ചരിത്രം തിരുത്തി താരസംഘടനയിൽ പെൺ ഭരണം വരുന്നു

.അമ്മ-യെ നോക്കാൻ അച്ഛന്മാരില്ല

കാൽ നൂറ്റാണ്ടിന്റെ ചരിത്രമുള്ള സംഘടനയാണ് മലയാളത്തിലെ സിനിമാതാരങ്ങളുടെ സംഘടനയായ – അമ്മ. സൂപ്പർ താരങ്ങളടക്കം 540 ഓളം നടീനടന്മാരാണ് അമ്മ സംഘടനയിലുള്ളത്. കേരളത്തിലെന്നല്ല, എവിടെ പരിശോധിച്ചാലും ഏറ്റവും വലിയ പ്രതിഫലവും, മുതൽമുടക്കുമുള്ള ഒരു വ്യവസായമാണ് സിനിമ മേഖല. മെഗാസ്റ്റാഴ്‌സും, സൂപ്പർസ്റ്റാഴ്‌സും ഓരോ പുതിയ പടങ്ങളിൽ അഭിനയിച്ചു ഹിറ്റായാൽ പ്രതിഫലം കോടികളിൽ നിന്നും കോടികളിലേക്ക് ഉയർത്തുന്ന സമ്പ്രദായം സിനിമാ മേഖലയിലുണ്ട്. രണ്ടാം നിര താരങ്ങളും ജൂനിയർ ആർട്ടിസ്റ്റുകളുമെല്ലാം യാതൊരു കൈയും കണക്കുമില്ലാതെ പ്രതിഫലം പറ്റുന്ന മേഖലയാണ് സിനിമ.

undefinedഅതുകൊണ്ടുതന്നെ സിനിമയിൽ ഏറ്റവും വലിയ പ്രതിഫലം കിട്ടുന്ന താരങ്ങൾ ഒത്തുചേർന്ന സംഘടന എന്ന നിലയിൽ അമ്മയുടെ ഖജനാവും വലിപ്പമേറിയതാണ്. പുറത്തറിയുന്ന കണക്കുപ്രകാരം അമ്മ എന്ന താരസംഘടനയിൽ ഏഴരക്കോടി രൂപയുടെ സാമ്പത്തിക ആസ്തിയുണ്ട്. താരങ്ങളിൽ നിന്നും ഈടാക്കുന്ന തുകയും താരങ്ങൾ സംഘടിതമായി സ്വദേശത്തും വിദേശത്തും അവതരിപ്പിച്ചിട്ടുള്ള ടിക്കറ്റ് ഷോകൾ വഴിയായും ശേഖരിച്ചിട്ടുള്ള തുകയാണിത്. ഇത് മാത്രമല്ല അമ്മ എന്ന താര സംഘടന പ്രവർത്തനമാരംഭിച്ച് ഫണ്ട് ശേഖരണത്തിനായി എല്ലാ താരങ്ങളും ഒത്തുചേർന്ന് ട്വൻറി 20 എന്ന ഒരു ബിഗ് ബജറ്റ് സിനിമ പിടിക്കുകയും, ഈ സിനിമ വൻതോതിൽ കളക്ഷൻ നേടുകയും ചെയ്തിരുന്നു. ഇതിന്റെ ലാഭവും അമ്മയുടെ ഖജനാവിലുണ്ട്. സിനിമാതാരങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങളാണ് സംഘടനയുടെ പ്രമുഖ ഇടപാട്. നിലവിൽ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരും ശാരീരികമായി അവശതയുള്ളവരുമായ ഏതാണ്ട് 130 ഓളം പേർക്ക് പ്രതിമാസം 5000 രൂപ വീതം സംഘടന നൽകിവരുന്നുണ്ട്. ഇത്തരത്തിൽ വലിയ തോതിൽ പ്രവർത്തിച്ചുവന്നിരുന്ന സംഘടന ഒരു വർഷമായി ഭാരവാഹികളില്ലാതെ നിശ്ചലാവസ്ഥയിലാണ്. അമ്മയുടെ ഭാരവാഹികളായിരുന്ന പുരുഷ താരങ്ങളടക്കമുള്ള പ്രമുഖർക്കെതിരെ സിനിമ മേഖലയിലെ താരങ്ങളും മറ്റുമടങ്ങുന്ന സ്ത്രീകൾ ലൈംഗിക പീഡന പരാതികളുമായി രംഗത്ത് വന്നതാണ് സംഘടനയുടെ പ്രതിസന്ധിക്ക് കാരണമായത്.

