ഛത്തീസ്ഗഡിൽ സന്നദ്ധ സേവനം നടത്തിവന്ന രണ്ടു കന്യാസ്ത്രീകളെ മതംമാറ്റ കുറ്റം ചുമത്തി ജയിലിൽ അടയ്ക്കുകയും 9 ദിവസത്തിനുശേഷം അവർക്ക് ജാമ്യം അനുവദിച്ച് പുറത്തിറങ്ങുകയും ചെയ്തതോടുകൂടി കന്യാസ്ത്രീകളുടെ പ്രതിസന്ധികൾ പരിഹരിച്ചു എങ്കിലും പ്രതിസന്ധികൾ എല്ലാം അതിരൂക്ഷമായി വളരുന്ന വാർത്തകളാണ് പുറത്തുവരുന്നത്. അറസ്റ്റിലായ കന്യാസ്ത്രീകളുടെ സഭയാണ് സീറോ മലബാർ സഭ. സീറോ മലബാർ സഭയുടെ മേധാവികൾ തമ്മിൽ വലിയ കലഹമാണ് നടക്കുന്നത്. ഇതിനേക്കാൾ രൂക്ഷമായ പ്രതിസന്ധി ബാധിച്ചിരിക്കുന്നത് കേരളത്തിലെ ബിജെപി നേതൃത്വത്തിൽ ആണ്. ജയിലിൽ കഴിഞ്ഞ കന്യാസ്ത്രീകൾ ജാമ്യം കിട്ടി പുറത്തിറങ്ങിയതിന്റെ അവകാശം സംബന്ധിച്ചുള്ള തർക്കങ്ങളാണ് സഭയെയും ബിജെപിയെയും കുടുക്കിയിരിക്കുന്നത്. സീറോ മലബാർ സഭയിൽ വിവിധ രൂപതയുടെ മേധാവികൾ തമ്മിലാണ് ഇപ്പോൾ പരസ്യമായ തർക്കങ്ങളും വിമർശനങ്ങളും ഉയർന്നുകൊണ്ടിരിക്കുന്നത്. കന്യാസ്ത്രീകളെ ജയിലിൽ നിന്നും ഇറക്കുവാൻ ബിജെപിയുടെ ഡൽഹി നേതൃത്വം സഹായിച്ചു എന്ന് ഒരു ബിഷപ്പ് പ്രസ്താവിച്ചപ്പോൾ അത് ബിഷപ്പിന്റെ വ്യക്തിപരമായ അഭിപ്രായം ആണെന്നും സഭയ്ക്ക് മൊത്തത്തിൽ അത്തരത്തിൽ ഒരു ധാരണ ഇല്ല എന്നും പറഞ്ഞുകൊണ്ട് മറ്റൊരു ബിഷപ്പ് രംഗത്ത് വന്നു.
ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾ അറസ്റ്റിൽ ആവുകയും അതിനുശേഷം ജാമ്യം കിട്ടി ഒമ്പതാമത്തെ ദിവസം വരെയും കേരളത്തിലെ ബിജെപി നേതൃത്വം വലിയ ആശങ്കയിൽ ആയിരുന്നു. കേരളത്തിൽ ക്രിസ്ത്യാനികൾ അടക്കമുള്ള ന്യൂനപക്ഷ സമുദായങ്ങളെ പാർട്ടിയിൽ ഒപ്പം നിർത്താൻ വലിയ ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് ചത്തീസ്ഗഡിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് കന്യാസ്ത്രീകൾ അറസ്റ്റിൽ ആയത്. കന്യാസ്ത്രീകളെ പുറത്തുവിടുന്നതിന് ബിജെപി നേതൃത്വം ഇടപെടണം എന്ന ആവശ്യം ഉയർന്നപ്പോൾ അതിനെ എതിർത്തുകൊണ്ട് ബിജെപിയുടെ ശക്തി കേന്ദ്രങ്ങളായ പല ഹൈന്ദവ സംഘടനകളും ഒറ്റക്കെട്ടായി രംഗത്ത് വന്നു. കന്യാസ്ത്രീകളുടെ മോചന കാര്യത്തിൽ വലിയ സഹായം ചെയ്തത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ത് ഷാ ആണെന്നും അദ്ദേഹത്തോട് സഭയ്ക്ക് നന്ദിയുണ്ട് എന്നും പരസ്യമായി പറഞ്ഞത് തലശ്ശേരി ബിഷപ്പ് ജോസഫ് പാമ്പ്ലാനി ആയിരുന്നു. ബിഷപ്പിന്റെ ഈ പ്രസ്താവന പുറത്തുവന്നപ്പോൾ ഇരിങ്ങാലക്കുട ബിഷപ്പ് പോളി കണ്ണുക്കാടൻ എതിർപ്പുമായി രംഗത്തുവന്നു. തലശ്ശേരി ബിഷപ്പിന്റെ പ്രസ്താവന അദ്ദേഹത്തിൻറെ സ്വന്തം അഭിപ്രായം മാത്രമാണ് എന്നും സീറോ മലബാർ സഭയുടെ നിലപാട് സഭയുടെ മേലധ്യക്ഷനായ കർദിനാൾ വ്യക്തമാക്കിയിട്ടുണ്ട് എന്നുമാണ് ഇരിഞ്ഞാലക്കുട ബിഷപ്പ് അഭിപ്രായപ്പെട്ടത്. ഇതോടുകൂടി മറ്റ് രൂപതകളിലേക്കും ഈ തരത്തിലുള്ള തർക്കങ്ങൾ വ്യാപിച്ചു.
കന്യാസ്ത്രീകളുടെ മോചന കാര്യത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി ഇടപെട്ടു എന്നത് വസ്തുതയല്ല. ആഭ്യന്തരമന്ത്രിക്ക് അത്തരത്തിൽ ഒരു താൽപര്യം ഉണ്ടായിരുന്നുവെങ്കിൽ ജയിലിൽ അടയ്ക്കപ്പെട്ട് 24 മണിക്കൂറിനകം കന്യാസ്ത്രീകൾ പുറത്തിറങ്ങുമായിരുന്നു. മാത്രവുമല്ല കേന്ദ്ര ആഭ്യന്തര മന്ത്രി ഇടപെട്ടിട്ടുപോലും കന്യാസ്ത്രീകളുടെ പേരിൽ ചുമത്തിയിട്ടുള്ള കേസ് നിലനിൽക്കുകയാണ്. ജാമ്യം മാത്രമാണ് അനുവദിച്ചിട്ടുള്ളത്. കേന്ദ്ര ആഭ്യന്തരമന്ത്രി ഇടപെട്ടിട്ടുണ്ടെങ്കിൽ കേസ് തന്നെ ഒഴിവാകുമായിരുന്നു എന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. അതുകൊണ്ടുതന്നെയാണ് ബിജെപിയുടെ സഹായം മോചന കാര്യത്തിൽ ഉണ്ടായിട്ടുണ്ട് എന്ന് ബിഷപ്പുമാർ ഏക സ്വരത്തിൽ പറയാത്തതിന് കാരണം. രാഷ്ട്രീയം ഞങ്ങളുടെ വിഷയമല്ല എന്നൊക്കെ ബിഷപ്പുമാർ പറയുമെങ്കിലും എല്ലാ രാഷ്ട്രീയ പാർട്ടികളെയും ഒരേപോലെ സ്വാധീനിച്ചുകൊണ്ട് സഭയുടെ കാര്യങ്ങൾ നേടിയെടുക്കുന്ന നിലപാടാണ് സീറോ മലബാർ സഭ എല്ലാ കാലത്തും സ്വീകരിച്ചിട്ടുള്ളത്. ബിജെപിയോട് പ്രത്യേക അടുപ്പമോ താല്പര്യമോ പരസ്യമായി കാണിച്ചാൽ മറ്റു രാഷ്ട്രീയ പാർട്ടികൾ സഭയുമായി അകലം പാലിക്കും എന്ന് തിരിച്ചറിഞ്ഞു കൊണ്ടാണ് സഭയുടെ പരമാധികാരികൾ നിശബ്ദത പാലിക്കുന്നത്. എന്നാൽ പഴയ കാലം ഒന്നുമല്ല, സഭയിലെ വൈദികരും കന്യാസ്ത്രീകളും ബിഷപ്പുമാരും എല്ലാം ഇപ്പോൾ രാഷ്ട്രീയ ചിന്തയുള്ളവരും താല്പര്യമുള്ളവരും ആണെന്നും വെളിപ്പെടുത്തുന്നതാണ് കന്യാസ്ത്രീ വിഷയത്തിൽ വ്യത്യസ്ത സ്വരങ്ങൾ ഉയരുവാൻ വഴിയൊരുക്കിയിട്ടുള്ളത്. കന്യാസ്ത്രീകളുടെ മോചനം സംബന്ധിച്ച വിഷയത്തിൽ കേരളത്തിൽ കാലുകുത്താൻ പറ്റാത്ത അപകടാവസ്ഥയിലാണ് ബിജെപിയുടെ സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖർ ഉള്ളത്. പ്രസിഡണ്ട് പദവി ഏറ്റെടുത്തശേഷം ഏകപക്ഷീയമായി മുന്നോട്ടുപോയ ആളാണ് രാജീവ്. കേരളത്തിലെ ബിജെപിയുടെ മുതിർന്ന നേതാക്കളെ പോലും അവഗണിച്ചുകൊണ്ടാണ് പ്രസിഡൻറ് രാഷ്ട്രീയം കളിച്ചത് എന്നാൽ ഇപ്പോൾ കന്യാസ്ത്രീകളെ മോചിപ്പിക്കുന്നതിനു വേണ്ടി വലിയ ഇടപെടൽ നടത്തി ക്രിസ്തീയ സഭയെ ഒപ്പം നിർത്താം എന്നു മോഹിച്ച രാജീവ് ചന്ദ്രശേഖറിന് ഈ പ്രവർത്തനം