തരൂരിനെ കണ്ടു ഭയക്കുന്ന കോൺഗ്രസ് നേതാക്കൾ….

തരൂരിനെ കണ്ടു ഭയക്കുന്ന കോൺഗ്രസ് നേതാക്കൾ....

വിശ്വപൗരനായ ശശിതരൂർ എന്നൊക്കെ പുകഴ്ത്തി പറഞ്ഞുകൊണ്ട് അദ്ദേഹത്തെ തോളിലേറ്റിയ കോൺഗ്രസിന്റെ നേതാക്കൾക്ക് കുറച്ചുകാലമായി തിരൂർ എന്ന് പേരു കേൾക്കുന്നത് തന്നെ അലർജിയായി മാറിയിട്ടുണ്ട്. മൂന്ന് വർഷം മുൻപ് നടന്ന കോൺഗ്രസ് പാർട്ടിയുടെ പ്രസിഡൻറ് തെരഞ്ഞെടുപ്പ് വഴിയാണ് ശശി തരൂർ എന്ന കേരളീയൻ കോൺഗ്രസിന്റെ ദേശീയ രാഷ്ട്രീയത്തിൽ പ്രമുഖ വേഷത്തിലേക്ക് എത്തിയത്. പ്രവാസി ജീവിതം അവസാനിപ്പിച്ചു കേരളത്തിലേക്ക് തിരിച്ചുവന്ന മലയാളിയായ ശശി തരൂരിനെ എതിരേൽക്കാനും പാർലമെൻറിലേക്ക് മത്സരിപ്പിച്ച് വിജയിപ്പിക്കാനും പരിശ്രമിച്ചത് കോൺഗ്രസ് പാർട്ടിയാണ്. വിജയിയായ ശശി തരൂർ മറ്റുപല നേതാക്കളെക്കാൾ പ്രവർത്തനരംഗത്ത് മികവ് കാണിക്കുകയും ചെയ്തു. ഭരണപരമായും രാഷ്ട്രീയപരമായും നിഷ്പക്ഷവും നീതിപൂർവ്വകവുമായ നിലപാടുകളിൽ ഉറച്ചു നിൽക്കുന്ന ശൈലിയാണ് തരൂർ കാണിച്ചത്. അതുകൊണ്ടാണ് ദേശീയതലത്തിൽ തരൂരിന് കുറെയൊക്കെ അംഗീകാരം കിട്ടിയത്. ഈ അവസരത്തിലാണ് കോൺഗ്രസിന്റെ പാർട്ടി തെരഞ്ഞെടുപ്പിൽ പ്രസിഡണ്ട് സ്ഥാനത്തേക്ക് തരൂർ മത്സരിച്ചത്. കോൺഗ്രസിന്റെ ഉടമസ്ഥാവകാശം കയ്യിലുള്ള സോണിയാഗാന്ധിയും രാഹുൽ ഗാന്ധിയും ഒന്നും തരൂരിനെ കാര്യമായി പരിഗണിച്ചില്ല. ഔദ്യോഗിക സ്ഥാനാർഥിയായി മല്ലികാർജുൻ ഖാർഗെയെ സോണിയാഗാന്ധി പ്രഖ്യാപിക്കുകയും ചെയ്തു. അപ്പോഴും മത്സരത്തിൽ നിന്നും മാറാതെ തരൂർ പിടിച്ചുനിന്നു. ഒടുവിൽ വോട്ടെണ്ണിയപ്പോൾ രണ്ടാം സ്ഥാനത്ത് എത്തിയ തരൂർ അങ്ങനെ നേതാക്കൾക്ക് താല്പര്യമില്ലാതിരുന്നിട്ടും വർക്കിംഗ് കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെടുന്ന സ്ഥിതിയുണ്ടായി. പിന്നീടാണ് ഓരോ അവസരത്തിലും ശശി തരൂർ പാർട്ടിയുടെ നേതാക്കളുമായി കലഹിക്കുന്ന സാഹചര്യം ഉണ്ടായത്.

