സംഗീത സംവിധായകൻ ഷാൻ റഹ്മാനെതിരെ ആരോപണവുമായി ​ഗായകനും സം​ഗീത സംവിധായകനുമായ സത്യജിത്ത്.

സംഗീത സംവിധായകൻ ഷാൻ റഹ്മാനെതിരെ ആരോപണവുമായി ​ഗായകനും സം​ഗീത സംവിധായകനുമായ സത്യജിത്ത്. ഒമർ ലുലു സംവിധാനം ചെയ്ത് 2019-ൽ പുറത്തിറങ്ങിയ ‘ഒരു അഡാർ ലൗ’ എന്ന ചിത്രത്തിലെ ‘ഫ്രീക്ക് പെണ്ണേ’ എന്നുതുടങ്ങുന്ന ​ഗാനത്തിന് താനാണ് ഈണം നൽകിയതെന്നും ​ക്രെഡിറ്റ് നൽകാതെ ഷാൻ റഹ്മാൻ സ്വന്തം പേരിൽ ​പുറത്തിറക്കുകയായിരുന്നുവെന്നും സത്യജിത്ത് ഫെയ്ബുക്കിലൂടെ ആരോപിച്ചു. 2015-ൽ കോട്ടയം ​ഗവൺമെന്റ് പോളിടെക്നിക്കിൽ വെച്ച് ​ഈ ​ഗാനം ആലപിക്കുന്നുവെന്ന് അവകാശപ്പെടുന്ന വീഡിയോയും സത്യജിത്ത് പുറത്തുവിട്ടിട്ടുണ്ട്.

‘ഒരു അഡാർ ലൗ’ എന്ന ചിത്രത്തിൽ ​വരികൾ, ആലാപനം എന്ന ക്രെഡിറ്റ് മാത്രമാണ് തനിക്ക് ലഭിച്ചതെന്നും ​ഗാനത്തിന് ഈണം നൽകിയതിനുള്ള കടപ്പാട് ലഭിച്ചില്ലെന്നും സത്യജിത്ത് പറഞ്ഞു. സിനിമയിറങ്ങുന്നതിന് നാലുവർഷം മുൻപ് താൻ ഒരുക്കിയ ​ഗാനമാണിതെന്ന് സത്യജിത്ത് പറയുന്നു. എന്നാൽ ചിത്രത്തിന്റെ സംഗീത സംവിധായകൻ താൻ തന്നെയാണ് ഗാനത്തിന് ഈണം നൽകിയെന്ന് അവകാശപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ ഷാൻ റഹ്മാൻ തന്നോട് കയർത്ത് സംസാരിച്ചെന്നും ഈണത്തിന് ക്രെഡിറ്റ് ലഭിക്കാത്തതാണ് തന്റെ വിഷയമെന്നും സത്യജിത്ത് കൂട്ടിച്ചേർത്തു.

”ഇത് നേരിട്ട് മുഖത്ത് നോക്കി ചോദിച്ച അന്ന് ഷാൻ റഹ്മാൻ ചേട്ടൻ ബ്ലോക്ക് ചെയ്തിട്ട് പോയതാണ്, പിന്നീട് സിനിമയുടെ പിന്നണി പ്രവർത്തകർ ഒരുപാട് പേർ തഴയുകയും അവഗണനകൾ നേരിടുകയും ചെയ്തിരുന്നു. അന്ന് എന്റെ പക്കൽ തെളിവുകളുടെ അഭാവമുണ്ടായിരുന്നു. സത്യം എല്ലാക്കാലവും മറച്ചു വെക്കാൻ സാധിക്കുന്നതല്ല.

ഈ ഗാനത്തിന്റെ സം​ഗീതം നിർവഹിച്ചത് സംഗീത സംവിധായകൻ ഷാൻ റഹ്മാനാണ് എന്ന് ഇപ്പോഴും വിശ്വസിക്കുന്നവർക്ക് വേണ്ടിയാണിത്, പക്ഷേ അങ്ങനെയല്ല. 2018-ൽ പുറത്തിറങ്ങിയ ഒരു അഡാർ ലവ് എന്ന ചിത്രത്തിന്റെ ഭാഗമായാണ് ഗാനം പുറത്തിറങ്ങിയത്. ഈ ഗാനത്തിന്റെ സംഗീതസംവിധായകനും ഗാനരചയിതാവും ഗായകനും ഞാനാണ്. സിനിമയിറങ്ങുന്നതിന് നാല് വർഷം മുൻപാണ് ഈ ​ഗാനം ഒരുക്കിയത്. എന്നാൽ ചിത്രത്തിന്റെ സംഗീത സംവിധായകൻ താൻ തന്നെയാണ് ഗാനത്തിന് ഈണം നൽകിയതെന്ന് അവകാശപ്പെട്ടു.