രാഹുൽ ഗാന്ധി തിളങ്ങുന്നു – മിണ്ടാട്ടമില്ലാതെ മോദി.

കോൺഗ്രസ്സിന്റെ ശക്തി ഇന്ത്യ മുന്നണിക്കാർ തിരിച്ചറിയണം..

രാജ്യത്ത് തെരഞ്ഞെടുപ്പുകളിൽ അധികാരത്തിലിരിക്കുന്ന ബിജെപി നടത്തിയ വോട്ട് കൊള്ള സംബന്ധിച്ച തെളിവുകൾ നിരത്തിയുള്ള രാഹുൽഗാന്ധിയുടെ ആരോപണങ്ങൾ രാജ്യമൊട്ടാകെ ചർച്ചചെയ്യുകയാണ്. സംഭവത്തിൽ പ്രതിസ്ഥാനത്തു നിൽക്കുന്ന ഭരണഘടന സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷൻ പോലും ഉത്തരം മുട്ടിയ സ്ഥിതിയിലാണുള്ളത്. ഇതിനെല്ലാം ചുക്കാൻ പിടിക്കുന്നു എന്ന് പറയപ്പെടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ആഭ്യന്തരമന്ത്രി അമിത് ഷായും ഇതിനെതിരെ ഇതുവരെ ഒരക്ഷരവും മിണ്ടിയിട്ടില്ല എന്നത് സംഭവത്തിന്റെ ഗൗരവം പ്രകടമാക്കുന്നതാണ്. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിനു ശേഷം അല്പം മരവിച്ച അവസ്ഥയിലായിരുന്നു രാഹുൽ ഗാന്ധി. എന്നാൽ ഇപ്പോഴാണ് ഇന്ത്യയിലെ ജനങ്ങൾ രാഹുൽ ഗാന്ധിയെ തിരിച്ചറിയുന്നത്.

ബിജെപി നടത്തിയ വ്യാപകമായ വോട്ട് കൊള്ളയുടെ തെളിവുകൾ ശേഖരിക്കലും വിഷയം പഠിക്കലുമായി ആറുമാസത്തോളം ഇതിന് പിന്നാലെ രാഹുൽ ഗാന്ധി ഉറക്കമിളച്ച് പ്രയത്നിക്കുകയായിരുന്നു എന്ന അദ്ദേഹത്തിൻറെ പ്രസ്താവന ജനങ്ങളെ വലിയ തോതിൽ ആകർഷിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഭരണഘടനാ സ്ഥാപനമാണ്. ഇന്ത്യാരാജ്യം ജനാധിപത്യത്തിൽ അടിയുറച്ച് നിൽക്കുകയാണ്. ജനാധിപത്യ രാജ്യത്ത് പരമപ്രധാനമായ പ്രക്രിയ ആണ് തെരഞ്ഞെടുപ്പ് എന്നത്. ഈ തെരഞ്ഞെടുപ്പ് സത്യസന്ധമായും നീതിപൂർവ്വകമായും സുതാര്യമായും നടത്തുക എന്ന ഉത്തരവാദിത്തമാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ഉള്ളത്. എന്നാൽ കഴിഞ്ഞ കുറച്ചുകാലമായി തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്രസർക്കാരിൻറെ ചട്ടുകമായി അധപ്പതിച്ചു എന്ന വിമർശനം എല്ലായിടത്തുനിന്നും ഉയർന്നിരുന്നു. ഇപ്പോൾ രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തലുകൾ ഇതിനെ ന്യായീകരിക്കുന്നുമുണ്ട്. ഒരു ലക്ഷത്തോളം കള്ളവോട്ടുകൾ ഒരു മണ്ഡലത്തിൽ മാത്രം ബിജെപി ചെയ്തു എന്നാണ് രാഹുൽഗാന്ധി ആരോപിച്ചിരിക്കുന്നത്. ഒരുലക്ഷം എന്നല്ല ഒരു വോട്ട് പോലും കള്ളത്തരത്തിൽ ഒരാളും ചെയ്യപ്പെടാതെ നടക്കുന്ന തെരഞ്ഞെടുപ്പാണ് സത്യസന്ധമായ തെരഞ്ഞെടുപ്പ് എന്ന കാര്യം തെരഞ്ഞെടുപ്പ് കമ്മീഷൻ ഇനിയും മനസ്സിലാക്കിയിട്ടില്ല എന്ന് തെളിയിക്കുന്നതാണ് രാഹുൽ ഗാന്ധിയുടെ ഈ വെളിപ്പെടുത്തലുകൾ. കഴിഞ്ഞ കുറച്ചുകാലങ്ങൾക്കിടയിൽ നടന്നിട്ടുള്ള നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പുകളിലെല്ലാം ബിജെപി വോട്ട് തട്ടിപ്പ് നടത്തി എന്ന ആരോപണമുണ്ടായിരുന്നു.

