രീയ പാർട്ടി മത രാഷ്ട്രീയം കളിക്കുമ്പോൾ ആർ എസ് എസ് അതിനു വിരുദ്ധമായി മതസൗഹാർദ്ദത്തിലൂടെ കൂടുതൽ ജനകീയത നേടുവാനുള്ള നീക്കങ്ങളാണ് ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ 24 ആം തീയതിയാണ് ഡൽഹിയിലെ ഹരിയാന ഭവനിൽ ആർഎസ്എസ് നേതൃത്വത്തിൽ ക്രിസ്ത്യൻ മുസ്ലിം മത വിഭാഗങ്ങളിലെ പ്രമുഖരെ പങ്കെടുപ്പിച്ചുള്ള യോഗവും ഗൗരവതരമായ സംവാദവും നടത്തിയത്. ഈ പരിപാടിയിൽ 70ലധികം മുസ്ലിം മതമേധാവികളും പങ്കെടുത്തിരുന്നു. മുസ്ലിം മത വിശ്വാസികളുടെ ആശങ്കകൾ തുറന്നുപറഞ്ഞ യോഗത്തിൽ മുസ്ലിം മതമേധാവികളോടാണ് കൂടുതൽ അടുപ്പം കാണിക്കാൻ ആർഎസ്എസ് നേതൃത്വം അപ്പോൾ തയ്യാറായത്. ആൾ ഇന്ത്യ ഇമാം ഓർഗനൈസേഷൻ , സുന്നി മുസ്ലിം മേധാവികൾ, ജംഇയ്യത്തുൽ ഉലമ നേതാക്കൾ തുടങ്ങിയവരെ കൂടാതെ ഗുജറാത്ത്, ഹരിയാന ചീഫ് ഇമാമുമാർ, ഉത്തരാഖണ്ഡ്, ജയ്പൂർ, ഉത്തർപ്രദേശ്, തുടങ്ങിയ സംസ്ഥാനങ്ങളിലെ ഗ്രാൻഡ് മുഫ്തിമാർ തുടങ്ങിയവരും ഈ യോഗത്തിൽ പങ്കെടുത്തു. ഇവരെ കൂടാതെ സുപ്രീംകോടതി റിട്ടയേഡ് ജഡ്ജിമാർ, പ്രമുഖ ചിന്തകരും എഴുത്തുകാരുമെല്ലാം ഈ യോഗത്തിൽ പങ്കെടുത്തു.മുസ്ലിം – ഹൈന്ദവ പ്രമുഖർ പങ്കെടുത്ത ഈ യോഗത്തിൽ നടന്ന ചർച്ചകളും തീരുമാനങ്ങളുമാണ് വളരെ പ്രസക്തമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

രാജ്യത്തുള്ള മസ്ജിദുകളും, ക്ഷേത്രങ്ങളും, പള്ളികളും, അതുപോലെതന്നെ ഇമാമുമാരും, പൂജാരിമാരും, ഗുരുകുലങ്ങളും, മദ്രസകളും ഒരേ സ്വഭാവത്തിലും സാഹോദര്യത്തിലും കഴിയേണ്ട ഒന്നാണെന്നും സംവാദവും സമന്വയവും വഴിയും സാഹോദര്യം നിലനിർത്തണമെന്നും വിവിധ മതവിഭാഗങ്ങൾക്കിടയിൽ നിലനിൽക്കുന്ന അഭിപ്രായവ്യത്യാസങ്ങളും തെറ്റിദ്ധാരണകളും ചർച്ചകളിലൂടെ പരിഹരിക്കണമെന്നും യോഗം നിർദ്ദേശം വെച്ചു. രാജ്യത്ത് ഏറ്റവും കൂടുതൽ കലഹങ്ങളിൽ പങ്കാളികളാകുന്നത് ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലാണ്. ഇത് അവസാനിപ്പിക്കണമെന്നും വിവിധ മതവിഭാഗങ്ങളിൽ പെട്ട എല്ലാവരും ഒരേ പൗരത്വവും ഒരേ ആത്മാവും പങ്കിടുന്നവരാണെന്നും വ്യത്യസ്തമായ ആശയധാരകൾ പിന്തുടരുന്നു എങ്കിലും എല്ലാരും ഇന്ത്യക്കാരാണെന്നും സമുദായങ്ങൾക്കിടയിൽ ഒരിക്കലും ശത്രുത പാടില്ലെന്നും ഈ യോഗം ബഹുജനങ്ങളോട് അഭ്യർത്ഥിച്ചു. ആർ എസ് എസിന്റെ ദേശീയ തലവനായ മോഹൻ ഭഗവത് കൂടാതെ നേതാക്കളായ ദത്താത്രേയ, – കൃഷ്ണ ഗോപാൽ, – രാംലാൽ, – ഇന്ദ്രേഷ് കുമാർ, തുടങ്ങിയവരും ബിജെപിയുടെ നേതാവായ ബി എൽ സന്തോഷും പരിപാടിയിൽ പങ്കെടുക്കുകയുണ്ടായി. തികച്ചും രഹസ്യ സ്വഭാവത്തിൽ അടച്ചിട്ട മുറിക്കകത്താണ് മൂന്നുമണിക്കൂറിലധികം നീണ്ട സംവാദം നടന്നതെന്നും റിപ്പോർട്ടുണ്ട്.
