മഹാത്മാ ന്യൂസ് കഴിഞ്ഞദിവസം പുറത്തുവിട്ട വാർത്തയിൽ സൂചിപ്പിച്ചതുപോലെ കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ പുനഃസംഘടന ചർച്ചകൾ എങ്ങുമെത്താതെ തമ്മിൽ കലഹിച്ച് ഡൽഹിയിൽ നിന്നും നേതാക്കൾ മടങ്ങിയ വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കേരളത്തിലെ കോൺഗ്രസിനകത്ത് കാലങ്ങളായി നിലനിന്നിരുന്ന ഗ്രൂപ്പ് സമവാക്യങ്ങൾ തകരുകയും പുതിയ പുതിയ ഗ്രൂപ്പുകൾ ജന്മം എടുക്കുകയും അതിനെയെല്ലാം കൊണ്ടുനടക്കാൻ ഓരോരോ നേതാക്കൾ ആവേശം കാണിക്കുകയും ചെയ്തതോടുകൂടിയാണ് പുനസംഘടന ഫലം കാണാതെ പോയത് . പണ്ടായിരുന്നെങ്കിൽ ഏതു കാര്യത്തിലും നേര്പകുതിയായി വീതം വെക്കൽ കൊണ്ട് പ്രശ്നപരിഹാരം ഉണ്ടാകുമായിരുന്നു. അന്ന് കോൺഗ്രസിനകത്ത് എ ഗ്രൂപ്പും ഐ ഗ്രൂപ്പും മാത്രമാണ് ഉണ്ടായിരുന്നത്. ഇന്നിപ്പോൾ അതല്ല സ്ഥിതി. നിലവിലുണ്ടായിരുന്ന ഗ്രൂപ്പുകളെ നയിച്ചിരുന്ന ചില നേതാക്കൾ ബലക്ഷയം വന്നതോടെ മറ്റു ചില ഗ്രൂപ്പുകളിലേക്ക് കടന്നു കയറി. ഒരു ഗ്രൂപ്പിലും ഇനി വേണ്ട എന്ന് തീരുമാനിച്ച ചില നേതാക്കൾ സ്വന്തം വ്യക്തി തല ഗ്രൂപ്പുമായി രംഗത്ത് വന്നു. ഇതിനുപുറമെയാണ് കഴിഞ്ഞ കുറച്ചുനാളുകളായി കേരളത്തിലെ കോൺഗ്രസിൽ ഒരു പ്രത്യേക സമ്മർദ്ദ ഗ്രൂപ്പായി വളർന്നുവന്ന യൂത്ത് വിഭാഗത്തിന്റെ വൈ ഗ്രൂപ്പും ഉണ്ടായിരിക്കുന്നത് . ഈ വിധത്തിൽ പരിശോധിച്ചാൽ ഇപ്പോൾ കേരളത്തിലെ കോൺഗ്രസിനകത്ത് അര ഡസനോളം ഗ്രൂപ്പുകൾ ഉണ്ട് എന്ന് പറയേണ്ടിയിരിക്കുന്നു. ഇവരെല്ലാം ഒപ്പം നിൽക്കുന്ന ആൾക്കാരെ കൂടി തിരുകി കയറ്റുന്നതിന് വേണ്ടി വാശിപിടിച്ചതോടെയാണ് കെപിസിസി പുനസംഘടന കീറാമുട്ടിയായി മാറിയത്.
