ഇടതുമുന്നണി പ്രധാന കക്ഷികളായ സിപിഎമ്മും സിപിഎമ്മും കുറച്ചുകാലമായി അത്ര നല്ല രസത്തിലല്ല. പിണറായി സർക്കാരിൻറെ പ്രവർത്തനത്തിൽ സിപിഐ സെക്രട്ടറി നേരിട്ട് എതിർപ്പുകൾ ഉന്നയിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടുകൂടി കമ്മ്യൂണിസ്റ്റ് ആധിപത്യമുള്ള ജില്ലകളിൽ സിപിഎം നേതാക്കളും സിപിഐ നേതാക്കളും പരസ്പര വൈരാഗ്യത്താൽ കണ്ടാൽ മിണ്ടാത്ത അവസ്ഥയിലുമെത്തിയിരിക്കുന്നു.. തോൽവിക്ക് ശേഷമുള്ള സിപിഎം – സിപിഐ നേതൃയോഗങ്ങളിൽ ഭരണ വിരുദ്ധ വികാരം തെരഞ്ഞെടുപ്പിലില്ല എന്നാണ് സിപിഎമ്മിന്റെ വിലയിരുത്തൽ. എന്നാൽ സിപിഐ നേതൃയോഗം മുഖ്യമന്ത്രി പിണറായി വിജയനെ പേരെടുത്തു കുറ്റപ്പെടുത്തുകയുണ്ടായി. മുഖ്യമന്ത്രി ഘടക കക്ഷികളെ പരിഗണിക്കാതെ ഒറ്റയാൾ പട്ടാളഭരണം നടത്തുകയാണെന്ന് സിപിഐ സെക്രട്ടറി ബിനോയ് വിശ്വം പരസ്യമായി ആക്ഷേപിച്ചു. ഈ പ്രസ്താവന പുറത്തുവന്നതോടെ മുഖ്യമന്ത്രി പിണറായി വിജയൻ കടുത്ത വിരോധത്തിലാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ പല ജില്ലകളിലും സിപിഎമ്മും സിപിഐയും പരസ്പരം കാലുവാരുകയാണ്. സർക്കാരിൻറെ ജനദ്രോഹ- തൊഴിലാളി ദ്രോഹ നിലപാടുകളാണ് തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് ദോഷം ഉണ്ടാക്കിയത് എന്നാണ് സിപിഐ യോഗം വിലയിരുത്തിയത്. ഇതേ തുടർന്ന് സിപിഎമ്മും സിപിഐയും മുമ്പൊരിക്കലും ഉണ്ടാകാത്ത തരത്തിലുള്ള ഭിന്നതയിലേക്ക് എത്തിയിരിക്കുന്നു എന്നാണ് വാർത്തകൾ..
മന്ത്രിസഭയിൽ രണ്ടാമത്തെ മുന്നണി പാർട്ടിയായ സിപിഐക്ക് നാല് മന്ത്രിമാരുണ്ട്. ഈ നാല് മന്ത്രിമാരിൽ റവന്യൂ മന്ത്രി രാജൻ ഒഴികെ മറ്റു മന്ത്രിമാർ എല്ലാം വെറും നോക്കുകുത്തികളാണെന്നും ഇവരുടെ പ്രവർത്തനങ്ങൾ സർക്കാരിൽ എതിർപ്പ് ഉണ്ടാക്കി എന്നും, സർക്കാരിനെയും മുഖ്യമന്ത്രിയെയും വിമർശിക്കൽ മാത്രമാണ് സിപിഐ സെക്രട്ടറി ബിനോയ് വിശ്വത്തിന്റെയും മുതിർന്ന നേതാക്കളുടെയും പണി എന്നും സിപിഎം നേതാക്കൾ കുറ്റപ്പെടുത്തി. ഭരണത്തിൻറെ എല്ലാ ആനുകൂല്യങ്ങളും നേടിയെടുത്ത ശേഷം സ്വന്തം പാർട്ടി മന്ത്രിമാരുടെ കഴിവുകേ ടുകൾ പരിശോധിക്കാതെ മുഖ്യമന്ത്രിയെയും സർക്കാരിനെയും വിമർശിച്ച് നല്ലപിള്ള ചമയുന്ന സിപിഐ നേതാക്കൾക്കെതിരെ സിപിഎം മുഖം തിരിച്ചിരിക്കുകയാണ്. കൃഷി മന്ത്രി പി പ്രസാദ്, മൃഗ സംരക്ഷണ മന്ത്രിയായിരുന്ന ചിഞ്ചൂറാണി അതുപോലെ ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ എന്നിവർ ഭരണരംഗത്ത് തികഞ്ഞ പരാജയമായിരുന്നു എന്നും ഇവരുടെ കഴിവുകേടുകൾ ജനങ്ങളിൽ സർക്കാരിനെതിരെയുള്ള അഭിപ്രായം ഉണ്ടാക്കി എന്നും സിപിഎം നേതാക്കൾ വിമർശിച്ചു..ഇതിനിടയിലാണ് ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ സിപിഐയിലെ പടല പിണക്കങ്ങളും സിപിഎം നേതാക്കളുമായുള്ള വിരോധങ്ങളും തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ച വിവരം രണ്ടു പാർട്ടികളും പരസ്യമായി പുലമ്പുന്നത്. ഈ ജില്ലകളിലെല്ലാം രണ്ടു പാർട്ടികളും കടുത്ത തമ്മിലടിയിലാണ്. ഈ നില മുന്നോട്ട് പോയാൽ മാസങ്ങൾക്കുശേഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മധ്യകേരളത്തിൽ ഇടതുമുന്നണിക്ക് ഭീകര തിരിച്ചടി നേരിടേണ്ടി വരും എന്നതാണ് സത്യം..