ഫുട്ബോൾ കളി നടത്താൻ പോലും കഴിവില്ലാത്ത കായിക മന്ത്രി

ഉറപ്പുനൽകിയത് മെസ്സി ആണോ അതോ മിസ്സിസ് ആണോ?

ഫുട്ബോൾ കളി എന്നു കേട്ടാൽ കേരളീയന്റെ മനസ്സിൽ ആവേശം നിറയും. ഫുട്ബോൾ കളി കണ്ടാൽ തളർവാതം പിടിച്ച് കിടക്കുന്നവൻ പോലും എണീക്കുന്ന സ്ഥിതിയാണ്. ഫുട്ബോളും മലയാളിയും തമ്മിലുള്ള ബന്ധം എന്നാൽ കേരളത്തിൽ, വിശേഷിച്ചും മലബാർ മേഖലയിൽ, ഫുട്ബോൾ കളിയുടെ ഭ്രാന്തന്മാരാണ്. ഫുട്ബോളിനെ ആവേശത്തോടെ കാണുന്ന ജനങ്ങളോടാണ് നമ്മുടെ കായിക മന്ത്രി വി അബ്ദുറഹിമാൻ മാസങ്ങൾക്ക് മുമ്പ് ഒരു ഉറപ്പ് നൽകിയത്. ലോക ഫുട്ബോളിലെ അത്ഭുത പ്രതിഭാസമായ – കാണികളുടെ ആവേശമായ മെസ്സിയും അദ്ദേഹം കളിക്കുന്ന അർജൻറീന ടീമും കേരളത്തിൽ പന്ത് തട്ടാൻ എത്തുമെന്ന്.. ഇതുകേട്ടതും യുവാക്കൾ അടക്കമുള്ള കേരളത്തിലെ ഫുട്ബോൾ പ്രേമികൾ വലിയ ആവേശത്തിലായി. കേരളത്തിൻറെ മണ്ണിലേക്ക് മെസ്സിയുടെ കാലുകൾ പതിയുന്ന ദിവസത്തിനായി ആരാധകർ കാത്തിരിപ്പിലാണ്. എന്നാൽ ഫുട്ബോൾ പ്രേമികളുടെ എല്ലാ മോഹങ്ങളും പ്രതീക്ഷകളും തകർത്തുകൊണ്ട് ഇപ്പോൾ മന്ത്രി പറയുന്നത് കേരളത്തിലേക്ക് മെസ്സിയും അർജൻറീന ടീമും വരുന്നില്ല എന്നതാണ്.
ഒരു ഫുട്ബോൾ കളി നടത്തുവാൻ പോലും പ്രാപ്തിയില്ലാത്ത മന്ത്രിമാരാണ് കേരളം ഭരിക്കുന്നത്. എന്ത് ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ഒരു സംസ്ഥാനത്തിന്റെ കായിക മന്ത്രി വലിയ പ്രാധാന്യമുള്ള ഒരു മത്സരത്തിന്റെ കാര്യം ഉറപ്പിച്ചു പറഞ്ഞത്. ആരാണ് മെസ്സി കേരളത്തിൽ എത്തുന്നത് സംബന്ധിച്ച് മന്ത്രിക്ക് ഉറപ്പ് നൽകിയത്. അർജൻറീന ടീം വരുന്നു എങ്കിൽ അത് വലിയ കാര്യം തന്നെ. ലോകം ആരാധിക്കുന്ന ഫുട്ബോൾ കളിക്കാരനായ മെസ്സിയെ നമ്മുടെ കേരള മണ്ണിൽ എത്തിക്കാൻ സാധിച്ചാൽ സർക്കാരിനും കായിക മന്ത്രിക്കും അതൊരു അഭിമാനം പകരുന്ന കാര്യമായിരുന്നേനെ. എന്നാൽ ഇപ്പോൾ കായിക മന്ത്രിയും സർക്കാരും വിവരക്കേട് മൂലം നാണക്കേടിൽ കുടുങ്ങിയ അവസ്ഥയിലാണ്. 