ഇപ്പോൾ കർണാടക മണ്ഡലത്തിലെ വോട്ടർ പട്ടികയുടെ വിശദവിവരങ്ങൾ വെളിപ്പെടുത്തി കൊണ്ടാണ് രാഹുൽ ഗാന്ധി കേന്ദ്രസർക്കാരിനെതിരായ ഉഗ്ര സ്ഫോടന ശേഷിയുള്ള ബോംബ് പൊട്ടിച്ചിരിക്കുന്നത്. ആരെയും അമ്പരപ്പിക്കുന്നതും അത്ഭുതപ്പെടുത്തുന്നതുമായ കള്ളവോട്ട് തന്ത്രങ്ങളാണ് ബിജെപി പയറ്റിയിരിക്കുന്നത്. കർണാടകത്തിൽ വോട്ട് ചെയ്യുന്നതിനുള്ള അവസാനസമയം കഴിഞ്ഞിട്ടും ക്യൂവിൽ നിന്ന വോട്ടർമാർ എന്ന രീതിയിൽ ചെയ്തിരിക്കുന്ന വോട്ടുകൾ 40 ലക്ഷത്തോളം ഉണ്ടെന്നാണ് രാഹുൽ ഗാന്ധി തെളിവുകൾ നിരത്തി പറഞ്ഞിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ കാര്യത്തിൽ ഇപ്പോഴും മൗനം തുടരുകയാണ്. എന്നാൽ തെരഞ്ഞെടുപ്പ് ക്രമക്കേടുകൾ വെളിച്ചത്തു കൊണ്ടുവരാൻ പരിശ്രമിച്ച രാഹുൽഗാന്ധി, പോളിംഗ് സ്റ്റേഷനുകളിലെ ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങളുടെ പകർപ്പ് തരണം എന്നാവശ്യപ്പെട്ടപ്പോൾ 45 ദിവസം മാത്രമാണ് ക്യാമറ ദൃശ്യങ്ങൾ സൂക്ഷിക്കുക എന്ന വിചിത്രമായ മറുപടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയത്. ഇതുതന്നെ അവിടെ കള്ളവോട്ടുകൾ പതിനായിരക്കണക്കിന് നടന്നിട്ടുണ്ട് എന്ന് വ്യക്തമാക്കുന്നതാണ്. അതല്ല എങ്കിൽ സാധാരണഗതിയിൽ ഒരു തെരഞ്ഞെടുപ്പ് നടക്കുന്ന വോട്ടെടുപ്പിന്റെ രേഖകളും വീഡിയോ ദൃശ്യങ്ങളും അടുത്ത തെരഞ്ഞെടുപ്പ് വരെ സൂക്ഷിക്കാനുള്ള നിയമപരമായ ബാധ്യത തെരഞ്ഞെടുപ്പ് കമ്മീഷന് ഉണ്ട്. വസ്തുത ഇതായിരിക്കെ പോളിംഗ് സ്റ്റേഷൻ ദൃശ്യങ്ങൾ നിലവിലില്ല എന്ന് പറയുന്നത് ബിജെപിയും കേന്ദ്രസർക്കാരും ഒരുമിച്ചു നടത്തിയ വോട്ട് തട്ടിപ്പിന്റെ തെളിവുകൾ പുറത്തുവരാതിരിക്കുന്നതിന് ഇലക്ഷൻ കമ്മീഷൻ സഹായിക്കുന്നു എന്നതു തന്നെയാണ് വ്യക്തമാകുന്നത്. ബിജെപിയുടെ വോട്ട് കൊള്ള സംബന്ധിച്ച് രാഹുൽ പുറത്തുവിട്ട കാര്യങ്ങൾ കോൺഗ്രസ് പാർട്ടി നയിക്കുന്ന ഇന്ത്യ മുന്നണിയിലെ ഘടകകക്ഷി നേതാക്കളും ഏറ്റെടുത്തിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം ഇന്ത്യ മുന്നണിയിലെ പ്രമുഖ പാർട്ടികളിൽ പെട്ട നേതാക്കൾ പോലും രാഹുൽ ഗാന്ധിയെയും കോൺഗ്രസ് പാർട്ടിയെയും