ഇനി ബിഷപ്പിനെ യുവതിയുവാക്കൾക്ക് വാഴ്ത്തി പാടാം

പതിനെട്ടിൽ പ്രേമിക്കണം 25 ൽ കെട്ടണം.

ലശ്ശേരി ബിഷപ്പായ ജോസഫ് പാംപ്ലാനി പലപ്പോഴും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. ബൊക്കെയും കേക്കുമായി എത്തിയ ബിജെപി നേതാക്കളെ കെട്ടിപ്പിടിച്ച് ഉമ്മവെച്ച ബിഷപ്പാണ് ജോസഫ് പാംപ്ലാനി. ക്രിസ്തീയ വിശ്വാസികൾ നടത്തിയ മുനമ്പം സമരത്തിന്റെ പേരിലും ബിഷപ്പ് രംഗത്തെത്തി. ഇതിനിടയിൽ തന്നെ ബിഷപ്പിന്റെ സഭയായ സീറോ മലബാർ സഭയുടെ എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികന്മാർ തമ്മിലടിച്ചപ്പോൾ മധ്യസ്ഥത നിന്ന് വൈദികരുടെ ചീത്ത വിളി കേട്ട് അങ്ങനെയും വിവാദത്തിൽ പെടുകയുണ്ടായി. ഇപ്പോൾ പുതിയൊരു നയ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ബിഷപ്പ് പാoപ്ലാനി.

കേരളത്തിലെ പ്രബലമായ ഒരു മതവിഭാഗമാണ് ക്രിസ്ത്യാനികൾ. ക്രിസ്ത്യാനികളുടെ എണ്ണം പെരുകുന്നില്ല എന്നും അത് സഭയ്ക്ക് വലിയ ക്ഷീണം ഉണ്ടാക്കുന്നു എന്നുമുള്ള പരിഭവം പറച്ചിൽ കുറെ നാളായി ക്രിസ്തുമത മേധാവികൾ പറഞ്ഞു കേൾക്കാറുള്ളതാണ്. കുടുംബാസൂത്രണ പദ്ധതികളൊന്നും ക്രിസ്ത്യാനികൾ സ്വീകരിക്കരുത് എന്നും സാമ്പത്തികമായി ശേഷിയുള്ള മാതാപിതാക്കൾ കൂടുതൽ കുട്ടികൾക്ക് ജന്മം നൽകണമെന്നും അങ്ങനെ ക്രിസ്ത്യാനികളുടെ എണ്ണം വർദ്ധിപ്പിച്ച് സഭയെ ശക്തിപ്പെടുത്തണം എന്നുള്ള നിർദ്ദേശങ്ങൾ ബിഷപ്പുമാരും കർദിനാളുമാരും ഉന്നയിക്കുന്നുണ്ട്. ഇതിനിടയിലാണ് സഭയുടെ കീഴിൽ പ്രവർത്തിക്കുന്ന യുവതി യുവാക്കളുടെ സംഘടന നടത്തിയ സമ്മേളനത്തിൽ തലശ്ശേരി ബിഷപ്പ് പാംപ്ലാനി പുതിയ ഐഡിയയുമായി എത്തിയിരിക്കുന്നത്. ക്രിസ്തീയ കുടുംബങ്ങളിൽ ജനിക്കുന്ന മക്കൾ 18 വയസു മുതൽ പ്രേമിക്കാൻ തുടങ്ങണമെന്നും 25 വയസ്സായാൽ വിവാഹിതരാകണമെന്നുമാണ് ബിഷപ്പിന് യുവതി യുവാക്കളോട് ഉപദേശിക്കാനുള്ളത്. 18 വയസ്സു കഴിഞ്ഞ വിശ്വാസികളായ മക്കൾ പ്രേമിക്കുന്നത് കണ്ടാൽ മാതാപിതാക്കൾ അതിനെ എതിർക്കരുതെന്നും ബിഷപ്പ് ഉപദേശിക്കുന്നുണ്ട്. മാത്രവുമല്ല പരമാവധി മക്കളെ 25 വയസ്സ് തികയുന്നതിന് മുമ്പേ വിവാഹം കഴിപ്പിക്കണമെന്നും ബിഷപ്പ് പറഞ്ഞിരിക്കുകയാണ്. ഇത്തരത്തിൽ ചെറുപ്പത്തിൽ തന്നെ വിവാഹിതരായാൽ അവരുടെ കുടുംബങ്ങളിൽ കൂടുതൽ കുട്ടികൾ ജനിക്കുന്നതിന് അവസരം ഉണ്ടാകുമെന്നും അങ്ങനെ കേരളത്തിൽ ക്രിസ്തുമത വിശ്വാസികളുടെ എണ്ണം വർദ്ധിക്കും എന്നുമാണ് ബിഷപ്പ് പാപ്ലാനി പറഞ്ഞത്. ഇതല്ലാതെ കേരളത്തിൽ ക്രിസ്തീയ സഭയെ ആളെണ്ണം കൊണ്ട് ശക്തമാക്കുവാൻ മറ്റു മാർഗ്ഗമില്ല എന്നാണ് ബിഷപ്പിന് യുവജനങ്ങളോട് പറയാനുള്ളത്.
കേരളത്തിൽ നിന്നും ആതുരസേവനത്തിനും സാമൂഹിക പ്രവർത്തനത്തിനും അന്യസംസ്ഥാനങ്ങളിലെത്തി ക്രിസ്തീയ പുരോഹിതരും കന്യാസ്ത്രീകളും വലിയ ദുരിതം നേരിട്ട വാർത്തകൾ നിറഞ്ഞു നിൽക്കുമ്പോഴാണ് ബിഷപ്പ് സന്താനോൽപാദനത്തിന്റെ ആവശ്യവുമായി വന്നിരിക്കുന്നത്.

