കോൺഗ്രസ് നേതാവും ലോക് സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുൽഗാന്ധി തെളിവുകൾ നിരത്തി പുറത്തുവിട്ട ബിജെപിയുടെ വോട്ട് കൊള്ള രാജ്യം ഭരിക്കുന്ന ബിജെപിയുടെ നെറുകയിൽ തറച്ചിരിക്കുന്നു. ബിജെപി രാജ്യവ്യാപകമായി കള്ളവോട്ടിന് വഴിയൊരുക്കി എന്നും, കൃത്രിമ വിജയം നേടിയാണ് സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും ഭരണം തുടർന്നത് എന്ന് പരാതി. രാഹുൽ ഗാന്ധി പുറത്തുവിട്ട ബിജെപിയുടെ കള്ളവോട്ട് പ്രയോഗങ്ങൾ എല്ലാ സംസ്ഥാനങ്ങളിലും ബിജെപി വിരുദ്ധ പാർട്ടികൾ ഏറ്റെടുത്തിരിക്കുകയാണ്. ബിജെപിയുടെ ജനാധിപത്യ വിരുദ്ധ തെരഞ്ഞെടുപ്പ് കൊള്ളകൾ അവസാനിപ്പിച്ചില്ല എങ്കിൽ വരും നാളുകളിൽ സംസ്ഥാനത്തെ എല്ലാ പാർട്ടികളും ബിജെപിയുടെ വോട്ട് കൊള്ള ആഘാതത്തിൽ തകർന്നടിയും എന്ന തിരിച്ചറിവ് പ്രാദേശിക പാർട്ടി നേതാക്കൾക്കുണ്ട്. ചർച്ചകൾ ഗൗരവമായി തുടരുന്നതിനിടയിൽ കോൺഗ്രസിന്റെ നേതൃനിരയിൽ പ്രവർത്തിച്ചിരുന്നതും, എന്നാൽ പാർട്ടി വിട്ടു സ്വന്തം പാർട്ടി രൂപീകരിച്ചു സംസ്ഥാന തലത്തിലേക്ക് ഒതുങ്ങിയ പ്രമുഖ നേതാക്കൾ പലരും അതെല്ലാം ഉപേക്ഷിച്ചു കോൺഗ്രസിലേക്ക് തിരികെ വരുന്നതിന്റെ ആലോചനകൾ നടക്കുന്നു.എങ്ങനെയെങ്കിലും ബിജെപിയെ അധികാരത്തിൽ നിന്നും ഇറക്കിയില്ലെങ്കിൽ തങ്ങളുടെ രാഷ്ട്രീയ ഭാവി തകരുമെന്ന ധാരണയാണ് ഇത്തരത്തിലുള്ള ആലോചനയ്ക്ക് പുറകിൽ. രാജ്യ തലസ്ഥാനമായ ഡൽഹിയിൽ ഏതായാലും വോട്ട് കൊള്ള വിശദീകരണത്തിനു ശേഷം രാഷ്ട്രീയ മാറ്റങ്ങളുടെ ചർച്ചകൾ നടക്കുന്നുണ്ട്. മാത്രവുമല്ല ബിജെപിയുടെ രാജ്യ വ്യാപകമായ വോട്ട് കൊള്ള വെളിച്ചത്തു കൊണ്ടുവന്ന രാഹുൽ ഗാന്ധിയുടെ ഇടപെടലും പുകഴ്ത്തപ്പെടുകയാണ്. രാഹുൽ ഗാന്ധി ഇപ്പോൾ പഴയ രാഹുൽഗാന്ധി അല്ല, വെറും മോദി വിരോധമല്ല പറയുന്നത്. തെളിവുകൾ നിരത്തി മോദിയുടെയും കൂട്ടരുടെയും രാഷ്ട്രീയ തട്ടിപ്പുകൾ പുറത്തുകൊണ്ടുവരാൻ കഠിനാധ്വാനം ചെയ്തിരിക്കുന്നു. ഈ വിശ്വാസം പ്രതിപക്ഷ പാർട്ടികളിൽ ഉണ്ടാക്കാൻ രാഹുൽ ഗാന്ധിക്ക് സാധിച്ചു.