നിസാരവൽക്കരിക്കുകയാണ് ചെയ്തത്. എന്നാൽ ഇത്തരം പാർട്ടിയുടെ നേതാക്കന്മാർ വസ്തുതകൾ തിരിച്ചറിയുന്നില്ല എന്നതാണ് വാസ്തവം . ഇന്ത്യ മുന്നണിയിൽ 27 രാഷ്ട്രീയപാർട്ടികൾ ഉണ്ട്. ഇതിൽ വലിയ സംസ്ഥാനങ്ങളിൽ പ്രാദേശിക പാർട്ടിയായി പ്രവർത്തിക്കുന്ന തൃണമൂൽ കോൺഗ്രസിൻ്റെ മമത ബാനർജിയും, ഡി എം കെ യുടെ സ്റ്റാലിനും, അതുപോലെ തേജസ്വി യാദവ്, അരവിന്ദ് കെജ്രിവാൾ, ശരത്ത് പവാർ, തുടങ്ങിയവരെല്ലാം രാഹുൽഗാന്ധിയെയും കോൺഗ്രസ് പാർട്ടിയെയും ചെറുതായി കണ്ട് ഇടപഴകുന്നവരായിരുന്നു. എന്നാൽ ഈ നേതാക്കൾ ഇനിയെങ്കിലും തിരിച്ചറിയേണ്ട ഒരു വസ്തുത കോൺഗ്രസ് പാർട്ടിയുടെ ദേശീയ തലത്തിലുള്ള ജനസ്വാധീനമാണ്.

  മൂന്ന് ലോകസഭ തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി തോൽവി ഏറ്റുവാങ്ങിയിട്ടുണ്ട് എങ്കിലും ഒരു കാര്യം തള്ളിക്കളയാൻ കഴിയില്ല. അധികാരത്തിൽ നിന്നും പുറത്താക്കപ്പെട്ടു എന്നത് ഒരു വസ്തുതയാണ്. എന്നാൽ കോൺഗ്രസ് പാർട്ടിയെ പോലെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും സ്വാധീനമുള്ള ഇപ്പോഴും വലിയ തോതിൽ പ്രവർത്തകരുള്ള മറ്റൊരു പാർട്ടി ഇന്ത്യയിൽ ഇല്ല. തുടർച്ചയായി അധികാരത്തിൽ തുടരുന്ന ബിജെപിക്ക് പോലും തെക്കേ ഇന്ത്യയിൽ കാര്യമായ സ്വാധീനമില്ല എന്നതും ഒരു സത്യമാണ്. ഇത് തിരിച്ചറിയാതെയാണ് സ്റ്റാലിനും, മമത ബാനർജിയും, ശരത്ത് പവാറും, ഒക്കെ രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും നിസാരവൽക്കരിച്ച് പ്രസ്താവനകൾ നടത്തുന്നത്. ഇനിയെങ്കിലും ഇന്ത്യ മുന്നണി ഘടകകക്ഷികൾ വസ്തുതകൾ തിരിച്ചറിയാൻ ശ്രമിക്കേണ്ടതുണ്ട്. അധികാരത്തിൽ തുടർന്ന് വരുന്ന ബിജെപി ജനാധിപത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ഭരണഘടന വാഗ്ദാനങ്ങൾ സ്ഥിരമായി ലംഘിക്കുന്നു എന്നത് പ്രതിപക്ഷ പാർട്ടികൾ എല്ലാം സമ്മതിക്കുന്ന കാര്യമാണ്. പ്രതിപക്ഷ പാർട്ടി നേതാക്കളിൽ ഭൂരിഭാഗവും മോദി സർക്കാരിൻറെ ശത്രുതാ പരമായ ഇടപെടൽ വഴി ജയിലിൽ അടയ്ക്കപ്പെട്ട സ്ഥിതിയുണ്ടായിട്ടുണ്ട്. ഇല്ലാത്ത കാര്യങ്ങൾ പെരുപ്പിച്ച് കാണിച്ച് കേന്ദ്ര ഏജൻസികളായ ആദായ നികുതി