വി ഡി സതീശന് പണികൊടുത്തു കെ മുരളീധരൻ..

മുരളി പെരുവഴിയിലായത് ലീഡറുടെ ശാപം കൊണ്ടാണോ എന്ന് ചോദ്യം.

കോൺഗ്രസ് പാർട്ടിയിലെ ഒരു ബുദ്ധിജീവിയായിരുന്നു എം എ ജോൺ. കെഎസ്‌യുവിലും യൂത്ത് കോൺഗ്രസിലും ആദ്യകാലം മുതൽ പ്രവർത്തിക്കുകയും ഈ സംഘടനകൾ വഴി ചെറുപ്പക്കാരെ ആകർഷിക്കുന്ന മുദ്രാവാക്യങ്ങൾ മുഴക്കിയ ബൗദ്ധിക കേന്ദ്രമായിരുന്നു എം എ ജോൺ. പഴയ തലമുറയ്ക്ക് എന്നും ഓർമ്മിക്കാൻ കഴിയുന്ന പ്രവർത്തന രീതിയായിരുന്നു അദ്ദേഹത്തിൻറെത്. ജീവിതത്തിൽ ഒരിക്കൽ പോലും ഒരു സ്ഥാനമാനത്തിനും വേണ്ടി എം എ ജോൺ ആഗ്രഹിച്ചിരുന്നില്ല. യഥാർത്ഥത്തിൽ കേരളത്തിലെ ഇപ്പോഴത്തെ വലിയ നേതാക്കന്മാരായി വളർന്ന വയലാർ രവിക്കും, ആന്റണിക്കും ഉമ്മൻചാണ്ടിക്കുമെല്ലാം രാഷ്ട്രീയപ്രവർത്തനത്തിന് പുതിയ ശൈലികൾ പകർന്നുകൊടുത്തത് എം എ ജോൺ ആയിരുന്നു. അദ്ദേഹത്തിൻറെ വീട് എന്നത് മനുഷ്യർ താമസിക്കുന്ന വീട് എന്ന് പറയുന്നതിന് പകരം പുസ്തകങ്ങൾ താമസിക്കുന്ന വീട് എന്നു പറയുന്നതാണ് ശരി. ജോണിന്റെ വീട്ടിലെ അടുക്കളയിൽ വരെ പുസ്തകങ്ങൾ നിറഞ്ഞ അലമാരകൾ ഉണ്ടായിരുന്നു.     അങ്ങനെയുള്ള എം.എ ജോണിന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പുരസ്കാരം പ്രതിപക്ഷ നേതാവായ വി ഡി സതീശന് കൈമാറിക്കൊണ്ട് മുൻ കെപിസിസി പ്രസിഡന്റായ മുരളീധരൻ നടത്തിയ പ്രശംസയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ മുൻനിരയിലുള്ളത്. സ്വന്തം പിതാവായ ലീഡർ കെ കരുണാകരൻ്റെ ശാപം വാങ്ങാത്ത ആളാണ് സതീശനെന്നും അതുകൊണ്ടുതന്നെ സതീശൻ വലിയ ഉയരങ്ങളിൽ എത്തുമെന്നാണ് മുരളീധരൻ പുകഴ്ത്തിയിരിക്കുന്നത്. ഈ പുകഴ്ത്തലാണ് തിരിച്ചടിയായി മുരളിയുടെ മേൽ പതിച്ചിരിക്കുന്നത്. ലീഡറുടെ മകനായ മുരളിയെ അച്ഛൻ ശപിച്ചത് കൊണ്ടാണോ മുരളി ഇപ്പോൾ സ്ഥാനമാനങ്ങൾ ഒന്നുമില്ലാതെ വഴിയാധാരമായിരിക്കുന്നത് എന്ന മറുചോദ്യമാണ് സമൂഹമാധ്യമങ്ങളിലുള്ളത്. കേരളത്തിലെ കോൺഗ്രസ് പാർട്ടിക്കകത്ത് പുതിയ പുതിയ സംഘങ്ങൾ രൂപപ്പെട്ടുകൊണ്ടിരിക്കുകയാണ്. കോൺഗ്രസ് കേരളത്തിൽ നിലനിന്നിരുന്നതും പ്രവർത്തിച്ചിരുന്നതും രണ്ട് ഗ്രൂപ്പുകളുടെ നേതാക്കന്മാരുടെ തണലിൽ ആയിരുന്നു. അതിൽ ഒരാളാണ് ലീഡർ കെ കരുണാകരൻ. മറ്റൊരു ഗ്രൂപ്പ് നേതാവ് ദേശീയതലത്തിൽ വളർന്ന എ കെ ആൻറണി ആയിരുന്നു. രണ്ടുപേരും പിന്നീട് ഗ്രൂപ്പ് കളികളിൽ നിന്നും കുറെയൊക്കെ പിറകോട്ട് പോയപ്പോൾ അനന്തരാവകാശികൾ ഗ്രൂപ്പ് നേതൃത്വം ഏറ്റെടുത്തു. അങ്ങനെയാണ് കരുണാകര ശിഷ്യൻ രമേശ് ചെന്നിത്തല ഐ ഗ്രൂപ്പിന്റെയും, അന്തരിച്ച ഉമ്മൻചാണ്ടി ആൻറണി ഗ്രൂപ്പിന്റെയും തലവന്മാരായി മാറിയത്. പതിറ്റാണ്ടുകളോളം കേരളത്തിലെ കോൺഗ്രസ്, ഗ്രൂപ്പ് നേതാക്കന്മാരുടെ കൈകളിൽ കിടന്ന് വട്ടം കറങ്ങുകയായിരുന്നു.

