അടുത്തവർഷം ആദ്യം നടക്കാനിരിക്കുന്ന സംസ്ഥാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ വിജയം നേടിയെടുക്കാനുള്ള തന്ത്രങ്ങൾ മെനയുകയാണ് ഇടതുമുന്നണിക്ക് നേതൃത്വം കൊടുക്കുന്ന സിപിഎം. എങ്ങനെയും മൂന്നാം ഇടതുമുന്നണി സർക്കാർ അധികാരത്തിലെത്തിക്കുന്നതിനുള്ള ഭൂരിപക്ഷം ഒപ്പിച്ചെടുക്കുക എന്നത് മാത്രമാണ് സിപിഎം നേതൃത്വത്തിന്റെ മുന്നിലുള്ള വെല്ലുവിളി. അധികാരത്തുടർച്ചയ്ക്ക് എന്ത് വിട്ടുവീഴ്ചയും സ്വീകരിക്കുക എന്നതാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻറെ അധ്യക്ഷതയിൽ ചേർന്ന സിപിഎം മുതിർന്ന നേതാക്കളുടെ യോഗം തീരുമാനിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ പോലും ഇടതു മുന്നണിയുടെ മൂന്നാം സർക്കാറിന് വേണ്ടി എന്ത് വിട്ടുവീഴ്ചയ്ക്കും ഒരുക്കമാണ് എന്ന് പറഞ്ഞതോടുകൂടിയാണ് സിപിഎമ്മിന്റെ നേതൃനിരയിൽ ഉള്ളവർക്ക് വലിയ ആവേശമായി.
പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്ററും, ഇടതുമുന്നണി കൺവീനർ ടി പി രാമകൃഷ്ണനും, സിപിഎം അഖിലേന്ത്യ സെക്രട്ടറി എം എ ബേബിയും, അടക്കമുള്ളവർ പങ്കെടുത്ത അതീവ രഹസ്യ യോഗത്തിലാണ് പുതിയ തന്ത്രങ്ങൾക്ക് രൂപരേഖയായിരിക്കുന്നത്. സിപിഎമ്മിന്റെ സംസ്ഥാന സമ്മേളനത്തിലും അതുപോലെതന്നെ ചെന്നൈയിൽ നടന്ന പാർട്ടി കോൺഗ്രസിലും കൈക്കൊണ്ട തീരുമാനങ്ങളിലും ആവശ്യമായ ഭേദഗതികൾ വരുത്തിക്കൊണ്ട് സ്ഥാനാർഥിനിർണയം അടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കണം എന്നാണ് യോഗത്തിൽ ധാരണയായിരിക്കുന്നത്. പാർട്ടി സംസ്ഥാന സമ്മേളനത്തിലും മറ്റും നേതാക്കളുടെ പദവികളിലെ തുടർച്ചകളും പ്രായപരിധിയും ചർച്ച ചെയ്യപ്പെടുകയും ഇതിൽ തീരുമാനം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. അത്തരത്തിലുള്ള നിബന്ധനകൾക്ക് അയവു വരുത്തിക്കൊണ്ട് ജനസമ്മതരായ സ്ഥാനാർഥികൾക്ക് തെരഞ്ഞെടുപ്പിൽ അവസരം ഉണ്ടാക്കുക എന്നതാണ് യോഗത്തിൽ നിന്നുണ്ടായ പ്രധാന നിർദ്ദേശം. