കൈക്കൂലി നല്‍കാത്തതിനാല്‍ പന്ത്രണ്ട് വയസുകാരന് ചികിത്സ നിഷേധിച്ചു.

A twelve-year-old boy was denied treatment for not paying a bribe.

കൈക്കൂലി നല്‍കാത്തതിനാല്‍ പന്ത്രണ്ട് വയസുകാരന് ചികിത്സ നിഷേധിച്ചതായി പരാതി. ഇടുക്കി തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ കുട്ടിയെ ചികിത്സിക്കാന്‍ ഡോക്ടര്‍ 5000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതായാണ് കുട്ടിയുടെ പിതാവ് രാജേഷ് പറയുന്നത്. പണം ഇല്ലാത്തതിനാല്‍ ചികിത്സ തേടാതെ, കുട്ടിയുമായി മാതാപിതാക്കള്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഞായറാഴ്ച 11.30 ഓടെയാണ് സൈക്കിളില്‍ നിന്ന് വീണ കുട്ടിയെ കടവൂര്‍ സ്വദേശികളായ മാതാപിതാക്കള്‍ ആശുപത്രിയില്‍ എത്തിയത്.

ആ സമയം ഡ്യൂട്ടി ഡോക്ടര്‍ എക്‌സറേ എടുക്കാന്‍ നിര്‍ദേശിച്ചു. ഉച്ചയ്ക്ക് 2 മണിക്കാണ് എക്‌സ്‌റേ കിട്ടുന്നത്. ഇത് അത്യാഹിത വിഭാഗത്തിലുള്ള ഡോക്ടറെ കാണിച്ചതോടെയാണ് സര്‍ജറി ചെയ്യണമെങ്കില്‍ 5000 രൂപ കൈക്കൂലി വേണമെന്ന് ആവശ്യപ്പെട്ടത്. ഡ്യൂട്ടി ഡോക്ടര്‍ എ അന്‍സിലാണ് ചികിത്സ നിഷേധിച്ചതെന്ന് രക്ഷിതാക്കള്‍ ആരോപിക്കുന്നു. ഇത്രയും പൈസയുണ്ടെങ്കില്‍ ഇവിടെ വരേണ്ടതില്ലല്ലോ എന്ന് പറഞ്ഞപ്പോള്‍ മറ്റേതെങ്കിലും ആശുപത്രിയിലോ കോട്ടയത്തോ കൊണ്ടുപൊയ്‌ക്കോളൂ എന്നാണ് ഡോക്ടർ പറഞ്ഞത്. സംഭവത്തില്‍ ശിശു സംരക്ഷണ സമിതി ഇടപെട്ടു. കുട്ടിക്ക് അടിയന്തരമായി ചികിത്സ ലഭ്യമാക്കാനുള്ള നടപടികള്‍ ശിശു സംരക്ഷണ സമിതി സ്വീകരിച്ചിട്ടുണ്ട്.