അമ്മയുടെ തലപ്പത്തുണ്ടായിരുന്ന നടന്മാരായ മുകേഷ്, സിദ്ദിഖ്, ഇടവേള ബാബു, മണിയൻപിള്ള രാജു, തുടങ്ങിയവരെല്ലാം പീഡന പരാതികളിൽ പേരുകാരായി വന്നതോടുകൂടി നിൽക്കക്കള്ളിയില്ലാതെ ഭരണസമിതി രാജി വെച്ചു. അതിനുശേഷം പുതിയ സമിതിയുടെ തെരഞ്ഞെടുപ്പ് തീരുമാനിച്ചുവെങ്കിലും സമയത്ത് നടത്തുവാൻ കഴിഞ്ഞതുമില്ല. ഏതായാലും ആഗസ്റ്റ് 15ന് അമ്മയുടെ പുതിയ ഭരണസമിതി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരിൽ നിന്നും നോമിനേഷനുകൾ സ്വീകരിച്ചു കഴിഞ്ഞു. താര സംഘടനയായ അമ്മയുടെ ഭരണസമിതി തിരഞ്ഞെടുപ്പ് മത്സരത്തിൽ ചരിത്രത്തിലുണ്ടാവാത്ത അത്ഭുതങ്ങളാണ് ഇപ്പോൾ നടന്നിരിക്കുന്നത്. കേരളത്തിലെ ഏതെങ്കിലും ഒരു സംഘടനയിൽ സ്ത്രീ പ്രാതിനിധ്യം ശക്തമായി എന്ന് പറയാൻ കഴിയുന്നത് അമ്മ എന്ന സംഘടനയിൽ മാത്രമാവുന്ന സ്ഥിതിയിലേക്കാണ് തെരഞ്ഞെടുപ്പ് എത്തിചേർന്നിരിക്കുന്നത്. സംഘടനയുടെ പ്രസിഡൻറ് പദവിയിലെത്താൻ നടന്മാരായ ജഗദീഷ് അടക്കം പലരും നോമിനേഷൻ നൽകിയെങ്കിലും അതെല്ലാം പിൻവലിച്ചു. ഇപ്പോൾ പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സര രംഗത്ത് ശ്വേതാ മേനോനും, ദേവനും മാത്രമാണ് അവശേഷിക്കുന്നത്. താരനിരയിലെ ഭൂരിഭാഗം ആളുകളും സ്ത്രീകൾ തലപ്പത്ത് വരട്ടെ എന്ന ധാരണയിലാണുള്ളത്. അതുകൊണ്ടു തന്നെ സ്വാഭാവികമായും അമ്മയുടെ പ്രസിഡണ്ടായി ശ്വേതാ മേനോൻ തെരഞ്ഞെടുക്കപ്പെടും എന്നുറപ്പായിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ ജനറൽ സെക്രട്ടറിയായി നോമിനേഷൻ കൊടുത്തിരുന്ന ബാബുരാജ് പിൻവാങ്ങി. പ്രസിഡണ്ടായി മത്സരിക്കുന്നതിന് രംഗത്ത് വന്ന ജഗദീഷും നോമിനേഷൻ പിൻവലിച്ചിരിക്കുകയാണ്. മത്സര രംഗത്ത് ഇപ്പോൾ കുക്കു പരമേശ്വരൻ, ജയൻ ചേർത്തല, അനൂപ് ചന്ദ്രൻ, രവീന്ദ്രൻ തുടങ്ങിയവരാണ് മത്സരിക്കുന്നത്. പീഡന പരാതിയുള്ള ബാബുരാജ് മത്സരിക്കരുത് എന്ന് തുറന്നടിച്ചിരിക്കുന്നത് മല്ലിക