വകുപ്പ്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, കസ്റ്റംസ് വകുപ്പ്, എൻഐഎ തുടങ്ങിയ സ്ഥാപനങ്ങൾ വഴി പ്രതിപക്ഷ പാർട്ടി നേതാക്കളെ കുറ്റക്കാരാക്കി ഒറ്റപ്പെടുത്തുന്ന തന്ത്രമാണ് ബിജെപി പയറ്റിക്കൊണ്ടിരിക്കുന്നത്. ഇതിനെയെല്ലാം നേരിടാൻ പ്രാപ്തിയുള്ള പ്രതിപക്ഷ നിരയെ നയിക്കുവാൻ കോൺഗ്രസ് പാർട്ടിക്കല്ലാതെ മറ്റൊരു പാർട്ടിക്കും കഴിയില്ല എന്നതും ഇന്ത്യ മുന്നണി നേതാക്കൾ മനസ്സിലാക്കേണ്ടതാണ്. രണ്ടുവർഷം മുൻപ് കോൺഗ്രസ് പ്രസിഡണ്ടായിരുന്ന രാഹുൽഗാന്ധി ഇന്ത്യ മുഴുവൻ കാൽനടയായി ഭാരത് ജോഡോ യാത്ര നടത്തിയിരുന്നു. ഇത് ഇന്ത്യയുടെ ചരിത്രത്തിൽ ഒരു രാഷ്ട്രീയ നേതാവും നടത്താത്ത വലിയ ദുരിത പൂർണ്ണമായ ഒരു യാത്രയായിരുന്നു. മോദി സർക്കാർ ഭരണഘടനയെ തകർത്തുകൊണ്ട് മത ന്യൂനപക്ഷങ്ങളെ എല്ലാം ശത്രുക്കൾ ആക്കി വിദ്വേഷ രാഷ്ട്രീയം കളിക്കുന്നു എന്ന് ജനങ്ങളെ ധരിപ്പിക്കാൻ ആയിരുന്നു രാഹുലിന്റെ ആ യാത്ര നടത്തിയത്. ചരിത്രപരമായ ആ യാത്ര പോലും ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ വലിയ ഗൗരവത്തിൽ കണ്ടില്ല. രാഹുൽ ഗാന്ധിയെ അപ്പോഴും പലതരത്തിലുള്ള ആരോപണങ്ങളുടെ പേരിൽ അപഹാസ്യനാക്കാനാണ് ശ്രമിച്ചിരുന്നത്. എന്നാൽ അതിനെയെല്ലാം അവഗണിച്ചുകൊണ്ട് തികച്ചും ആത്മാർത്ഥതയോടെ സ്വന്തം പ്രവർത്തനങ്ങളുമായി അദ്ദേഹം മുന്നോട്ട് പോയി. ഏതായാലും ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടി നേതാക്കൾക്കെല്ലാം ഒരു കാര്യം ബോധ്യപ്പെട്ടിരിക്കുകയാണ്. ബിജെപി, കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഭരണം പിടിച്ചെടുക്കുന്നത് ജനാധിപത്യം മാന്യമായി നിലനിർത്തി കൊണ്ടല്ല. മറിച്ച് കള്ളവോട്ടും , വോട്ട് കൊള്ളയും ഒക്കെ നടത്തിയാണ് എന്നതു പ്രതിപക്ഷ നേതാക്കളും മനസ്സിലാക്കിയിരിക്കുന്നു. അവരെ വേണ്ട വിധം ബോധ്യപ്പെടുത്താൻ മാസങ്ങൾ നീണ്ട കഠിനപ്രയത്നമാണ് രാഹുൽ ഗാന്ധി നടത്തിയത്. ബിജെപിയുടെ വോട്ട് കൊള്ള സംബന്ധിച്ച് രാഹുൽ ഗാന്ധി പുറത്തുവിട്ട തെളിവുകളും ദൃശ്യങ്ങളും പ്രതിപക്ഷ പാർട്ടി നേതാക്കൾക്ക് ഒരു പുതിയ ബോധോദയം ഉണ്ടാക്കിയിട്ടുണ്ട്. ഇതെല്ലാം രാഹുൽഗാന്ധിയുടെ സ്വന്തം