തോറ്റിട്ടില്ലെന്ന് എം വി ഗോവിന്ദൻ..

സർക്കാരിന് ഒരു തകരാറും ഇല്ലെന്ന് പിണറായി..

തെരഞ്ഞെടുപ്പ് കഴിയുമ്പോൾ വിജയമെങ്കിൽ സഖാക്കൾ മുണ്ടും മടക്കി കുത്തി ആഘോഷത്തിമിർപ്പിലേക്കും, മറിച്ച് തോൽവിയാണ് സംഭവിക്കുന്നതെങ്കിൽ പരിപ്പുവടയും കട്ടൻ ചായയും നിരത്തിവെച്ച് നേതാക്കളായ സഖാക്കളെല്ലാം താത്വികമായ അവലോകനം നടത്തും . ഇക്കഴിഞ്ഞ പഞ്ചായത്ത് മുൻസിപ്പൽ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സിപിഎം നേതാക്കൾ തലസ്ഥാനത്ത് പാർട്ടി ഓഫീസിൽ വട്ടം കൂടിയിരുന്ന് തലപുകഞ്ഞു താത്വിക അവലോകനം നടത്തുകയും ആ അവലോകന വിവരം പാർട്ടി സെക്രട്ടറി ഗോവിന്ദൻ മാസ്റ്റർ മാധ്യമങ്ങളോട് വിസ്തരിക്കുകയും ചെയ്യുന്നു. ഇത് കേട്ടിരിക്കുന്ന കേരളത്തിലെ വോട്ടർമാർ അന്തംവിട്ട് കുന്തം വിഴുങ്ങിയ മട്ടിലാണ്.. തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎമ്മിനും ഇടതുമുന്നണിക്കും ഒരു തോൽവിയും ഉണ്ടായിട്ടില്ലെന്നും പാർട്ടിയുടെ അടിത്തറ ശക്തമായി നിൽക്കുന്നുവെന്നുമാണ് ഗോവിന്ദൻ മാസ്റ്റർ പറയുന്നത്. അപ്പോൾ പിന്നെ ആരാണ് തെരഞ്ഞെടുപ്പിൽ തോറ്റത് എന്ന് ചോദിച്ചപ്പോൾ താത്വികമായി ഒരു മറുപടി നൽകി ഗോവിന്ദൻ മാസ്റ്റർ മിണ്ടാതിരുന്നു..

സിപിഎമ്മിന്റെ നേതാക്കൾ എല്ലാ കാലത്തും ഇതേ ശൈലിയാണ് തുടരുന്നത്. അല്പംകൂടി തലയ്ക്ക് ഓളമുള്ള കൂട്ടരാണ് സിപിഐ നേതാക്കൾ എന്നു തോന്നാറുണ്ട്. ഭരണത്തിലിരിക്കുന്ന ഇടതുമുന്നണിയിലെ രണ്ടാമത്തെ വലിയ പാർട്ടിയാണ് സിപിഐ.. തെരഞ്ഞെടുപ്പ് തോൽവി വിശകലനം ചെയ്യുന്ന പാർട്ടി നേതാക്കൾ സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും കാര്യമായി വിമർശിച്ചു. യാതൊരു കൂടിയാലോചനയും നടത്താതെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വന്തം തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്ന രീതിയാണ് തുടരുന്നതെന്നാണ് സിപിഐയുടെ ആരോപണം..ഒരു സർക്കാരിനെ നയിക്കുന്ന രണ്ടു പ്രധാന കമ്മ്യൂണിസ്റ്റ് പാർട്ടികൾ സർക്കാരിനെപ്പറ്റി പരസ്പര വിരുദ്ധമായ കാര്യങ്ങൾ പറയുമ്പോൾ ഇതിലേതാണ് ശരി എന്നത് സ്വാഭാവികമായും ജനങ്ങൾ ചിന്തിക്കും.. അല്ലെങ്കിൽ തന്നെ പിണറായി സർക്കാരിനെ പറ്റി കേരളത്തിലെ ജനങ്ങൾ നല്ല രീതിയിൽ ചിന്തിച്ചത് കൊണ്ടു തന്നെയാണ് എൽഡിഎഫ് തോറ്റതും യുഡിഎഫ് വിജയിച്ചതും.. ഇത് തിരിച്ചറിയുന്നതിന് ഏതെങ്കിലും ജോത്സ്യന്റെ മുന്നിൽ പോയി ഇരിക്കേണ്ട കാര്യമൊന്നും ഇല്ല..രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ഒരു തെരഞ്ഞെടുപ്പിലും ഇടതുമുന്നണിക്ക് വിജയിക്കാൻ കഴിഞ്ഞിട്ടില്ല..

ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും തോൽവിയിൽ നിന്നും പാഠം പഠിക്കും തിരുത്തും എന്നൊക്കെ സിപിഎം നേതൃത്വം പറയാറുണ്ട്, എന്നാൽ ഒന്നും നടക്കാറില്ല എന്നതാണ് വാസ്തവം.. യഥാർത്ഥത്തിൽ ഇതിൻറെ കാരണം എന്താണ്? കേരളത്തിൽ എന്നല്ല ദേശീയതലത്തിൽ തന്നെ സിപിഎമ്മിനെയും കേരള ഭരണകൂടത്തെയും വരുതിയിൽ നിർത്തുന്നതും നിയന്ത്രിക്കുന്നതും സാക്ഷാൽ പിണറായി വിജയൻ തന്നെയാണ്. സിപിഎമ്മിന്റെ ദേശീയ സെക്രട്ടറി എം എ ബേബി പോലും പിണറായിക്ക് മുന്നിൽ മുട്ടു മടക്കുന്ന ആളാണ്. സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാസ്റ്റർ അടക്കമുള്ള എല്ലാ നേതാക്കളും പിണറായിക്ക് മുന്നിൽ ഓച്ചാനിച്ച്‌ നിൽക്കുകയാണ്. അതുകൊണ്ടുതന്നെ പിണറായി വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരിക്കും. സർക്കാർ മികച്ചതാണ്, പാർട്ടി ശക്തമാണ്, ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടില്ല,എന്നൊക്കെ.. ഇതെല്ലാം കേട്ടിരിക്കുന്ന മുതിർന്ന സഖാക്കളടക്കം എല്ലാം ശരിവെച്ചു കട്ടൻചായയും കുടിച്ച് പിരിയും.. ഈ പരിപാടി ഇനിയും തുടരുക തന്നെ ചെയ്യും. അതിന് സാധ്യത ഇല്ലാതാകണമെങ്കിൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലൂടെ കേരളത്തിലെ വോട്ടർമാർ പിണറായിയെ താഴെയിറക്കണം. അതിനുള്ള സാധ്യതയും സാഹചര്യവും ഒരുക്കാനുള്ള ബാധ്യത കോൺഗ്രസ് നയിക്കുന്ന യുഡിഎഫിനാണ്. ഇതൊക്കെ ഫലത്തിൽ വരുത്താൻ കഴിയുമോ എന്ന ആശങ്ക ഉണ്ടാക്കുന്ന തരത്തിലാണ് കോൺഗ്രസ് പാർട്ടിയുടെ അവസ്ഥ…