സുകുമാരനായിരുന്നു. താര സംഘടനയായ അമ്മയുടെ ഭാരവാഹികളുടെ പേരിലുയർന്ന പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു പ്രസിഡൻറ് ആയിരുന്ന മോഹൻലാലും രാജിവെച്ചൊഴിഞ്ഞത് . പിന്നീട് ആ പദവിയിലേക്ക് തിരിച്ചു വരണം എന്ന് മോഹൻലാലിനോട് എല്ലാരും അഭ്യർത്ഥിച്ചുവെങ്കിലും അദ്ദേഹം അത് നിരസിച്ചു. മാത്രവുമല്ല മലയാളം സിനിമയിലെ പ്രമുഖരടക്കമുള്ള മിക്കവാറും എല്ലാ നടന്മാരുടെയും പേരിൽ പീഡനങ്ങളുടെ നിരവധി പരാതികളാണ് തുടരെത്തുടരെ വന്നുകൊണ്ടിരുന്നത്. ഈ അവസരത്തിൽ മമ്മൂട്ടി പുതിയൊരു നിർദ്ദേശം മുന്നോട്ടുവെച്ചു. താരസംഘടനയെ ഇനി വനിതകൾ നയിക്കട്ടെ. അതാണ് ഇപ്പോൾ നടപ്പിലാകുന്നത്. ഇതൊക്കെയാണെങ്കിലും താര സംഘടനയുടെ നേതൃത്വം നടിമാരുടെ കൈകളിലേക്ക് മാത്രമായി എത്തിച്ചേരുമ്പോൾ അതിനെതിരെ പരിഹാസരൂപേണ വിമർശനം ഉയർത്തുന്ന സിനിമ പ്രവർത്തകരുമുണ്ട്.

നടികളടക്കമുള്ള സ്ത്രീകളായ സിനിമ പ്രവർത്തകർ അമ്മ സംഘടനയുടെ ഭരണം കൊണ്ടുനടക്കുമ്പോൾ ഇനി പീഡനം ഉണ്ടായാൽ ആരുടെ മുമ്പിലാണ് പരാതി പറയുക എന്ന ആക്ഷേപമാണ് ഉയരുന്നത്. അമ്മയുടെ ഭാരവാഹിത്വത്തിൽ പുരുഷന്മാർ ഉണ്ടായിരുന്നപ്പോഴാണ് അവർക്ക് നേരെ വിരൽ ചൂണ്ടിക്കൊണ്ട് സ്ത്രീകളെല്ലാം വാളെടുത്ത് തുള്ളിയത്. സ്ത്രീകൾ തന്നെ അമ്മയുടെ നേതാക്കളായി മാറുമ്പോൾ പീഡനം നേരിടേണ്ടി വരുന്ന സ്ത്രീകളായ സിനിമ പ്രവർത്തകർക്ക് നേതാക്കളായ സ്ത്രീകളുടെ നേരെ വിരൽ ചൂണ്ടി പീഡനം പരാതിയായി ഉയർത്താൻ കഴിയില്ലല്ലോ എന്ന ചോദ്യമാണ് ഈ വിമർശകർ തമാശയാക്കുന്നത്. താര സംഘടനയായ അമ്മയുടെ പ്രസിഡൻറ് പദവിയിലേക്ക് ശ്വേത മേനോനാണ് കടന്നുവരുന്നതെങ്കിൽ അവരുടെ പേരിലും വിമർശനങ്ങളുന്നയിക്കുന്നുണ്ട്. അഭിനയിച്ച പല സിനിമകളിലും പരിധിവിട്ട സെക്സ് വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുള്ള ഒരു നടിയാണ് ശ്വേത മേനോൻ. രതിനിർവേദം പോലുള്ള സിനിമ പരിഷ്കരിച്ച പതിപ്പിൽ അവരുടെ വേഷം ഇപ്പോഴും പ്രചാരത്തിലുണ്ട്. ഇത്തരത്തിൽ സ്വഭാവ മഹിമയില്ലാത്ത വേഷങ്ങളെ കൈകാര്യം ചെയ്തവർ അമ്മയുടെ തലപ്പത്ത് വരുമ്പോൾ പലതരത്തിലുള്ള ചോദ്യങ്ങളും ഉയരില്ലേ എന്നതും ആശങ്കയ്ക്ക് വഴിവെക്കുന്നുണ്ട്. ആഗസ്റ്റ് 15ആം തീയതിയാണ് താര സംഘടനയായ അമ്മയുടെ ഭാരവാഹി തെരഞ്ഞെടുപ്പ് നടക്കുന്നത്. 540 ലധികം അംഗങ്ങളിൽ നൂറോളം പേർ വാർദ്ധക്യത്തിന്റെയും മറ്റും പേരിൽ വിശ്രമത്തിലാണ്. ശേഷിക്കുന്നവരിൽ തന്നെ പലരും വോട്ടെടുപ്പിൽ നിന്നും അകന്നു നിൽക്കുമെന്നും പറയപ്പെടുന്നുണ്ട്. താരസംഘടനയിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുവെങ്കിലും ഈ മേഖലയിലെ സ്ത്രീകളായവർ പലപ്പോഴായി ഉയർത്തിയ പരാതികളും പോലീസ് കേസുകളുമെല്ലാം സിനിമയിലെ പുരുഷ പ്രവർത്തകരെ വലിയതോതിൽ നാണക്കേടിലെത്തിച്ചു എന്ന ആക്ഷേപം ഇപ്പോഴുമുണ്ട്.

സമൂഹത്തിൽ ആദരവുള്ള ബാലചന്ദ്രമേനോൻ, ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി, തുടങ്ങിയവരെ പോലും പീഡന പരാതികളിൽ പെടുത്തിയത് വൈരാഗ്യം തീർക്കാൻ വേണ്ടി ആയിരുന്നു എന്ന് വിമർശിക്കുന്നവരുമുണ്ട്. ഇത്തരം സ്വഭാവക്കാരായ നടികൾ ഉൾപ്പെടെയുള്ള സ്ത്രീകളായ ചലച്ചിത്ര പ്രവർത്തകരുടെ ഭരണത്തിന് കീഴിൽ പുരുഷന്മാരായ ചലച്ചിത്ര പ്രവർത്തകർ എന്തിന് സഹകരിക്കണം എന്ന ചോദ്യവും വലിയതോതിൽ ഉയരുകയാണ്. ഇത്തരം ഒരു അന്തരീക്ഷം നിലനിൽക്കുന്നത് കൊണ്ടുതന്നെ ആഗസ്റ്റ് 15ന് നടക്കുന്ന വോട്ടെടുപ്പിൽ നിന്നും പുരുഷന്മാരായ അംഗങ്ങളിൽ നല്ലൊരു ഭാഗം വിട്ടുനിൽക്കും എന്നുള്ള സൂചനകളും പുറത്തുവരുന്നുണ്ട്. ഒരു വർഷത്തിനുശേഷം താരസംഘടനയിൽ തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തീകരിക്കാൻ കഴിഞ്ഞാലും സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾ അത്ര ശുഭകരമാവില്ല എന്ന അഭിപ്രായങ്ങളാണ് ഇപ്പോഴുള്ളത്.