എഴുത്തുകാർ എഴുതിവെക്കുന്ന കലക്കൻ ഡയലോഗുകൾ, സംവിധായകർ ഒന്നര ടൺ വെയ്റ്റിൽ നടനായ സുരേഷ് ഗോപിയെ കൊണ്ട് പറയിപ്പിക്കുമ്പോൾ, അത് കണ്ടിരിക്കുന്ന കാണികൾ കയ്യടിക്കും. സിനിമയിൽ ഇത് സാധാരണമാണ്. ഇത്തരം കയ്യടികൾ ഒരുപാട് വാങ്ങിയെടുത്ത സൂപ്പർതാരമായ സുരേഷ് ഗോപി വലിയ ആവേശത്തിലാണ് രാഷ്ട്രീയത്തിൽ കടന്നതും, തൃശ്ശൂരിൽ നിന്ന് എംപി ആയതും, പിന്നീട് മന്ത്രി ആയതും.. കേന്ദ്രമന്ത്രിയുടെ പത്രാസിൽ നടന്നു ഷൈൻ ചെയ്ത സുരേഷ് ഗോപി ഇപ്പോൾ മുങ്ങി നടക്കുന്നു എന്നാണ് കേരളത്തിൽ പൊതുവേ, തൃശ്ശൂരിൽ നിന്നുള്ള പരാതി.
തൃശൂരിന്റെ എംപി ആയി ജയിച്ചുപോയ മന്ത്രിയായ സുരേഷ് ഗോപിയെ കാണാനേ ഇല്ല എന്നതാണ് തൃശ്ശൂരുകാരുടെ ആവലാതി. ബിജെപിയിൽ ഇത് മാത്രമല്ല കണ്ടവരുണ്ടോ എന്ന പരസ്യത്തിന് കാരണമായിരിക്കുന്നത് . നമ്മുടെ രാജ്യത്ത് രണ്ടാമത്തെ വലിയ പദവിയാണ് ഉപരാഷ്ട്രപതി എന്നത്. ആ പദവിയിലിരുന്ന ജഗദീപ് ധൻകർ ആരുമറിയാതെ പാതിരാത്രിയിൽ പദവിയിൽ നിന്നും രാജിവെച്ചിട്ട് ഒരു മാസത്തോളമായി. എന്തുകൊണ്ട് രാജിവെച്ചു എന്നതും അദ്ദേഹം ഇപ്പോൾ എന്ത് ചെയ്യുന്നു എന്നതും, എവിടെയാണ് എന്നതും ദുരൂഹമായി നിലനിൽക്കുകയാണ്. ഉന്നതരായ പലരും പഴയ ഉപരാഷ്ട്രപതിയുടെ ഇപ്പോഴത്തെ സ്ഥിതി അന്വേഷിച്ചു കൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. ബിജെപിയുടെ തന്നെ ഒരംഗം ഉപരാഷ്ട്രപതിയുടെ രാജീകാരണം എന്തെന്ന് ചോദിച്ചു രംഗത്ത് വന്നു. മറ്റൊരു എം പി യും ശിവസേന പാർട്ടി നേതാവുമായ സഞ്ജയ് റാവത്ത് പരസ്യമായി ഈ വിവരം ചോദിക്കുകയും മറുപടി കിട്ടാതെ വന്നപ്പോൾ ആഭ്യന്തരമന്ത്രിക്ക് രേഖാമൂലം കത്തു നൽകുകയും ചെയ്തു. ഇതിനും മറുപടി കിട്ടിയില്ല എങ്കിൽ ഉപരാഷ്ട്രപതിയായിരുന്ന ധൻകറിനെ അന്വേഷിച്ചു കണ്ടെത്തി വിവരം അറിയിക്കുന്നതിന് സുപ്രീംകോടതിയിൽ ഹർജി നൽകും എന്ന് വരെ പറഞ്ഞിരിക്കുകയാണ്. ഇത് രണ്ടും പുറത്തുവന്നതോടുകൂടിയാണ് ബിജെപിയിലെ പലരെയും കാണാനും കേൾക്കാനും ഇല്ല എന്ന പരാതി വ്യാപകമായിരിക്കുന്നത്. കേരളത്തിൽ നിന്നും കേന്ദ്രമന്ത്രിസഭാംഗമായ സുരേഷ് ഗോപി മുങ്ങിയതിനു പിന്നിൽ രാഷ്ട്രീയ കാരണം തന്നെയാണ്. വിഷയം ഛത്തീസ്ഗഡിൽ മലയാളികളായ രണ്ടു കന്യാസ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്യുകയും തടവിലാക്കുകയും ചെയ്തിരുന്നു. വലിയ പ്രതിഷേധമാണ് ഇതിന്റെ പേരിൽ ഉയർന്നത്. സുരേഷ് ഗോപി തൃശ്ശൂരിൽ വലിയ വിജയം നേടിയതിന് പിന്നിൽ ക്രിസ്തുമത വിശ്വാസികളുടെ പങ്ക് വലുതായിരുന്നു എന്നത് ഒരു വാസ്തവമാണ്.
