എട്ടുവർഷം നീണ്ട വിചാരണയ്ക്കുശേഷം നടിയെ ആക്രമിച്ച കേസിന്റെ വിധി പുറത്തുവന്നു. മലയാളത്തിലെ ജനപ്രിയ നായകനായ ദിലീപ് പ്രതിയായ കേസിൽ ദിലീപിനെ കുറ്റ വിമുക്തനാക്കിയ വിധിയാണ് കോടതിയിൽ നിന്നും ഉണ്ടായത്. ഇതിൻറെ പേരിൽ വിധി പറഞ്ഞ ജഡ്ജിക്കെതിരെ പരാമർശങ്ങൾ ഉയരുന്നുണ്ട്. എന്നാൽ എട്ടു വർഷം മുൻപ് ഈ സംഭവം നടക്കുമ്പോൾ ഇതിൽ വ്യക്തിപരമായി പബ്ലിസിറ്റി മോഹിച്ച മുൻ എംഎൽഎ അന്തരിച്ച പിടി തോമസിൻ്റെ ഇടപെടലുകളാണ് വിഷയം കൂടുതൽ വഷളാക്കിയത്. ആക്രമണം നടന്ന ശേഷം വിവരം പുറത്തുവന്നപ്പോൾ പ്രശ്നപരിഹാരത്തിന് നടിനടന്മാരും, സാങ്കേതിക വിദഗ്ധരും അടക്കമുള്ള പ്രമുഖ സിനിമ പ്രവർത്തകർ രംഗത്ത് വന്നിരുന്നു. പ്രശ്നം ചർച്ച ചെയ്തു പരിഹരിക്കുന്നതിനുള്ള നടപടികളും അവർ എടുത്തിരുന്നു. എന്നാൽ നടിയുമായി ബന്ധപ്പെട്ടു കൊണ്ട് വിഷയം ഗൗരവമുള്ള കേസ് ആക്കി മാറ്റണമെന്നും ധൈര്യമായി മുന്നോട്ടുപോകണമെന്നും മോൾക്ക് ഒപ്പം ഞാൻ എപ്പോഴും ഉണ്ടാകുമെന്നും വാശിപിടിച്ചത് അന്തരിച്ച പി ടി തോമസ് ആയിരുന്നു.
തൃശ്ശൂരിൽ നിന്നും എറണാകുളത്തുള്ള നടൻ ലാലിൻറെ ലാൽമീഡിയയിൽ സിനിമയുടെ ഡബ്ബിങ്ങിന് വേണ്ടി വരുന്ന വഴിക്കാണ് നടി ആക്രമിക്കപ്പെടുന്നത്. സംഭവ ശേഷം നടി ചെന്നത് ലാലിൻറെ വീട്ടിൽ ആയിരുന്നു. ലാൽ ബന്ധപ്പെട്ടത് നിർമ്മാതാവായ ആൻ്റോ ജോസഫിനെ ആയിരുന്നു. കോൺഗ്രസുകാരനായ ആന്റോ പി ടി തോമസിനെ രാത്രി തന്നെ ബന്ധപ്പെട്ടു. ഉടൻ തന്നെ പി ടി തോമസ് ലാലിൻറെ വീട്ടിൽ എത്തി നടിയുമായി നേരിട്ട് സംസാരിച്ചു. പിന്നീടാണ് പോലീസ് പരാതിയാക്കി മാറ്റിയത്. സിനിമാമേഖലയിലുള്ള സുഹൃത്തുക്കൾ അടക്കം ബന്ധപ്പെട്ടതോടെ കേസ് ഒഴിവാക്കാൻ ആക്രമിക്കപ്പെട്ട നടി തയ്യാറായിരുന്നു. എന്നാൽ ഒരു കാരണവശാലും അക്രമികളെ വെറുതെ വിടരുത് എന്നും ധൈര്യമായി മുന്നോട്ടു പോണം എന്നും വാശിപിടിച്ചത് പിടി തോമസ് ആയിരുന്നു.
അക്രമം നടന്ന ശേഷം വലിയ വാർത്തയായി സംഭവം മാറിയതോടെ സിനിമാ മേഖലയിലെ പ്രമുഖരെല്ലാം നിശബ്ദരാകുന്ന സ്ഥിതിയാണ് ഉണ്ടായത്. സംഭവദിവസം ആക്രമിക്കപ്പെട്ട നടി സഹായം തേടിയെത്തിയ ലാൽ പോലും ഒരു വിഷയത്തിലും പിന്നെ ഇടപെട്ടില്ല. അപ്പോഴും എന്തോ വാശിയുമായി പിടി തോമസ് രംഗം ഇടാതെ നിൽക്കുകയാണ് ചെയ്തത്.
കേസിൽ നടനായ ദിലീപ് പ്രതിയായി വന്നതോടുകൂടി സിനിമ മേഖലയിലെ താരങ്ങളും സാങ്കേതികവിദഗ്ധരും പരാതിക്കാരിക്ക് എതിരെ നീങ്ങുന്ന സ്ഥിതി വരെ ഉണ്ടായി. ഇതിന് ന്യായമായ കാരണവും ഉണ്ടായിരുന്നു. സിനിമ മേഖല പലവിധത്തിലുള്ള ക്രമംവിട്ട ഏർപ്പാടുകൾ നടക്കുന്ന ഫീൽഡ് ആണ്. കോടികൾ ഒഴുകി മറിയുന്ന സിനിമ മേഖലയിൽ സ്ഥിരമായി സാമ്പത്തിക തർക്കങ്ങളും മറ്റുതരത്തിലുള്ള സംഘർഷങ്ങളും കടന്നു വരാറുണ്ട്. ഇതെല്ലാം ചർച്ചയിലൂടെ പരിഹരിച്ചു പോകുന്ന സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്. ഏറ്റവും ഒടുവിൽ സിനിമയിലെ സ്ത്രീകൾ അനുഭവിക്കുന്ന ദുരിതങ്ങൾ പരിഹരിക്കാൻ സർക്കാർ നിയോഗിച്ച ഹേമ കമ്മിറ്റിക്ക് മുന്നിൽ പരാതി പറഞ്ഞ് നടികൾ പോലും പിന്നീട് പരാതികളിൽ നിന്നും പിന്മാറി തങ്ങളുടെ തൊഴിലിന് തടസ്സമുണ്ടാക്കാതെ സിനിമയിൽ ഉറച്ചു നിന്ന അനുഭവങ്ങളും നമ്മൾ കണ്ടതാണ്.
ഇപ്പോൾ ഏതായാലും എട്ടുവർഷത്തെ നീണ്ടകാല വിചാരണയ്ക്കുശേഷം വിധി പുറത്തുവന്നപ്പോൾ കേസിൽ പ്രതിയായ നടൻ ദിലീപിനെ കോടതി വെറുതെ വിട്ടിരിക്കുകയാണ്. സംഭവം നടത്തുന്നതിന് ദിലീപ് ഗൂഢാലോചന നടത്തി എന്നതായിരുന്നു കേസിലെ പ്രധാന പ്രശ്നം. എന്നാൽ ഇത് തെളിയിക്കുവാൻ അന്വേഷിച്ച സംഘത്തിന് കഴിഞ്ഞില്ല എന്ന കണ്ടെത്തൽ നിരത്തി കൊണ്ടാണ് ദിലീപിനെ കോടതി വെറുതെ വിട്ടത്. ഏതായാലും കേസ് ഇനിയും പലതരത്തിലും അപ്പീലുകളായി തുടരും എന്നത് ശരിയാണ്. എന്നാൽ സിനിമ മേഖലയിൽ പലപ്പോഴും ഇത്തരം സംഭവങ്ങൾ അരങ്ങേറുന്നത് സാമ്പത്തിക ഇടപാടുകളുടെ പേരിലും മറ്റും ആണ്. മറ്റു ചില വ്യക്തിപരമായ വൈരാഗ്യങ്ങളും വിഷയമാകുന്നുണ്ട്. അതുകൊണ്ടാണ് ഇതിൻറെ തുടക്കം ദിലീപിൻറെ ആദ്യ ഭാര്യ ആയിരുന്ന മഞ്ജു വാര്യരുടെ ഇടപെടൽ വഴിയാണെന്ന് കോടതി വെറുതെ വിട്ട സമയത്ത് ദിലീപ് ആദ്യം തന്നെ തുറന്നു പറഞ്ഞത്. ഒരു കാര്യം ആർക്കും മനസ്സിലാവുന്നുണ്ട്. നടി ആക്രമണ കേസിൻ്റെ പിറകിൽ ഇനിയും തെളിയിക്കപ്പെടേണ്ട മറ്റു പലരുടെയും ഇടപെടലുകൾ ഉണ്ട്. അതെല്ലാം ഇപ്പോഴും നിഗൂഢമായി മറഞ്ഞുനിൽക്കുന്നു എന്നതാണ് വസ്തുത.