മലയാളികൾ സംസ്കാര സമ്പന്നരാണെന്ന് അഭിമാനിക്കുന്നവരാണ്. വിവാദങ്ങളും വിവരക്കേടുകളും വല്ലപ്പോഴും ഒക്കെ ഉയർന്നു വരാറുണ്ടെങ്കിലും അവയൊന്നും മാന്യതയുടെയും മഹിമയുടെയും അതിരുകൾ ലംഘിച്ച് തറ നിലവാരത്തിലേക്ക് പോകാറില്ല. രാഷ്ട്രീയത്തിലും സിനിമയിലും സാഹിത്യത്തിലുമെല്ലാം ഇത്തരം വിവാദങ്ങളും തർക്കങ്ങളും നിലവിട്ട പ്രസംഗങ്ങളും പ്രയോഗങ്ങളും ഒക്കെ പലപ്പോഴും ഉണ്ടായിട്ടുണ്ട്. എന്നാൽ മാന്യതയുടെയും സംസ്കാരത്തിന്റെയും എല്ലാ അതിർവരമ്പുകളും ലംഘിച്ചുകൊണ്ട് ഒരു സിനിമാതാരം സ്വന്തം ഫേസ്ബുക്കിലൂടെ മലയാളികളുടെ പ്രിയങ്കരരായ രണ്ടു പേരെ അവഹേളിച്ചിരിക്കുകയാണ്. ഫേസ്ബുക്ക് എന്ന് പറയുന്നത് ഓരോരുത്തരുടെയും സ്വന്തം നിലപാട് അവതരിപ്പിക്കുന്ന ഇടം കൂടിയാണ്.
അതുകൊണ്ടുതന്നെ അതിൻറെ ഭിത്തിയിൽ എന്തും എഴുതിയും വരച്ചും വയ്ക്കുവാൻ ഫേസ്ബുക്ക് ഉടമകൾക്ക് അവകാശമുണ്ട്. എന്നാൽ ഒരാൾ സ്വന്തം ഫേസ്ബുക്കിൽ എന്തെങ്കിലും രേഖപ്പെടുത്തി അത് സമൂഹത്തിനു മുന്നിലേക്ക് പരസ്യപ്പെടുത്തുമ്പോൾ സാമാന്യ മര്യാദയും മാന്യതയും അതിൽ ഉൾക്കൊണ്ടിരിക്കണം എന്നത് ഒരു പൊതു ബോധം ആണ്. അതൊന്നുമില്ലാതെ 24 മണിക്കൂറും മദ്യത്തിനും ലഹരിക്കും അടിമയായി, തോന്നിയത് പോലെ ജീവിക്കുന്ന ഒരാൾ സിനിമാതാരം എന്ന പേരിൽ കിരീടം വയ്ക്കാത്ത രാജാവായി വിലസുന്നത് ഒരിക്കലും അനുവദിക്കാവുന്ന കാര്യമല്ല. മലയാളത്തിന്റെയും മലയാളികളുടെയും മനസ്സിൽ പാട്ടിൻറെ പെരുന്തച്ചനായി ഇന്നും നിറഞ്ഞുനിൽക്കുന്ന ആളാണ് ഗാനഗന്ധർവ്വനായ യേശുദാസ്. അതുപോലെതന്നെ എതിരഭിപ്രായങ്ങൾ പലതും ഉണ്ടെങ്കിലും സ്വന്തം ബൗദ്ധിക ഔന്നത്യം ആദ്യം, സിനിമാകലാരൂപത്തിൽ പ്രകടമാക്കി അന്തർദേശീയ തലത്തിൽ ഖ്യാതി നേടിയ സിനിമ സംവിധായകനാണ് അടൂർ ഗോപാലകൃഷ്ണൻ. ഈ രണ്ട് പ്രമുഖരെയും പറയാൻ പറ്റാത്ത തരത്തിൽ നാണക്കേട് ഉണ്ടാക്കുന്ന പച്ച തെറിവാക്കുകൾ ഉപയോഗിച്ചാണ് വിനായകൻ എന്ന നടൻ ആക്ഷേപിച്ചിരിക്കുന്നത്. വിനായകൻ എന്ന പേരുപോലും അയാൾക്ക് യോജിച്ചതല്ല. സംസ്കാരത്തിൻറെ വിനാശകൻ എന്ന് പറയുന്നതാവും ഏറെ ശരി. സർക്കാർ തിരുവനന്തപുരത്ത് വെച്ച് നടത്തിയ സിനിമ കോൺക്ലേവിൽ പങ്കെടുത്ത് പ്രസംഗിച്ച അടൂർ ഗോപാലകൃഷ്ണൻ, പട്ടികജാതി പട്ടിക വർഗ്ഗ സിനിമ പ്രവർത്തകർക്ക് ഇഷ്ടമല്ലാത്ത ചില പ്രയോഗങ്ങൾ നടത്തിയതും അതിൻറെ പേരിൽ വിമർശനങ്ങളും ചർച്ചകളും ഇപ്പോഴും തുടരുകയാണ്. ഈ വിഷയം ചർച്ച ചെയ്യപ്പെടുന്ന വേദികളിലെല്ലാം ഉയർന്ന സാംസ്കാരിക നിലവാരമുള്ള അഭിപ്രായപ്രകടനങ്ങളാണ് രണ്ടു പക്ഷത്തുനിന്നും ഉയരുന്നത്. ഇത് നല്ലതാണ് എന്നും ഇത്തരത്തിലുള്ള വിവാദങ്ങൾ ഏതു വിഷയത്തിലും ഉണ്ടാകേണ്ടതാണ് എന്നും നമുക്ക് പറയേണ്ടതായി വരുന്നുണ്ട്.