അങ്ങനെ ഹിന്ദുവായ സുരേഷ് ഗോപിക്ക് ക്രിസ്ത്യാനികൾ വോട്ട് ചെയ്ത് ജയിപ്പിച്ചു എങ്കിലും കന്യാസ്ത്രീ വിഷയത്തിൽ ഏതെങ്കിലും തരത്തിൽ ഇടപെടാനോ തുറന്നു പറയാനോ സുരേഷ് ഗോപി മുന്നോട്ടുവന്നില്ല. ഇതിൻറെ പേരിലാണ് സുരേഷ് ഗോപി എന്ന രാഷ്ട്രീയക്കാരനും സിനിമക്കാരനും കഴിഞ്ഞ കാലങ്ങളിൽ ഉണ്ടാക്കിയെടുത്ത എല്ലാ പ്രശസ്തിയെയും തകർക്കുന്ന സാഹചര്യം ഉണ്ടായത്. അറസ്റ്റിലായ കന്യാസ്ത്രീകൾ ഒൻപതു ദിവസമാണ് ജയിലിൽ കിടന്നത്. കേരളത്തിലെ ബിജെപി പ്രസിഡൻറ് രാജീവ് ചന്ദ്രശേഖർ വരെ പ്രശ്നങ്ങളിൽ ഇടപെടുകയും ആഭ്യന്തരമന്ത്രിയെ കാര്യം ധരിപ്പിച്ച് കന്യാസ്ത്രീകളുടെ മോചനത്തിന് പരിശ്രമിക്കുകയും ചെയ്തപ്പോൾ പോലും തൃശ്ശൂരിലെ ക്രിസ്ത്യാനികൾ എല്ലാം വാഴ്ത്തി പാടിയ സ്വന്തം എംപി ഒരക്ഷരം പോലും ഉരിയാടാതെ ഒളിവിൽ പോയി. ഇപ്പോൾ എല്ലാം കഴിഞ്ഞപ്പോൾ ആൾക്കാരെ ബോധ്യപ്പെടുത്താൻ എന്ന രീതിയിൽ ഡൽഹിയിലെ തൻറെ ഓഫീസിൽ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ പങ്കെടുക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ട് മാന്യനാകാൻ ശ്രമിച്ച സുരേഷ് ഗോപിക്കെതിരെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. ഇത്രയും വിവാദമായ ഒരു സംഭവം ഉണ്ടായിട്ടുപോലും ഒന്ന് തൃശ്ശൂരിൽ വരാൻ പോലും മടി കാണിച്ച സുരേഷ് ഗോപിയെ അന്വേഷിച്ച് കണ്ടുപിടിക്കാൻ ആവശ്യപ്പെട്ട് തൃശ്ശൂരിലെ ഒരു ചെറുപ്പക്കാരൻ പോലീസിൽ പരാതി നൽകിയ സ്ഥിതി വരെ ഉണ്ടായി. ഇതിനെക്കാൾ വലിയതോതിൽ നാണക്കേട് ഉണ്ടായിരിക്കുന്നത് തൃശ്ശൂരിലെ ബിജെപി നേതാക്കൾക്കും പ്രവർത്തകർക്കും ആണ്. സുരേഷ് ഗോപിയെ ജയിപ്പിച്ചാൽ തൃശ്ശൂരിലെ ക്രിസ്ത്യാനികൾ അടക്കമുള്ള ന്യൂനപക്ഷ സമുദായ അംഗങ്ങൾക്ക് വലിയ സഹായങ്ങൾ ഉണ്ടാകും എന്നായിരുന്നു ബിജെപി പറഞ്ഞിരുന്നത്. ബിജെപിയുടെ തൃശൂർ നേതാക്കളെ സ്വാധീനിച്ചാണ് പള്ളിയിൽ മാതാവിന് സ്വർണ്ണകിരീടം സുരേഷ് ഗോപി സമ്മാനിച്ചത്. സുരേഷ് ഗോപിയുടെ ഇത്തരം ഇടപെടലുകൾ ക്രിസ്തുമത വിശ്വാസികളിലും വലിയ അടുപ്പം ഉണ്ടാക്കി എന്നത് ശരിയാണ്.
