സിപിഐ ആഞ്ഞടിക്കുന്നു..

മാണിയെ ചുമന്നിട്ട് എന്തുകാര്യം.

കേരളത്തിലെ രണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടികളാണ് സിപിഎമ്മും സിപിഐയും. ഈ രണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടികളാണ് ഇടതുമുന്നണിയെ നയിക്കുന്നത്. സിപിഎമ്മിനെ ഇടതുപക്ഷത്തിന്റെ വലിയേട്ടൻ എന്നാണ് പറയാറുള്ളത്. അങ്ങനെ ഇടതുമുന്നണിയെ നയിക്കുന്ന വലിയേട്ടന്റെ ഇടപെടലുകളിൽ സഹികെട്ട് നിൽക്കുകയാണ് സിപിഐയുടെ എല്ലാ പ്രവർത്തകരും നേതാക്കളും.

വലിയ പാർട്ടിയാണ് എന്നൊക്കെ സിപിഐ നേതാക്കൾ പറയുന്നുണ്ടെങ്കിലും സിപിഎം ഒരു പരിഗണനയും തങ്ങൾക്ക് തരുന്നില്ല എന്നാണ് ജില്ലാ നേതാക്കൾ പരസ്യമായി പറഞ്ഞു കൊണ്ടിരിക്കുന്നത്. ഇതിന് പുറമെയാണ് ജില്ലാ സമ്മേളനങ്ങളിൽ സിപിഐ മറ്റൊരു പരാതി ഉയർത്തിയിരിക്കുന്നത്. കേരളത്തിലെ ഏറ്റവും വലിയ പാർട്ടിയായി പറഞ്ഞു നടക്കുന്ന ജോസ് കെ മാണിയുടെ കേരള കോൺഗ്രസിനെ ഇടതുമുന്നണി ചുമന്നിട്ട് എന്ത് നേട്ടം എന്നാണ് കോട്ടയം, ഇടുക്കി, കൊല്ലം, ആലപ്പുഴ, ജില്ലകളിലെ സിപിഐ സമ്മേളനങ്ങളിൽ നേതാക്കൾ ചോദിക്കുന്നത്. . യുഡിഎഫ് വിട്ട്, മാണി കേരള പാർട്ടി എൽഡിഎഫിൽ ചേരുകയും പരമാവധി സ്ഥാനമാനങ്ങൾ നേതാക്കൾ ഒപ്പിച്ചെടുക്കുകയും ചെയ്തു. എന്നാൽ മുന്നണി മാറിയപ്പോൾ നേതാക്കൾ മാത്രമാണ് ഇടതുമുന്നണിയിലേക്ക് വന്നതെന്നും പ്രവർത്തകരെല്ലാം ഇപ്പോഴും യുഡിഎഫിൽ തുടരുകയാണ് എന്നുള്ള വിമർശനങ്ങൾ സിപിഐയുടെ ജില്ലാ നേതാക്കൾ പരസ്യമായി ഉന്നയിക്കുന്നുണ്ട്. ഇത്തരത്തിൽ ഒരു ആളില്ലാ പാർട്ടിയെ ചുമന്നിട്ട് ഇടതുമുന്നണിക്ക് എന്തു ലാഭം എന്നും നേതാക്കൾ ചോദിക്കുകയാണ്.. ആളില്ല പാർട്ടിയാണെങ്കിലും മാണി കേരള നേതാക്കളുടെ പ്രസ്താവനകൾ, ഇടതുമുന്നണിയിലെ രണ്ടാമത്തെ വലിയ പാർട്ടി തങ്ങളുടെതാണ് എന്നാണ്. ഇത് വെറും പൊങ്ങച്ചം പറച്ചിലാണ് എന്നും നേതാക്കൾ ആക്ഷേപിക്കുകയാണ്. സിപിഐയുടെ കോട്ടയം ജില്ലാ സമ്മേളനത്തിലാണ് പാർട്ടിയുടെ ജില്ലാ സെക്രട്ടറി തന്നെ മാണി കേരള കോൺഗ്രസിനെ തരംതാഴ്ത്തിയുള്ള പ്രസംഗം നടത്തിയത്. കോട്ടയം ജില്ലയിലാണ് കേരള കോൺഗ്രസിന് ആകെ ആധിപത്യം ഉള്ളത്. എന്നാൽ ജില്ലയിൽ മാണി കേരള കോൺഗ്രസിന്റെ പ്രവർത്തകരെല്ലാം ഇപ്പോൾ പി ജെ ജോസഫിന്റെ പാർട്ടിക്കൊപ്പമാണ്. അതുകൊണ്ടാണ് കെ എം മാണിയുടെ സ്വന്തം തട്ടകമായ പാലായിൽ പോലും പാർട്ടിയുടെ ചെയർമാനും മാണിയുടെ മകനുമായ ജോസ് കെ മാണി പോലും തെരഞ്ഞെടുപ്പിൽ തോറ്റതെന്നും സെക്രട്ടറി പരിഹാസത്തോടെ സൂചിപ്പിക്കുകയുണ്ടായി. സ്വന്തം കുത്തക സീറ്റായിരുന്ന പാലാ ഉപേക്ഷിച്ച് ജയിക്കാൻ കടുത്തുരുത്തി മണ്ഡലത്തിലേക്ക് മാറാനുള്ള കളികൾ നടത്തുകയാണ് ഇപ്പോൾ ജോസ് കെ മാണിയെന്നും പരാമർശമുണ്ട്. കേരള കോൺഗ്രസ് പാർട്ടിയുടെ ഔദ്യോഗിക ചിഹ്നം ലഭിക്കുകയും ആ ചിഹ്നത്തിൽ മത്സരിച്ചിട്ടും, ജയിക്കുവാൻ ജോസ് കെ മാണിക്ക് കഴിഞ്ഞില്ല.