ഛത്തീസ്ഗഡിൽ സേവനത്തിനെത്തിയ കന്യാസ്ത്രീകൾ മതംമാറ്റ പ്രവർത്തനത്തിന് പോലീസ് അറസ്റ്റിലാവുകയും, ജയിലിൽ കഴിയുകയും ഇപ്പോൾ പുറത്തിറങ്ങുകയും ചെയ്തതിന്റെ തുടർച്ചയെന്നോണം ഒഡീഷയിൽ ഹൈന്ദവ സംഘടനാ പ്രവർത്തകരുടെ അക്രമത്തിന് ഇരയായി രണ്ടു വൈദികരും, രണ്ട് കന്യാസ്ത്രീകളും ഇപ്പോൾ ദുരിതം അനുഭവിക്കുകയാണ്. അവിടെയും സഭ പ്രവർത്തകർ അവരുടെ പ്രവർത്തനം തുടരുന്നതിന് വലിയ പ്രതിസന്ധി നേരിടുകയാണ്. കേരളത്തിന് പുറത്ത് ക്രിസ്തീയ സഭകളുടെ സന്നദ്ധ സേവന സംഘടനകളും വൈദികരും കന്യാസ്ത്രീകളും ഹൈന്ദവ സംഘടന പ്രവർത്തകരുടെ ക്രൂരമായ മർദ്ദനങ്ങൾക്കും അക്രമങ്ങൾക്കും ഇരയായി കൊണ്ടിരിക്കുകയാണ്. ക്രിസ്തീയ സഭയുടെ ഉടമസ്ഥതയിലുള്ള പള്ളികളും പള്ളിക്കൂടങ്ങളും ആശുപത്രികളും അനാഥാലയങ്ങളും വരെ തല്ലി തകർക്കുന്ന സ്ഥിതിയിലെത്തി. ഇത്തരം മതന്യൂനപക്ഷ അക്രമം ഹൈന്ദവ സംഘടനകൾ തുടരുമ്പോഴാണ് ഹൈന്ദവരുടെ പിൻബലത്തിൽ അധികാരത്തിൽ എത്തിയ ബിജെപി ഭരണകൂടങ്ങൾ ഇത് തടയുന്നതിന് ഒരു നടപടിയും സ്വീകരിക്കാതെ അക്രമത്തിന് കൂട്ടുനിൽക്കുന്നത്.ദേശീയതലത്തിൽ മതന്യൂനപക്ഷങ്ങൾ, ഹൈന്ദവ സംഘടനകളുടെ ആക്രമണങ്ങൾ നേരിട്ടുകൊണ്ടിരിക്കുമ്പോഴും കേരളത്തിലെ മതമേധാവികൾ ബിജെപി നേതാക്കൾക്ക് ഓശാന പാടി അവരെ പുകഴ്ത്താനും, സ്വീകരിക്കാനും പിറകെ നടക്കുകയാണ്. മതാധ്യക്ഷൻമാരുടെ ഈ ശൈലിയിൽ ക്രിസ്തുമത വിശ്വാസികളും വൈദികരും വലിയതോതിൽ പ്രതിഷേധത്തിലാണ്. ഇപ്പോൾ ക്രിസ്തീയ സഭയുടെ ശക്തിപ്പെടുത്തലിനു വേണ്ടി യുവാക്കൾ ചെറിയ പ്രായത്തിൽ വിവാഹിതരാകണമെന്നും കൂടുതൽ കുട്ടികളെ ഉത്പാദിപ്പിക്കണമെന്നും അഭ്യർത്ഥിക്കുന്നു തലശ്ശേരി ബിഷപ്പ്. ഈയവസരത്തിൽ നിലവിലുള്ള ക്രിസ്തുമത വിശ്വാസികളുടെ ശരീര ജീവിതം എങ്കിലും നടപ്പിൽ വരുത്തി കിട്ടാൻ ശ്രമിക്കുകയല്ലേ വേണ്ടത് എന്ന ചോദ്യം സഭയിൽ നിന്ന് തന്നെ ഉയരുന്നുണ്ട്. സ്ഥാനത്തും അസ്ഥാനത്തും ബിജെപി നേതാക്കളെയും ഭരണകർത്താക്കളെയും സർക്കാരുകളെയും പുകഴ്ത്താൻ ശ്രമിക്കുന്ന ക്രിസ്തുമത മേധാവികളുടെ അവസരവാദ സമീപനങ്ങൾ സഭയ്ക്ക് വലിയ ക്ഷീണം ആണ് ഉണ്ടാക്കുന്നതെന്നും സഭയിലെ വൈദികരും കന്യാസ്ത്രീകളും സംയുക്തമായി പറഞ്ഞു തുടങ്ങിയിട്ടുണ്ട് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ..