കേരളത്തിൽ പിണറായി വിജയൻറെ ഇടതുപക്ഷ സർക്കാർ ഭരണം തുടങ്ങിയിട്ട് പത്തുവർഷം തികയുന്നു. രണ്ടാം ഇടതുപക്ഷ സർക്കാരിൻറെ കാലാവധി പൂർത്തീകരിക്കുമ്പോഴും കേരളത്തിൻറെ സാമ്പത്തിക സ്ഥിതി എവിടെ എത്തിനിൽക്കുന്നു എന്ന ചോദ്യം ഇനിയും ബാക്കിയാണ്. 10 വർഷം മുൻപാണ് എൽഡിഎഫ് വരും, എല്ലാം ശരിയാകും എന്ന മുദ്രാവാക്യവുമായി ഇടതുമുന്നണി തെരഞ്ഞെടുപ്പിനെ നേരിടുന്നതും വിജയത്തിലെത്തുന്നതും. പത്ത് വർഷം മുൻപുള്ള കേരളത്തിൻറെ സാമ്പത്തിക സ്ഥിതിയും, ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതിയും സംബന്ധിച്ച കേന്ദ്ര ധനകാര്യ വകുപ്പിന്റെ കണക്കുകൾ കേരളത്തിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം അമ്പരപ്പിക്കുന്നതാണ്. കേരളത്തിൻറെ പൊതു കടം ഏതാണ്ട് നാലേമുക്കാൽ ലക്ഷം കോടിയോളം എത്തിയിരിക്കുന്നു. 2026 മാർച്ച് ആകുമ്പോഴേക്കും കേരളത്തിൻറെ പൊതു കടം അഞ്ചുലക്ഷം കോടി രൂപയോളം കവിയുമെന്നും കേന്ദ്രത്തിന് ആശങ്കയുണ്ട്. കേരളത്തിൽ സാമ്പത്തിക ബാധ്യതകളുടെ പേരിൽ ആത്മഹത്യകൾ പെരുകുകയാണ്. ബാങ്കിൽ നിന്നെടുക്കുന്ന വായ്പ തുക തിരിച്ചടവ് മുടങ്ങുമ്പോൾ ബാങ്കുകൾ ജപ്തി നടപടി സ്വീകരിക്കും. കിടപ്പാടം ലേലം ചെയ്ത് തുക ഈടാക്കുന്നതിനുള്ള ഉത്തരവ് ബാങ്ക് നടപ്പിലാക്കുമ്പോൾ ഒറ്റയ്ക്കും, കുടുംബാംഗങ്ങളെല്ലാവരും ഒരുമിച്ചും ആത്മഹത്യയിലൂടെ ജീവിതം അവസാനിപ്പിക്കുന്ന പ്രവണത ഏറുകയാണ്. ബാങ്ക് വായ്പകളുടെ പേരിലുള്ള ആത്മഹത്യകൾ കേരളത്തിൽ വലിയതോതിൽ വർദ്ധിച്ചിരിക്കുന്നു. ഇത്തരത്തിൽ വ്യക്തിഗതമായ സാമ്പത്തിക ബാധ്യതകൾക്ക് പുറമെയാണ്, കേരളത്തിലെ ജനങ്ങളെയും ജാമ്യം നിർത്തി സർക്കാർ അഞ്ചുലക്ഷം കോടി രൂപയുടെ കടബാധ്യത ഉണ്ടാക്കിയിരിക്കുന്നത്. സർക്കാർ ബാധ്യത ആണ് എന്നതുകൊണ്ട് ജനങ്ങൾക്ക് ഒന്നും വരാനില്ല എന്നതൊക്കെ ഒരു വാദത്തിന് പറയാം. സർക്കാർ കാലാകാലങ്ങളിൽ വരുത്തിവയ്ക്കുന്ന സാമ്പത്തിക ബാധ്യതകൾ പലിശ അടക്കം പെരുകിക്കൊണ്ടിരിക്കുമ്പോൾ സ്വാഭാവികമായും ഭാവിയിൽ ഭരണമേൽക്കുന്ന സർക്കാരുകൾക്ക് ജനങ്ങൾക്കു മേൽ അധിക സാമ്പത്തികഭാരം ചുമത്തിക്കൊണ്ട് കടം വീട്ടേണ്ട സ്ഥിതിയുണ്ടാകും. എന്ന് പറഞ്ഞാൽ മാറിമാറി വന്ന ഭരണകൂടങ്ങൾ ഉണ്ടാക്കി വെച്ചിട്ടുള്ള സാമ്പത്തിക ബാധ്യതകൾ അടച്ചു തീർക്കാനുള്ള അവസാന ചുമതല കേരളത്തിലെ ജനങ്ങളുടെ ചുമലിൽ എത്തും എന്ന് തന്നെ. നിലവിലുള്ള കേരളത്തിൻറെ പൊതുകടം വരും നാളുകളിൽ പെരുകും. അടുത്തമാസം കേരളത്തിൽ ഓണമാണ്. ഓണത്തോടനുബന്ധിച്ച് സർക്കാരിൽ ഉണ്ടാവുന്ന അധിക ചെലവുകൾ ഏതാണ്ട് ഇരുപതിനായിരം കോടിയോളം വരും. സർക്കാർ ജീവനക്കാരുടെ ശമ്പളം, മറ്റാനുകൂല്യങ്ങൾ, പെൻഷൻ വിതരണം, സാമൂഹിക ക്ഷേമ പെൻഷൻ വിതരണം, ഓണത്തോടനുബന്ധിച്ച് ജനങ്ങൾക്ക് നൽകുന്ന മറ്റ് ആനുകൂല്യങ്ങൾ, ഇവയെ നേരിടണമെങ്കിൽ ഇരുപതിനായിരം കോടിയോളം രൂപ അധികമായി കണ്ടെത്തേണ്ടതുണ്ട്. സംസ്ഥാന ധനകാര്യ മന്ത്രി തന്നെയാണ് ഇതും കൂടി കണക്കുകൂട്ടിയാൽ പൊതു കടം അഞ്ചു ലക്ഷം കോടി രൂപ കവിയും എന്ന് പറയുന്നത്. സംസ്ഥാന സർക്കാരിന്റെയും കേന്ദ്രസർക്കാരിന്റെയും ധനകാര്യ വിഭാഗങ്ങളുടെ കണക്കുപ്രകാരം കേരളത്തിൽ സർക്കാരിൻറെ ധനകാര്യ മാനേജ്മെൻറ് താളം തെറ്റി പ്രവർത്തിക്കുന്നു എന്ന് വെളിപ്പെടുത്തുന്നുണ്ട്. നികുതി പിരിവാണ് സംസ്ഥാന സർക്കാരിന്റെ വരുമാനസ്രോതസ്. ഇതിൽ വലിയ ഇടിവുണ്ടായിട്ടുണ്ട്. ഈ സ്ഥിതി നിലനിൽക്കുമ്പോൾ തന്നെ കേരളത്തിനു മാത്രമായി മറ്റു ചില സാമ്പത്തിക തകർച്ചകളുണ്ടാകുന്നത്. കേരളത്തിൻറെ സമ്പത്ത് ഘടനയിലെ മുഖ്യ പങ്കാളിത്തം എന്നത് കേരളം വിട്ട് പുറത്തുപോയിട്ടുള്ള പ്രവാസി മലയാളികളാണ്. കോവിഡിന് ശേഷം ആഗോളതലത്തിലുണ്ടായ തൊഴിൽകുറവും ശമ്പളം വെട്ടിക്കുറക്കലും കേരളത്തെ ശക്തമായി ബാധിച്ചു. ഗൾഫ് രാജ്യങ്ങളിൽ നിന്ന് കേരളത്തിലെത്തിയിരുന്ന പണത്തിന്റെ ഒഴുക്ക് പകുതിയോളം കുറഞ്ഞു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി കേരളത്തിലെ തൊഴിൽ മേഖല വൻ പ്രതിസന്ധിയാണ്. നിർമ്മാണ മേഖല, കൈത്തൊഴിൽ, വ്യവസായം, ഇവയിലെല്ലാം തൊഴിൽ ദിനങ്ങളും പുതിയ തൊഴിൽ സാധ്യതകളും കുറഞ്ഞു. സ്വകാര്യ മേഖലയിലുള്ള വൻകിട കമ്പനികൾ പോലും ശമ്പള വെട്ടിക്കുറവ് നടപ്പിൽ വരുത്തി. സ്വകാര്യ മേഖലയിൽ ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്ന രീതിയും, ദേശീയതലത്തിലുള്ള പ്രത്യാഘാതങ്ങളും നമ്മുടെ തൊഴിൽ മേഖലയെ കാര്യമായി ബാധിച്ചു. സർക്കാർ സംവിധാനങ്ങളിൽ പുതിയ നിയമനങ്ങൾ നടക്കാത്തതും പ്രതിസന്ധിയായി. തൊഴിലും വരുമാനവും കുറയുമ്പോൾ പൊതുജനങ്ങളുടെ വിപണി ഇടപെടലും അതിനനുസൃതമായി കുറയും. പൊതു വിപണിയിൽ പണത്തിന്റെ ഒഴുക്ക് ഇല്ലാതാകുന്നതോടെ സാമ്പത്തിക മേഖല താറുമാറാകും. കേരളത്തെ സംബന്ധിച്ചിടത്തോളം കാലങ്ങളായുള്ള കാർഷിക വ്യാവസായിക മേഖല വൻ തകർച്ചയിലെത്തി. ഈ തൊഴിൽ മേഖലയിൽ ഉണ്ടായിരുന്നവർ ഇപ്പോൾ പ്രായാധിക്യത്താൽ സർക്കാരിൻറെ സാമൂഹിക പെൻഷൻ ആശ്രയിക്കേണ്ട ഗതികേടിലുമായി. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകൾക്കിടയിൽ കേരളത്തിൽ വന്നിട്ടുള്ള പൊതുവായ മാറ്റങ്ങളും സാമ്പത്തിക ഏറ്റക്കുറച്ചിലിനു കാരണമായിട്ടുണ്ട്. കേരളത്തിലെ ഏതാണ്ടെല്ലാ തൊഴിൽ മേഖലകളും അന്യസംസ്ഥാന തൊഴിലാളികൾ കയ്യടക്കി. ഇതിനർത്ഥം കേരളത്തിൽ തൊഴിൽ അവസരങ്ങൾ കുറഞ്ഞു എന്നല്ല. വിദ്യാസമ്പന്നരല്ലാത്ത വിഭാഗങ്ങൾ ചെയ്തിരുന്ന മേഖലകളിലെല്ലാം അന്യസംസ്ഥാന തൊഴിലാളികൾ കടന്നുകൂടി. മലയാളികൾ കൂലിപ്പണിയോട് വിരക്തി കാണിച്ചപ്പോൾ, ആ അവസരം അന്യസംസ്ഥാന തൊഴിലാളികൾ മുതലാക്കി. ഈ സാഹചര്യം കൊണ്ടുണ്ടായ ഗുണം അന്യസംസ്ഥാന തൊഴിലാളികൾക്കാണ്. കേരളത്തിൽ ചെലവഴിക്കപ്പെടുന്ന തൊഴിലുമായി ബന്ധപ്പെട്ട വരുമാനം അന്യസംസ്ഥാന തൊഴിലാളികൾ അവരുടെ നാട്ടിലേക്ക് കൊണ്ടുപോവുകയും, അവരുടെ നാടിനെ പുരോഗതിയിലേക്കു ഉയർത്തുകയും ചെയ്തു. ഇതുമൂലം സംസ്ഥാന സർക്കാരിന് തൊഴിൽ അടിസ്ഥാനത്തിലുള്ള നികുതി കിട്ടാതായി. കഴിഞ്ഞ 10 വർഷത്തിനിടയിൽ കേരളത്തിലെ യുവതലമുറ കേരളത്തിൻറെ തൊഴിൽ രംഗത്തെ വലിയ ഇടിവുകൾ പരിഹരിക്കാൻ അന്യ രാഷ്ട്രങ്ങളിലേക്ക് തൊഴിൽ തേടി പോയി. മറ്റൊരു പ്രവണത കേരളത്തിലെ ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്ന യുവതലമുറ വിദേശരാജ്യങ്ങളിൽ പോയി പഠനത്തോടൊപ്പം തൊഴിൽ ചെയ്തു വരുമാനമുണ്ടാക്കുക എന്നതാണ്. ഇത് മൂലം കേരളത്തിൽ വിദ്യാഭ്യാസ മേഖലയിലും ഇടിവുണ്ടായി. ഇത്തരത്തിൽ കേരളത്തിൻറെ സാമ്പത്തിക സ്ഥിതിവിവര കണക്കുകൾ ഓരോന്നായി പരിശോധിച്ചാൽ മലയാളികൾ വല്ലാതെ ആശങ്കയിലാകും. വരുംനാളുകളിലും സർക്കാരിൻറെ ഖജനാവ് കൂടുതൽ കാലിയാവുകയും ആ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് ജനങ്ങൾ കൂടുതലായി നികുതിയടക്കമുള്ള സർക്കാർ വിഹിതങ്ങൾ നൽകേണ്ട സ്ഥിതിയുമുണ്ടാകും. ഇപ്പോൾതന്നെ അത്യാവശ്യ സർവീസായി കണക്കാക്കപ്പെടുന്ന കുടിവെള്ളം, വൈദ്യുതി, ഗതാഗതം, ഭക്ഷണം, ഭവനം തുടങ്ങിയ എല്ലാറ്റിനും സാധാരണ ജനങ്ങളിൽ നിന്ന് സർക്കാർ താങ്ങാവുന്നതിനപ്പുറമുള്ള നിരക്കുകൾ ഈടാക്കുന്നുണ്ട്. ഇനിയും ഇതെല്ലാം വർദ്ധിപ്പിക്കുന്ന സാഹചര്യം ഉണ്ടായാൽ കേരളത്തിലെ ജനങ്ങൾ ഒന്നടങ്കം ആത്മഹത്യ ചെയ്യേണ്ട സ്ഥിതിയിലേക്കെത്തി ചേരും എന്നതാണ് പച്ചയായ യാഥാർത്ഥ്യം..