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ പിണറായി വിജയൻറെ നേതൃത്വത്തിൽ തന്നെ നടത്തുക എന്നതും, ആരാണ് മുഖ്യമന്ത്രി എന്നത് മുൻകൂട്ടി പ്രഖ്യാപിക്കാതിരിക്കുകയും ചെയ്യുക എന്ന അടവ് തന്ത്രമാണ് നേതൃത്വം സ്വീകരിച്ചിട്ടുള്ളത്. വേണ്ടിവന്നാൽ ജനകീയ സമ്മതിയുള്ള പുതിയ ഒരാളെ മുഖ്യമന്ത്രിയാക്കി മൂന്നാം സർക്കാർ രൂപീകരിക്കുന്ന കാര്യത്തിൽ പിണറായി വിജയനും ഏകദേശം സമ്മതം നൽകിയിട്ടുണ്ട്. ഏത് വിധത്തിലും തുടർഭരണം എന്നത് മാത്രം ലക്ഷ്യമാക്കി പാർട്ടിയെ ചലിപ്പിക്കണം എന്നാണ് യോഗത്തിൽ തീരുമാനം ഉണ്ടായിരിക്കുന്നത്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് നേതാക്കളിൽ ഏറ്റവും മുതിർന്ന ആളും മുൻമുഖ്യമന്ത്രിയും ജനങ്ങളിൽ ഏറ്റവും കൂടുതൽ സ്വാധീനം ഉണ്ടായിരുന്ന നേതാവുമായ അന്തരിച്ച വിഎസ് അച്യുതാനന്ദൻറെ ജനകീയത വരുന്ന തെരഞ്ഞെടുപ്പിൽ പരമാവധി ഉപയോഗപ്പെടുത്തണം എന്നൊരു നിർദ്ദേശവും നേതാക്കളുടെ യോഗത്തിൽ ഏകകണ്ഠമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. കോൺഗ്രസ് നേതാക്കളും പാർട്ടിയും അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരും പടവും ഇപ്പോഴും ഉപയോഗിച്ചുകൊണ്ട് ജനങ്ങളെ സ്വാധീനിക്കുന്നത് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഇത്തരത്തിൽ ഒരു വിഎസ് പ്രാധാന്യം നേതൃ യോഗത്തിൽ പരിഗണിക്കപ്പെട്ടത്. ഇത് മാത്രമല്ല സമ്മതമാണെങ്കിൽ അച്യുതാനന്ദൻറെ മകൻ അരുൺകുമാറിനെ ആലപ്പുഴയിൽ ഒരുമണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കുക എന്നതും അതുവഴി പൊതുജനങ്ങൾക്ക് വിഎസിനോടുള്ള താല്പര്യം മുതലെടുക്കുന്നതിന് അവസരം ഒരുക്കുക എന്നതും യോഗത്തിൽ ചർച്ച ചെയ്യപ്പെടുകയുണ്ടായി. സ്വന്തം മണ്ഡലങ്ങളിൽ വിജയകരമായി പ്രവർത്തനങ്ങൾ നടത്തുകയും ജനങ്ങളുടെ സ്വീകാര്യത നിലനിർത്തുകയും ചെയ്തിട്ടുള്ള മുതിർന്ന സിപിഎം നിയമസഭാംഗങ്ങളെ അവരുടെ തന്നെ മണ്ഡലങ്ങളിൽ സ്ഥാനാർത്ഥിയാക്കുക എന്നതാണ് യോഗത്തിൽ തീരുമാനിച്ചിട്ടുള്ളത്. ഇത്തരം സ്ഥാനാർഥികളുടെ കാര്യത്തിൽ പാർട്ടിയുടെ നിലപാടായ രണ്ടുതവണയിൽ കൂടുതൽ മത്സരിക്കേണ്ട എന്നതിൽ ഇളവ് നൽകുന്നതിനും യോഗത്തിൽ ധാരണയായിട്ടുണ്ട്. മാത്രവുമല്ല പിണറായി വിജയൻ അടക്കമുള്ള മുതിർന്ന നേതാക്കൾ മുന്നോട്ടുവച്ച മറ്റൊരു അഭിപ്രായം യുവതലമുറയിലെ നേതാക്കൾക്ക് അധികമായ സ്ഥാനാർത്ഥിത്വം