എന്നാൽ സിനിമാനടൻ എന്ന പേരുപയോഗിച്ച് വിനായകൻ നടത്തിയ വിമർശനത്തിൽ പ്രയോഗിച്ചിട്ടുള്ള വാക്കുകളും വരികളും പുറത്തുപറയാൻ പോലും അറപ്പ് ഉണ്ടാക്കുന്നതാണ്. പച്ചതെറിയാണ് പ്രമുഖരുടെ പേരോട് ഒപ്പം ചേർത്തുകൊണ്ട് ഇയാൾ ഫേസ്ബുക്കിൽ കുറിച്ചു വച്ചിരിക്കുന്നത്. നടനാണെങ്കിലും അല്ലെങ്കിലും ഒരു പൗരൻ അഭിപ്രായ പ്രകടനങ്ങളിൽ കാണിക്കേണ്ട മാന്യതയും മര്യാദയും ലംഘിച്ചു കൊണ്ടാണ് വിനായകൻ തെറിയഭിഷേകങ്ങൾ നടത്തിയിട്ടുള്ളത്. വിനായകൻ തനിക്ക് കിട്ടുന്ന സിനിമകളിലെ വേഷങ്ങൾ വഴി ജനങ്ങളുടെ താൽപര്യം നേടിയെടുക്കുകയാണ് വേണ്ടത്. ഇതുവരെയുള്ള ഈ നടൻറെ പ്രവർത്തനങ്ങൾ പരിശോധിച്ചാൽ ഒരുതരത്തിലും അംഗീകരിക്കാൻ കഴിയാത്ത പച്ചയായ നെറികെട്ട ഏർപ്പാടുകളാണ് ഇയാൾ നടത്തിയിട്ടുള്ളത്. ബാറിൽ കയറി മദ്യപിച്ച് ബാർ ജീവനക്കാരുമായി തല്ലു പിടിക്കുക, വിമാനയാത്രയ്ക്ക് വിമാനത്തിൽ കയറിയാൽ ജീവനക്കാരുമായി ഉന്തും തള്ളും ഉണ്ടാക്കുക, അവരെ തെറിയഭിഷേകം നടത്തുക ഇതെക്കെയാണ് വിനായകന്റെ ഒരു രീതി. കഴിഞ്ഞ കുറച്ച് നാളുകളായി പലപ്പോഴും രാഷ്ട്രീയ രംഗത്തും മറ്റുമുള്ള പ്രമുഖരെ വിനായകൻ ഇതുപോലെ മോശം ഭാഷാപ്രയോഗം നടത്തി അപമാനിച്ചിട്ടുണ്ട്.
