കോതമംഗലത്തെ അങ്കണവാടികൾ സ്മാർട്ട് നിലവാരത്തിലേക്ക്
കോതമംഗലം പഞ്ചായത്തിലെ ഓരോ അങ്കണവാടികളും ഇനി സ്മാര്‍ട്ട് നിലവാരത്തിലേക്ക് ഉയരുകയാണ്. പിണ്ടിമന ഗ്രാമപഞ്ചായത്തിലെ ഭൂതത്താന്‍കെട്ട്, അയിരൂര്‍പാടം, മുത്തംകുഴി അങ്കണവാടികളാണ് ഏറ്റവുമൊടുവില്‍ സ്മാര്‍ട്ടായത്. ആകെ 57 അങ്കണവാടികളാണ് ഇതുവരെ സ്മാര്‍ട്ട് നിലവാരത്തിലേക്ക് ഉയര്‍ത്തിയത്.
ഇതില്‍ 56 സ്മാര്‍ട്ട് അങ്കണവാടികളും ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ട് വിനിയോഗിച്ചാണ് നവീകരിച്ചത്. ഒരെണ്ണം സാമൂഹിക പ്രതിബദ്ധതാ
ഫണ്ടുപയോഗിച്ചും (സി.എസ്.ആര്‍) സ്മാര്‍ട്ടാക്കി. ആകെ 205 അങ്കണവാടികളാണ് ബ്ലോക്കിന്റെ പരിധിയില്‍ വരുന്നത്. എല്ലാ അങ്കണവാടികളും സ്മാര്‍ട്ട് നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഭരണസമിതി പ്രവര്‍ത്തിക്കുന്നത്. അറുപത് ലക്ഷം രൂപയാണ് അങ്കണവാടിയുമായി ബന്ധപ്പെട്ട പദ്ധതിക്ക് ഓരോ സാമ്പത്തിക വര്‍ഷത്തിലും വകയിരുത്തുന്നത്.
കുട്ടികളുടെ സമഗ്രമായ ശാരീരിക മാനസിക വികാസം ഉറപ്പുവരുത്തും വിധമാണ് സ്മാര്‍ട്ട് അങ്കണവാടികളുടെ രൂപകല്‍പ്പനയും പ്രവര്‍ത്തനവും. കെട്ടിടത്തിലെ സ്ഥല ലഭ്യതയനുസരിച്ചാണ് സൗകര്യങ്ങള്‍ ഒരുക്കുന്നത്. മികച്ച അടിസ്ഥാന സൗകര്യങ്ങള്‍, ശിശു സൗഹൃദ അന്തരീക്ഷം, കളിപ്പാട്ടങ്ങള്‍, വിനോദ-വിജ്ഞാന ഉപാധികള്‍, ആധുനിക രീതിയിലുള്ള ഫര്‍ണിച്ചറുകള്‍ തുടങ്ങിയ സംവിധാനങ്ങളാണ് ഓരോ സ്മാര്‍ട്ട് അങ്കണവാടികളിലും ക്രമീകരിക്കുന്നത്.