   

മുന്നണിയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ വോട്ട് കൃത്യമായി കിട്ടിയത് കൊണ്ടാണ് അദ്ദേഹം മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടാതിരുന്നതെന്നും ജില്ലാ സെക്രട്ടറി റിപ്പോർട്ട് അവതരിപ്പിച്ചു പറയുകയുണ്ടായി. മാണി കേരള കോൺഗ്രസിൻറെ കാര്യത്തിൽ മാത്രമല്ല മുന്നണിയെ നയിക്കുന്ന സിപിഎം പാർട്ടിയെ കുറിച്ചും ജില്ലാ സമ്മേളനങ്ങളിൽ ശക്തമായ പ്രതിഷേധങ്ങളാണ് പ്രവർത്തകരും നേതാക്കളും ഉയർത്തിയത്. തുടർഭരണം സിപിഎമ്മിന്റെ മാത്രം നേട്ടമല്ലെന്നും സിപിഐക്കാർ പോലും പിണറായി സർക്കാർ എന്ന് പറയുന്നത് നാണക്കേട് ആണെന്നും, പറയേണ്ടത് ഇടതു സർക്കാർ എന്നാണെന്നും അഭിപ്രായമുയർന്നു. ഒന്നാം ഇടതു സർക്കാരിനെ അപേക്ഷിച്ചു രണ്ടാം സർക്കാർ വലിയ നാണക്കേടാണ് ജനങ്ങൾക്ക് മുന്നിൽ ഉണ്ടാക്കിയിരിക്കുന്നത്. ജനങ്ങളെയെല്ലാം മറക്കുന്ന സർക്കാരായി ഇടത് സർക്കാർ മാറി. തൊഴിലാളി പാർട്ടി എന്നാണ് കമ്മ്യൂണിസ്റ്റ് പാർട്ടികളെ വിശേഷിപ്പിക്കുന്നത്. എന്നാൽ രണ്ടാം പിണറായി സർക്കാർ കേരളത്തിലെ എല്ലാ തൊഴിലാളികളെയും ദ്രോഹിക്കുകയാണ്. ഇടതു സർക്കാരിലെ പങ്കാളികളായ കമ്മ്യൂണിസ്റ്റ് നേതാക്കളും മന്ത്രിമാരും ആഡംബര ജീവിതത്തിൽ മതിമറക്കുകയാണ്. മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും മുന്നിൽ മുട്ടുമടക്കുകയും മൗനം പാലിക്കുകയും ചെയ്യുന്ന സിപിഐ സെക്രട്ടറി അടക്കമുള്ളവരുടെ പ്രവർത്തനശൈലി നാണക്കേട് ഉണ്ടാക്കിയിട്ടുണ്ട്. അഴിമതിയിൽ മുങ്ങിക്കുളിച്ച സർക്കാരാണ് ഇടത് സർക്കാർ എന്നത് മാറ്റിയെടുക്കാൻ ഒരു ശ്രമവും നടക്കുന്നില്ല. സാമാന്യ ജനങ്ങളുടെ ജീവിതം ദുരിതത്തിലാണ്. റേഷൻ പോലും കൃത്യമായി വിതരണം ചെയ്യാൻ കഴിയുന്നില്ല. വിലക്കയറ്റം തടയാൻ ഒരു നടപടിയും ഇല്ല. സർക്കാർ എല്ലാ വകുപ്പുകളിലും ഓരോ തീരുമാനങ്ങൾ പ്രഖ്യാപിക്കുകയും പ്രതിഷേധം ഉയരുമ്പോൾ പിൻവലിക്കുകയും ചെയ്യുകയാണ്. ഇത്തരത്തിൽ നാണക്കേടിലാണ് ഇടതുമുന്നണി. നാറിയവനെ ചുമന്നാൽ ചുമക്കുന്നവനും നാറും എന്ന പഴഞ്ചൊല്ല് പറഞ്ഞുകൊണ്ട് സിപിഎമ്മിനെ ചുമക്കുന്ന കാര്യം വരെ ചില നേതാക്കൾ യോഗങ്ങളിൽ ഉന്നയിച്ചു. സിപിഐയുടെ സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിക്കുന്ന ബിനോയ് വിശ്വവും വലിയതോതിൽ വിമർശനം ഏറ്റുവാങ്ങുന്ന സ്ഥിതിയിലാണ്. ജനകീയത നേടിയ സമുന്നതരായ നേതാക്കൾ സെക്രട്ടറി സ്ഥാനത്തിരുന്ന് വളർത്തിയെടുത്ത പാർട്ടിയാണ് സിപിഐ. അങ്ങനെയുള്ള പാർട്ടിയുടെ ഇപ്പോഴത്തെ സെക്രട്ടറി ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്തവൻ ആണെന്ന് വരെ ചില ജില്ലാ സമ്മേളനങ്ങളിൽ വിമർശനമുണ്ടായി. ഏതായാലും ഇടതുമുന്നണിയിലെ രണ്ടാം പാർട്ടിയാകാൻ അവകാശവാദവുമായി നടക്കുന്ന മാണി കേരള കോൺഗ്രസ് നേതാക്കളെയും ചെയർമാൻ ജോസ് കെ. മാണിയെയും ശക്തമായ ഭാഷയിൽ ആക്ഷേപിച്ചു കൊണ്ടാണ് കോട്ടയം ജില്ല സിപിഐ സമ്മേളനം നടന്നത്. കേരളത്തിലെ ജനങ്ങൾ ആദരിക്കുന്ന കെഎം മാണി എന്ന നേതാവിന്റെ പേരുമാത്രം പറഞ്ഞുകൊണ്ട്, ആളില്ലാപാർട്ടിയായ മാണി കേരള കോൺഗ്രസിൻറെ ചെയർമാൻ നടത്തുന്ന വീരവാദങ്ങൾ കേരളത്തിലെ ജനങ്ങൾ മനസ്സിലാക്കിയിരിക്കുന്നു. മുന്നണി മാറിയപ്പോൾ സ്ഥാനമാനങ്ങൾ നേടിയെടുക്കാൻ നേതാക്കൾ മാത്രം ഇടതുമുന്നണിയിലേക്ക് എത്തിയ പാർട്ടിയാണ് മാണി കേരള കോൺഗ്രസ്. ഇപ്പോൾ നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ വലിയ പാർട്ടിയായി പോയി, അതുകൊണ്ട് 50 ശതമാനം സീറ്റുകളും കോട്ടയം ജില്ലയിൽ മാണി കേരള കോൺഗ്രസിന് വേണം എന്ന വാശിയുമായി നേതാക്കൾ ഇറങ്ങിയിരിക്കുകയാണ്. ഒരു കാരണവശാലും ഇടതുമുന്നണി അംഗീകരിക്കില്ല എന്നും യോഗത്തിൽ അഭിപ്രായമുണ്ടായി. ഇടതുമുന്നണിയിലെ രണ്ടു പ്രധാനപ്പെട്ട ഘടക കക്ഷികളായ മാണി കേരള കോൺഗ്രസും, സിപിഐഎമ്മും തമ്മിലടിക്കുന്നത് മധ്യകേരളത്തിലെ ഇടതുമുന്നണി രാഷ്ട്രീയം കൂടുതൽ പുകയുക തന്നെ ചെയ്യും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. മാത്രവുമല്ല ജോസ് കെ മാണിക്കൊപ്പം ഉറച്ചുനിൽക്കുന്നു എന്ന് പറയുന്ന മറ്റു നേതാക്കളിൽ ഭൂരിഭാഗവും ഇടതുമുന്നണിയിൽ നിന്നിട്ട് കാര്യമില്ല എന്ന് തുറന്നു പറയുന്നവരാണ്. പിണറായി സർക്കാരിന് ഉണ്ടായിരുന്ന ജനകീയ പിന്തുണ തകർന്നു വെന്നും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണി തറപറ്റും എന്നും അതുകൊണ്ടുതന്നെ ഇടതുമുന്നണി വിട്ട് യുഡിഎഫിൽ ചേരണം എന്നും അഭിപ്രായം ഉള്ള നിരവധി നേതാക്കൾ മാണി കേരള കോൺഗ്രസിൽ ഉണ്ട്. അധികാരം നഷ്ടമാകുന്ന കാര്യം മാത്രമല്ല, സിപിഎം നേതാക്കൾ മാണി കേരള കോൺഗ്രസ് നേതാക്കളെ മധ്യകേരളത്തിൽ എല്ലാ കാര്യത്തിലും തഴയുന്ന ദുരനുഭവവും മുതിർന്ന നേതാക്കൾ പങ്കുവെക്കുന്നുണ്ട്. സിപിഎം നേതാക്കളുടെ അഹങ്കാരം സഹിക്കാവുന്നതിനുമപ്പുറം ആയിരിക്കുന്നു എന്നും ഈ നേതാക്കൾ അഭിപ്രായപ്പെടുന്നുണ്ട്. ഏതായാലും മധ്യകേരളത്തിലെ ഇടതുമുന്നണി രാഷ്ട്രീയം കൂടുതൽ പ്രതിസന്ധിയിലേക്ക് കടക്കുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്.