ശബരിമല ഭരണത്തിനാളില്ല..

അയ്യപ്പന്മാർ വരുന്നു - തൊഴുത് മടങ്ങുന്നു..

ബരിമല സ്വർണ കൊള്ളയും കേസുകളും അറസ്റ്റുമെല്ലാം ശബരിമലയെ താളം തെറ്റിച്ചിരിക്കുന്നു.. സർക്കാർ ഏറെ ആവേശത്തോടെ നിയോഗിച്ച തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് ഐ എ എസു കാരനായ കെ ജയകുമാർ പോലും മേൽനോട്ടത്തിനു ശബരിമലയിൽ എത്തുന്നില്ല. ജയകുമാർ ചുമതല ഏറ്റതോടൊപ്പം ഭരണകക്ഷിയിലെ രണ്ട് പ്രതിനിധികളെ കൂടി ദേവസ്വം ബോർഡ് അംഗങ്ങൾ ആയി നിയമിച്ചിരുന്നു. ഇവരാരും ശബരിമലയിൽ കാലുകുത്താറില്ല. സന്നിധാനത്ത് എത്തുന്ന അയ്യപ്പഭക്തന്മാർ ദർശനം നടത്തി മടങ്ങുകയാണ്. മണ്ഡല മകരവിളക്ക് സീസണു വേണ്ടി നട തുറന്ന് ഒരു മാസം കഴിയുമ്പോഴും യാതൊരുവിധ വികസന പ്രവർത്തനങ്ങളും പുനരുദ്ധാരണ പ്രവർത്തനങ്ങളും ശബരിമലയിൽ നടന്നിട്ടില്ല. പുതിയ പ്രസിഡൻറ് ജയകുമാർ ചുമതല ഏറ്റപ്പോൾ നിർത്തിവച്ചിരുന്ന അന്നദാനത്തിന് പകരം വിഭവസമൃദ്ധമായ സദ്യ നൽകും എന്ന പ്രഖ്യാപനമുണ്ടായി, പക്ഷെ അതും അങ്കലാപ്പിലാണ്..ശബരിമലയിൽ ഉന്നതരുടെ നേതൃത്വത്തിൽ നടന്ന സ്വർണക്കൊള്ള പിടിക്കപ്പെട്ടതോടെ,, അവതാളത്തിലായ ശബരിമലയിലെ പ്രവർത്തനങ്ങൾ പരിഹരിക്കാൻ കഴിവുള്ള ആൾ എന്ന നിലയ്ക്കാണ് മുതിർന്ന ഉദ്യോഗസ്ഥനായിരുന്ന ജയകുമാറിനെ ബോർഡ് പ്രസിഡൻറ് ആയി സർക്കാർ നിയമിച്ചത്. എന്നാൽ ജയകുമാർ ഒപ്പമുള്ള ബോർഡ് അംഗങ്ങളുമായി ആലോചിക്കാതെ തീരുമാനങ്ങൾ പ്രഖ്യാപിച്ചതോടെ പ്രതിഷേധിച്ച്‌ ബോർഡ് അംഗങ്ങൾ മാറി നിൽക്കുന്ന സ്ഥിതിയുണ്ടായി. ഇത് ഇപ്പോഴും തുടരുകയാണ്..

ശബരിമലയിൽ എത്തുന്ന ഭക്തന്മാർ വളരെ പ്രാധാന്യത്തോടെ കാണുന്ന ഒന്നാണ് വഴിപാട് പ്രസാദമായ അപ്പവും അരവണയും…ഇതുപോലും അയ്യപ്പന്മാരുടെ ആവശ്യാനുസരണം വിതരണം ചെയ്യാൻ കഴിയുന്നില്ല. അപ്പം നിർമാണം കുറവായതുകൊണ്ട്,, ഒരു അയ്യപ്പന് പരമാവധി 20 അപ്പം എന്ന കണക്കിലാണ് ഇപ്പോൾ അപ്പവും അരവണയും വിതരണം ചെയ്യുന്നത്. ഒരു അയ്യപ്പൻ പമ്പയിൽ നിന്ന് തുടങ്ങിയാൽ സന്നിധാനം വരെ ദേവസ്വം ബോർഡിൻറെ സൗകര്യങ്ങളാണ് ഉപയോഗിക്കുന്നത്. മല കയറുന്ന അയ്യപ്പന്മാർക്ക് രോഗബാധയുണ്ടായാൽ ചികിത്സാസൗകര്യം പോലും പരിമിതമാണ്. ശൗചാലയങ്ങൾ ഒന്നും ഉപയോഗപ്രദമല്ല. കുടിവെള്ള വിതരണം വല്ലപ്പോഴും എന്ന രീതിയിലാണുള്ളത്. ഇതിന് കാരണമായി പറയുന്നത് ശബരിമലയി ഭരണസമിതി അംഗങ്ങളായവർ തിരിഞ്ഞുനോക്കുന്നില്ല എന്നതാണ്.. പ്രസിഡണ്ടായ ജയകുമാർ ഒരു മാസത്തിനിടയിൽ മൂന്നോ നാലോ ദിവസമാണ് ശബരിമലയിൽ എത്തിയത്.. ബോർഡ് അംഗങ്ങളുമായുള്ള ഭിന്നതയാണ് ഇതിന് പ്രധാന കാരണം. എന്നാൽ പുതിയതായി നിയമിച്ച ബോർഡ് അംഗങ്ങളായ രണ്ടുപേരും സിപിഎം – സിപിഐ പ്രതിനിധികളാണ്. ഇവർക്ക് ദൈവവിശ്വാസമില്ല. അതുകൊണ്ടുതന്നെ ക്ഷേത്രകാര്യങ്ങളിൽ ഇവർ വേണ്ടത്ര താൽപര്യം കാണിക്കുന്നില്ല എന്ന പരാതിയും അയ്യപ്പഭക്തന്മാർക്കിടയിലുണ്ട്. ഏതായാലും ശബരിമല സ്വർണ്ണകൊള്ള പുറത്തു വന്നതിന് ശേഷം ശബരിമലയിൽ ഭരണപരമായ സ്തംഭനാവസ്ഥ തുടരുന്നു എന്നതാണ് വാർത്തകൾ…