നിപ്പ: ആശങ്കയില്ല; ആരോഗ്യ വിഭാഗം പൂർണ്ണസജ്ജമെന്ന് ജില്ലാ കളക്ടർ

കോഴിക്കോട് നിപാ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആശങ്കയില്ലെന്നും നിപ്പയെ നേരിടാൻ ജില്ലയിലെ ആരോഗ്യ വിഭാഗം പൂർണ്ണസജ്ജമാണെന്നും ജില്ലാ കളക്ടർ എൻ.എസ്. കെ ഉമേഷ് കളമശ്ശേരി മെഡിക്കൽ കോളേജിൽ ഐസോലേഷൻ വാർഡ് സജ്ജമാണെന്നും ഏതെങ്കിലും തരത്തിൽ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ സാമ്പിൾ ഉടൻ ആലപ്പുഴയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വയറോളജി ലാബിലേക്ക് പരിശോധനയ്ക്കായി അയക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡെങ്കിപ്പനിക്കെതിരെയുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ ഊർജിതമാക്കണം. ഡെങ്കി കേസുകൾ കൂടിവരുന്ന കോർപ്പറേഷൻ, തൃക്കാക്കര, തൃപ്പൂണിത്തുറ മുൻസിപ്പാലിറ്റികളിൽ ഫോഗിങ് പ്രവർത്തനങ്ങളും ഡ്രൈഡേ ആചരണവും നിരന്തരം നിരീക്ഷിച്ചു വരികയാണ്. മഴ കൂടുന്നതനുസരിച്ച് ഡെങ്കി പകരുന്നതിനുള്ള സാധ്യതകൾ കൂടുതലാണ് അതുകൊണ്ടുതന്നെ ആരോഗ്യ വിഭാഗം, ആശാവർക്കർമാർ, റസിഡൻസ് അസോസിയേഷനുകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് കാര്യക്ഷമമായി പ്രവർത്തിക്കണമെന്നും കളക്ടർ പറഞ്ഞു.