സിനിമകളിൽ വില്ലൻ – ഗുണ്ടാ വേഷങ്ങളിലാണ് ഇയാൾക്ക് പലപ്പോഴും റോളുകൾ കിട്ടുക. അതല്ലെങ്കിൽ വല്ല മദ്യപാനവും അടിപിടിയും നടത്തുന്ന സീനുകളും കിട്ടും. ഇതെല്ലാം അഭിനയിക്കുന്നതിന് അനുകൂലമായ സ്വഭാവവും രൂപവും ആണ് ഇയാൾക്ക് ഉള്ളത്. അതുകൊണ്ടാകാം ഇത്തരം വേഷങ്ങൾ വിജയകരമായി ചെയ്യാൻ കഴിയുന്നത്. എന്നാൽ സിനിമയിൽ വേഷം കെട്ടി നിറഞ്ഞാടുന്ന തോന്ന്യാസങ്ങൾ ജനങ്ങൾക്ക് മുന്നിലേക്ക് അവതരിപ്പിക്കുന്നത് അഹങ്കാരം തലയിൽ നിറഞ്ഞു നിൽക്കുന്നത് കൊണ്ടാണ്. കൊച്ചി നഗരത്തിൻറെ ഏതോ ഒരു അധോലോക സങ്കേതത്തിൽ വളർന്ന ആളാണ് സാക്ഷാൽ വിനായകൻ. അതുകൊണ്ടുതന്നെ അതെല്ലാം സിനിമയിൽ പകർന്നാടുന്നതിന് വിനായകന് ഒരു ബുദ്ധിമുട്ടും ഉണ്ടാകാറില്ല. അത്തരം എന്തു തോന്നിയവാസവും ചെയ്യുന്ന ശീലങ്ങൾ നിറഞ്ഞുനിൽക്കുന്നത് കൊണ്ട് എന്തും ചെയ്യാമെന്നും, തന്നെയാരും ഒന്നും ചെയ്യാൻ ധൈര്യം കാണിക്കില്ല എന്നുള്ള അഹങ്കാരം ഇയാളിൽ നിറഞ്ഞുനിൽക്കുകയാണ്. നേരത്തെ മദ്യപിച്ച് പ്രശ്നം ഉണ്ടാക്കിയപ്പോൾ പോലീസ് പിടികൂടി സ്റ്റേഷനിൽ എത്തിച്ച വിനായകൻ പോലീസുകാർക്ക് നേരെ കയർക്കുന്ന രംഗങ്ങൾ പോലും നമ്മൾ കണ്ടിട്ടുള്ളതാണ്.
സാംസ്കാരികമായി ഉയർന്നുനിൽക്കുന്ന മലയാളികൾക്ക് മുന്നിൽ ഇടയ്ക്കിടെ ഇത്തരം ചില അവതാരങ്ങൾ കടന്നുവരും. വലിയ ജനസമ്മതി നേടിയ റാപ്പ് ഗായകനെ ചുമന്ന് നടക്കാൻ നമ്മുടെ നാട്ടിൽ ആൾക്കാർ ഉണ്ടായി. ഇയാൾക്കും പണം ആവശ്യത്തിന് കയ്യിലെത്തിയപ്പോൾ ജീവിതത്തിലെ ലഹരിയുടെ സുഖങ്ങൾ തേടുന്ന സ്ഥിതി വന്നു. ഇപ്പോൾ വേടൻ വിവാഹ വാഗ്ദാനം നൽകി ഒരു പെണ്ണിനെ പീഡിപ്പിച്ചതിന്റെ പേരിൽ കേസിനെ തുടർന്ന് ഒളിവിൽ കഴിയുകയാണ്. ഇതുപോലെ തന്നെ മറ്റൊരു വേടനാണ് വിനായകനും എന്ന് തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.മലയാളികളെ ഒന്നടങ്കം വെല്ലുവിളിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന തരത്തിലാണ് വിനായകൻ എന്ന നടൻറെ പെരുമാറ്റങ്ങൾ തുടരുന്നത്. ഇത് നമ്മുടെ മഹത്തായ പാരമ്പര്യത്തിന് ഒട്ടും ചേരുന്നതല്ല. എന്തുകൊണ്ടാണ് ഇത്രയും തരംതാണതും നെറികെട്ടതും ആയ പ്രവർത്തികൾ നടത്തിയ വിനായകനെ വിലങ്ങുവെച്ച് ജയിലിൽ അടയ്ക്കാൻ കഴിയാത്തത് എന്ന ചോദ്യം ഉയരുന്നുണ്ട്. മലയാളത്തിന്റെ എക്കാലത്തെയും ഇഷ്ടഗായകനായ യേശുദാസിനെ പച്ചത്തെറി വിളിച്ച് വലിയ ആളാകാൻ ശ്രമിക്കുന്ന വിനായകൻറെ പേരിൽ കേസ് രജിസ്റ്റർ ചെയ്ത് അടിയന്തരമായി ശിക്ഷയ്ക്ക് വിധേയനാക്കണം. അതല്ല എങ്കിൽ മലയാളികളുടെ എല്ലാ മഹത്തായ ഗുണങ്ങളെയും വിനായകൻ എന്ന വിനാശകൻ നശിപ്പിക്കും. ഇത്തരത്തിലുള്ള വിനായകന്മാരും വേടന്മാരും വരാനിരിക്കുന്ന തലമുറകളെ പോലും വഴിതെറ്റിക്കുകയും പാപികളാക്കി മാറ്റുകയും ചെയ്യും എന്ന കാര്യത്തിൽ ഒട്ടും തർക്കം വേണ്ട.