സംസ്ഥാനത്ത് രണ്ട് ദിവസത്തേക്ക് കടുത്ത ചൂട് തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്
Meteorological department says extreme heat will continue in the state for two days
കൊച്ചി: സംസ്ഥാനത്ത് രണ്ട് ദിവസത്തേക്ക് കടുത്ത ചൂട് തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പകല്‍ താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ച പ്രത്യേക ജാഗ്രതാ നിര്‍ദേശം പിന്‍വലിച്ചിട്ടില്ല. സാധാരണയേക്കാള്‍ മൂന്ന് മുതല്‍ അഞ്ച് ഡിഗ്രി വരെ വേനല്‍ച്ചൂട് അധികമായിരിക്കും.
ഇന്നലെ പാലക്കാട് ജില്ലയിലെ ഉയര്‍ന്ന താപനില 38.5 ഡിഗ്രി സെല്‍ഷ്യസായിരുന്നു, എന്നാൽ കോഴിക്കോട് 35.2ഡിഗ്രി സെല്‍ഷ്യസും, കൊച്ചിയിൽ 33.4 ഡിഗ്രി സെല്‍ഷ്യസും ആലപ്പുഴയിൽ 34.2, ഡിഗ്രി സെല്‍ഷ്യസും ആയിരുന്നു. തിരുവനന്തപുരത്ത് 32.8 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഇന്നലത്തെ താപനില. രണ്ടുദിവസത്തിനകം ചൂട് കുറയുമെന്നാണ് കാലാവസ്ഥാവകുപ്പ് അറിയിച്ചത്.
സൂര്യാതാപം, നിര്‍ജലീകരണം എന്നിവ വരാതെ ശ്രദ്ധിക്കണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാവിലെ 11 മണി മുതല്‍ വൈകിട്ട് മൂന്ന് മണി വരെ നേരിട്ട് വെയില്‍ ഏല്‍ക്കുന്നത് ഒഴിവാക്കണം. പുറത്ത് ജോലി ചെയ്യുന്നവര്‍ ഈ സമയം ഒഴിവാക്കിവേണം ജോലിസമയം ക്രമീകരിക്കേണ്ടതെന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു.