കിങ് ഓഫ് കൊത്ത’ പോസ്റ്റർ പുറത്തിറങ്ങി

ദുൽഖർ സൽമാൻ നായകനാകുന്ന ‘കിങ് ഓഫ് കൊത്ത’. ചിത്രത്തിന്റേതായി പുറത്തുവന്ന പോസ്റ്ററുകളെല്ലാം ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്യാൻ അണിയറപ്രവർത്തകർ ഒരുങ്ങുകയാണ്.

കിങ് ഓഫ് കൊത്ത’യുടെ തെലുങ്ക് ടീസർ സൂപ്പർ സ്റ്റാർ മഹേഷ് ബാബു റിലീസ് ചെയ്യും. മലയാളത്തിലെ യുവനടന്മാരിൽ ആരെയാണ് ഇഷ്ടം എന്ന് ഒരു അഭിമുഖത്തിൽ മഹേഷ് ബാബുവിനോട് ചോദിച്ചിരുന്നു. അദ്ദേഹം നൽകിയ ഉത്തരം ദുൽഖർ സൽമാൻ എന്നായിരുന്നു. താൻ ഇഷ്ടപ്പെടുന്ന ദുൽഖറിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രത്തിന്റെ ടീസർ തെലുങ്ക് പ്രേക്ഷകരിലേക്ക് അദ്ദേഹം അവതരിപ്പിക്കുന്നതിന്റെ സന്തോഷത്തിലാണ് ആരാധകർ. ചിത്രത്തിന്റെ തമിഴ് ടീസർ റിലീസ് ചെയ്യുന്നത് ചിമ്പുവാണ്.

ദുൽഖറിനോടൊപ്പം തെന്നിന്ത്യയിലെ പ്രശസ്ത താരങ്ങളും സാങ്കേതിക പ്രവർത്തകരും ഒരുമിക്കുന്ന ചിത്രത്തിന്റെ ടീസറിനായി ആ​രാധകർ കാത്തിരിക്കുകയാണ്. വൻ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. കഴിഞ്ഞ ദിവസം പുറത്തുവിട്ട ചിത്രത്തിലെ കഥാപാത്രങ്ങളെ വെളിപ്പെടുത്തിക്കൊണ്ടുള്ള മോഷൻ പോസ്റ്ററിനും അതിലെ ജേക്സ്‌ ബിജോയ് ഒരുക്കിയ ബാക്ക്ഗ്രൗണ്ട് സ്കോറിനും പ്രേക്ഷകരുടെ ഭാഗത്ത് നിന്നും അഭിനന്ദനം ലഭിച്ചിരുന്നു. ജൂൺ 28-ന് വൈകുന്നേരം ആറ് മണിക്കാണ് ടീസർ റിലീസ് ചെയ്യുന്നത്.

അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രം വേഫെറർ ഫിലിംസും സീ സ്റ്റുഡിയോസും ചേർന്നാണ് നിർമ്മിക്കുന്നത്. ഷാൻ റഹ്മാനും ജേക്സ് ബിജോയും ചേർന്നാണ് ഗാനങ്ങൾ ഒരുക്കുന്നത്. പ്രസന്ന, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ചെമ്പൻ വിനോദ്, ഗോകുൽ സുരേഷ്, ഷമ്മി തിലകൻ, ശാന്തി കൃഷ്ണ, വട ചെന്നൈ ശരൺ, അനിഖ സുരേന്ദ്രൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.