എല്ലാം ഇപ്പോൾ ശരിയാക്കാം എന്ന് കരുതിയ നിലവിലെ കെ പി സി സി പ്രസിഡൻറ് സണ്ണി ജോസഫ് ഏതാണ്ട് അണ്ടി പോയ അണ്ണാനെ പോലെ വിഷണ്ണനായി ചാനലുകൾക്ക് മുന്നിൽ നിൽക്കുന്ന കാഴ്ചയും ജനങ്ങൾക്കു മുമ്പിലുണ്ട്. ഏതായാലും ഞങ്ങൾ നേരത്തെ പറഞ്ഞുവെച്ചതുപോലെ കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ പുനഃസംഘടന അനന്തമായി നീളുകയും നേതാക്കന്മാർ ഡൽഹി – തിരുവനന്തപുരം വിമാന യാത്രകൾ തുടർന്നുകൊണ്ടിരിക്കുകയുമാണ്. ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ അനുസരിച്ച് യഥാർത്ഥത്തിൽ ജനാധിപത്യ പാർട്ടി എന്നു പറയുന്ന കോൺഗ്രസിനെ നാണം കെടുത്തുന്നതാണ് നിലവിൽ ഉണ്ടായിരുന്ന കെപിസിസിയിൽ ഭാരവാഹികളുടെ പെരുപ്പം കാണിക്കുന്നത്. അതുകൊണ്ട് പുനസംഘടനയിൽ ഭാരവാഹികളുടെ എണ്ണം വെട്ടിക്കുറയ്ക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് നേരത്തെ നിർദ്ദേശം നൽകിയിരിക്കുന്നു. ഈ നിർദ്ദേശമനുസരിച്ച് കെപിസിസിക്ക് മൊത്തം 60ൽ താഴെ ഭാരവാഹികളായി ഒതുക്കുക എന്നതായിരുന്നു ലക്ഷ്യം. ഈ കണക്ക് മുന്നോട്ടുവച്ചുകൊണ്ടാണ് പുനസംഘടന ചർച്ചകൾ നടത്തിക്കൊണ്ടിരുന്നത്. എന്നാൽ 60 പേരുള്ള ഭാരവാഹികളുടെ പട്ടികയിലേക്ക് ഓരോ നേതാക്കളും നൽകിയിട്ടുള്ള പേരുകളുടെ എണ്ണം 300 ൽ അധികമാണ്. ഇത് വെട്ടിച്ചുരുക്കുന്നതിന് വേണ്ടിയുള്ള ചർച്ചകൾ പല സമയങ്ങളിലായി നടത്തിയെങ്കിലും ഒരു നേതാവും വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല. അതോടുകൂടിയാണ് ചർച്ചകൾ അവസാനിപ്പിച്ച് നേതാക്കൾ പെട്ടിയും തൂക്കി തിരുവനന്തപുരത്തേക്ക് തിരികെയെത്തിയിരിക്കുന്നത്. കോൺഗ്രസ് പാർട്ടിയുടെ പുനഃസംഘടന സംബന്ധിച്ച എഐസിസി നേതാക്കളുമായി ചർച്ച നടത്തുന്നതിന് സംസ്ഥാന പ്രസിഡണ്ട് സണ്ണി ജോസഫും, വർക്കിംഗ് പ്രസിഡന്റുമാരായ അനിൽകുമാർ, വിഷ്ണുനാഥ്,, ഷാഫി പറമ്പിൽ എന്നിവരുമാണ് ഡൽഹിയിൽ എത്തിയത്. എന്നാൽ ഈ വിവരം അറിയാവുന്ന മുതിർന്ന നേതാക്കൾ ഇവർക്ക് പിന്നാലെ ഡൽഹിയിൽ എത്തി. പാർലമെൻറ് നടക്കുന്നതിനാൽ എംപിമാരായ മുതിർന്ന ഗ്രൂപ്പ് നേതാക്കളും ചർച്ചയിൽ ഇടപെട്ടു. ഓരോ നേതാക്കന്മാരും ഭാരവാഹികളാകാൻ ആഗ്രഹിക്കുന്ന സ്വന്തം ആൾക്കാരുടെ ലിസ്റ്റുകൾ മുന്നോട്ടുവച്ചു. ഏതെങ്കിലും ഒരു നേതാവിന്റെ ശിങ്കിടിയെ ഒഴിവാക്കുന്ന നിർദ്ദേശം ഒരു നേതാവും അംഗീകരിക്കാൻ തയ്യാറായില്ല. ഇതാണ് പുനസംഘടന ചർച്ച പൊളിഞ്ഞത്. കെപിസിസി ഭാരവാഹികളുടെ കാര്യത്തിൽ മാത്രമല്ല. കേരളത്തിലെ ഡിസിസികൾക്ക് പുതിയ പ്രസിഡൻറ്മാരെ തീരുമാനിക്കുന്ന കാര്യത്തിലും മുതിർന്ന നേതാക്കൾ കലഹിക്കുകയാണ്. മൊത്തത്തിൽ നിലവിലെ എല്ലാ പ്രസിഡന്റുമാരെയും മാറ്റണമെന്നും അതല്ല കഴിവില്ലാത്തവരെ മാറ്റിയാൽ മതിയെന്നുമുള്ള തർക്കം നിലവിലുണ്ട്. ഇതിനിടയിലാണ് മാറ്റുന്ന ജില്ലകളിലെ പുതിയ പ്രസിഡന്റുമാരെ കണ്ടെത്തുന്ന കാര്യത്തിലും തർക്കമുള്ളത്.
നിലവിൽ ജില്ലാ പ്രസിഡന്റുമാരായിട്ടുള്ളവരിൽ പലരും ഗ്രൂപ്പുകളുടെ തണലിൽ വന്നവരാണ്. അതുകൊണ്ടുതന്നെ നിലവിലുള്ള പ്രസിഡൻറ് ഏത് ഗ്രൂപ്പുകാരൻ ആണോ ആ ഗ്രൂപ്പുകാർക്ക് പുതിയ പ്രസിഡൻറ് പദവി നൽകണമെന്ന വാശിയാണ് തർക്കത്തിനിടയാക്കിയത്. കഴിഞ്ഞ 10 വർഷത്തിനിടയിൽ രണ്ടുതവണകളിലായി നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വമ്പൻ തോൽവി ഏറ്റുവാങ്ങി വല്ലാത്ത പ്രതിസന്ധിയിൽ നിൽക്കുന്ന പാർട്ടിയാണ് കോൺഗ്രസ്. യുഡിഎഫ് മുന്നണിയെ നയിക്കുന്നത് കോൺഗ്രസ് പാർട്ടിയാണ്. അങ്ങനെയുള്ള ഒരു പാർട്ടി തെരഞ്ഞെടുപ്പ് തൊട്ടുമുന്നിൽ എത്തിയിട്ടും ആഭ്യന്തര കലഹങ്ങളിൽ കിടക്കുന്നത് മുന്നണിയെ വിഷമത്തിലാക്കും. മാത്രവുമല്ല അടുത്ത ദിവസമാണ് തിരുവനന്തപുരത്തെ ഡിസിസി പ്രസിഡണ്ടും മുതിർന്ന കോൺഗ്രസ് നേതാവുമായ പാലോട് രവി ഒരു സഹപ്രവർത്തകനുമായി നടത്തിയ ഫോൺ സംഭാഷണം വലിയ വിവാദം ഉണ്ടാക്കിയത്. ആ ഫോൺ സംഭാഷണത്തിൽ പാലോട് രവി പറഞ്ഞുവെച്ച കാര്യങ്ങൾ യഥാർത്ഥത്തിൽ കേരളത്തിലെ കോൺഗ്രസ് നേരിടേണ്ടിവരുന്ന ലക്ഷണങ്ങളാണ്. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിലും എൽഡിഎഫ് വിജയം നേടുമെന്നും അതുമൂലം കോൺഗ്രസിലെ നേതാക്കളും പാർട്ടി വിട്ട് മറ്റു പാർട്ടികളിൽ ചേരുമെന്നും കേരളത്തിലെ കോൺഗ്രസ് ഒരു എടുക്കാ ചരക്കായി മാറും എന്നുമാണ് പാലോട് രവി ഫോൺ സംസാരത്തിൽ പറഞ്ഞത്.മുതിർന്ന രാഷ്ട്രീയ നേതാവ് എന്ന നിലയ്ക്ക് പാർട്ടിയുടെ യഥാർത്ഥ ചിത്രം സഹപ്രവർത്തകനോട് വിവരിച്ചു എന്നതിൻറെ പേരിൽ പാലോട് രവിയെ പുറത്താക്കി ക്രൂശിക്കാൻ നേതൃത്വം തീരുമാനിക്കുകയും ചെയ്തു. പാർട്ടിയുടെ തകർച്ചയെ കണ്ടുകൊണ്ട് സത്യസന്ധമായി എന്തെങ്കിലും വിളിച്ചു പറയുന്ന നേതാക്കളെ ഒറ്റപ്പെടുത്തിയും ആക്ഷേപിച്ചും പുറന്തള്ളുന്ന ശീലമാണ് ഔദ്യോഗിക നേതൃത്വം കോൺഗ്രസിൽ കാണിച്ചിട്ടുള്ളത്. സത്യം പറഞ്ഞ പാലോട് രവിയെ ശിക്ഷിച്ച നേതാക്കൾ പുനസംഘടന കാര്യത്തിൽ സ്വന്തം കാര്യം സിന്ദാബാദ് എന്ന നിലപാടുമായി വാശി പിടിക്കുകയും പാർട്ടിയെ തകർക്കുകയും ചെയ്യുമ്പോൾ അതു ചോദ്യം ചെയ്യാനോ, ചർച്ച ചെയ്യാനോ ആരും തയ്യാറാവുന്നില്ല എന്നതാണ് കോൺഗ്രസിൻറെ ഇപ്പോഴത്തെ ഗതികേട്. ഇപ്പോഴത്തെ സ്ഥിതിയിൽ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ മുന്നോട്ടു പോവുകയാണെങ്കിൽ പാലോട് രവി ആത്മാർത്ഥതയോടു കൂടി വെളിപ്പെടുത്തിയ കോൺഗ്രസിന്റെ സർവ്വനാശം കേരളത്തിൽ ഉണ്ടാവുക തന്നെ ചെയ്യും, എന്ന് സത്യമാണ്…