ഭാരവാഹി പട്ടികയുടെ വെളുത്ത പുക എന്നു കാണും

കോൺഗ്രസ് നേതാക്കൾ തെക്ക് വടക്ക് ഓട്ടത്തിൽ..

കേരളത്തിലെ കോൺഗ്രസ് പാർട്ടിക്ക് പുതിയ സംസ്ഥാന പ്രസിഡണ്ടും മൂന്ന് നാല് സഹപാഠികളും ഉണ്ടായിട്ട് മാസങ്ങൾ പലതും കഴിഞ്ഞു. ഇതുവരെ കെപിസിസിയുടെ മറ്റ് ഭാരവാഹികളുടെ കാര്യത്തിൽ ഒരു തീരുമാനം എടുക്കാൻ പുതിയ പ്രസിഡണ്ടിന് കഴിഞ്ഞിട്ടില്ല. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ പേരിൽ മാറ്റിവെച്ച ഭാരവാഹി പട്ടികയുടെ ചർച്ചയുമായി രാപ്പകൽ ഓടിനടക്കുകയാണ് പ്രസിഡൻറ് ആയ സണ്ണി ജോസഫും ഒപ്പമുള്ള 3 വർക്കിംഗ് പ്രസിഡണ്ടുമാരും. ഒടുവിൽ പുതിയ ഭാരവാഹി പട്ടികയുമായി നേതാക്കൾ ഡൽഹിയിലേക്ക് വിമാനം കയറിയിരിക്കുകയാണ്. എല്ലാം പോസിറ്റീവായി നടക്കുന്നു എന്നാണ് ഡൽഹിയിൽ എത്തിയ കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് പറഞ്ഞത്. എന്നാൽ കോൺഗ്രസ് പാർട്ടിയുടെ മുൻകാല അനുഭവങ്ങൾ വെച്ച് പരിശോധിച്ചാൽ ഇത്തരത്തിൽ പലതവണയുള്ള ഡൽഹി യാത്രകൾക്ക് ശേഷം ആയിരിക്കും ഭാരവാഹി പട്ടിക പുറത്തു വരിക.

ഒടുവിൽ പട്ടിക പുറത്തു വരുമ്പോഴേക്കും ചെറിയ ഭാരവാഹി പട്ടിക എന്നതൊക്കെ വെള്ളത്തിലാവുകയും ഡസൺ കണക്കിന് ഭാരവാഹികൾ ഉള്ള ജംബോ പട്ടിക പുറത്തു വരികയും ചെയ്യും. ഭാരവാഹി പട്ടികയുമായി ഡൽഹിയിലേക്ക് പറന്നിരിക്കുന്നത് കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, വർക്കിംഗ് പ്രസിഡന്റുമാരായ ഷാഫി പറമ്പിൽ, പി.സി. വിഷ്ണുനാഥ്, എ പി അനിൽകുമാർ, എന്നിവരാണ്. ഇവരെ കൂടാതെ കേരളത്തിലെ ഗ്രൂപ്പ് മാനേജർമാരായി നടക്കുന്ന രമേശ് ചെന്നിത്തല, കെ മുരളീധരൻ, കെ സുധാകരൻ തുടങ്ങിയവരും പട്ടികയുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് ഡൽഹിയിലാണ് ഇതിനിടയിലാണ് ഭാരവാഹി പട്ടിക സംബന്ധിച്ച ചർച്ചകളിൽ തങ്ങളെ പങ്കെടുപ്പിച്ചില്ല എന്ന പരാതിയുമായി മുതിർന്ന നേതാക്കളും എംപിമാരുമായ ചിലർ എത്തിയിരിക്കുന്നത്. ബെന്നി ബഹനാൻ, എം കെ രാഘവൻ, കൊടിക്കുന്നിൽ സുരേഷ്, ആൻ്റോ ആൻ്റണി, തുടങ്ങിയ എംപിമാരാണ് ഹൈക്കമാന്റിനു മുന്നിൽ പരാതി പറഞ്ഞിരിക്കുന്നത്. കേരളത്തിലെ കോൺഗ്രസ് പാർട്ടിക്കകത്ത് കാലങ്ങളായി നിലനിന്നിരുന്ന എ ഗ്രൂപ്പും ഈ ഗ്രൂപ്പും ഇപ്പോൾ നിലവിലില്ല എന്നതാണ് വാസ്തവം. കെ കരുണാകരനും എ.കെ ആന്റണിയും നേതാക്കളായിട്ടായിരുന്നു ഈ ഗ്രൂപ്പുകൾ പ്രവർത്തിച്ചിരുന്നത്. ഇപ്പോൾ ഗ്രൂപ്പുകൾ ഛിന്നഭിന്നമായി ഗ്രൂപ്പ് നേതാക്കൾ പുതിയ പുതിയ താവളങ്ങൾ തേടിപ്പോയി. ഐ ഗ്രൂപ്പിനെ ചുമന്നു നടന്ന രമേശ് ചെന്നിത്തലയുടെ കൂടെ ഉണ്ടായിരുന്ന എല്ലാരും അദ്ദേഹത്തെ കൈവിട്ടു.