എന്നാൽ ദേശീയതലത്തിൽ തന്നെ കോൺഗ്രസ് പാർട്ടി ഭീകര തകർച്ചയിലേക്ക് എത്തുകയും കേരളത്തിൽ അടക്കം പല കോൺഗ്രസ് നേതാക്കളും പാർട്ടി വിട്ടു മറ്റു പാർട്ടികളിലേക്ക് മാറുകയും ഒക്കെ ചെയ്തപ്പോൾ ഗ്രൂപ്പ് തലവന്മാർ കുറച്ചൊക്കെ പത്തി മടക്കി. കേരളത്തിലും കഴിഞ്ഞ 10 വർഷമായി തോൽവി ഏറ്റുവാങ്ങി കൊണ്ട് പ്രതിപക്ഷത്തിരിക്കേണ്ട ഗതികേടിലാണ് കോൺഗ്രസ്. അതുകൊണ്ടാണ് ഗ്രൂപ്പ് തലവന്മാർ കുറച്ചൊക്കെ ഭയപ്പെടാൻ തുടങ്ങിയത്. കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ മുതിർന്ന നേതാക്കൾ പലതരത്തിലുള്ള കളികളാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. പ്രതിപക്ഷ നേതാവ് എന്ന സ്ഥാനം കയ്യടക്കി കൊണ്ട് സതീശൻ കോൺഗ്രസ് പാർട്ടിയെ സ്വന്തം വലയിൽ ഒതുക്കാൻ എല്ലാ നീക്കവും നടത്തുകയാണ്. എന്നാൽ ഇതിനെ രഹസ്യമായി തടയിടുന്നതിന് ദേശീയ നേതാവായ കെ സി വേണുഗോപാൽ നീക്കങ്ങൾ നടത്തുന്നുമുണ്ട്. ഇതിനിടയിലാണ് രണ്ടു കൂട്ടരേയും മറികടന്നു കൊണ്ട് എങ്ങനെയെങ്കിലും മുന്നിലെത്താൻ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കളികൾ നടത്തുന്നത്. മുൻ കെ പി സി സി പ്രസിഡൻറ് കെ സുധാകരനെ സ്വാധീനിച്ചു കൊണ്ടാണ് ചെന്നിത്തല പുതിയ നീക്കങ്ങൾ നടത്തുന്നത്. പാർലമെൻറ് അംഗങ്ങൾ കൂടിയായ പഴയ എ ഗ്രൂപ്പ് നേതാക്കളിൽ ചിലരെയും ചെന്നിത്തല വലയിൽ വീഴിച്ചിട്ടുണ്ട്. ഇത്തരത്തിൽ ചിന്നി ചിതറിയ ഗ്രൂപ്പുകളുടെ നേതാക്കളെ സ്വാധീനിച്ചുകൊണ്ട് സതീശന് ഒതുക്കാനാണ്‌ ചെന്നിത്തലയുടെ ശ്രമങ്ങൾ. പ്രതിപക്ഷ നേതാവായ സതീശൻ, പാർട്ടി കാര്യങ്ങളിൽ കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫിനെ ഒതുക്കി കൊണ്ട് സ്വന്തം തീരുമാനങ്ങൾ പ്രഖ്യാപിക്കുന്നതിൽ നേതാക്കൾക്ക് വലിയ അമർഷം ഉണ്ട്. കേരളത്തിലെ പാർട്ടി പുനഃസംഘടന കാര്യത്തിൽ സതീശൻ മുതിർന്ന നേതാക്കളെയെല്ലാം