ദേശീയ ഗാനം പാടാൻ പോലും അറിയില്ലെങ്കിൽ നാണം കേടുണ്ടാക്കാതെ ഈ പണി നിർത്തിക്കൂടെ കോൺഗ്രസ് നേതാക്കളേ………….
രാജ്യത്ത് ശക്തമായ സാന്നിധ്യമുള്ള മുത്തശ്ശി പാർട്ടിയാണ് കോൺഗ്രസ്.. ആ പാർട്ടിയുടെ 141 മത് ജന്മദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് കോൺഗ്രസ് ആസ്ഥാനമായ ഇന്ദിരാഭവനു മുന്നിൽ പതാക ഉയർത്തി.എന്നാൽ പതാക ഉയർത്തുമ്പോൾ നേതാക്കളും പ്രവർത്തകരും കൂടി പാടിയ ദേശീയഗാനം പാർട്ടിയെ ഒരിക്കൽ കൂടി നാണക്കേടിലാക്കി..
കുറച്ചുനാൾ മുമ്പ് മറ്റൊരു പരിപാടിയിൽ തിരുവനന്തപുരം മുൻ ജില്ലാ പ്രസിഡണ്ടായിരുന്ന പാലോട് രവി ദേശീയ ഗാനം ആലപിച്ചപ്പോൾ, പദങ്ങളും,വരികളും തെറ്റിച്ച് ആലപിച്ചത് വലിയ വിവാദം ആയിരുന്നു. ഇതൊക്കെ നിസ്സാരമായി കാണേണ്ട കാര്യമല്ലല്ലോ, ഇതൊക്കെ നേതാക്കൾ ഇനി എന്നാണാവോ പഠിക്കുക? ഇപ്പോഴത്തെ സംഭവം ഒരുതരത്തിലും ന്യായീകരിക്കാവുന്നതല്ല. ഇന്ത്യയിലെ തന്നെ ഏറ്റവും മുതിർന്ന കോൺഗ്രസ് നേതാവായ എ.കെ.ആന്റണി, മുതിർന്ന നേതാവായ വി എം സുധീരൻ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് ദേശീയ ഗാനം തെറ്റായി ആലപിച്ചത്..ജനഗണമനഅധി എന്ന് തുടങ്ങുന്ന ദേശീയ ഗാനം അവസാന ഭാഗത്ത് ആലപിക്കുന്ന തരത്തിൽ ജനഗണ മംഗള ദായക എന്നു പാടിക്കൊണ്ടാണ് നേതാക്കന്മാർ ഒറ്റക്കെട്ടായി ദേശീയ ഗാനത്തെ വികലമാക്കിയത്. അര നൂറ്റാണ്ടിലേറെ രാഷ്ട്രീയ രംഗത്ത് പ്രവർത്തിച്ച, മാത്രമല്ല കോൺഗ്രസ് പാർട്ടിയുടെ വിദ്യാർത്ഥി യുവജന പ്രസ്ഥാനത്തിലൂടെ മുതിർന്ന പദവിയിലെത്തിയവർക്കു പോലും ദേശീയ ഗാനം കൃത്യമായി പാടാൻ കഴിയാത്ത ഗതികേട് സമൂഹത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്..ഇവിടെ ഇതിനോട് ചേർത്ത് പറയാൻ ആഗ്രഹിക്കുന്ന ഒരു കാര്യമുണ്ട്.. പിണറായി സർക്കാരിൻറെ ആഗോള അയ്യപ്പ സംഗമ വേദിയിൽ ദേവസ്വം ബോർഡ് പ്രസിഡൻറ് അയ്യപ്പസ്വാമിക്ക് സിന്ദാബാദ് വിളിച്ചത്, മഹാ അപരാധമായി പറഞ്ഞു നടന്ന നേതാക്കൾ കോൺഗ്രസിലുണ്ട്…. ആ നേതാക്കളാണ് ദേശീയഗാനം തെറ്റായി ആലപിച്ചിരിക്കുന്നത്. കോൺഗ്രസ് നേതാക്കളുടെ സ്വഭാവത്തിലും പ്രവർത്തനങ്ങളിലും പൊതുസമൂഹം തെറ്റായി കാണുന്ന ചില പ്രകടമായ തെളിവുകൂടിയാണ് ദേശീയ ഗാനത്തെ വികലമാക്കൽ എന്ന് പറയേണ്ടിയിരിക്കുന്നു..
കോൺഗ്രസ് നേതാക്കന്മാർ നേരം വെളുക്കുന്നത് മുതൽ വല്ലാത്ത തിരക്ക് കാട്ടിക്കൂട്ടുന്നവരാണ്. വായിക്കുക, പഠിക്കുക എന്നതിനെ അവജ്ഞയോടെ നോക്കി കാണുന്ന യുവതലമുറ കോൺഗ്രസിലുണ്ട്. നല്ലൊരു ശതമാനം നേതാക്കന്മാർ വായനയിലും മറ്റും താൽപര്യം കാണിക്കുന്നവരുമാണ്.. എന്നാൽ പുതിയ തലമുറയുടെ കാര്യത്തിൽ ഇത് ഒട്ടും ശരിയല്ല..ദേശീയ ഗാനത്തിന്റെ കാര്യത്തിൽ മാത്രമല്ല കോൺഗ്രസിലെ പുതിയ തലമുറ ഖാദിവസ്ത്രം ധരിക്കുന്നതിൽ പോലും എന്തോ അപാകത കാണുന്നവരാണ്. യുവാക്കളായ എംപിമാരും, എം എൽ എ മാരും കോട്ടും സ്യൂട്ടും ധരിച്ച് കേമന്മാരായി വിലസുന്നത് നമുക്ക് കാണാം.. ഒരു കോൺഗ്രസുകാരനാകാൻ ആ പാർട്ടിയുടെ ഭരണഘടനയിൽ പ്രധാനമായി പറയുന്നത് ഖാദി വസ്ത്രം ധരിക്കുക എന്നതാണ്. ഇതൊക്കെ പുല്ലുവില കൽപ്പിച്ച് തള്ളിക്കളഞ്ഞുള്ള പോക്കാണ് യുവതലമുറയുടേത്.. എന്തിനേറെ കോൺഗ്രസിന്റെ സർവ്വാധിപതിയായ നേതാവ് രാഹുൽ ഗാന്ധി പോലും ടി ഷർട്ടും മറ്റുമാണ് സ്ഥിരമായി ധരിക്കുന്നത്.. അതിൻറെയൊക്കെ ക്ഷീണം കോൺഗ്രസ് പാർട്ടിക്കുണ്ട് എന്ന് പറഞ്ഞാൽ ആരും കുറ്റപ്പെടുത്തേണ്ടതില്ല…