വഴി പാളയത്തിൽ പടയുണ്ടാക്കാൻ മാത്രമാണ് സാധിച്ചത്. എന്തുതന്നെ ന്യായങ്ങൾ നിരത്തിയാലും ബിജെപി എന്ന രാഷ്ട്രീയ പാർട്ടിയുടെ അടിത്തറ ആർ എസ് എസ് – വിശ്വഹിന്ദു പരിഷത്ത് – ഹിന്ദു ഐക്യവേദി തുടങ്ങിയ സംഘപരിവാർ സംഘടനകൾ ആണ്. ഈ സംഘടനകളുടെ നേതാക്കൾ എല്ലാം പാർട്ടി പ്രസിഡൻറ് രാജീവിന്റെ പരിധിവിട്ട ക്രിസ്ത്യൻ പ്രേമം എതിർക്കുകയാണ് ചെയ്തിരിക്കുന്നത്. ആരുടെ അനുമതിയോടുകൂടിയാണ് കന്യാസ്ത്രീകളെ പുറത്തിറക്കാൻ രാജീവ് പ്രവർത്തിച്ചത് എന്ന ചോദ്യമാണ് ഈ സംഘപരിവാർ സംഘടനാ നേതാക്കൾ ഉയർത്തുന്നത്. ഇവരെല്ലാം കൂടി പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തരമന്ത്രിക്കും ബിജെപിയുടെ ദേശീയ പ്രസിഡൻറ് നദ്ദ ക്കും ഇത് സംബന്ധിച്ച് പരാതികൾ നൽകിതായിട്ടാണ് അറിയുന്നത്. ഏതായാലും കന്യാസ്ത്രീ മോചന വിഷയത്തോട് കൂടി കേരളത്തിലെ ബിജെപി കൂനിന്മേൽ കുരു എന്ന അവസ്ഥയിലാണ്. നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ക്രിസ്ത്യൻ മുസ്ലിം ന്യൂനപക്ഷ വിഭാഗങ്ങളെ ഒപ്പം നിർത്തിക്കൊണ്ട് ഏറ്റവും കുറഞ്ഞത് 10000 സീറ്റുകൾ എങ്കിലും നേടിയെടുക്കുന്ന പരിപാടിയും പദ്ധതിയും ആവിഷ്കരിച്ചു കൊണ്ടാണ് രാജീവ് ചന്ദ്രശേഖർ പ്രവർത്തനം നടത്തിക്കൊണ്ടിരുന്നത്. എന്നാൽ പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ ആർ എസ് എസ് അടക്കമുള്ള സംഘപരിവാർ ശക്തികൾ പാർട്ടിയുമായി അകലം പാലിച്ചാൽ രാജീവിന്റെ തെരഞ്ഞെടുപ്പ് വിജയ സ്വപ്നം അപ്പാടെ തകരും. ഇത്തരത്തിൽ ഛത്തീസ്ഗഡിൽ നടന്ന കന്യാസ്ത്രീ അറസ്റ്റും പിന്നീടുള്ള മോചനവും കേരളത്തെ സംബന്ധിച്ചിടത്തോളം വലിയ രാഷ്ട്രീയ പ്രതിസന്ധിയാണ് ഉണ്ടാക്കിയിട്ടുള്ളത്. അറസ്റ്റിലായ രണ്ടു കന്യാസ്ത്രീകളും മലയാളികളാണ്. ഈ രണ്ടു പേരും അടുത്ത ദിവസം തന്നെ കേരളത്തിൽ എത്തും. കന്യാസ്ത്രീ അറസ്റ്റിന്റെ വിഷയത്തിൽ കന്യാസ്ത്രീകളുടെ സമുദായവും സഭയും ഭിന്നതകളുടെ കുടുക്കിൽപ്പെട്ട് കിടക്കുകയാണ്. ഇതിനേക്കാൾ പ്രതിസന്ധിയാണ് കന്യാസ്ത്രീകളുടെ മോചന വിഷയത്തിൽ ഇടപെട്ട കേരളത്തിലെ ബിജെപിയുടെയും അവസ്ഥ. സഹായിച്ചവരും സഹായം നേടിയവരും ഒരുപോലെ പ്രതിസന്ധിയിൽ എത്തിയ അപൂർവ്വ സംഭവമാണ് ഏതായാലും കന്യാസ്ത്രീകളുടെ അറസ്റ്റിന്റെ പേരിൽ ഉണ്ടായിരിക്കുന്നത്.