എന്നാൽ എല്ലാം നഷ്ടപ്പെട്ട തങ്ങളെ വഞ്ചിച്ച ഒരു നേതാവായിട്ടാണ് ക്രിസ്തീയ വിശ്വാസികൾ എല്ലാവരും സുരേഷ് ഗോപിയെ ഇപ്പോൾ കാണുന്നത്. കേന്ദ്രമന്ത്രി കൂടിയായ സുരേഷ് ഗോപി കന്യാസ്ത്രീ വിഷയത്തിൽ പേടിച്ച് വീട്ടിൽ ഒളിവിൽ കഴിയുന്നു എന്നത് മാത്രമല്ല പുറത്തുവരുന്ന വാർത്തകൾ. ബിജെപിയുടെയും ആർ എസ് എസ്സിന്റെയും മതവിദ്വേഷ പ്രവർത്തനങ്ങൾക്ക് കൂട്ടുനിൽക്കാൻ കഴിയാത്ത വിധത്തിൽ എത്തിയിരിക്കുകയാണ് അദ്ദേഹം. പാർട്ടി നേതാക്കളുടെ അനാവശ്യ ഇടപെടലുകളിൽ സഹികെട്ട സുരേഷ് ഗോപി കേന്ദ്രമന്ത്രിപദം രാജിവയ്ക്കുന്നതിന് തീരുമാനിച്ചതായിട്ടുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. എംപി ആവുകയും മന്ത്രി ആവുകയും ചെയ്തതോടുകൂടി തൻറെ സ്വന്തം പ്രവർത്തന മേഖലയായ സിനിമയിൽ നിന്നും അകലേണ്ട സ്ഥിതിയുണ്ടായതും അദ്ദേഹത്തെ വിഷമത്തിൽ ആക്കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയോട് രാജീ വിവരം ചർച്ച ചെയ്തതായും മന്ത്രിസഭ പുനസംഘടന രണ്ടുമാസത്തിനുള്ളിൽ നടക്കുന്നതുകൊണ്ട് ആ അവസരത്തിൽ രാജിവെക്കുന്നതിൽ തടസ്സമില്ല എന്ന് പറഞ്ഞതായിട്ടും വിവരമുണ്ട്. ഇതിനിടയിലാണ് സുരേഷ് ഗോപി കേരളത്തിലേക്കുള്ള വരവുകൾ ഒഴിവാക്കിയതിന്റെ പേരിൽ ഉയരുന്ന പരാതികൾ. മാത്രവുമല്ല ബിജെപിയുടെ സംസ്ഥാന പ്രസിഡൻറ് രാജീവ് ചന്ദ്രശേഖറുമായി സുരേഷ് ഗോപി പലകാരണങ്ങളിൽ ഉടക്കിയതായും ബന്ധം ഉപേക്ഷിച്ചതായും ഉള്ള വാർത്തകളും വരുന്നുണ്ട്.
ഇതിൻറെ പേരിൽ സുരേഷ് ഗോപിയെ മന്ത്രി പദവിയിൽ നിന്നും മാറ്റി പകരം ശോഭ സുരേന്ദ്രനെ കേന്ദ്ര മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കണം എന്ന നിർദ്ദേശം രാജീവ് ചന്ദ്രശേഖർ പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കൈമാറിയതായും വാർത്തകൾ പുറത്തു വരുന്നുണ്ട്. അടുത്തു നടക്കാനിരിയ്ക്കുന്ന കേരളത്തിലെ പ്രധാനപ്പെട്ട രണ്ടു തെരഞ്ഞെടുപ്പുകളിൽ വലിയ നേട്ടം ഉണ്ടാക്കിയെടുക്കുന്നതിനുള്ള പരിശ്രമങ്ങളിൽ ഉറച്ചുനിന്നിരുന്ന കേരളത്തിലെ ബിജെപി കന്യാസ്ത്രീ വിഷയത്തിലും പാർട്ടിക്കുള്ളിൽ നേതാക്കന്മാരുടെ കലഹങ്ങളിലും പെട്ടു തളരുന്ന സ്ഥിതിയിലാണുള്ളത്. കേന്ദ്ര നേതൃത്വം കേരളത്തിൽ പ്രതീക്ഷിച്ച വലിയ നേട്ടങ്ങൾ, വരുന്ന തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഉണ്ടാക്കുവാൻ കഴിയില്ല എന്ന തരത്തിലുള്ള രാഷ്ട്രീയ വിലയിരുത്തലുകൾ നേതാക്കളെ ആശങ്കപ്പെടുത്തുന്നതായിട്ടും അറിയുന്നുണ്ട്. ഏതായാലും കേരളത്തിൽ മാത്രമല്ല ദേശീയ തലത്തിൽ തന്നെ ബിജെപിക്ക് തലവേദന ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ഓരോന്നായി ഓരോ ദിവസവും ഉയർന്നുവരുന്നു എന്നതാണ് നിലവിലെ സ്ഥിതി..