വ്യാജനോട്ട് നല്‍കി 4000 രൂപയുടെ ലോട്ടറി വാങ്ങി യുവാവ് പറ്റിച്ച ദേവയാനിയമ്മക്ക് സഹായവുമായി നിരവധിപേര്‍

Many people have come to the aid of Devyaniamma, who was cheated by a young man by buying a lottery of 4000 rupees with a fake note

തൊണ്ണൂറ്റി മൂന്ന് വയസുള്ള ലോട്ടറി വില്‍പ്പന നടത്തി ജീവിക്കുന്ന വൃദ്ധയായ സ്ത്രീയെ വ്യാജ നോട്ട് നല്‍കി പറ്റിച്ച്‌ നാലായിരം രൂപയുടെ ലോട്ടറി യുവാവ് തട്ടിയെടുത്ത സംഭവം കഴിഞ്ഞ ദിവസം വാര്‍ത്തകളിലും സോഷ്യല്‍മീഡിയയിലും നിറഞ്ഞുനിന്നിരുന്നു. കോട്ടയം മുണ്ടക്കയത്തിനടുത്ത് കുറുവാമൂഴിയില്‍ ദേവയാനിയമ്മയുടെ കയ്യില്‍ നിന്നുമാണ് യുവാവ് ലോട്ടറി തട്ടിയെടുത്തത്. ഇവരുടെ ജീവിത മാര്‍ഗമായിരുന്നു ലോട്ടറി. ദേവയാനി അമ്മയുടെ സങ്കടം അറിഞ്ഞ് നിരവധി പേരാണ് ഇവരെ സഹായിക്കാന്‍ എത്തുന്നത്. തന്റെ ജീവിത മാര്‍ഗം മുട്ടിയെന്ന സങ്കടത്തിലായിരുന്നു ഇവർ. ഇവര്‍ക്ക് മനസ്സറിഞ്ഞ് സഹായം ലഭിച്ചതോടെ വീണ്ടു ലോട്ടറി കച്ചവടം തുടങ്ങാനുള്ള അവസരവും വന്നു.

നിരവധി പേരാണ് ദേവയാനി അമ്മയെ സഹായിക്കാനെത്തിയത്. മുണ്ടക്കയം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും ഒരു തുക ദേവയാനിക്ക് കൈമാറി. സങ്കടമൊക്കെ മാറി, ഇപ്പോ വളരെ സന്തോഷത്തിലാണ്, ഇനിയും ലോട്ടറി കച്ചവടം നടത്തും. 2000 രൂപയുടെ കള്ളനോട്ട് ഉണ്ടാകുമെന്ന് കരുതിയില്ല. പ്രായം ചെന്ന എന്നെ പറ്റിക്കുമെന്ന് കരുതിയില്ല, കൊച്ചു പയ്യനല്ലാരുന്നോ. പറ്റിപ്പോയല്ലോ എന്നതില് ദുഖമുണ്ട്, ഇനി എന്തായാലും ശ്രദ്ധിക്കും. ഒരുപാട് പേര് സഹായിക്കാനെത്തി, അതില്‍ വളരെ സന്തോഷമുണ്ട്. തന്നെ പറ്റിച്ചയാളെ എന്നെങ്കിലും ദൈവം മുന്നില്‍ കൊണ്ടവരും’- ദേവകിയമ്മ പറഞ്ഞു.

ഈ മാസം ആറാം തീയതിയാണ് കാറിലെത്തിയ ഒരു യുവാവ് രണ്ടായിരം രൂപയുടെ രണ്ട് നോട്ടുകള്‍ നല്‍കിയ ശേഷം ദേവയാനിയമ്മയുടെ കയ്യിലുണ്ടായിരുന്ന നൂറ് ലോട്ടറി ടിക്കറ്റുകളും ഒന്നിച്ച്‌ വാങ്ങിയത്. മുഴുവന്‍ ലോട്ടറിയും വിറ്റതിന്‍റെ സന്തോഷത്തില്‍ വീട്ടിലേക്കു മടങ്ങും വഴിയാണ് ആ ചെറുപ്പക്കാരന്‍ കൊടുത്തത് കുട്ടികള്‍ കളിക്കാനുപയോഗിക്കുന്ന രണ്ടായിരത്തിന്‍റെ നോട്ടിനോട് സാദൃശ്യമുള്ള വെറും കടലാസ് ആണെന്ന് മനസ്സിലായത്. തന്‍റെ കൊച്ചുമകന്‍റെ പ്രായമുളള ഒരു ആളാണ് പറ്റിച്ചതെന്ന് ദേവയാനിയമ്മ വ്യക്തമാക്കിയിരുന്നു. ഭര്‍ത്താവും മക്കളും മരിച്ചു പോയ ഇവര്‍ക്ക് ഉപജീവനം കണ്ടെത്താനുള്ള വഴിയായിരുന്നു ലോട്ടറി വില്‍പന. സംഭവം വാര്‍ത്ത ആയതിന് പിന്നാല നിരവധിപേരാണ് സഹായവുമായി എത്തുന്നത്.