2025 ഒക്ടോബർ മാസത്തിലോ നവംബർ മാസത്തിലോ മെസ്സിയും അർജൻറീന ടീമും കേരളത്തിൽ കളിക്കും എന്ന ഉറപ്പായിരുന്നു കായിക മന്ത്രി മാസങ്ങൾക്കു മുമ്പ് നൽകിയത്. കേരളത്തിൻറെ കായിക മന്ത്രി ഇവിടെയുള്ള ഫുട്ബോൾ പ്രേമികളെയെല്ലാം മണ്ടൻമാരാക്കി കൊണ്ടാണ് അർജൻറീന ടീം കേരളത്തിലേക്ക് ഇപ്പോൾ വരുന്നില്ല എന്ന വിവരം അറിയിച്ചിരിക്കുന്നത്. മന്ത്രി വലിയ ആധികാരികമായ കാര്യങ്ങളൊക്കെയാണ് പറയുന്നത്. മെസ്സി പങ്കാളിയായ അർജൻറീന ടീമുമായി കരാർ ഒപ്പുവച്ചു എന്നും നിയമപരമായി അവർക്ക് നൽകേണ്ട പണം നൽകി കഴിഞ്ഞു എന്നൊക്കെയാണ് മന്ത്രി പറയുന്നത്. ഇപ്പോൾ മന്ത്രിയുടെ ഒരു ന്യായീകരണം സർക്കാർ കൊടുത്ത പണം തിരികെ കേരള സർക്കാരിന് നൽകണം എന്നതാണ്. ഇത് അർജൻറീന ടീമിൻറെ ഉത്തരവാദിത്തമാണെന്നും, മാത്രവുമല്ല കേന്ദ്ര കായിക മന്ത്രാലയത്തിന്റെയും, ധനകാര്യമന്ത്രാലയത്തിന്റെയും, റിസർവ് ബാങ്കിന്റെയും, അനുമതിയോടുകൂടിയാണ് കേരളം അർജൻറീന ടീമിന് അവർ ആവശ്യപ്പെട്ട പണം നൽകിയതെന്നും മന്ത്രി പറയുന്നുണ്ട്. ഇത്തരത്തിൽ ആധികാരികമായി നൽകിയ പണം സർക്കാരിന് നഷ്ടപ്പെടില്ലെന്നും തിരികെ കിട്ടും എന്നൊക്കെയാണ് മന്ത്രിയുടെ വിശദീകരണം. മന്ത്രിയുടെ ന്യായീകരണങ്ങളും വിശദീകരണങ്ങളും കേൾക്കാനല്ല കേരളത്തിലെ ഫുട്ബോൾ പ്രേമികൾ കാത്തിരിക്കുന്നത്. അർജൻറീന ടീമിന് ആവശ്യപ്പെട്ട അഡ്വാൻസ് നൽകി എന്ന് പറയുന്ന മന്ത്രി അതിനുശേഷം ഇക്കാര്യങ്ങളിൽ എന്ത് ഇടപെടലാണ് നടത്തിയത്? പണം നൽകിയിട്ട് ഏതാണ്ട് ഒരു വർഷത്തോളം കഴിഞ്ഞിരിക്കുന്നു. ഈ കാലയളവിൽ അർജൻറീന ടീം എപ്പോഴാണ് കേരളത്തിലേക്ക് എത്തുക എന്നതും മറ്റു കാര്യങ്ങളും മന്ത്രി അന്വേഷിച്ചിരുന്നുവോ എന്ന ചോദ്യവുമുണ്ട്. മാത്രവുമല്ല മെസ്സിയെ പോലെ പ്രമുഖനായ കളിക്കാരന്റെ ടീമായ അർജൻറീന ടീം കേരളത്തിൽ കളിക്കാൻ എത്തുമ്പോൾ വലിയ തോതിലുള്ള ഒരുക്കങ്ങൾ നടത്തേണ്ടതുണ്ട്. ഈ വർഷം ഒക്ടോബറിൽ അല്ലെങ്കിൽ നവംബറിൽ കളി നടക്കും എന്ന് പറഞ്ഞ മന്ത്രി അതിനുവേണ്ട മുന്നൊരുക്കങ്ങൾ നടത്താൻ എന്ത് ചർച്ചകളാണ് ഇക്കാര്യത്തിൽ നടത്തിയത് എന്ന കാര്യവും ദുരൂഹമാണ്. കേരളത്തിൽ ഇപ്പോൾ ഭരിച്ചുകൊണ്ടിരിക്കുന്നത് പിണറായി വിജയൻ മുഖ്യമന്ത്രിയായ ഇടതുമുന്നണി സർക്കാരാണ്. രണ്ടാം പിണറായി സർക്കാരിലെ മന്ത്രിമാരിൽ പലരും കഴിവില്ലാത്തവരും പിടിപ്പു കെട്ടവരും ആണെന്ന് ഇടതുമുന്നണിയിലെ തന്നെ ഘടകകക്ഷി നേതാക്കൾ പറഞ്ഞിട്ടുള്ളതാണ്. ഏതു കാര്യം മന്ത്രിമാർ പ്രഖ്യാപിച്ചാലും ഒന്നുകിൽ പിന്നീടവ പിൻവലിക്കുക, അല്ലെങ്കിൽ മാറ്റങ്ങൾ വരുത്തുക, അതുമല്ലെങ്കിൽ നടപ്പിലാക്കുന്നത് മാറ്റിവെക്കുക ഇതൊക്കെയാണ് ഇപ്പോഴത്തെ ശൈലി. വിദ്യാഭ്യാസ മന്ത്രി വകുപ്പിൽ പല മണ്ടൻ പരിഷ്കാരങ്ങളും നടത്തിയപ്പോൾ വലിയ വിമർശനമുണ്ടായിരുന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രി, സർവ്വകലാശാല കാര്യങ്ങളിൽ കുടുങ്ങി നാണക്കേടിലാണ്. വന്യമൃഗങ്ങളെക്കാൾ വിവരക്കേടുകൾ വിളിച്ചു പറയുന്ന വനം വകുപ്പ് മന്ത്രി നാട്ടിൽ ഇറങ്ങി നടക്കാൻ കഴിയാത്ത ഗതികേടിലാണ്. അമേരിക്കൻ നിലവാരത്തിൽ കേരളത്തിലെ റോഡുകളെല്ലാം പണിതുകഴിഞ്ഞു എന്ന് വീമ്പിളക്കിയ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് പോലും കുലുങ്ങാതെ കാറിലിരുന്ന് യാത്ര ചെയ്യാൻ കഴിയുന്നില്ല. കേരളം മുഴുവൻ വ്യവസായം കൊണ്ട് നിറഞ്ഞു എന്ന അവകാശവാദവുമായി വന്ന വ്യവസായ മന്ത്രിയോട് ഏതാണ് പുതിയ വ്യവസായം എന്ന് ചോദിച്ചിട്ട് ഉത്തരമില്ല. പാവപ്പെട്ട ജനങ്ങളെ നേരിട്ടു ബാധിക്കുന്ന ആരോഗ്യ മേഖല എന്നും മാരകരോഗത്തിൽ കിടക്കുകയാണ്. ഭക്ഷ്യ വകുപ്പ് മന്ത്രിയുടെ ന്യായവില കടയായ സപ്ലൈകോയിൽ പൂച്ച പെറ്റുകിടക്കുന്നു എന്ന പരാതി പറഞ്ഞത് സിപിഐയുടെ നേതാക്കൾ തന്നെയാണ്. ഇതൊക്കെയാണ് രണ്ടാം പിണറായി സർക്കാരിൽ മന്ത്രിക്കസേരയിലിരിക്കുന്നവരുടെ പ്രവർത്തന മികവ്. ഏതായാലും കേരളത്തിൻറെ കായിക മന്ത്രിയായ വി അബ്ദുറഹിമാൻ ശരിക്കും കൊല ചതിയാണ് കേരളത്തിലെ ഫുട്ബോൾ പ്രേമികളോട് കാണിച്ചത്. അന്തർദേശീയ തലത്തിൽ ക്രിക്കറ്റും മറ്റും കോടിക്കണക്കിന് ആൾക്കാരെ ആകർഷിക്കുന്നുണ്ടെങ്കിലും മലയാളികളുടെ സ്വന്തം കളി എന്നറിയപ്പെടുന്ന ഫുട്ബോൾ കളിയിലൂടെ നിരവധിയായ പ്രശസ്തരെ വാർത്തെടുക്കാനും കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. മലയാളിയുടെ ഫുട്ബോൾ അത്ഭുതമായ ഐ എം വിജയൻ ഇതിന് ഉദാഹരണമാണ്. കേരളത്തിൽ വിശേഷിച്ചും മലപ്പുറം, കോഴിക്കോട്, കണ്ണൂർ, ഇവിടങ്ങളിലാണ് ഫുട്ബോൾ ആവേശക്കാർ കൂടുതൽ ഉള്ളത്. ഇപ്പോഴും നിരവധിയായ ഫുട്ബോൾ ക്ലബ്ബുകൾ വടക്കൻ ജില്ലകളിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. ഏത് പ്രമുഖ ഫുട്ബോൾ മത്സരം എവിടെ നടന്നാലും അങ്ങോട്ട് ഓടിയെത്തുന്നത് ഭൂരിഭാഗവും മലബാർ മേഖലയിൽ നിന്നുള്ളവർ ആയിരിക്കും. അങ്ങനെ ഫുട്ബോൾ കളിയെ ജീവനുതുല്യം പ്രേമിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന ആൾക്കാരെയാണ് നമ്മുടെ കായിക മന്ത്രി പറഞ്ഞു പറ്റിച്ചിരിക്കുന്നത്.