അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് ആളൊരു രസികനും അല്പസ്വല്പം അഹങ്കാരിയും ചെറിയതോതിൽ വിവരദോഷിയുമാണ്. എന്തൊക്കെ ആണെന്ന് പറഞ്ഞാലും ട്രംപിന് ഒരു പ്രത്യേകതയുണ്ട്. പഴയ മഹാരാജാക്കന്മാരുടെ സ്വഭാവഗുണം. ലോകത്തെ ഒന്നടങ്കം ഭരിക്കുന്ന രാജ്യമാണ് അമേരിക്ക. അതുകൊണ്ടുതന്നെ അമേരിക്കയിലെ മാറിമാറിവരുന്ന ഭരണാധികാരികളുടെ തീരുമാനങ്ങളും പ്രഖ്യാപനങ്ങളും ലോകരാജ്യങ്ങളും വലിയ പ്രാധാന്യത്തോടെ കാണാറുണ്ട്. ഇപ്പോഴത്തെ അമേരിക്കൻ പ്രസിഡൻറ് ട്രംപ് എന്താണോ തീരുമാനിക്കുക അത് നടപ്പിലാക്കിയേ അടങ്ങൂ എന്ന കടുംപിടുത്തക്കാരനാണ്.
ട്രംപ് രാജ്യത്ത് നികുതി വ്യവസ്ഥകളിൽ കുത്തനെയുള്ള മാറ്റങ്ങൾ പ്രഖ്യാപിച്ചു. അമേരിക്കയിലേക്കുള്ള സാധനസാമഗ്രികളുടെ ഇറക്കുമതി തീരുവ കുത്തനെ ഉയർത്തിയതാണ് ഇപ്പോൾ വലിയ പ്രശ്നമായി മാറിയിരിക്കുന്നത്. ഈ തിരുവ വർദ്ധനയുടെ അതിരൂക്ഷമായ ഫലം അനുഭവിക്കുക ഇന്ത്യയായിരിക്കും എന്നാണ് വിലയിരുത്തൽ. ഇപ്പോൾതന്നെ പലതരം പ്രതിസന്ധികളിൽ കുടുങ്ങി നിൽക്കുകയാണ് ഇന്ത്യയുടെ സാമ്പത്തിക രംഗം. പ്രധാനമായും എടുത്തുപറയുന്നത് ഇന്ത്യൻ രൂപയ്ക്ക് നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്ന നിരന്തരമുള്ള വിലയിടിവ് ആണ്. ഇതിനിടയിലാണ് അമേരിക്ക തീരുവ വർദ്ധനവ് പ്രഖ്യാപിച്ചത്. അമേരിക്കൻ പ്രസിഡന്റിന്റെ ഈ പ്രഖ്യാപനം യഥാർത്ഥത്തിൽ തിരിച്ചടിയായിരിക്കുന്നത് പ്രധാനമന്ത്രിയായ നരേന്ദ്രമോദിയെയാണ്. കാരണം അമേരിക്കൻ പ്രസിഡണ്ടായി ഡൊണാൾഡ് ട്രംപ് അധികാരമേറ്റശേഷം അമേരിക്കയിൽ ചെന്നും മറ്റു സ്ഥലങ്ങളിൽ വച്ചും ട്രംപിനെ മൈ ഡിയർ ഫ്രണ്ട് എന്നു വിശേഷിപ്പിച്ചുകൊണ്ട് വലിയതോതിൽ മോദി പുകഴ്ത്തിയിരുന്നു. അങ്ങനെയുള്ള ട്രംപ് ആണ് ഇപ്പോൾ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി ഉണ്ടാക്കുന്ന തീരുവ വർദ്ധനവ് നടപ്പിലാക്കിയിരിക്കുന്നത്. ഇന്ത്യയെ ചതിക്കുന്ന രീതിയിലുള്ള ട്രംപിന്റെ പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്രമോദി എന്തുകൊണ്ട് ചോദ്യം ചെയ്യുന്നില്ല എന്ന ചർച്ചകളാണ് രാജ്യത്ത് എല്ലായിടത്തും നടന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ കുറച്ചുകാലമായി പ്രധാനമന്ത്രിയായ നരേന്ദ്രമോദിയെ കിട്ടുന്ന അവസരങ്ങളിലെല്ലാം പുകഴ്ത്തിക്കൊണ്ട് നടന്ന മലയാളിയായ കോൺഗ്രസ് നേതാവ് ശശി തരൂരും ഇപ്പോൾ നരേന്ദ്രമോദിയെ തള്ളിപ്പറഞ്ഞിരിക്കുന്നത് ഏറെ രസകരമായിരിക്കുന്നു.
