പത്തനംതിട്ട ജില്ലയിൽ ഡെങ്കിപ്പനി ഭീതി
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ ഡെങ്കിപ്പനി ബാധയുള്ളതായി ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ 14 പ്രദേശങ്ങൾ ഹോട്സ്പോട്ടുകളാക്കി. ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകളുടെ സാന്നിധ്യവും രോഗബാധയും കൂടുതലുള്ള 14 പ്രദേശങ്ങളെയാണ് ഹോട്സ്‌പോട്ടുകളാക്കിയതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ അനിതകുമാരി അറിയിച്ചു. സെപ്റ്റംബർ മാസത്തിൽ മാത്രം ഇതുവരെ 23 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. 120 പേർക്ക് സംശയാസ്പദമായ രോഗബാധയും രണ്ട് മരണവും ഉണ്ടായിട്ടുണ്ട്.
വെറും പനി,സൂക്ഷിക്കണം
രോഗലക്ഷണങ്ങൾ കാര്യമായി പ്രകടമാക്കാതെയും ഒരു വൈറൽ പനി പോലെയും ഡെങ്കിപ്പനി വന്നു പോകാം. ഡെങ്കിപ്പനി രണ്ടാമതും പിടിപെട്ടാൽ കൂടുതൽ ഗുരുതരമാകാം. ആദ്യം രോഗം വന്നുപോയത് ചിലപ്പോൾ അറിയണമെന്നില്ല. അതിനാൽ ഡെങ്കിപ്പനി ഉണ്ടായാൽ രണ്ടാമത് രോഗം വരുന്നതെന്ന രീതിയിൽ തന്നെ അതീവ ശ്രദ്ധ പുലർത്തണം. പൂർണവിശ്രമം, പോഷകസമ്പുഷ്ടമായ ഭക്ഷണം എന്നിവയ്ക്കൊപ്പം ശരീരത്തിലെ ജലാംശം കുറയാതെ നിലനിർത്താൻ പാകത്തിൽ വെള്ളമോ മറ്റു ലായനികളോ ഇടയ്ക്കിടെ കുടിക്കണം.
എന്നാൽ, ചെറിയൊരു ശതമാനം പേരിൽ ഗുരുതരമായ ഡെങ്കിപ്പനിയായി രൂപാന്തരം സംഭവിക്കാം. മൂന്ന്– നാല് ദിവസം വരെ നീണ്ടു നിൽക്കുന്ന പനി, ക്ഷീണം വർധിക്കുക, വയറുവേദന, ഛർദി, ശരീരഭാഗങ്ങളിൽ ചുവന്ന പൊട്ടുകൾ പോലെ കാണപ്പെടുക, വിവിധ അവയവങ്ങളിൽ രക്തസ്രാവം, ബോധനിലയിൽ മാറ്റങ്ങൾ, തലകറക്കം തുടങ്ങിയ ലക്ഷണങ്ങൾ അപായ സൂചനകളാണ്