രാജീവ് ചന്ദ്രശേഖറെ ഒതുക്കാൻ പദ്ധതി.

വട്ടിയൂർക്കാവിൽ ആങ്ങള - പെങ്ങൾ മത്സരം..

കേരളത്തിൽ ഒരിക്കലും തീരാത്ത ആഭ്യന്തര പ്രശ്നമാണ് കോൺഗ്രസിലുള്ളത്. ആ കോൺഗ്രസ് പാർട്ടിയെയും വെല്ലുന്ന രീതിയാണ് കേരളത്തിലെ ബിജെപിയുടേത്. ഉത്തരേന്ത്യയിലും മധ്യ ഇന്ത്യയിലും മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും ആധിപത്യം ഉറപ്പിച്ച് ഭരണമുറപ്പിച്ച പാർട്ടിയാണ് ബിജെപി. കേരളത്തിലെ ഓരോ തിരഞ്ഞെടുപ്പ് വരുമ്പോഴും ഇത്തവണ ഞങ്ങൾ പിടിച്ചെടുക്കും എന്നൊക്കെ പറയാറുണ്ടെങ്കിലും ഇതുവരെ ഒരു മുന്നേറ്റത്തിനും ബിജെപിക്ക് കഴിഞ്ഞിട്ടില്ല. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം നേമം മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച ഒ രാജഗോപാൽ വിജയിച്ചിരുന്നു. ആ വിജയം ബിജെപിയുടെ കരുത്തല്ല, രാജഗോപാൽ എന്ന രാഷ്ട്രീയക്കാരന്റെ വ്യക്തിത്വമായിരുന്നു. ആ രാജഗോപാൽ തന്നെ അടുത്ത തെരഞ്ഞെടുപ്പിൽ തോൽക്കുകയും ചെയ്തു. കേരളത്തിലെ ബിജെപിക്ക് ഇതല്ലാതെ നിയമസഭയിലേക്ക് കാലുകുത്താൻ നടത്തിയ ഒരു ചരിത്രവും പറയാനുണ്ടാവില്ല. കേരളം, തമിഴ്നാട് തുടങ്ങി തെക്കേ അറ്റത്തുള്ള സംസ്ഥാനങ്ങൾ ഒഴികെ മറ്റെല്ലായിടത്തും ബിജെപി ഭരണത്തിലുണ്ട്. കേരളത്തിലും ഞങ്ങൾ അധികാരത്തിൽ വരും എന്നൊക്കെ ദേശീയ നേതാക്കൾ ഒന്നടങ്കം പറയുന്നുണ്ടെങ്കിലും അതിനുള്ള സാധ്യത അടുത്ത കാലത്തൊന്നും ഉണ്ടാകാനുള്ള സാധ്യത കാണുന്നില്ല. കേരളം പിടിച്ചെടുക്കുന്നതിന് പാർട്ടിയുടെ കേന്ദ്രനേതൃത്വം രാജീവ് ചന്ദ്രശേഖരനെ കേരളത്തിലേക്ക് പാർട്ടി പ്രസിഡണ്ടായി കൊണ്ടുവന്ന് ഉത്തരവാദിത്വമേൽപ്പിച്ചു. എങ്കിലും കേരളത്തിലെ ബിജെപിക്ക് കാര്യമായ മുന്നേറ്റം ഉണ്ടാക്കാനായിട്ടില്ല. മാത്രവുമല്ല ഇപ്പോൾ നേതാക്കൾ തമ്മിലുള്ള ഭിന്നതയാൽ പാർട്ടി കൂടുതൽ തളർച്ചയിലേക്കാണ് പോകുന്നത്. കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗം എറണാകുളത്ത് നടന്നത് തർക്കത്തിലാണ് അവസാനിച്ചത്. പാർട്ടിയുടെ സംസ്ഥാന ഭാരവാഹിത്വം മുതൽ ചില മുതിർന്ന നേതാക്കളുടെ സ്ഥാനമാറ്റം വരെ യോഗത്തിൽ പുകയുന്നുണ്ടായിരുന്നു. പാർട്ടിയുടെ മുതിർന്ന നേതാവായ സി കെ പത്മനാഭന് ഒരു പദവിയും നൽകാത്തത് വിവാദമായപ്പോൾ അദ്ദേഹത്തെ കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. ഈ യോഗത്തിലെ മുഖ്യവിഷയം വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിനിർണയമായിരുന്നു. മുതിർന്ന നേതാക്കൾ എല്ലാരും തന്നെ മത്സരരംഗത്ത് വരണം എന്ന തീരുമാനം യോഗത്തിലുണ്ടായി. എന്നാൽ എവിടെയൊക്കെ മുൻപ്രസിഡന്റുമാർ മത്സരിക്കണം എന്നത് തർക്കത്തിലാണ് അവസാനിച്ചത്. വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മൊത്തം വാർഡുകളിൽ 25% മെങ്കിലും വിജയിപ്പിച്ചെടുക്കണം എന്ന തീരുമാനം യോഗം കൈക്കൊണ്ടു. ഇതിനുവേണ്ടി പ്രത്യേക ജില്ലാ സമിതികൾ രൂപീകരിക്കാനും തീരുമാനമായി. എന്നാൽ ഇതത്ര എളുപ്പമാവാനുംസാധ്യതയില്ല. കോർ കമ്മറ്റി യോഗത്തിലെ ഏറെനേരം നീണ്ടുനിന്ന ചർച്ചാ വിഷയം നിയമസഭ തെരഞ്ഞെടുപ്പായിരുന്നു. പാർട്ടി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ നിയമസഭാ സ്ഥാനാർത്ഥിയാവാൻ മുൻ നിരയിലുണ്ട്. പാർട്ടിയുടെ മുൻ സംസ്ഥാന പ്രസിഡണ്ട്മാർ, വൈസ് പ്രസിഡന്റുമാർ, സീനിയർ ജനറൽ സെക്രട്ടറിമാർ, ഇവരെല്ലാം മത്സരിക്കുക. ബിജെപിയുടെ സഖ്യകക്ഷികൾക്കും സീറ്റ് നൽകേണ്ടതായിവരും. ബിജെപിക്കൊപ്പമുള്ള തുഷാർ വെള്ളാപ്പള്ളിയുടെ ബി.ഡി.ജെ എസ് പാർട്ടിക്ക് കുറഞ്ഞത് അഞ്ചു സീറ്റുകൾ നൽകുന്നതിന് സമ്മതിച്ചിട്ടുണ്ട്. പാർട്ടിയുടെ പ്രസിഡണ്ടായ തുഷാർ വെള്ളാപ്പള്ളി കോട്ടയം മണ്ഡലത്തിൽ മത്സരിക്കും.
നിയമസഭാ തെരഞ്ഞെടുപ്പിൽ ഉറപ്പായും ജയസാധ്യതയുള്ള 10 മണ്ഡലങ്ങൾ എ ക്ലാസ് മണ്ഡലങ്ങളായി തിരിച്ച്‌ സാധ്യതയുള്ള മറ്റു 15 മണ്ഡലങ്ങൾ ബി ക്ലാസ് മണ്ഡലങ്ങളാക്കുകയും, ജാഗ്രത സമിതികളും സമൂഹ മാധ്യമ ഗ്രൂപ്പുകളും തെരഞ്ഞെടുപ്പ് പ്രവർത്തന മേൽനോട്ട കമ്മറ്റികളും രൂപീകരിച്ച്‌ മുന്നേറുക. പൂർണ്ണമായും ജയസാധ്യതയുള്ള നേമം, തൃശ്ശൂർ, വട്ടിയൂർക്കാവ്, കഴക്കൂട്ടം, ചെങ്ങന്നൂർ, വർക്കല, പാലക്കാട്, ആറന്മുള, തുടങ്ങിയ മണ്ഡലങ്ങളിലേക്കാണ് പ്രത്യേക സമിതികൾ രൂപീകരിക്കുക. ജയസാധ്യതയേറെയുള്ള വട്ടിയൂർക്കാവ് നിയമസഭ മണ്ഡലത്തിൽ കോൺഗ്രസിന്റെ മുതിർന്ന നേതാവ് മുരളീധരൻ യുഡിഎഫ് സ്ഥാനാർഥി ആയി വരാൻ സാധ്യതയുണ്ട്. മുരളിയാണ് അവിടെ സ്ഥാനാർത്ഥി എങ്കിൽ സഹോദരിയായ പത്മജയെ ബിജെപി സ്ഥാനാർത്ഥിയാക്കി മത്സരം കടുപ്പിക്കും. അപ്പോൾ സർവ്വസാധാരണമല്ലാത്ത ആങ്ങള – പെങ്ങൾ മത്സരം വട്ടിയൂർക്കാവിൽ അരങ്ങേറും. ഹൈന്ദവ വോട്ടുകൾ പ്രതീക്ഷിക്കാവുന്ന ആറന്മുളയിൽ മുൻ സംസ്ഥാന പ്രസിഡൻറും ആർ എസ് എസ് ൻ്റെ പ്രിയങ്കരനുമായ കുമ്മനം രാജശേഖരൻ സ്ഥാനാർത്ഥിയാകും. മുൻ പ്രസിഡൻറ് കെ സുരേന്ദ്രൻ തൃശ്ശൂരിലും, രാജീവ് ചന്ദ്രശേഖർ നേമം മണ്ഡലത്തിലും മാറ്റുരക്കും. ഏത് മണ്ഡലത്തിൽ നിർത്തിയാലും ശക്തമായ മത്സരം ഉറപ്പാക്കുകയും, വൻതോതിൽ വോട്ട് നേടുവാനും കഴിവുള്ള ശോഭാ സുരേന്ദ്രൻ പുതുക്കാട് മത്സരിക്കാനാണ് സാധ്യത. മറ്റൊരു നേതാവായ എം ടി രമേശ് കോഴിക്കോട് നോർത്തിലും മത്സരത്തിനിറങ്ങും, മുൻ ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ള, സി കെ പത്മനാഭൻ, എ എൻ രാധാകൃഷ്ണൻ തുടങ്ങിയവരും സ്ഥാനാർത്ഥിയാകാൻ മുന്നിലുണ്ട്. സമീപകാലത്ത് ബിജെപിയിലേക്ക് ചേക്കേറിയ കേരള കോൺഗ്രസ് നേതാവായ പി സി ജോർജ് പൂഞ്ഞാർ മണ്ഡലത്തിലും മകനായ ഷോൺ ജോർജ് തിരുവല്ല മണ്ഡലത്തിലും മത്സരിക്കും. അങ്ങനെ നോക്കിയാൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും, നിയമസഭാ തെരഞ്ഞെടുപ്പിലും ചർച്ചകളും തീരുമാനങ്ങളുമായി സംസ്ഥാന പ്രസിഡൻറ് രാജീവ് ചന്ദ്രശേഖർ നേതൃനിരയിൽ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു. ഇതിൽ എത്രകണ്ട് സുഗമമായ ഭാവി പ്രവർത്തനങ്ങൾ ഉണ്ടാകും എന്ന കാര്യത്തിൽ മാത്രമേ ആശങ്കയുള്ളൂ. മുൻ ബിജെപി നേതാക്കളെ പലരെയും അവഗണിച്ചുള്ള പ്രവർത്തനങ്ങളാണ് രാജീവ് ചന്ദ്രശേഖറിന്റെ ഭാഗത്തുള്ളത്. കേന്ദ്ര നേതാക്കളുടെ പിന്തുണ ഉള്ളതുകൊണ്ട് എന്ത് ധിക്കാരപരമായ നിലപാട് സ്വീകരിക്കാനും രാജീവ് ചന്ദ്രശേഖർ മടിക്കില്ല. മുതിർന്ന നേതാക്കളുമായി കൂടിയാലോചനകൾ നടത്തുന്നതിനു പോലും പ്രസിഡൻറ് തയ്യാറാകുന്നില്ല എന്നത് കേരളത്തിലെ പാർട്ടി പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ മുതിർന്ന പല നേതാക്കളും രാജീവ് ചന്ദ്രശേഖരനിൽ നിന്നും അകലം പാലിക്കുകയാണ്. മുൻകേന്ദ്രമന്ത്രിയായിരുന്ന വി മുരളീധരനെ ഒതുക്കുന്ന സംസ്ഥാന പ്രസിഡന്റിന്റെ നിലപാടിൽ കടുത്ത അമർഷമുണ്ട്. നേതാക്കളെ പോലും ഒരുമിച്ച് കൊണ്ടുപോകാൻ കഴിയാത്ത നേതൃത്വത്തിന് തെരഞ്ഞെടുപ്പ് വിജയം എളുപ്പമാണോ എന്ന ചോദ്യവുമുണ്ട്. ബിജെപിയുടെ ചാലകശക്തിയായ ആർ എസ് എസ് പാർട്ടി കേന്ദ്രനേതൃത്വവുമായി അകലത്തിലാണ്. ആർ എസ് എസ് സംസ്ഥാന നേതാക്കളുമായി ഒട്ടും അടുപ്പത്തിലല്ല രാജീവ് ചന്ദ്രശേഖർ. ബിജെപി രാഷ്ട്രീയത്തിൽ കാര്യമായ ഒരു പ്രവർത്തന പാരമ്പര്യവും രാജീവ് ചന്ദ്രശേഖരനില്ല. വൻകിട വ്യവസായി എന്ന പച്ചപ്പിൽ ബിജെപി നേതാക്കളുമായി ബന്ധമുണ്ടാക്കുകയും കേന്ദ്രമന്ത്രിപദം ഒപ്പിച്ചെടുക്കുകയും ചെയ്ത രാജീവ് ചന്ദ്രശേഖർ ആരുമറിയാതെ ഒരു സുപ്രഭാതത്തിൽ ബിജെപിയുടെ സംസ്ഥാന പ്രസിഡണ്ടാവുകയാണ്. കേരളത്തിലെ ആർ എസ് എസിൻ്റെയും ബിജെപി യുടെയും കഴിഞ്ഞകാല പ്രവർത്തനങ്ങൾ എന്തായിരുന്നുവെന്നോ, എങ്ങനെ ആയിരുന്നുവെന്നോ ഒരു വിവരവുമില്ലാത്ത ആളായതുകൊണ്ടു തന്നെ രാജീവ് ചന്ദ്രശേഖറിന് പാർട്ടി നേതാക്കളെ ഒപ്പം നയിക്കാൻ കഴിയുന്നുമില്ല. ഇക്കാരണത്താൽ നിയമസഭ തെരഞ്ഞെടുപ്പിൽ ഏറ്റവും കുറഞ്ഞത് പത്തു മണ്ഡലങ്ങളിലെ വിജയവും, തദ്ദേശ തെരഞ്ഞെടുപ്പിൽ മൊത്തം വാർഡുകളിൽ 25% വാർഡുകളും നേടിയെടുക്കുക എന്ന രാജീവ് ചന്ദ്രശേഖറിൻ്റെ സ്വപ്നം കേരളത്തിലെ ഇപ്പോഴത്തെ ബിജെപിയുടെ നേര്കാഴ്ചയിൽ നടപ്പാക്കുമോ എന്ന് കണ്ടറിയാം, കൊണ്ടറിയാം..