ഏതായാലും വർഗീയ പാർട്ടി എന്ന സ്വഭാവത്തിൽ ഇന്ത്യയിലെ ഭൂരിപക്ഷ സമുദായങ്ങളുടെ പിൻബലത്തിൽ രാഷ്ട്രീയ വളർച്ച നേടി രാജ്യത്തിൻറെ ഭരണം വരെ സ്വന്തമാക്കിയ ബിജെപി എന്ന രാഷ്ട്രീയപാർട്ടിയുടെ നേതാക്കൾക്ക് ആശങ്ക പകരുന്നതാണ് ഡൽഹിയിൽ ആർ എസ് എസ് നേതൃത്വത്തിൽ നടന്ന ഹൈന്ദവരുടെയും മുസ്ലിംകളുടെയും നേതാക്കളുടെ യോഗവും അവിടെ നിന്നുണ്ടായ തീരുമാന പ്രഖ്യാപനങ്ങളും. ഒരു കാര്യം തലസ്ഥാനത്തെ രാഷ്ട്രീയ നിരീക്ഷകർ വീക്ഷിക്കുന്നുണ്ട്. രാജ്യത്തിൻറെ ഭരണവും ഭൂരിഭാഗം സംസ്ഥാന ഭരണങ്ങളും കൈക്കലാക്കിയിട്ടുള്ള ബിജെപിയുടെ അടിത്തറ എല്ലാ കാലത്തും സംഘപരിവാർ സംഘടനകളുടെ ശക്തിയാണ്. അതിനൊരു മാറ്റമുണ്ടായാൽ തിരിച്ചടി നേരിടേണ്ടി വരുക ബിജെപി ക്കായിരിക്കും. അതുകൊണ്ടുതന്നെ ബിജെപിയുടെ നേതൃത്വത്തിൽ ആർഎസ്എസ് നേതൃത്വവുമായി ഗൗരവമായി ചർച്ചകൾക്ക് നീങ്ങാൻ സാധ്യതയുണ്ട്. ആർ എസ് എസിന്റെ വളരെ വിദഗ്ധവും തന്ത്രപരവുമായ നീക്കമാണ് ഡൽഹിയിൽ നേതാക്കൾ നടത്തിയത്. സ്വാതന്ത്ര്യത്തിനു ശേഷം ആർ എസ് എസ് അറിയപ്പെടുന്നത് രാജ്യത്തെ ഹിന്ദുക്കളല്ലാത്ത മതവിശ്വാസികളുടെ ശത്രുക്കൾ എന്നാണ്. ആ ക്ഷീണം മാറ്റിയെടുക്കുന്നതിന് മറ്റു മതവിശ്വാസികളുമായി ഐക്യപ്പെടുക എന്നതാണ് ഏക പോംവഴി. ഈ തന്ത്രമാണ് ആർ എസ് എസ് ഇപ്പോൾ പയറ്റുന്നത്. ആർ എസ് എസ് സാമുദായിക – മത ഐക്യത്തിന്റെ വക്താക്കളായി മാറുന്ന സ്ഥിതി സമൂഹത്തിനിടയിൽ ചർച്ച ചെയ്യപ്പെട്ടാൽ സ്വാഭാവികമായും ആർ എസ് എസ് കൂടുതൽ സ്വാധീനത്തിലേക്കും വളർച്ചയിലേക്കും ഉയരും എന്ന കണക്കുകൂട്ടലും സംഘപരിവാർ സംഘടനകളുടെ നേതാക്കൾക്കുണ്ട്.