മുസ്ലിം ലീഗ് പാർട്ടിയിൽ എന്തൊക്കെയോ പുകയുന്നു.

നാറ്റ കേസുകളിൽ കുടുങ്ങി നേതാക്കൾ..

കേരളത്തിലെ യുഡിഎഫ് മുന്നണിയിലെ രണ്ടാമത്തെ വലിയ പാർട്ടിയായ മുസ്ലിം ലീഗ് കഴിഞ്ഞ കുറച്ചുകാലമായി പലവിധത്തിലുള്ള പ്രതിസന്ധികളെ നേരിടുകയാണ്. മുസ്ലിം ലീഗ് മുസ്ലിം സമുദായത്തെ പ്രതിനിധീകരിക്കുന്ന ഒരു രാഷ്ട്രീയ പാർട്ടിയാണ്. മുസ്ലിം മത വിഭാഗങ്ങൾക്കിടയിൽ വലിയ സ്വാധീനമുള്ള സാമുദായിക സംഘടനകളും പ്രവർത്തിക്കുന്നുണ്ട്. ഇതിൽ മുന്നിൽ നിൽക്കുന്ന സമസ്ത അടക്കമുള്ള സംഘടനകളുടെയും മറ്റും വിഷയങ്ങളിൽ മുസ്ലീം ലീഗ് പാർട്ടിയുടെ നേതൃത്വം കുടുങ്ങിക്കിടക്കുകയാണ്. സമസ്ത നേതൃത്വവുമായി ഉണ്ടായിരുന്ന ഭിന്നതകൾ പരിഹരിക്കുന്നതിന് ഉന്നതതല ആലോചനകൾ നടന്നു എങ്കിലും അത് പൂർണ്ണതയിൽ എത്തിയിട്ടില്ല. അതിനിടയിലാണ് രാഷ്ട്രീയ പാർട്ടിയായ മുസ്ലിം ലീഗ് നേതാക്കളിൽ പലരുടെയും പേരിൽ സമൂഹമാധ്യമങ്ങളിൽ പലതരത്തിലുള്ള ആക്ഷേപങ്ങളും ആരോപണങ്ങളുമുള്ളത്. സമൂഹമാധ്യമങ്ങളിൽ ലീഗ് നേതാക്കൾക്കെതിരെ കടുത്ത ഭാഷയിൽ വിമർശനം ഉയർത്തുന്നവരിൽ പാർട്ടിയുടെ തന്നെ പ്രവർത്തകരും ചില നേതാക്കളും ഉണ്ടെന്നും പറയപ്പെടുന്നുണ്ട്.

മുസ്ലിം ലീഗ് നേതൃത്വം ആ പാർട്ടിയുടെ സ്ഥാപക നേതാക്കൾ പുലർത്തിയിരുന്ന എല്ലാ ആദർശങ്ങളെയും ആശയങ്ങളെയും ബലികഴിച്ചുകൊണ്ടാണ് മുന്നോട്ട് പോകുന്നത് എന്നാണ് ഇപ്പോഴുള്ള ആരോപണം. കേരളത്തിൽ മുസ്‌ലിംലീഗ് പാർട്ടിയെ വളർത്തുന്നതിൽ വലിയ പങ്കു വഹിച്ച സി എച്ച് മുഹമ്മദ് കോയ , സീതി സാഹിബ്, ഉമ്മർ കോയ, ബാഫഖി തങ്ങൾ തുടങ്ങിയവരുടെയെല്ലാം മഹത്തായ പ്രവർത്തന ശൈലികൾ പാർട്ടിയിലെ നേതാക്കൾ നശിപ്പിച്ചു കളഞ്ഞു എന്ന ആക്ഷേപവുമുണ്ട്. പാർട്ടിയുടെ പേരിൽ എം എൽ എ മാരും എംപിമാരും ഒക്കെയായ നേതാക്കൾ സ്വത്ത് സമ്പാദിക്കാനും ആഡംബര ജീവിതം നയിക്കുവാനും മാത്രമാണ് താല്പര്യം എടുക്കുന്നത് എന്നാണ് മറ്റൊരു ആരോപണം. നിലവിലുള്ള പാർട്ടി നേതൃത്വത്തിലെ പലരും അവിഹിതമായി കോടിക്കണക്കിന് രൂപയുടെ സമ്പാദ്യം ഉണ്ടാക്കി എന്നും നേതാക്കളിൽ പലർക്കും ബിസിനസും റിയൽ എസ്റ്റേറ്റും, കള്ളക്കടത്തും, തട്ടിപ്പും വരെ ഉണ്ടെന്നും ഏറ്റവും ഒടുവിലായി ചില നേതാക്കൾ മയക്കുമരുന്ന് വിൽപ്പനയിൽ വരെ പങ്കാളികളായി മാറിയ സംശയം ഉയർന്നിരിക്കുന്നു എന്നൊക്കെയാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. സോഷ്യൽ മീഡിയയിൽ തുറന്നു സംസാരിക്കുന്ന ലീഗിൻറെ ആത്മാർത്ഥതയുള്ള ചില പ്രവർത്തകർ മാനസിക വിഷമത്തോടെയാണ് ലീഗിൻറെ ഇപ്പോഴത്തെ അവസ്ഥ വിശദീകരിക്കുന്നത്. പാർട്ടിയുടെ മൺമറഞ്ഞ പഴയ നേതാക്കളെല്ലാം ആദർശ ശുദ്ധിയുള്ളവരും ജനസേവകരും ആയിരുന്നുവെങ്കിൽ ഇപ്പോഴത് , നേതാക്കളുടെ സ്വന്തം കാര്യം സിന്ദാബാദ് എന്ന ശൈലിയിലേക്ക് മാറിക്കഴിഞ്ഞു എന്നാണ് ഈ കൂട്ടരുടെ പരിഭവം. അടുത്തിടയ്ക്കാണ് മുസ്ലിം ലീഗ് പാർട്ടി നേരിട്ട് സംസ്ഥാന വ്യാപകമായി ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചത്. ഇതിൻറെ പ്രവർത്തനങ്ങൾക്ക് മുന്നിൽ നിന്നത് യൂത്ത് ലീഗ് പ്രവർത്തകർ ആയിരുന്നു . ക്യാമ്പയിൻ നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് യൂത്ത് ലീഗിൻറെ മുൻ സംസ്ഥാന സെക്രട്ടറിയും, ഇപ്പോൾ ലീഗ് നേതാവുമായ പി കെ ഫിറോസിന്റെ സഹോദരൻ മയക്കുമരുന്നുമായി പിടിയിലാവുന്നത്.

കുടുംബത്തിൽ ആരെങ്കിലും തെറ്റ് ചെയ്താൽ താൻ എങ്ങനെ അതിന് ഉത്തരവാദിയാകും എന്നൊക്കെ ഫിറോസ് ന്യായീകരണവുമായി വന്നെങ്കിലും അതൊന്നും ഏറ്റില്ല. സ്വന്തം ഇളയ സഹോദരൻ ലഹരിക്ക് അടിമയാവുകയും ലഹരി വില്പനയ്ക്ക് ഏജൻറ് ആവുകയും ഒക്കെ ചെയ്തപ്പോൾ എന്തുകൊണ്ട് അത് തടയുവാൻ ശ്രമം നടത്തിയില്ല എന്ന ചോദ്യമാണ് ഉയരുന്നത്. പഴയ മുസ്ലീം ലീഗ് നേതാവും ഇപ്പോൾ സിപിഎമ്മിൻ്റെ എംഎൽഎയുമായ കെ ടി ജലീൽ പരസ്യമായി തന്നെ ഫിറോസിന്റെ സഹോദരൻറെ കാര്യം തുറന്നു പറഞ്ഞിരിക്കുകയാണ്. ഇതും ഏറ്റുപിടിക്കാൻ സമൂഹമാധ്യമങ്ങളിൽ നിരവധി പേർ വരുന്നുണ്ട് എന്നത് മറ്റൊരു സംഗതിയാണ്. മുസ്ലിംലീഗിന്റെ മുതിർന്ന നേതാവും മുൻ മന്ത്രിയും ആയ ഇബ്രാഹിംകുട്ടി പാലാരിവട്ടം പാലം അഴിമതി കേസിൽ ഇപ്പോഴും പ്രതിയാണ്. ലീഗ് പാർട്ടിയുടെ മുഖപത്രമായ ചന്ദ്രികയുടെ പേരിൽ പിരിച്ച പത്തുകോടി രൂപ ആരൊക്കെയോ തട്ടിയെടുത്തു എന്ന പരാതിയിലും പരിഹാരം ഉണ്ടായിട്ടില്ല. മുസ്ലിംലീഗിന്റെ മഞ്ചേശ്വരത്തു നിന്നുള്ള മുൻ എംഎൽഎ കമറുദ്ദീനെ കാസർഗോഡ് ജ്വല്ലറിയുടെ പേരിൽ നടത്തിയ സാമ്പത്തിക തട്ടിപ്പിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരുന്നു. ഈ സ്വർണനിക്ഷേപ തട്ടിപ്പിൽ ലീഗിൻറെ പ്രമുഖരായ മറ്റു അഞ്ചോളം നേതാക്കളും അറസ്റ്റിലായി. മുസ്ലിം ലീഗ് പാർട്ടിയുടെ സമുന്നതനായ നേതാവ് പി കെ ഫിറോസിന്റെ സഹോദരൻ മയക്കുമരുന്ന് ഇടപാടിൽ അറസ്റ്റിലായതിനെ തുടർന്ന് പൊതുവേദിയിൽ ചർച്ച ചെയ്യപ്പെടുന്നത് ഫിറോസ് എന്ന ലീഗ് നേതാവിന്റെ സാമ്പത്തിക സ്ഥിതി കൂടിയാണ്. യാതൊരു ജോലിയുമില്ലാതെ രാഷ്ട്രീയ പ്രവർത്തനം മാത്രം