അമേരിക്കൻ പ്രസിഡൻറ് തിരുവ വർദ്ധനവ് നടപ്പിലാക്കിയ കാര്യത്തിൽ മാത്രമല്ല ചൈനയുടെ അടക്കമുള്ള വിദേശരാജ്യ ബന്ധങ്ങളുടെ കാര്യത്തിൽ പ്രധാനമന്ത്രിക്ക് പിഴവ് പറ്റിയെന്നും തരൂർ പരസ്യമായി പറഞ്ഞിരിക്കുകയാണ്. അമേരിക്കയുടെ തീരുവ വർദ്ധനയുടെ കനത്ത ആഘാതമുണ്ടാവുക ഇന്ത്യയുടെ സമ്പദ് ഘടനയായിരിക്കുമെന്നും അതുകൊണ്ടുതന്നെ ട്രംപിനെ നിലയ്ക്കുനിർത്താൻ നരേന്ദ്രമോദി ചങ്കൂറ്റം കാണിക്കണമെന്നും ശശി തരൂർ മോദിയെ ഓർമ്മപ്പെടുത്തുന്നുണ്ട്. ലോകരാജ്യങ്ങൾ നിരന്തരം സന്ദർശിക്കുകയും അവിടുത്തെ പ്രധാനമന്ത്രിമാരും പ്രസിഡന്റുമാരും ഒക്കെയായി അടുപ്പം പുലർത്തുകയും ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കഴിഞ്ഞകാല പ്രവർത്തനങ്ങളുടെ പേരിൽ മോദിയെ വിശ്വ ഗുരു എന്നു വരെ പുകഴ്ത്തി പറയാൻ ബിജെപി നേതാക്കളും പ്രവർത്തകരും തയ്യാറായി. ലോകത്തെ രാഷ്ട്രത്തലവന്മാരുമായി ഇത്രയുമധികം ബന്ധം സ്ഥാപിച്ച മറ്റൊരു പ്രധാനമന്ത്രിയും ഇന്ത്യയിൽ ഉണ്ടായിട്ടില്ല എന്നും ലോക നേതാക്കൾക്ക് മുന്നിൽ നരേന്ദ്രമോദി വലിയ ആദരണീയനാണ് എന്നൊക്കെയാണ് ബിജെപി നിരന്തരം പറഞ്ഞുകൊണ്ടിരുന്നത്. ഇതെല്ലാം നടന്നുകൊണ്ടിരുന്നപ്പോഴും മൂന്നാമതും അധികാരത്തിൽ എത്തിയ നരേന്ദ്രമോദി ലോക നേതാക്കൾക്ക് മുന്നിലേക്ക് കുതിച്ചുയരുന്ന കാഴ്ചയാണ് ഇന്ത്യക്കാർ കണ്ടിരുന്നത്. എന്നാൽ അമേരിക്കൻ പ്രസിഡൻറ് ഇന്ത്യക്കെതിരെ പ്രയോഗിച്ച നിലപാടിൽ നരേന്ദ്രമോദി നിസ്സഹായനായി നിൽക്കുന്ന കാഴ്ച, മോദിയെ ജനങ്ങൾ കണ്ട ഉയരങ്ങളിൽ നിന്നും തലകുത്തി വീഴുന്ന സ്ഥിതിയിലാക്കി. അമേരിക്കയുടെ ഇറക്കുമതി തീരുവ വർദ്ധനവ് നമ്മുടെ രാജ്യത്ത് വലിയ പ്രത്യാഘാതം ഉണ്ടാക്കും. ഇവിടെ നിന്നും ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യപ്പെടുന്ന വസ്ത്രങ്ങൾ, ചെരുപ്പുകൾ, മത്സ്യ സമ്പത്തുകൾ, മര ഉരുപ്പടികൾ, ലോഹ നിർമ്മിത വസ്തുക്കൾ, ഇവയെല്ലാം ഇനി വ്യാപാരം മുടങ്ങി ദുരിതത്തിലാകും.