ഒഴിവാക്കി സ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കാൻ നീക്കം നടത്തിയതിൽ മുതിർന്നവർക്കെല്ലാം വലിയ പരിഭവം ഉണ്ട്. പുതിയ ഭാരവാഹികളെ കണ്ടെത്തുന്ന ചർച്ചകളിൽ യൂത്തന്മാരായ പുതിയ ഭാരവാഹികളുടെ മുന്നിലിരുന്നുകൊണ്ട് അവരുടെ നിർദ്ദേശങ്ങൾ കയ്യടിച്ചു പാസാക്കാൻ ഞങ്ങളെ കിട്ടില്ല എന്ന നിലപാടിലാണ് മുൻ കെ പി സി സി പ്രസിഡന്റ്മാർ അടക്കമുള്ള മുതിർന്ന നേതാക്കൾ കോൺഗ്രസ് ഹൈക്കമാന്റിനെ അറിയിച്ചിരിക്കുന്നത്.

ഈ മുതിർന്ന നേതാക്കളുടെ പ്രതിഷേധം ഫലം കണ്ടതുകൊണ്ടാണ് ഇഷ്ടക്കാരുടെ ലിസ്റ്റുമായി ഡൽഹിയിൽ എത്തിയ കെപിസിസി പ്രസിഡന്റിന്റെയും സതീശന്റെയും നിർദ്ദേശങ്ങളെ തള്ളുന്നതിന് കേന്ദ്രനേതൃത്വം തയ്യാറായത്. എല്ലാ മുതിർന്ന നേതാക്കളുമായും ചർച്ച നടത്തി അവരുടെ കൂടെ സമ്മതത്തിലുള്ള പൂർണ്ണ ലിസ്റ്റ് ഭാരവാഹികളുടെ കാര്യത്തിൽ തയ്യാറാക്കുവാൻ നിർദ്ദേശിച്ചു കൊണ്ട് കോൺഗ്രസ് ഹൈക്കമാന്റെ സതീശനെയും സംഘത്തെയും മടക്കി അയച്ചു. തൃശ്ശൂരിൽ നടന്ന എം എ ജോൺ സ്മാരക പുരസ്കാര ചടങ്ങിൽ വച്ചാണ് കെ.മുരളീധരൻ പ്രതിപക്ഷ നേതാവ് സതീശനെ വലിയതോതിൽ പുകഴ്ത്തി സംസാരിച്ചത്. എന്നാൽ സ്റ്റേജിൽ ഈ പ്രസംഗം നടത്തിയ മുരളീധരൻ പുറത്തിറങ്ങിയശേഷം മുതിർന്ന കേരള നേതാക്കളുമായി ചേർന്നു കൊണ്ടുള്ള പുനസംഘടനാ കാര്യങ്ങൾ ചർച്ച ചെയ്തുവെന്നും സതീശനെ അങ്ങനെ ഏകപക്ഷീയമായി തീരുമാനം എടുക്കുന്നതിന് അനുവദിക്കാൻ പാടില്ല എന്ന് അഭിപ്രായപ്പെട്ടു എന്നുമാണ് അറിയാണ് കഴിയുന്നത്. ഏതായാലും കോൺഗ്രസിലെ മുതിർന്ന നേതാക്കളുടെ പട്ടികയിലുള്ള ലീഡർ കെ കരുണാകരന്റെ മകൻ കെ മുരളീധരൻ സതീശനെ ഒരു കാര്യവുമില്ലാതെ പുകഴ്ത്തില്ല എന്നത് വാസ്തവമാണ്. ചതിയൻ ചന്തുവിൻ്റെ സ്വഭാവമാണ് മുരളീധരന്റെ പുകഴ്ത്തുപാട്ടിലുള്ളത് എന്ന സൂചനയും മുരളിക്കെതിരെ ആക്ഷേപമായി പറഞ്ഞു കേൾക്കുന്നുണ്ട്