തൊഴിലായി കൊണ്ടു നടക്കുന്ന ഫിറോസ് എങ്ങനെ കോടീശ്വരനായി എന്ന ചോദ്യവുമുണ്ട്. ഭാര്യയ്ക്ക് സർക്കാർ ജോലി ഉണ്ടായിരുന്നത് ഒഴിച്ചാൽ മറ്റൊരു വരുമാനമാർഗ്ഗവും ഫിറോസിന് ഇല്ല. മാത്രവുമല്ല 2021ൽ തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞ സമ്പാദ്യത്തിന്റെ കണക്കും ഇപ്പോഴത്തെ ഫിറോസിന്റെ സ്വത്തും തമ്മിൽ വലിയ അന്തരം ഉണ്ടായതെങ്ങനെ എന്ന ചോദ്യവും ലീഗ് പ്രവർത്തകർ തന്നെ ഉന്നയിക്കുന്നുണ്ട്. കോടികൾ മുടക്കി ആഡംബര വീട് നിർമ്മിച്ചതും വലിയ വിലയുള്ള ആഡംബര കാർ വാങ്ങിയതും ഇടയ്ക്കിടെ യാതൊരു തുറന്ന് പറച്ചിലും ഇല്ലാതെ വിദേശപര്യടനം നടത്തുന്നതും ഒക്കെ അന്വേഷിക്കേണ്ട കാര്യങ്ങളാണ് എന്നും സോഷ്യൽ മീഡിയയിൽ കമന്റുകളുണ്ട്. മാത്രവുമല്ല കഴിഞ്ഞ മൂന്ന് വർഷത്തിനിടയിലാണ് ഫിറോസിന്റെ സാമ്പത്തിക സൗകര്യങ്ങളിൽ വലിയ കുതിച്ചു കയറ്റം ഉണ്ടായത് എന്നും അതുകൊണ്ടുതന്നെ സാമ്പത്തിക വരുമാനം ലക്ഷ്യമാക്കി ഫിറോസും മയക്കുമരുന്ന് – ലഹരി ഇടപാടുകളിൽ പങ്കാളിയാകുന്നുണ്ടോ എന്നതും അന്വേഷിക്കണം എന്ന ആവശ്യം ഉയരുകയാണ്. മുസ്ലിം ലീഗ് ന്റെ ശക്തികേന്ദ്രമായ മലപ്പുറം ജില്ലയിലും അതുപോലെതന്നെ കോഴിക്കോട് ജില്ലയിലും ആണ് നേതാക്കളുടെ അവിഹിത സ്വത്ത് സംമ്പാദനം സംബന്ധിച്ചുള്ള ചർച്ചകളും വിവാദങ്ങളും പറഞ്ഞു കേൾക്കുന്നത്. ലീഗ് പാർട്ടിയിലെ ചില നേതാക്കളും പ്രവർത്തകരും ഇടതുപക്ഷ പ്രവർത്തകർക്ക് ലീഗ് നേതാക്കളുടെ സാമ്പത്തിക വിവരങ്ങൾ സംബന്ധിച്ച് കാര്യങ്ങൾ കൈമാറുന്നു എന്ന വിവരവും പുറത്തുവരുന്നുണ്ട്. ഏതായാലും സ്വാതന്ത്ര്യ സമരകാലം മുതൽ രാജ്യത്ത് പ്രവർത്തിച്ചിട്ടുള്ള മുസ്ലീം ലീഗ് രാഷ്ട്രീയപാർട്ടിക്ക് നല്ല സ്വാധീനമുള്ള ഒരു സംസ്ഥാനമാണ് കേരളം. കോൺഗ്രസ് പാർട്ടി നയിക്കുന്ന യുഡിഎഫിലെ ഒരു പ്രധാന ഘടകകക്ഷിയാണ് മുസ്ലിം ലീഗ്. അങ്ങനെയുള്ള ലീഗ് പാർട്ടിക്കകത്ത് ഉയർന്നുകൊണ്ടിരിക്കുന്ന ആഭ്യന്തര പ്രശ്നങ്ങളും സാമ്പത്തിക തട്ടിപ്പ് കഥകളും പാർട്ടിയിൽ വലിയ പ്രതിസന്ധി ഉണ്ടാക്കിയിരിക്കുകയാണ്. തെരഞ്ഞെടുപ്പുകൾ അടുത്ത് വരുന്ന അവസരത്തിൽ പാർട്ടി പ്രവർത്തകരിൽ ഇത്തരം നേതാക്കൾക്കെതിരായ മോശം വാർത്തകൾ നിരാശ പടർത്തുന്നതായി ലീഗ് നേതൃത്വം തന്നെ അഭിപ്രായപ്പെടുന്നുണ്ട്. അടിയന്തരമായി പാർട്ടിയുടെ മുതിർന്ന നേതാക്കൾ യോഗം ചേരുന്നതിനും കുറ്റാരോപിതരായ ലീഗ് നേതാക്കളോട് വിശദീകരണം ചോദിക്കുന്നതിനും തീരുമാനിച്ചതായും വാർത്തകൾ പുറത്ത് വരുന്നുണ്ട്.