പഞ്ചായത്ത് മുൻസിപ്പൽ തെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ കഴിഞ്ഞാൽ കേരളത്തിലെ അതിശക്തരായ രണ്ടു നേതാക്കളെയാണ് പ്രത്യക്ഷത്തിൽ തെരഞ്ഞെടുപ്പ് ഫലം ബാധിക്കുന്നത്. തുടർഭരണം നേടിയെടുത്ത ചോദ്യം ചെയ്യപ്പെടാത്ത നേതാവായി വിലസുന്ന പിണറായി വിജയനും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നൂറിലധികം സീറ്റിന്റെ വിജയം ഉറപ്പാക്കി മുഖ്യമന്ത്രിയാകാൻ തീരുമാനിച്ചിട്ടുള്ള പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഭാവി തീരുമാനിക്കപ്പെടുന്ന തെരഞ്ഞെടുപ്പ് ഫലമായിരിക്കും തദ്ദേശ വോട്ടെടുപ്പിലൂടെ പുറത്തുവരുന്നത്.രണ്ടാം പിണറായി സർക്കാരിൻറെ നേട്ടം ജനങ്ങളിൽ പറഞ്ഞുകൊണ്ട് വളരെ ഉയരത്തിൽ എത്തി നിൽക്കുകയാണ് പിണറായി വിജയൻ. എങ്കിലും കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിലെയും കേരളത്തിൽ നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിലെയും പരാജയങ്ങൾ പിണറായി വിജയനെ ക്ഷീണിതാനാക്കിയിട്ടുണ്ട്. അടുത്തവർഷം ആദ്യം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലസൂചനയായി മാറുന്നതാണ് പഞ്ചായത്ത് മുൻസിപ്പൽ തെരഞ്ഞെടുപ്പ് ഫലങ്ങൾ. ഇതുവരെ നടന്ന തെരഞ്ഞെടുപ്പുകളിൽ ഇടതുമുന്നണിക്ക് തിരിച്ചടി ഉണ്ടാക്കിയത് ഭരണ വിരുദ്ധ വികാരമാണ് എന്ന് രാഷ്ട്രീയ നിരീക്ഷകർ ഏകകണ്ഠമായി പറഞ്ഞിട്ടുള്ളതാണ്.
ഇതുവരെ ഉള്ള ക്ഷീണങ്ങൾ പരിഹരിച്ച് ഇടതുമുന്നണിയെ വീണ്ടും അധികാരത്തിൽ എത്തിച്ചില്ല എങ്കിൽ പിണറായി വിജയൻറെ സർവ്വാധിപത്യം തകരുന്ന സ്ഥിതി ഉണ്ടാകും. ഇപ്പോഴത്തെ സാഹചര്യത്തിൽ സിപിഎമ്മിന്റെ ദേശീയ ജനറൽ സെക്രട്ടറി മലയാളിയായ എം എ ബേബി ആണ്. ബേബിയെ ജനറൽ സെക്രട്ടറി പദവിയിലേക്ക് കൊണ്ടുവന്നത് പിണറായി ആണെങ്കിലും പാർട്ടിക്കും സർക്കാരിലും തിരിച്ചടി ഉണ്ടായാൽ കേന്ദ്ര ഇടപെടൽ എന്ന രീതിയിൽ പിണറായിക്കെതിരെ വാൾ ഓങ്ങാൻ എം എ ബേബി മടിക്കില്ല. മാത്രവുമല്ല പാർട്ടിയിലെ സീനിയർ ആയ ഒരുപറ്റം നേതാക്കൾ പിണറായിയോട് അകലം പാലിച്ചു നിൽക്കുന്നുണ്ട്. അവരും പിണറായിക്കെതിരെ തിരിയാനുള്ള സാധ്യത ഉണ്ടാകും.മറുവശത്ത് കോൺഗ്രസ് പാർട്ടിയെയും യുഡിഎഫിനെയും നയിക്കുന്നത് കോൺഗ്രസ് നേതാക്കളായ സതീശൻ, ചെന്നിത്തല, സണ്ണി ജോസഫ്, അടൂർ പ്രകാശ് തുടങ്ങിയ നേതാക്കളാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയം ഉണ്ടായാലും പരാജയം ഉണ്ടായാലും കോൺഗ്രസിൽ നേതാക്കളുടെ ഗ്രൂപ്പ് കളികളും തമ്മിലടിയും തുടരുക തന്നെ ചെയ്യും എന്നത് ഒരു വസ്തുതയാണ്.