ഈ റിപ്പോർട്ടുകൾ അനുസരിച്ച് അമേരിക്കൻ പ്രസിഡൻറ് ആദ്യം പ്രഖ്യാപിച്ചത് ഇറക്കുമതി തീരുവയുടെ 25 ശതമാനം വർദ്ധനവ് ആയിരുന്നു. എന്നാൽ ദിവസങ്ങൾക്കുള്ളിൽ വീണ്ടും അധികമായി 25%അധിക തീരുവ വർദ്ധനവ് നടപ്പിലാക്കി. ഇതോടുകൂടി ഇന്ത്യയിൽ നിന്നും അമേരിക്കയിലേക്ക് കയറ്റിയയക്കപ്പെടുന്ന എല്ലാ വസ്തുക്കളുടെയും വില ക്രമാതീതമായി ഉയരുകയും, അമേരിക്കയിലെ ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ വിപണന സാധ്യത തകരുകയും ചെയ്യും. ഈ സ്ഥിതി തുടർന്നാൽ ഇന്ത്യയുടെ സമ്പദ്ഘടന തന്നെ വലിയ തകർച്ചയിലേക്ക് എത്തും എന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. ഇന്ത്യയിൽ ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ അടക്കം ഏറ്റവും വലിയ ഇറക്കുമതി നടന്നിരുന്നത് ചൈനയിൽ നിന്നായിരുന്നു. എന്നാൽ രണ്ടാം മോദി സർക്കാർ അധികാരത്തിൽ വന്നശേഷം 2020 ൽ ചൈനയുമായി വ്യാപാര ബന്ധത്തിന് വിലക്ക് പ്രഖ്യാപിച്ചു. ഇന്ത്യൻ അതിർത്തിയിൽ ചൈന കടന്നുകയറ്റം നടത്തിയതിന്റെ എതിർപ്പാണ് വ്യാപാരവിലക്കിന് കാരണമായി പറഞ്ഞത്. എന്നാൽ ചൈനയുമായുള്ള വ്യാപാരബന്ധം നിലച്ചതോടുകൂടി ഇന്ത്യൻ മാർക്കറ്റിലെ വിപണന നിലവാരം തകരുന്ന സ്ഥിതിയായി. റഷ്യയിൽ നിന്നും ഇന്ധനങ്ങൾ ഉൾപ്പെടെയുള്ളവ ഇന്ത്യ ഇറക്കുമതി ചെയ്യുന്നതിന് അമേരിക്കൻ പ്രസിഡൻറ് പ്രതിഷേധം അറിയിച്ചിരുന്നതാണ്. എന്നാൽ ഇന്ത്യയുടെ റഷ്യൻ ബന്ധത്തിൽ എതിർപ്പ് പറയുന്ന ട്രംപ് റഷ്യയുമായി മറ്റു രാഷ്ട്രങ്ങൾ വ്യാപാരബന്ധം തുടരുന്നതിൽ ഒരു പരാതിയും പറഞ്ഞിട്ടില്ല. റഷ്യൻ പ്രസിഡൻറ് പുട്ടിനും അതുപോലെ ഇലോൺ മസ്കും, നെതന്യാഹുവും അടക്കമുള്ള രാഷ്ട്ര തലവന്മാർ പരസ്പരബന്ധവും വ്യാപാരബന്ധവും നിലനിർത്തി പോകുന്നുണ്ട്. ഇതിലൊന്നും അമേരിക്കൻ പ്രസിഡൻറ് ട്രംപ് ഒരു പരാതിയുമില്ല എന്നത് ശ്രദ്ധേയമാണ്. അമേരിക്ക ഏർപ്പെടുത്തിയ ഇറക്കുമതി തീരുവ വർദ്ധനവിന്റെ പേരിൽ ബിജെപിയുടെ കേന്ദ്ര നേതൃത്വവും കേന്ദ്ര സർക്കാരും വലിയ പ്രതിസന്ധിയിൽ നിൽക്കുന്നു എന്നാണ് അറിയുന്നത്. അമേരിക്കൻ പ്രസിഡന്റിന്റെ ഇന്ത്യ വിരുദ്ധ നിലപാട് എന്തുകൊണ്ട് പ്രധാനമന്ത്രി ചോദ്യം ചെയ്യുന്നില്ല എന്നാണ് മുതിർന്ന ബിജെപി നേതാക്കളും ചോദിക്കുന്നത്. ഇതിനിടയിൽ പല വിഷയങ്ങളുടെ പേരിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും പരസ്പരം അകന്നതായിട്ടുള്ള വാർത്തകളും പുറത്തു വരുന്നുണ്ട്. ആർ എസ് എസ്- സംഘപരിവാർ സംഘടനകളുടെ അടുപ്പക്കാരനായ അമിത് ഷാ ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവത്തിൻ്റെ പേരിൽ വലിയ അമർഷത്തിലാണ്. കന്യാസ്ത്രീകൾ ഹിന്ദുക്കളെ മതപരിവർത്തനം ചെയ്യിക്കുന്നു എന്ന നിലപാട് തന്നെയാണ് ഹൈന്ദവ സംഘടനകൾക്ക് ഉള്ളത്. ഇവരുടെ ഈ പ്രതിഷേധം അമിത് ഷായെ അറിയിച്ചിരുന്നതാണ്. എന്നാൽ കേരളത്തിലെ ബിജെപി നേതാക്കളുടെ സമ്മർദ്ദത്തിന് വഴങ്ങി നരേന്ദ്രമോദി ആഭ്യന്തര മന്ത്രിയോട് വിഷയത്തിൽ ഇടപെട്ട് കന്യാസ്ത്രീകളെ ജയിൽ മോചിതരാക്കുന്നതിന് വേണ്ടത് ചെയ്യണം എന്ന് നിർദ്ദേശിക്കുകയായിരുന്നു. അമിത് ഷാ പലതരത്തിലുള്ള വിഷമങ്ങൾ പറഞ്ഞെങ്കിലും പ്രധാനമന്ത്രി അതൊന്നും അംഗീകരിക്കാതെ നിലപാടിൽ ഉറച്ചു നിന്നപ്പോഴാണ് കന്യാസ്ത്രീകൾക്ക് മോചനത്തിനായി അമിത് ഷാ ഇടപെട്ടത്. എന്നാൽ ഇതിൻറെ പേരിൽ ആർ എസ് എസ് അടക്കമുള്ള സംഘപരിവാർ സംഘടനകളുടെ നേതാക്കൾ അമിത് ഷായോട് വലിയതോതിൽ പ്രതിഷേധം അറിയിച്ചു എന്ന റിപ്പോർട്ടുകളുമുണ്ട്. അമേരിക്കൻ പ്രസിഡണ്ട് നടപ്പിൽ വരുത്തിയ ഇറക്കുമതി തീരുവ വിഷയം രാജ്യത്ത് വ്യാപകമായ സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കും എന്ന് ഉറപ്പാണ്. ഇത് അറിയാവുന്ന പ്രധാനമന്ത്രി കഴിഞ്ഞദിവസം വരെ തോളിൽ കയറ്റി അടുപ്പക്കാരനായി കൊണ്ടുനടന്ന അമേരിക്കൻ പ്രസിഡൻറ് ട്രംപിനോട് എന്തുകൊണ്ട് തീരുവ വർദ്ധന പിൻവലിക്കാൻ ആവശ്യപ്പെടുന്നില്ല എന്ന ചോദിച്ചിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്ന മൗനം രാജ്യത്തെ കോർപ്പറേറ്റ് മുതലാളിമാരെ വലിയ അമർഷത്തിലാക്കിയിട്ടുണ്ട്. ഇന്ത്യയിലെ പല കുത്തക കമ്പനികളും അമേരിക്കൻ നിലപാടിന്റെ പേരിൽ തകർച്ചയിലേക്ക് നീങ്ങുന്ന സ്ഥിതി വരും. ഇത്രയുമൊക്കെ വലിയ പ്രതിസന്ധി മുന്നിൽ നിൽക്കുമ്പോൾ ഏതുതരത്തിൽ ഇതിനെയെല്ലാം നേരിടും എന്നറിയാതെ കേന്ദ്രമന്ത്രിസഭയിലെ പ്രധാന വകുപ്പ് മന്ത്രിമാരും ആശയക്കുഴപ്പത്തിലാണ്. കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ പ്രധാനമന്ത്രിയെ ഗൗരവമായി കാര്യങ്ങൾ ധരിപ്പിച്ചു എങ്കിലും പ്രശ്നപരിഹാരമായി ഒന്നും മുന്നോട്ടുവച്ചില്ല. ഇതിനിടയിലാണ് പ്രധാനമന്ത്രി – ആഭ്യന്തരമന്ത്രി – ധനകാര്യ മന്ത്രി – വിദേശകാര്യ മന്ത്രി -വ്യാപാര വാണിജ്യ വകുപ്പ് മന്ത്രി എന്നിവരെല്ലാം പലതട്ടുകളായി പല തരത്തിലുള്ള കുറ്റാരോപണങ്ങളും പരാതികളുമായി നിലനിൽക്കുന്നത്. ഏതായാലും മൂന്നാമതും നരേന്ദ്രമോദി എന്ന നേതാവിന്റെ വ്യക്തി പ്രഭാവത്തിൽ അധികാരത്തിൽ വന്ന ബിജെപി സർക്കാരിനെ നയിക്കുന്ന നരേന്ദ്രമോദി എത്ര ഉയരത്തിൽ ആയിരുന്നോ, അത്രത്തോളം തകർന്നു താഴോട്ടു പതിക്കുന്ന സ്ഥിതിയിലാണ് ഇപ്പോഴുള്ളത്.