പറയാത്ത കാര്യങ്ങളാണ് അവര്‍ വിവാദമാക്കുന്നത്; രാഷ്ട്രീയത്തില്‍ ബി.ജെ.പിയുടെ സാമര്‍ഥ്യം പറയാതിരിക്കാനാവില്ല എന്ന് -ശശി തരൂര്‍..
It is the unspoken things that they controvert; Shashi Tharoor says that BJP's ability in politics cannot be ignored.
ഇന്ത്യ ടുഡെ കോണ്‍ക്ലേവിനിടെ ബി.ജെ.പിയെ പ്രകീര്‍ത്തിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ബി.ജെ.പിക്ക് രാഷ്ട്രീയത്തിലുള്ള സാമര്‍ഥ്യം കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നായിരുന്നു തരൂരിന്റെ പരാമര്‍ശം.
യു.കെയിലെ പ്രസംഗത്തിന് രാഹുല്‍ ഗാന്ധി മാപ്പു പറയുമോ എന്ന ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു തരൂര്‍. രാഹുല്‍ ഗാന്ധിയുടെ പ്രസംഗമാണ് കോണ്‍ഗ്രസിനെതിരായ, ബി.ജെ.പിയുടെ ഏറ്റവും പുതിയ തുറുപ്പു ചീട്ട്. ”ബി.ജെ.പിയുടെ കാര്യത്തില്‍ എനിക്ക് ഉറപ്പായും പറയാന്‍ കഴിയും, അവര്‍ രാഷ്ട്രീയത്തില്‍ അതിസമര്‍ഥരാണ്. രാഹുല്‍ ഗാന്ധി ഒരിക്കലും പറയാത്ത കാര്യത്തിനാണ് അവരിപ്പോള്‍ കുറ്റപ്പെടുത്തുന്നത്.”-തരൂര്‍ വിശദീകരിച്ചു. രാഹുല്‍ ഗാന്ധി ഇന്ത്യ വിരുദ്ധമായി ഒന്നും സംസാരിച്ചിട്ടില്ല. അദ്ദേഹം മാപ്പു പറയുന്ന പ്രശ്നമേയില്ല. രാഷ്ട്രീയം പറയുന്നതിന്റെ പേരില്‍ ആരെങ്കിലും മാപ്പു പറയണം എന്നാണെങ്കില്‍, വിദേശ മണ്ണില്‍ സംസാരിക്കുന്ന മോദിയാണ് ആദ്യം മാപ്പു പറയേണ്ടതെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷ നേതാക്കള്‍ നിശബ്ദരാക്കപ്പെടുകയാണെന്നാണ് ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് അസോസിയേഷന്റെ പരിപാടിയില്‍ ലണ്ടനില്‍ രാഹുല്‍ ഗാന്ധി പറഞ്ഞത്. രാഹുലിന്റെ പ്രസംഗത്തിന്റെ പേരില്‍ സഭ പ്രക്ഷുബ്ധമായിരുന്നു. ലണ്ടനിലെ പ്രസംഗം അവകാശ ലംഘനത്തിന് ഉപരിയായ കുറ്റമെന്നാണ് ബി.ജെ.പിയുടെ ആരോപണം. മാപ്പ് പറയാത്ത സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധിയെ സസ്പെന്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ലോക്സഭാ സ്‌പീക്കറിന് കത്ത് നല്‍കി. 2005ല്‍ രൂപീകരിച്ചത് പോലെ പ്രത്യേക സമിതി രൂപീകരിക്കണം എന്ന് ഭരണപക്ഷം ആവശ്യപ്പെട്ടു. പ്രസംഗം വിവാദമാക്കിയവര്‍ക്ക് മറുപടി നല്‍കാന്‍, തന്നെ സംസാരിക്കാന്‍ അനുവദിക്കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മാപ്പ് പറഞ്ഞാല്‍ മാത്രമേ പാര്‍ലമെന്റില്‍ സംസാരിക്കാന്‍ രാഹുലിനെ അനുവദിക്കുകയുള്ളൂവെന്നും ബി.ജെ.പി വ്യക്തമാക്കി.