എന്നാൽ രണ്ടു ഘട്ടങ്ങളിലായി പത്ത് വർഷം പ്രതിപക്ഷത്ത് ഇരിക്കുന്ന കോൺഗ്രസ് പാർട്ടിക്കും ഘടക കക്ഷികളായ മുസ്ലിം ലീഗ്, കേരള കോൺഗ്രസ് പാർട്ടിയും മറ്റുചില ഈർക്കിലി പാർട്ടികൾക്കും പിടിച്ചുനിൽക്കാൻ കഴിയാത്ത സ്ഥിതി ഉണ്ടാകും. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കിട്ടി അധികാരത്തിൽ വരും എന്ന ഒറ്റപ്രതീക്ഷയും ആയിട്ടാണ് കോൺഗ്രസ് നേതാക്കളും ലീഗ് നേതാക്കളും മുന്നണിയിൽ ഉറച്ചു നിൽക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടിയാണ് ഉണ്ടാകുന്നതെങ്കിൽ യുഡിഎഫിലെ മുന്നണി ബന്ധം തന്നെ തകരുന്ന സ്ഥിതി ഉണ്ടാകും. മാത്രവുമല്ല പ്രതിപക്ഷ നേതാവ് എന്ന നിലയിൽ കോൺഗ്രസ് പാർട്ടിയെയും മുന്നണിയെയും കയ്യടക്കി പോകുന്ന ആളാണ് വി ഡി സതീശൻ. തോൽവി ഉണ്ടാകുന്ന പക്ഷം എല്ലാ കോൺഗ്രസ് നേതാക്കളും ഘടകകക്ഷി നേതാക്കളും സതീശന് എതിരെ തിരിയും എന്നത് സത്യമായ കാര്യമാണ്. ഇത്തരം ഒരു അനുഭവം ഉണ്ടായാൽ കേരള രാഷ്ട്രീയത്തിൽ തന്നെ സതീശൻ ഒന്നുമല്ലാതാകുന്ന സ്ഥിതിവരും. ചെന്നിത്തലയും, മുരളീധരനും മറ്റുചിലരും ചേർന്ന് ഒരു പുതിയ കൂട്ടുകെട്ട് ഉണ്ടാവുകയും കോൺഗ്രസിനെ കയ്യിൽ ഒതുക്കുവാനുള്ള സ്ഥിതിയും വന്നുചേർന്നേക്കാം.
ശനിയാഴ്ച നടക്കുന്ന വോട്ടെണ്ണലിന്റെ ഫലം ഉച്ചയ്ക്ക് മുൻപായി പൂർണ്ണമായും പുറത്തുവരും. അതിനു മുൻപ് തന്നെ കേരളത്തിൽ എൽഡിഎഫ് അല്ലെങ്കിൽ യു ഡി എഫ് ഇതിൽ ഏതു മുന്നണി മുന്നിൽ വരും എന്ന് അറിയുവാൻ കഴിയും. ഈ തെരഞ്ഞെടുപ്പിൽ നിശബ്ദമായി പ്രവർത്തിച്ചു മുന്നേറാൻ ശ്രമിക്കുന്ന ബിജെപിയുടെ ശക്തിയും അളക്കുന്നതിന് ഈ തെരഞ്ഞെടുപ്പ് ഫലം വഴിയൊരുക്കും.