അടുത്തകാലത്തായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ വല്ലാതെ പുകഴ്ത്താൻ തുടങ്ങിയതാണ് തരൂരിനെ കോൺഗ്രസ് വിരോധിയാക്കാൻ കാരണമായത്. എന്നാൽ അപ്പോഴെല്ലാം യാഥാർത്ഥ്യങ്ങളെ അംഗീകരിക്കുകയാണ് പ്രതിപക്ഷ പാർട്ടികൾ ആണെങ്കിൽ പോലും നമ്മൾ ചെയ്യേണ്ടത് എന്ന് ന്യായീകരിക്കുകയാണ് തിരൂർ ചെയ്തത്. ഇന്ത്യ – പാക്ക് യുദ്ധത്തിൽ ഇന്ത്യയുടെ ഇടപെടൽ മറ്റു രാജ്യങ്ങളെ ബോധ്യപ്പെടുത്തുന്നതിന് രൂപീകരിച്ച എംപിമാരുടെ സംഘത്തിൽ തരൂരും വന്നതോടെ കോൺഗ്രസ് നേതാക്കൾക്ക് കണ്ണിൽ കടി തുടങ്ങി. തരൂര് ആകട്ടെ ഇതൊന്നും ഗൗരവത്തിൽ എടുക്കാതെ സ്വന്തം നിലപാടുമായി മുന്നോട്ടുപോയി. ഏറ്റവും ഒടുവിൽ പാർലമെൻറ് അകത്ത് കോൺഗ്രസ് നേതാക്കളും പ്രതിപക്ഷവും സ്ഥിരമായി ബഹളമുണ്ടാക്കി ഇറങ്ങി പോക്ക് നടത്തിയപ്പോൾ ശശി തരൂർ അതിനെയും വിമർശിച്ചു. രാജ്യത്തിന്റെയും ജനങ്ങളുടെയും പ്രശ്നങ്ങൾ ചർച്ചചെയ്ത് പരിഹരിക്കാനുള്ള വിലയേറിയ പാർലമെന്റിന്റെ സമയം പ്രതിപക്ഷം കളയുന്നത് ശരിയല്ല എന്നാണ് തരൂർ അഭിപ്രായപ്പെട്ടത്. ഇതിൻറെ പേരിലും തരൂരിനെതിരെ കോൺഗ്രസ് നേതൃത്വം പ്രതിഷേധം നടത്തി.

തരൂർ ഈ വിധത്തിൽ ആരെയും മൈൻഡ് ചെയ്യാതെ മുന്നോട്ടു പോകുമ്പോൾ ഒരു കാര്യം പൊതുജനം തിരിച്ചറിയുന്നുണ്ട്. ജനങ്ങൾക്ക് താല്പര്യം ഉള്ള വിഷയങ്ങളാണ് തരൂർ പറയുന്നത്. ജനത്തിന് അത് തിരിച്ചറിയാൻ കഴിയുന്നുണ്ട് എന്നത് ഒരു വസ്തുതയാണ്. അതുകൊണ്ടാണ് ശശിതരുരിനെതിരെ എതിർപ്പുകൾ കോൺഗ്രസ് ഉയർത്തുമ്പോഴും വിവിധ മേഖലകളിൽ ഉള്ള പ്രമുഖർ തരൂരിനെ ന്യായീകരിച്ചു നിലയുറപ്പിക്കുന്നത്. ഇത് ബോധ്യമായ കോൺഗ്രസ് നേതൃത്വം യഥാർത്ഥത്തിൽ ശശി തരൂർ എന്ന രാഷ്ട്രീയ നേതാവിനെ ഭയപ്പെടുന്നു എന്നതാണ് വസ്തുത. അതുകൊണ്ടാണ് തരൂരിനെതിരെ ഒന്നും ചെയ്യാൻ കഴിയാതെ കോൺഗ്രസ് നേതൃത്വം കയ്യുംകെട്ടി ഇരിക്കുന്നത്. തരൂർ പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്നതിനേക്കാൾ നിസ്സാരമായ കാര്യങ്ങൾ പറഞ്ഞതിന്റെ പേരിൽ എത്രയോ മുതിർന്ന നേതാക്കളെ കോൺഗ്രസ് നേതൃത്വം പുറത്താക്കിയിട്ടുണ്ട്. തരൂരിന്റെ കാര്യത്തിൽ അത്തരം നടപടി ഉണ്ടാകാത്തത് ശശിതരൂർ എന്ന നേതാവിനെ വല്ലാതെ കോൺഗ്രസ് ഭയക്കുന്നതുകൊണ്ട് തന്നെയാണെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.