ഈ മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ ബിജെപിക്ക് ക്ഷതം ഏൽപ്പിക്കാൻ കോൺഗ്രസ് പാർട്ടിക്കല്ലാതെ മറ്റൊരു രാഷ്ട്രീയ പാർട്ടിക്കും കഴിയില്ല എന്ന ചിന്തയും പ്രാദേശിക പാർട്ടി നേതാക്കൾക്ക് ഉണ്ടായിട്ടുണ്ട്. ദേശീയതലത്തിൽ ബിജെപിക്ക് എതിരായിട്ടുള്ള പ്രചരണങ്ങൾ ശക്തിപ്പെടുകയും തെരഞ്ഞെടുപ്പ് തട്ടിപ്പുകൾ സംബന്ധിച്ചു തെളിവുകൾ നിരത്തി പല സംസ്ഥാനങ്ങളിലും പ്രതിപക്ഷ നേതാക്കൾ വാദിക്കുകയും ചെയ്യുന്നതോടുകൂടി സംസ്ഥാനതലത്തിൽ പോലും ബിജെപി കുരുക്കിലായി. വൻതോതിൽ കള്ളവോട്ടുകൾ സംഘടിപ്പിച്ചു കൊണ്ടു തന്നെയാണ് നിയമസഭാ തെരഞ്ഞെടുപ്പുകളിലും നേട്ടം ഉണ്ടാക്കിയത് എന്ന് തെളിയിക്കാൻ പല പ്രാദേശിക പാർട്ടികൾക്കും കഴിഞ്ഞിട്ടുണ്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മാത്രമല്ല, ബിജെപിക്ക് വലിയ സ്വാധീനമില്ലാത്ത തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ പോലും പാർട്ടി വളരുന്നു എന്ന് കാണിക്കാൻ വേണ്ടി വ്യാജ മേൽവിലാസത്തിലും കള്ളവോട്ടുകൾ ഉണ്ടാക്കിയെടുത്തു എന്ന റിപ്പോർട്ടുകളുണ്ട്. ദേശീയതലത്തിലും സംസ്ഥാനതലത്തിലും രാഷ്ട്രീയ തെരഞ്ഞെടുപ്പ് തട്ടിപ്പുകളുടെ ആശാന്മാരാണ് ബിജെപിക്കാർ എന്ന പ്രചരണമാണ് മുഴങ്ങുകയാണ്. ജനാധിപത്യപരമായി സ്വന്തം വോട്ടുകൾ കൊണ്ട് മാത്രം അധികാരത്തിൽ വരാൻ കഴിയില്ല എന്നറിയാവുന്ന ബിജെപി നേതാക്കൾ കള്ളവോട്ടിനു വഴിയൊരുക്കുകയും, തെരഞ്ഞെടുപ്പ് കൃത്രിമത്വങ്ങൾക്ക് ബിജെപിയുടെ കേന്ദ്രനേതൃത്വം പിന്തുണ കൊടുക്കുയും ചെയ്തു. ഈയൊരു രാഷ്ട്രീയ അന്തരീക്ഷത്തിലാണ് കോൺഗ്രസ് പാർട്ടിയുടെ പ്രാധാന്യം ബോധ്യപ്പെട്ടു കൊണ്ട് ഒരുകാലത്ത് കോൺഗ്രസിന്റെ ഉന്നത നേതാക്കളായിരുന്ന പലരും തിരിച്ച് കോൺഗ്രസിൽ എത്തുന്നതിന് പുനരാലോചന നടത്തുന്നത്. ദേശീയതലത്തിൽ ജനസ്വാധീനം ഉണ്ടാക്കിയ മുതിർന്ന ചില കോൺഗ്രസ് നേതാക്കൾ പാർട്ടി