കേരളത്തിലും ഹൈക്കമാന്റിൽ ചെന്നിത്തലയ്ക്ക് പിടിവിട്ടതോടുകൂടിയാണ് ഒപ്പം ഉണ്ടായിരുന്നവർ വിട പറയാൻ കാരണം. മറ്റൊരു ശക്തമായ ഗ്രൂപ്പാണ് ഉമ്മൻചാണ്ടിയുടെ എ ഗ്രൂപ്പ്. ഉമ്മൻചാണ്ടിയുടെ മരണശേഷം ആ ഗ്രൂപ്പും തകർന്നു. ഗ്രൂപ്പിനൊപ്പം നിന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ, ബെന്നി ബഹനാൻ, കെ സി ജോസഫ്, തുടങ്ങിയവരെല്ലാം ഇപ്പോൾ പല വഴിയിൽ ആണ്. ഉമ്മൻചാണ്ടിയാണ് എല്ലാം എന്ന് പറഞ്ഞിരുന്ന എ ഗ്രൂപ്പുകാരായ വിഷ്ണുനാഥും, ഷാഫി പറമ്പിലും, ഇപ്പോൾ സതീശനും, കെ സി വേണുഗോപാലിനുമൊപ്പമാണ് നീങ്ങുകയാണ്. ഇത്തരത്തിൽ പഴയ ഗ്രൂപ്പ്സമവാക്യങ്ങൾ ഇല്ലാതായതോടുകൂടി യഥാർത്ഥത്തിൽ ഓരോ നേതാക്കൾക്കും ഓരോ ഗ്രൂപ്പ് എന്ന അവസ്ഥയാണുള്ളത്. അതുകൊണ്ടുതന്നെ ഭാരവാഹി പട്ടിക വിഷയത്തിൽ മുൻകാലങ്ങളിൽ ഗ്രൂപ്പ് വീതം വെപ്പ് എന്നത് മാറുകയും ഓരോ നേതാവിന്റെയും ലിസ്റ്റ് എന്ന അവസ്ഥ ഉണ്ടാവുകയും ചെയ്തിരിക്കുകയാണ്. ഇത് മൂലം ഉണ്ടാകുന്ന പ്രതിസന്ധി ചെറുതായിരിക്കില്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. ഗ്രൂപ്പ് അടിസ്ഥാനം ഉപേക്ഷിച്ച് ഓരോ നേതാവിന്റെയും ലിസ്റ്റ് പരിഗണിക്കുമ്പോൾ വെട്ടലും തിരുത്തലും ഉണ്ടായാൽ നേതാക്കന്മാർ തമ്മിൽ തർക്കവും ഭിന്നിപ്പും സ്വാഭാവികമായും ഉണ്ടാവുകയും, ഭാരവാഹി പട്ടികയുടെ തീരുമാനം തടയുകയും ചെയ്യും. ഭാരവാഹി പട്ടികയുടെ വിഷയത്തിൽ ഇപ്പോൾ ഇടഞ്ഞു നിൽക്കുന്ന എംപിമാർ കെപിസിസി പ്രസിഡണ്ടായ സണ്ണി ജോസഫിന് എതിരെയും പരാമർശങ്ങൾ നടത്തുന്നുണ്ട്. പ്രസിഡൻറ് എന്ന നിലയിൽ തീരുമാനങ്ങൾ എടുക്കാൻ കഴിയാത്ത ആളാണ് സണ്ണി ജോസഫ് എന്നും പ്രതിപക്ഷ നേതാവ് സതീശന്റെ ഉത്തരവുകൾ അനുസരിക്കുന്ന ഗതികേടിലെത്തിയ പ്രസിഡൻറ് ആണ് നിലവിലുള്ളത് എന്നുള്ള ആരോപണമാണ് ഉയരുന്നത്. മാത്രമല്ല പുതിയ ഭാരവാഹി സംബന്ധിച്ച ചർച്ചകളിൽ പ്രസിഡന്റിനൊപ്പം യുവ നേതാക്കളായ വിഷ്ണുനാഥും ഷാഫി പറമ്പിലും ഇരിക്കുന്നതിനെ പോലും മുതിർന്ന നേതാക്കൾ എതിർത്തതായി വാർത്തകളുണ്ട്. കേരളത്തിലെ കോൺഗ്രസിനകത്ത് ഗ്രൂപ്പ് തണലിൽ മാത്രം പ്രവർത്തിച്ചിരുന്ന താഴെ തട്ടിലുള്ള കമ്മിറ്റി നേതാക്കന്മാരും ഇപ്പോൾ വിഷമത്തിലാണ്. പഴയ ഗ്രൂപ്പ് മാനേജർമാർ സഹായത്തിന് ഇല്ലാത്തതും ഗ്രൂപ്പുകളുടെ ജില്ലാതല നേതാക്കൾ ഗ്രൂപ്പുകൾ മാറിയതും ബ്ലോക്ക്- മണ്ഡലം പ്രസിഡന്റുമാരെ നിരാശപ്പെടുത്തിയിട്ടുണ്ട്. തങ്ങൾക്ക് സഹായം ഉറപ്പാക്കാൻ ഇപ്പോൾ ആരുമില്ല എന്ന നിരാശയാണ് ഇവർക്കുള്ളത്. തങ്ങൾക്ക് ബന്ധപ്പെടുവാനും നിർദ്ദേശങ്ങൾ നൽകാനും നേതാക്കൾ ഇല്ലാതായതോടെ പല ബ്ലോക്ക് മണ്ഡലം പ്രസിഡന്റുമാരും സഹഭാരവാഹികളും പ്രവർത്തനരംഗത്ത് നിന്നും അകന്നു നിൽക്കുകയും ആണ്. കെപിസിസി ഭാരവാഹികളുടെ കാര്യത്തിൽ മാത്രം ഒതുങ്ങുന്നതല്ല നിലവിലുള്ള പുനസംഘടന ചർച്ച. കേരളത്തിലെ 14 ജില്ലാ കോൺഗ്രസ് കമ്മിറ്റികളിലും പ്രസിഡന്റുമാരെ പുതിയതായി കണ്ടെത്തണം. എന്നാൽ ഈ കാര്യത്തിൽ ഇതുവരെ നേതാക്കന്മാർക്കിടയിൽ അഭിപ്രായ ഐക്യം ഉണ്ടായിട്ടില്ല. മുഴുവൻ ജില്ലാ പ്രസിഡന്റുമാരെയും മാറ്റണം എന്നും അത് വേണ്ട കാര്യക്ഷമമായി പ്രവർത്തിക്കാത്ത ജില്ലാ പ്രസിഡന്റുമാരെ മാത്രം മാറ്റിയാൽ മതി എന്നുമുള്ള തർക്കങ്ങൾ തുടരുകയാണ്. ജില്ലാ പ്രസിഡന്റുമാരുടെ കാര്യത്തിൽ, മുതിർന്ന പഴയ ഗ്രൂപ്പ് ലീഡർമാർ, സ്വന്തം ആൾക്കാരെ തിരുകി കയറ്റുന്നതിന് നിർബന്ധം കാണിക്കുന്നതാണ് ഡിസിസി പുനസംഘടന പ്രതിസന്ധിയിലായിരിക്കുന്നത്. എന്തായാലും ഒരു കാര്യം ഉറപ്പാണ്. കേരളത്തിലെ കോൺഗ്രസ് പാർട്ടിയിലെ പുനഃസംഘടനയും തെരഞ്ഞെടുപ്പുകളും സംബന്ധിച്ച മുൻകാല അനുഭവങ്ങൾ പലതരത്തിലുണ്ട്. ഒരിക്കൽ പോലും പാർട്ടിക്ക് അകത്ത് ഒരു ജനാധിപത്യപരമായ തെരഞ്ഞെടുപ്പിനെ കുറിച്ച് ആലോചിക്കുക പോലും ചെയ്യാത്ത നേതാക്കളാണ് കോൺഗ്രസിനെ പറ്റി ജനാധിപത്യ പാർട്ടി എന്ന് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത്. പാർട്ടിക്കകത്ത് തെരഞ്ഞെടുപ്പ് നടത്തി പുതിയ ഭാരവാഹികളെ കണ്ടെത്തുന്നതിന് എന്തു തടസ്സമാണുള്ളത് എന്ന് ഒരു നേതാവും പറയുന്നില്ല. തെരഞ്ഞെടുപ്പ് നടന്നാൽ സ്വന്തം ആൾക്കാരെ തിരികെ കയറ്റി പാർട്ടിയെ കൈപ്പിടിയിൽ ഒതുക്കുക എന്ന മുതിർന്ന ചില നേതാക്കളുടെ ലക്ഷ്യങ്ങൾ നടക്കില്ല എന്നത് മാത്രമാണ് കേരളത്തിലെ കോൺഗ്രസിനകത്ത് തെരഞ്ഞെടുപ്പുകൾ വേണ്ട എന്ന സ്ഥിതി വരാൻ കാരണം. ഏതായാലും ഇപ്പോൾ കേരളത്തിലെ ഒരുമാതിരിപ്പെട്ട എല്ലാ നേതാക്കന്മാരും പെട്ടിയും കിടക്കയുമായി ഡൽഹിയിലേക്ക് പാഞ്ഞിരിക്കുകയാണ്. അവിടെ അത്ര എളുപ്പം ഒരു തീരുമാനവും ഉണ്ടാകുവാനുള്ള സാധ്യത കാണുന്നില്ല. കഴിഞ്ഞകാല ചരിത്രങ്ങൾ അതാണ് വ്യക്തമാക്കുന്നത്. അഥവാ ഭാരവാഹി പട്ടിക പുറത്തുവിടുന്ന സ്ഥിതി വന്നാൽ ആ പട്ടികയെ ചൊല്ലിയുള്ള തർക്കങ്ങൾ ആയിരിക്കും കേരളത്തിലെ കോൺഗ്രസ് പാർട്ടിക്കകത്ത് വരുംനാളുകളിൽ സംഭവിക്കുക.