ഇപ്പോൾ നൽകേണ്ടതില്ല എന്നതാണ്. കാരണം പൊതുജനങ്ങൾക്കിടയിൽ പ്രവർത്തിച്ചു ജനകീയത നേടിയ നേതാക്കൾ യുവ സംഘടനകളിൽ കുറവാണ് എന്ന വിലയിരുത്തലാണ് ഈ തീരുമാനത്തിന് പിന്നിൽ. മാത്രവുമല്ല പുതുമുഖങ്ങളെ സ്ഥാനാർഥികൾ ആക്കുമ്പോൾ ജനങ്ങൾക്ക് മുമ്പിൽ അവരുടെ പ്രവർത്തനങ്ങളെക്കുറിച്ച് പറയുവാൻ കാര്യമായി ഒന്നും ഉണ്ടാവില്ല. മറിച്ച് സ്വന്തം മണ്ഡലത്തിൽ വികസന പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ള എം എൽ എ മാർ വീണ്ടും മത്സരിച്ചാൽ മണ്ഡലത്തിലെ വികസനം ചൂണ്ടിക്കാട്ടി വോട്ടു പിടിക്കാൻ കഴിയും എന്നതാണ് നേതൃയോഗം കണ്ടെത്തിയ ഒരു സാധ്യത. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കന്യാസ്ത്രീകളുടെ അറസ്റ്റും മോചനവും സംബന്ധിച്ച വിഷയങ്ങളുടെ പേരിൽ കേരളത്തിൽ ബിജെപി വലിയ തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്നു എന്നും ഇത് അവർ ലക്ഷ്യം വെച്ചിരുന്ന തെരഞ്ഞെടുപ്പ് നേട്ടങ്ങൾ ഇല്ലാതാക്കുമെന്നും യോഗം അഭിപ്രായപ്പെട്ടു. എന്നാൽ കന്യാസ്ത്രീ വിഷയത്തിൽ കുറച്ചൊക്കെ മുതലെടുപ്പ് നടത്താൻ കേരളത്തിൽ കോൺഗ്രസ് പാർട്ടിക്ക് കഴിഞ്ഞു എന്നത് ഗൗരവമായി കാണേണ്ടതുണ്ടെന്നും സിപിഎം നേതൃയോഗം അഭിപ്രായപ്പെട്ടു. അതുകൊണ്ടുതന്നെ കന്യാസ്ത്രീ വിഷയം ഉയർത്തി കോൺഗ്രസ് നേതൃത്വം നടത്തുന്ന പ്രചരണങ്ങളെ തടയുന്നതിനുള്ള ജാഗ്രത കാണിക്കണമെന്നും യോഗം തീരുമാനിച്ചിട്ടുണ്ട്. കോൺഗ്രസ് പാർട്ടിയുടെ സംഘടനാ ദൗർബല്യങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും ഇത് കോൺഗ്രസ് നയിക്കുന്ന യുഡിഎഫിനെ നേരിട്ട് ബാധിക്കുമെന്നും ഈ അവസരം ഇടതുമുന്നണി മുതലെടുത്ത് പ്രവർത്തകർ ഫീൽഡിൽ ഇറങ്ങണമെന്നും തീരുമാനമായി. സിപിഎമ്മിന്റെ എം എൽ എ മാർ സ്വന്തം മണ്ഡലത്തിൽ നടത്തിയിട്ടുള്ള വികസന പ്രവർത്തനങ്ങളുടെ ലഘുലേഖകൾ തയ്യാറാക്കി സെപ്റ്റംബർ മാസം വീടുകൾ കയറിയിറങ്ങുന്നതിന് യോഗം നിർദ്ദേശിച്ചു.. ഇതിന് എല്ലാ എംഎൽഎമാരും വേണ്ട സജ്ജീകരണങ്ങൾ ഒരുക്കണം. മാത്രവുമല്ല തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി സിപിഎമ്മിന്റെ എല്ലാ എം എൽ എമാരും പൂർണ്ണമായും സ്വന്തം മണ്ഡലത്തിൽ തങ്ങിക്കൊണ്ട് പ്രവർത്തിക്കണമെന്നും പുറത്തുള്ള പരിപാടികൾ പരമാവധി ഒഴിവാക്കണമെന്നും നിർദ്ദേശിക്കുവാൻ തീരുമാനം എടുത്തിട്ടുണ്ട്. സിപിഎമ്മിന്റെ സംസ്ഥാന നേതാക്കളുടെ യോഗത്തിന്റെ തീരുമാനം അനുസരിച്ചാണെങ്കിൽ ഏതാണ്ട് 60 ഓളം മണ്ഡലങ്ങളിൽ നിലവിലുള്ള എം എൽ എ മാർ തന്നെ അടുത്ത തെരഞ്ഞെടുപ്പിലും സ്ഥാനാർഥികൾ ആകാനാണ് സാധ്യത. സ്ത്രീകൾക്ക് കൂടുതൽ സീറ്റുകൾ നൽകുക എന്ന നിർദ്ദേശം നടപ്പിലാക്കാൻ വേണ്ടി കുറച്ച് സീറ്റുകളിൽ പുതിയതായി വനിതാ സ്ഥാനാർഥികളെ നിയോഗിക്കാനും സാധ്യതയുണ്ട്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പും തുടർന്നുവരുന്ന നിയമസഭാ തെരഞ്ഞെടുപ്പും ലക്ഷ്യമാക്കി പാർട്ടിയുടെ ബ്രാഞ്ച്- ലോക്കൽ- ഏരിയ- ജില്ല കമ്മിറ്റികൾ ഓരോ ആഴ്ചയും യോഗം ചേർന്ന് തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്ക പ്രവർത്തനങ്ങൾ പരിശോധിക്കുകയും ഫീൽഡിൽ പ്രവർത്തിക്കുകയും ചെയ്യണം എന്നതാണ് ഒന്നാമതായി പാർട്ടി നിർദ്ദേശിക്കുന്നത്. രണ്ടു തവണകളായി ഭരണം നടത്തിയ ഇടതുമുന്നണി സർക്കാരുകൾ നടപ്പിലാക്കിയ വികസന പദ്ധതികളും സാമൂഹികക്ഷേമ പെൻഷനുകളും സൗജന്യ ഭക്ഷ്യ വസ്തുവിതരണങ്ങളും അടക്കമുള്ള ജനക്ഷേമ കാര്യങ്ങൾ വീടുകൾ കയറിയിറങ്ങി ജനങ്ങളെ ബോധ്യപ്പെടുത്തുക എന്നതാണ് സംസ്ഥാന വ്യാപകമായി ഇപ്പോൾ പാർട്ടി തീരുമാനിച്ചിട്ടുള്ളത്. സെപ്റ്റംബർ 1 മുതൽ ഈ പ്രവർത്തനങ്ങൾ തുടങ്ങും. ഓണത്തിന് സർക്കാർ നൽകുന്ന സൗജന്യ കിറ്റുകൾ അടക്കമുള്ള സർക്കാർ പദ്ധതികൾ ജനങ്ങളെ ബോധ്യപ്പെടുത്താൻ കൂടുതൽ സൗകര്യം ഒരുക്കും എന്നതുകൊണ്ട് കൂടിയാണ് ഭവന സന്ദർശന പരിപാടികൾ അടക്കമുള്ള കാര്യങ്ങളിൽ പാർട്ടി നിർദേശം നൽകുന്നത്. ഏതായാലും കഴിഞ്ഞ അവസരങ്ങളിൽ നടന്ന നിയമസഭ ഉപതിരഞ്ഞെടുപ്പുകളിലെ പരാജയം പാഠമാക്കിക്കൊണ്ട് സർക്കാർ വിരുദ്ധ വികാരം എന്ന പ്രതിപക്ഷ പ്രചാരണത്തെ പ്രതിരോധിച്ചു കൊണ്ട് മൂന്നാം ഇടതുമുന്നണി ഭരണത്തിന് ഉറപ്പ് നൽകുന്ന പ്രവർത്തന പരിപാടികളാണ് സിപിഎം ആവിഷ്കരിച്ചിരിക്കുന്നത്. ഇതിനെയൊക്കെ തകർത്തു കൊണ്ട് കോൺഗ്രസ് പാർട്ടിയും പാർട്ടി നേതൃത്വം കൊടുക്കുന്ന യുഡിഎഫും എങ്ങനെ മുന്നേറും എന്നത് കാത്തിരുന്നു കാണാം