നേതൃത്വവുമായി ഇടഞ്ഞു പതിറ്റാണ്ടുകൾക്ക് മുമ്പ് കോൺഗ്രസ് വിട്ട് സംസ്ഥാനതലത്തിൽ പാർട്ടികൾ രൂപീകരിച്ചു പ്രവർത്തിച്ചിരുന്നു. ഇപ്പോഴത്തെ ദേശീയ രാഷ്ട്രീയത്തിൽ പ്രാദേശിക പാർട്ടികളുടെ ഇടപെടൽ കൊണ്ട് ബിജെപിയെ തോൽപ്പിക്കാൻ കഴിയില്ല എന്ന ചിന്ത, കോൺഗ്രസ് വിട്ടുപോയ മുതിർന്ന നേതാക്കൾക്ക് ഉണ്ടായിരിക്കുന്നു. ഇന്ത്യയിലെ വലിയ പ്രാധാന്യമുള്ള മഹാരാഷ്ട്രയിൽ, കോൺഗ്രസിൽ നിന്നും രാജിവെച്ച് സ്വന്തം പാർട്ടി ഉണ്ടാക്കി സംസ്ഥാന ഭരണം കയ്യടക്കിയ നേതാവാണ് ശരത്ത് പവാർ. അതുപോലെതന്നെ പശ്ചിമ ബംഗാളിൽ തീപ്പൊരി നേതാവായ മമത ബാനർജി, കോൺഗ്രസ് നേതൃത്വത്തിന്റെ തലപ്പത്ത് വരുകയും, സോണിയാഗാന്ധിയുമായി ഇടഞ്ഞ് സ്വന്തം പാർട്ടിയുണ്ടാക്കി മുന്നോട്ടുപോവുകയും ചെയ്തു. പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ് രൂപീകരിക്കുകയും, ജനസ്വാധീനം ഉപയോഗപ്പെടുത്തി മമത ബാനർജി സംസ്ഥാനത്ത് മൂന്നാം വട്ടവും അധികാരത്തിൽ തുടരുകയാണ്. കോൺഗ്രസിന്റെ വർക്കിംഗ് കമ്മിറ്റി അംഗവും മുതിർന്ന നേതാവുമായിരുന്ന ഗുലാം നബി ആസാദിന്റെ കാര്യവും ഇതുതന്നെയാണ്. കോൺഗ്രസ് നേതൃത്വവുമായി ഭിന്നതയിലായ ഗുലാം നബി ആസാദ് കോൺഗ്രസ് വിട്ട് ജമ്മുകാശ്മീരിൽ സ്വന്തം പാർട്ടി രൂപീകരിച്ചു എങ്കിലും ആ പാർട്ടിക്ക് കാര്യമായ വളർച്ചയുണ്ടാക്കാൻ കഴിഞ്ഞില്ല. പാർട്ടിവിട്ട് പോയതിൽ നിരാശയായിരുന്നെങ്കിലും കോൺഗ്രസിന്റെ മുതിർന്ന നേതാക്കളുമായി ഗുലാം നബി ആസാദ് ഇപ്പോഴും അടുപ്പം തുടരുകയാണ്. ഇത്തരത്തിൽ കോൺഗ്രസിന്റെ ശക്തികേന്ദ്രങ്ങളായി നേതൃനിരയിൽ ഉണ്ടാവുകയും പല ഘട്ടങ്ങളിലായി പാർട്ടിയിൽ നിന്നും രാജിവെച്ച് മറ്റു പാർട്ടികൾ രൂപീകരിക്കുകയും ചെയ്ത ശരത്ത് പവാർ, മമതാ ബാനർജി, ഗുലാം നബി ആസാദ് തുടങ്ങി പല മുതിർന്ന നേതാക്കളും കോൺഗ്രസിലേക്ക് തിരിച്ചു വരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നു. ഇവരെ കൂടാതെ സംസ്ഥാനതലത്തിൽ കോൺഗ്രസിന്റെ നേതൃനിരയിൽ പ്രവർത്തിക്കുകയും പിന്നീട് പാർട്ടി വിട്ട് ബിജെപിയിലും മറ്റു പല പാർട്ടിയിലും ചേർന്ന നേതാക്കൾ കൂടി കോൺഗ്രസിലേക്ക് തിരിച്ചുവരുന്ന സാഹചര്യം ഉണ്ടാകാൻ സാധ്യതയേറെയാണ്. കോൺഗ്രസ് പാർട്ടിയുടെ ശക്തികേന്ദ്രമായിരുന്ന ഉത്തർപ്രദേശിൽ കോൺഗ്രസ് വിട്ട് ബിജെപിക്കും, സമാജ് വാദി പാർട്ടിക്കുമൊപ്പം പ്രവർത്തിച്ച പല സംസ്ഥാന നേതാക്കളും കോൺഗ്രസിലേക്ക് തിരിച്ചെത്തുന്നതിന് ആലോചന നടക്കുകയാണ്. എന്നാൽ ഇവരെല്ലാം ആശങ്കയോടെ, ഒരേ സ്വരത്തിൽ പറയുന്ന കാര്യമുണ്ട്. ബിജെപിയെ നയിക്കുന്നത് ആർ എസ് എസ് സംഘപരിവാർ ശക്തികളാണ്. ഇവരുടെ ഇടപെടലുകൾ ഇന്ത്യയുടെ ജനാധിപത്യത്തെ തകർക്കും. ബിജെപിയെ നിലനിർത്തിയാൽ രാജ്യം തന്നെ അപകടത്തിലാകും. ഇന്ത്യയെ രാഷ്ട്രീയമായി നിലനിർത്തുന്നതിന് പകരം മതപരമായ ഭിന്നിപ്പുകളിലേക്ക് രാജ്യത്ത് നയിക്കും. അതുവഴി രാജ്യത്ത് നിലനിൽക്കുന്ന മതേതരത്വം, ജനാധിപത്യം, സ്വാതന്ത്ര്യം, എന്നിവ തകർക്കപ്പെടുകയും ഹൈന്ദവ രാഷ്ട്ര ചിന്ത നടപ്പിൽ വരുത്തുകയും ചെയ്യും എന്ന ഭയപ്പാടും ഈ നേതാക്കൾക്ക് ഉണ്ട്. ഏതായാലും കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി തുറന്നുവിട്ട ഭൂതം രാജ്യം ഭരിക്കുന്ന ബിജെപിയെ കഴുത്ത് ഞെരിച്ചു കൊല്ലുന്ന സ്ഥിതിയിലേക്ക് എത്തിച്ചിരിക്കുകയാണ്. ദേശീയതലത്തിൽ ബിജെപി സർക്കാരിൻറെ നിരന്തരമായ പകവീട്ടൽ രാഷ്ട്രീയം മൂലം പല പ്രശ്നങ്ങളിലും കുടുങ്ങി നിൽക്കുന്ന പ്രതിപക്ഷ പാർട്ടി നേതാക്കളും കോൺഗ്രസിന്റെ ശക്തിപ്പെടൽ വഴിയല്ലാതെ രാജ്യരക്ഷയ്ക്ക് മറ്റു മാർഗ്ഗമില്ല എന്ന ചിന്തയിലാണ് ഇപ്പോഴുള്ളത്. വോട്ട് കൊള്ളവഴി ബിജെപി നേതൃത്വവും, കേന്ദ്രസർക്കാരും, തെരഞ്ഞെടുപ്പ് കമ്മീഷനും, പ്രതിക്കൂട്ടിലായിരിക്കുന്ന ഈ സാഹചര്യത്തിൽ ഇതിൻറെയെല്ലാം ഗുണഫലം എത്തിച്ചേരുക ഏറെക്കാലമായി തകർച്ചയെ നേരിട്ടുകൊണ്ടിരിക്കുന്ന കോൺഗ്രസ് പാർട്ടിയിലേക്കായിരിക്കും എന്നാണ് ദേശീയതലത്തിൽ നിന്നുള്ള രാഷ്ട്രീയ വിശകലനം.