രണ്ടാം പിണറായി സർക്കാർ അധികാരത്തിലിരിക്കെ നടന്ന, മൂന്ന് നിയമസഭ ഉപതിരഞ്ഞെടുപ്പുകളിലും കോൺഗ്രസ് സ്ഥാനാർത്ഥിയെ 24 മണിക്കൂറിനകം പ്രഖ്യാപിച്ച് അത്ഭുതം കാണിച്ചതിൻ്റെ മാഹാത്മ്യത്താൽ കേരളത്തിലെ കോൺഗ്രസിനെ വരുതിയിൽ നിർത്തിയ പ്രതിപക്ഷ നേതാവ് സതീശന്, ഇപ്പോൾ മിണ്ടാട്ടമില്ല. കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ പുനസംഘടന ദിവസങ്ങൾക്കുള്ളിൽ നടക്കും എന്ന് പ്രഖ്യാപിച്ച പുതിയ കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫിനും ഒന്നും പറയാൻ കഴിയാതെ വായടച്ചിരിപ്പാണ്. പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി പുനസംഘടന സംബന്ധിച്ച കാര്യങ്ങൾ കീറാമുട്ടിയായിരിക്കുന്നതിൽ കോൺഗ്രസ് ഹൈക്കമാൻഡിനും വലിയ അമർഷമുണ്ട്. എന്നാൽ കേരളത്തിൽ പുനഃസംഘടന അല്ല പകരം നേതാക്കൾ തമ്മിലുള്ള പുന സംഘട്ടനമാണ് നടക്കുന്നത് എന്നാണ് ഇപ്പോൾ തമാശയായി നേതാക്കൾ തന്നെ പറയുന്നത്. പുനസംഘടന സംബന്ധിച്ച ചർച്ചകൾ ഒരിടത്തും എത്താതെ വഴിമുട്ടി കിടക്കുന്നതിന്റെ പേരിൽ ഇത് സംബന്ധിച്ച ചർച്ചകളും പ്രതിപക്ഷ നേതാവ് സതീശൻ ബഹിഷ്കരിച്ചു എന്നാണ് അറിയാൻ കഴിയുന്നത്. കെപിസിസി ഭാരവാഹി ലിസ്റ്റിൽ സതീശനും ചിലരുടെ പേരുകൾ സമർപ്പിച്ചിരുന്നു. എന്നാൽ മറ്റു നേതാക്കൾ മുന്നോട്ടുവെച്ച ഭാരവാഹിത്വത്തിനുള്ള ആൾക്കാരുടെ പേരുകളിൽ തർക്കം തുടരുന്നതിനാൽ ഒന്നും ചെയ്യാൻ കഴിയാത്ത സ്ഥിതിയിലാണ് കെ പി സി സി പ്രസിഡൻറ് സണ്ണി ജോസഫ്. കെ പി സി സി ഭാരവാഹി പട്ടികയിൽ പരമാവധി 60 പേരെ നിശ്ചയിക്കണം എന്ന് കോൺഗ്രസ് ഹൈക്കമാന്റെ നേരത്തെ നിർദ്ദേശിച്ചിരുന്നു. എന്നാൽ കേരളത്തിലെ ഗ്രൂപ്പ് നേതാക്കന്മാരും മുൻ പാർട്ടി പ്രസിഡണ്ടുമാരും ഒക്കെ സമർപ്പിച്ചിരിക്കുന്ന ലിസ്റ്റിൽ കുറഞ്ഞത് 350ലധികം പേരുകൾ ഉണ്ട്. അതുകൊണ്ടുതന്നെ ഒരിടത്തും എത്താതെ ചർച്ചകൾ നീളുകയാണ്. ഭാരവാഹികളെ ജില്ലാതിരിച്ച് ചർച്ച ചെയ്യുമ്പോൾ ഓരോ ജില്ലയിൽ നിന്നും ഭാരവാഹികൾ ആകേണ്ടവരുടെ കാര്യത്തിൽ നേതാക്കൾ കാണിക്കുന്ന കടുംപിടുത്തമാണ് ചർച്ചകൾ മുടങ്ങാൻ കാരണമാകുന്നത്. കെ.പി.സി.