പഞ്ചായത്ത് മുൻസിപ്പൽ തെരഞ്ഞെടുപ്പ് ബഹളവും രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പെണ്ണ് കേസ് വിഷയവും കത്തിപ്പടരുമ്പോൾ ഇതൊന്നും പരിഗണിക്കാതെ ശബരിമല സ്വർണ കൊള്ളയുടെ കേസിൽ ശക്തമായ നീക്കങ്ങളുമായി ആണ് ഹൈക്കോടതി മുന്നോട്ടു പോകുന്നത്.ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ചാണ് ശബരിമല സ്വർണ്ണ തട്ടിപ്പ കേസുകൾ കൈകാര്യം ചെയ്യുന്നത്. ഹൈക്കോടതി തന്നെ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘമാണ് ഈ കേസിൽ അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്നത്. അന്വേഷണം സമയപരിധിക്കുള്ളിൽ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കുന്നതിന് ഹൈക്കോടതി നേരത്തെ തന്നെ അന്വേഷണ സംഘത്തോട് നിർദ്ദേശിച്ചിരുന്നു. ഈ ഘട്ടത്തിൽ ആണ് ഇടക്കാല റിപ്പോർട്ട് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചത്. ഈ റിപ്പോർട്ട് പരിശോധിച്ച ഹൈക്കോടതി ഈ കേസിൽ ഇനിയും വമ്പൻ സ്രാവുകൾ ഇടപെട്ടിട്ടുണ്ട് എന്നും അതിൻറെ സൂചനകളാണ് അന്വേഷണ സംഘം കണ്ടെത്തിയത്തുമെന്നും വിലയിരുത്തുകയുണ്ടായി. എത്ര വലിയ കൊമ്പൻ ആയാലും ഒരു വിട്ടുവീഴ്ചയും ഇല്ലാതെ അന്വേഷണവുമായി മുന്നോട്ടു പോകാനാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.
ഹൈക്കോടതിയുടെ പുതിയ നിർദ്ദേശങ്ങളും പരാമർശങ്ങളും രണ്ടുപേരുടെ ഉറക്കം കെടുത്തുന്നു എന്നുള്ള വാർത്തകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ഒന്നാം പിണറായി സർക്കാരിൻറെ കാലത്ത് ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനും ഇപ്പോൾ ദേവസ്വം മന്ത്രിയായി പ്രവർത്തിക്കുന്ന വാസവനും ഈ കേസുകളിൽ കുടുങ്ങുമോ എന്ന സംശയങ്ങളാണ് ഉയർന്നുകൊണ്ടിരിക്കുന്നത്. ഇത്തരത്തിലുള്ള വാർത്തകൾ വന്നപ്പോൾ ശബരിമല സ്വർണ്ണ തട്ടിപ്പ് കേസിൽ തങ്ങൾക്ക് ഒരു പങ്കും ഇല്ല എന്ന് മുൻ മന്ത്രിയും ഇപ്പോഴത്തെ മന്ത്രിയും പറഞ്ഞിട്ടുണ്ട്. എന്നാൽ കേരളത്തിലെ ദേവസ്വം ബോർഡ് ഭരിക്കുന്ന ദേവസ്വം മന്ത്രി അറിയാതെ കോടിക്കണക്കിന് രൂപയുടെ സ്വർണ്ണ തട്ടിപ്പ് നടക്കില്ല എന്ന വിശ്വാസത്തിലാണ് അന്വേഷണസംഘം നീങ്ങുന്നത്.തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ കീഴിലാണ് ശബരിമല ക്ഷേത്രം പ്രവർത്തിക്കുന്നത്.
ദേവസ്വം ബോർഡും ദേവസ്വം മന്ത്രിയുടെയും നേരിട്ടുള്ള നിയന്ത്രണത്തിലും ആണ് ശബരിമല ക്ഷേത്രം. ആ ശബരിമലയിലെ കിലോ കണക്കിന് തൂക്കമുള്ള സ്വർണ്ണം തട്ടിക്കൊണ്ടുപോയ ഏർപ്പാടുകളിൽ വകുപ്പുമന്ത്രി ഒന്നും അറിഞ്ഞില്ല എന്ന് പറഞ്ഞാൽ അത് വിശ്വസിക്കുന്ന ആൾക്കാരല്ല അന്വേഷണം സംഘം. ഇവിടെ മറ്റൊരു കാര്യം ശ്രദ്ധിക്കേണ്ടത്. ശബരിമല സ്വർണ്ണ തട്ടിപ്പ് കേസിൽ അന്വേഷണസംഘത്തെ നിയമിച്ചതും അവരുടെ അന്വേഷണത്തെ നിരീക്ഷിക്കുന്നതും ഹൈക്കോടതി ആണ്.അതല്ലാതെ ആഭ്യന്തര മന്ത്രി കൂടിയായ പിണറായി വിജയൻറെ പോലീസും സംഘവും അല്ല. പിണറായി വിജയൻറെ പോലീസായിരുന്നുയെങ്കിൽ ഇപ്പോൾ അകത്തായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമാരായ പത്മകുമാറും വാസുവും ഒക്കെ സ്വന്തം വീട്ടിൽ ഉണ്ടുറങ്ങി കഴിയുമായിരുന്നു. ഹൈക്കോടതി കൈവച്ചതോടുകൂടി പിണറായിയുടെ പിടിവിട്ടതുകൊണ്ടാണ് ഈ നേതാക്കൾ ഇപ്പോൾ അകത്തു കിടക്കുന്നത്. അതുകൊണ്ടുതന്നെയാണ് സ്വർണ്ണ തട്ടിപ്പ് കേസിലെ അന്വേഷണസംഘം ദേവസ്വം മന്ത്രിമാരുടെ വീടുകളിലേക്ക് കൂടി കടന്നു ചെല്ലാൻ ഏറെ വൈകിയില്ല എന്ന വാർത്തകൾ പുറത്തുവരുന്നത്.