പ്രയത്നത്തിന്റെ ഫലമാണ് എന്ന തിരിച്ചറിവിലേക്ക് പ്രതിപക്ഷ പാർട്ടികൾ എത്തിക്കഴിഞ്ഞു. രാഹുൽ ഗാന്ധി പ്രതിബദ്ധതയുള്ള ഒരു രാഷ്ട്രീയ നേതാവായി വളരുന്ന കാഴ്ചയാണ് നാമിപ്പോൾ കാണുന്നത്. ഈ തിരിച്ചറിവിലേക്ക് ഇന്ത്യ മുന്നണി ഘടക കക്ഷി നേതാക്കൾ കൂടി എത്തിയതിന്റെ തെളിവാണ് ഡൽഹിയിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടികൾ നടത്തിയ മാർച്ച്. ഇന്ത്യൻ പാർലമെന്റിലെ രാജ്യസഭയിൽ നിന്നും ലോകസഭയിൽ നിന്നുമുള്ള 300 ഓളം പ്രതിപക്ഷ പാർട്ടി എംപിമാർ, മാർച്ചിൽ പങ്കെടുത്തു. കള്ളവോട്ട് കാര്യത്തിൽ രാഹുൽ പുറത്തുവിട്ട തെളിവുകളെ കണ്ട് അമ്പരന്ന ബിജെപി നേതാക്കൾ അർദ്ധ ശൂന്യമായ വാദങ്ങൾ നിരത്തുകയാണ്. ബിജെപി നേതാക്കൾ പറയുന്നത് രാഹുൽഗാന്ധി നാടകം കളിക്കുന്നു എന്നാണ്. വസ്തുതകൾ നിരത്തി വച്ചുകൊണ്ട് രാഹുൽഗാന്ധി കാര്യങ്ങൾ പറയുമ്പോൾ അതേപോലെ കാര്യങ്ങൾ നിരത്തിക്കൊണ്ട് തർക്കിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കോ ബിജെപി നേതാക്കൾക്കോ ആർക്കും കഴിയാതെ പോകുന്നത് അതിശയം തന്നെ. എന്തായാലും ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരു പുതിയ വെളിച്ചം പകരുന്നതിന് ഇന്ത്യാ മുന്നണിയിലെ എല്ലാ പാർട്ടികളും ഒരുമിച്ചിരിക്കുന്നു എന്നത് ബിജെപി നേതാക്കൾക്ക് ഉറക്കം കെടുത്തുന്ന കാര്യമാണ്. ഇലക്ഷൻ കമ്മീഷനെ വരുതിയിൽ നിർത്തി രാഹുൽഗാന്ധി പുറത്തുവിട്ട തെരഞ്ഞെടുപ്പ് ക്രമക്കേടുകൾ കോടതി മുഖാന്തിരം തെളിയിക്കാൻ കഴിഞ്ഞാൽ മൂന്നാമതും പ്രധാനമന്ത്രി കസേരയിലിരിക്കുന്ന നരേന്ദ്രമോദിക്കും ഒപ്പമുള്ള അമിത് ഷാ അടക്കമുള്ള നേതാക്കൾക്കും കനത്ത തിരിച്ചടിയായി മാറും എന്ന കാര്യത്തിൽ തർക്കമില്ല. ഇന്ത്യ മുന്നണിയുടെ ഘടകകക്ഷികൾ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്നത് രാഹുൽ ഗാന്ധിക്ക് പിന്നിൽ ഒറ്റക്കെട്ടായി അണിനിരന്നുകൊണ്ട് കോൺഗ്രസ് പാർട്ടിയുടെ ഇന്നും തകർന്നിട്ടില്ലാത്ത ജനകീയ അടിത്തറ ഉപയോഗപ്പെടുത്തി ബിജെപിയുടെ അധികാര കുത്തക അവസാനിപ്പിക്കാൻ പരിശ്രമിക്കുക. ഇന്ത്യ മുന്നണി ഘടകകക്ഷി നേതാക്കൾ ഒന്നിച്ചാൽ ഇനിയെങ്കിലും ഭരണം തിരിച്ചു പിടിക്കാം.