സി ഭാരവാഹി പട്ടിക പൂർത്തിയായ ശേഷം മാത്രമേ ഡിസിസി പ്രസിഡന്റുമാരെ തീരുമാനിക്കുന്ന കാര്യത്തിൽ ചർച്ച നടത്താൻ കഴിയൂ. ഇതിനിടയിലാണ് ഒഴിവാക്കപ്പെടുന്ന ഡിസിസി പ്രസിഡൻറ് മാർക്ക് കെ പി സി സി ഭാരവാഹിത്വം നൽകണമെന്ന നിബന്ധന മുന്നിലുള്ളത്. ഇതെല്ലാം പാലിക്കപ്പെട്ടാൽ പലപ്പോഴും ആക്ഷേപകരമായി ഉയരുന്ന ജംബോ കമ്മിറ്റിയിലേക്ക് പുനസംഘടനയുണ്ടാകും. രാഷ്ട്രീയമായി നേതൃനിരയിൽ പ്രവർത്തിച്ചു ഒട്ടും പരിചയമില്ലാത്ത പുതിയ കെ പി സി സി പ്രസിഡൻറ് സണ്ണി ജോസഫിന്റെ ബലഹീനത തന്നെയാണ് പുനഃസംഘടന പ്രതിസന്ധിയിലായിരിക്കുന്നത്. കേരളത്തിലെ വലിയ പദവികൾ വഹിച്ച മുതിർന്ന നേതാക്കളോട് ഏതെങ്കിലും ഒരു കാര്യത്തിൽ പറ്റില്ല എന്ന് പറയാനുള്ള ആർജ്ജവവും, യോഗ്യതയും സണ്ണി ജോസഫിനില്ല. കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ അവസാന ശബ്ദം കെ.പി.സി.സി പ്രസിഡന്റിണ്ടാണെന്ന് എല്ലാ നേതാക്കളും പറയുമെങ്കിലും ഇതൊന്നും കോൺഗ്രസ് രാഷ്ട്രീയത്തിൽ നടപ്പുള്ള കാര്യങ്ങളല്ല.സുപ്രധാനമായ രണ്ടു തെരഞ്ഞെടുപ്പുകൾ തൊട്ടരികിൽ എത്തി നിൽക്കുമ്പോഴാണ് പാർട്ടി പുനസംഘടന എന്ന തടയണ കോൺഗ്രസ് പാർട്ടിയെ പ്രതിസന്ധിയിൽ ആക്കുന്നത്. രണ്ടുമാസം കഴിഞ്ഞാൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകൾ നടക്കും. അതിനുമുമ്പ് വലിയ പ്രാധാന്യമുള്ള കാര്യമാണ് പാർട്ടിയെ ചലിപ്പിക്കുന്നതിനുള്ള ഭാരവാഹികളുടെ നിയമനം. എന്നാൽ ഇപ്പോഴത്തെ ചർച്ചകളുടെയും മറ്റും ഗതി പരിശോധിച്ചാൽ ഇതൊന്നും അത്ര എളുപ്പത്തിൽ കോൺഗ്രസിനകത്ത് സംഭവിക്കുമെന്ന് കരുതാനാകില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുമ്പോൾ പതിവുപോലെ നിലവിലെ സമിതി അതുപോലെ തുടരട്ടെ എന്ന് പറഞ്ഞ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലേക്ക് ഇറങ്ങാനുള്ള സാധ്യതയാണ് ഇപ്പോഴത്തെ സാഹചര്യത്തിൽ കാണുന്നത്. കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ നേതൃത്വം സ്വന്തം കൈകളിൽ എത്തിക്കാൻ പ്രതിപക്ഷ നേതാവ് നടത്തിയ നീക്കങ്ങളുടെ ഫലമാണ് ഇപ്പോൾ പാർട്ടിയെ വലക്കുന്നത്. കോൺഗ്രസ് ഹൈക്കമാന്റെ പ്രഖ്യാപിച്ച ഭാരവാഹികളിൽ പ്രസിഡണ്ടായി സണ്ണി ജോസഫും, വർക്കിംഗ് പ്രസിഡണ്ടുമാരായി ജൂനിയർമാരായ ചിലരാണ് കടന്നുവന്നത്. ഈ നേതാക്കൾക്ക് കേരളത്തിലെ മുതിർന്ന കോൺഗ്രസ് നേതാക്കൾക്ക് മുന്നിൽ കർക്കശമായി എന്തെങ്കിലും നിർദ്ദേശം നൽകാൻ കഴിയില്ല എന്നതാണ് ഒരു പ്രതിസന്ധി. മറ്റൊന്ന് മുതിർന്ന നേതാക്കൾ പരസ്യമായി പറഞ്ഞിട്ടുള്ളതുപോലെ പാർട്ടിയിലെ വളരെ ജൂനിയേഴ്സായ ആൾക്കാരുടെ മുന്നിലെത്തി പുനസംഘടന ചർച്ചകൾക്കിരിക്കുന്നതും ഈ ചെറു നേതാക്കൾ പറയുന്നത് അനുസരിക്കേണ്ടി വരികയും ചെയ്യുന്നത് നടക്കുന്ന കാര്യമല്ല. ഇതും ഒരു പ്രതിസന്ധി തന്നെയാണ് . ഏതായാലും കേരളത്തിലെ കോൺഗ്രസ് പാർട്ടിയിൽ വർഷങ്ങളായി നിലനിൽക്കുന്ന പുനസംഘടന എന്ന കീറാമുട്ടി പുതിയ നേതൃത്വത്തെയും വലക്കുകയാണ്. കെപിസിസി പുനസംഘടന കാര്യങ്ങളിൽ നിന്നും വിട്ടുനിൽക്കാൻ പ്രതിപക്ഷ നേതാവ് സതീശൻ ശ്രമിക്കുന്നത് മറ്റു നേതാക്കളെയും വലക്കുന്നുണ്ട്. പ്രസിഡൻറ് സണ്ണി ജോസഫിന് സതീശന്റെ അനുമതിയില്ലാതെ ഒന്നും ചെയ്യാൻ കഴിയില്ല. എന്നാൽ ഏതു കാര്യത്തിനും പ്രതിപക്ഷ നേതാവിൻ്റെ അനുവാദത്തിന് കാത്തിരിക്കുന്ന കെ പി സി സി പ്രസിഡന്റിന്റെ നാണംകെട്ട ബലഹീനതയെ അംഗീകരിക്കാൻ മുതിർന്ന നേതാക്കൾക്ക് കഴിയുകയും ഇല്ല. ഇത്തരത്തിൽ പെട്ടെന്ന് ഒന്നും പരിഹരിക്കാൻ കഴിയാത്ത വലിയ കുരുക്കുകളിലേക്കാണ് കേരളത്തിലെ കോൺഗ്രസ് പുനഃസംഘടനയുള്ളത്. ആര് അയയും എന്നതും കടും പിടുത്തം ഉപേക്ഷിക്കും എന്നതും കാത്തിരിക്കുകയാണ് കെപിസിസി പ്രസിഡൻറ്. പച്ചയായി പറഞ്ഞാൽ കേരളത്തിലെ കോൺഗ്രസിൽ ഇപ്പോൾ നടക്കുന്നത് ആരെടാ വലിയവൻ എന്ന വിവരമില്ലാത്തവരുടെ വീരവാദങ്ങൾ മാത്രമാണ്. മുതിർന്നവർ ആണെങ്കിലും ഇളയവരാണെങ്കിലും കേരളത്തിലെ കോൺഗ്രസ് ഇപ്പോഴും പലതട്ടിൽ പ്രവർത്തിക്കുന്ന ഗ്രൂപ്പ് വിഭാഗങ്ങളുടെ കൂട്ടായ്മ മാത്രമാണ്. പാർട്ടി യോഗങ്ങളിൽ എല്ലാവരും ഒറ്റക്കെട്ടാണ് എന്ന് പറയുന്നുണ്ടെങ്കിലും പുറത്തിറങ്ങിയാൽ സ്വന്തം ഗ്രൂപ്പ് കളികൾക്ക് നേതൃത്വം കൊടുക്കുന്ന പ്രവർത്തനരീതി തന്നെ കേരളത്തിലെ കോൺഗ്രസ് പാർട്ടിക്കകത്ത് ഇപ്പോഴും തുടരുന്നു എന്നത് വെളിപ്പെടുത്തുന്നതാണ് പുനസംഘടനയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രതിസന്ധികളും എവിടെയും എത്താത്ത ചർച്ചകളും..