2023ൽ മൂന്നാമത്തെ റിലീസുമായി ഷാറുഖ്; റിയൽ കിങ്

ബോളിവുഡ് കിങ് ഖാൻ ഷാറുഖ് ഖാന്റെ തിരിച്ചുവരവ്. 2019നു ശേഷം മൂന്ന് വർഷം ഇടവേള എടുത്ത താരം തിരിച്ചുവന്നത് കൈവിട്ടുപോയ സാമ്രാജ്യം തിരിച്ചു പിടിക്കാൻ തന്നെയായിരുന്നു. ഈ വർഷം ജനുവരിയിൽ എത്തിയ പഠാൻ ആയിരം കോടി നേടിയപ്പോൾ, സെപ്റ്റംബറിൽ റിലീസ് ചെയ്ത ‘ജവാൻ’ അതേ അക്കത്തിലേക്ക് കുതിക്കുകയാണ്. ഇപ്പോഴിതാ ഇതേ വർഷം തന്റെ മൂന്നാമത്തെ റിലീസ് കൂടി കിങ് ഖാൻ പ്രഖ്യാപിക്കുന്നു.

രാജ് കുമാര്‍ ഹിറാനി സംവിധാനം ചെയ്യുന്ന ‘ഡൻകി’ ഈ വർഷം തന്നെ ക്രിസ്മസ് റിലീസ് ആയി തിയറ്ററുകളിലെത്തും. ജവാൻ വിജയാഘോഷ വേളിയില്‍ ഷാറുഖ് തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

‘‘പഠാനിലൂടെ ദൈവം എന്നോട് വളരെ സ്നേഹം കാണിച്ചു, അതേ സ്നേഹം ജവാനിലൂടെയും നൽകി. ജനുവരി 26നായിരുന്നു തുടക്കം. പഠാൻ റിലീസ് ചെയ്തു. അത് നല്ലൊരു ദിവസമായിരുന്നു. ശ്രീകൃഷ്ണന്റെ ജന്മദിനത്തില്‍ ജവാൻ റിലീസ് ചെയ്തു. ഇപ്പോൾ ക്രിസ്മസിന് ഡൻകിയുമായി വരുന്നു. പിന്നെ എന്റെ ഏത് ചിത്രം റിലീസ് ചെയ്താലും അന്ന് ഈദ് ആയിരിക്കും. എന്റെ സിനിമ കണ്ട് ആളുകൾ സന്തോഷിക്കുന്നതാണ് ഏറ്റവും സന്തോഷം പകരുന്ന കാര്യം. അതിനായി ഇനിയും കഠിനമായി ഞാൻ ജോലി ചെയ്തുകൊണ്ടിരിക്കും.’’–ഷാറുഖ് ഖാൻ പറയുന്നു.