തിരുവല്ല താലൂക്ക് അദാലത്ത്: 126 പരാതികള്‍ പൂര്‍ണമായും പരിഹരിച്ചു : മന്ത്രി വീണാ ജോര്‍ജ്
തിരുവല്ല : താലൂക്ക്തല അദാലത്തില്‍ പരിഗണിച്ച 158 പരാതികളില്‍ 126 പരാതികള്‍ പൂര്‍ണമായും തീര്‍പ്പാക്കിയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
തിരുവല്ല അലക്സാണ്ടര്‍ മാര്‍ത്തോമ്മ വലിയ മെത്രാപ്പൊലീത്ത മെമ്മോറിയല്‍ ഓഡിറ്റോറിയത്തില്‍ നടന്ന കരുതലും കൈത്താങ്ങും തിരുവല്ല താലൂക്കുതല അദാലത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. 32 പരാതികളില്‍ തുടര്‍നടപടി സ്വീകരിക്കുന്നതിന് വകുപ്പുകള്‍ക്ക് കൈമാറി. പുതിയതായി 168 പരാതികള്‍ ലഭിച്ചു.പുതുതായി ലഭിച്ച പരാതികളിലെല്ലാം 15 ദിവസത്തിനകം പരാതിക്കാരന് റിപ്പോര്‍ട്ട് നല്‍കും. 11 ഗുണഭോക്താക്കള്‍ക്ക് ബിപിഎല്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു.
മാറ്റിവച്ച റാന്നി താലൂക്കുതല അദാലത്ത് മേയ് 23 നടത്തും. താനൂര്‍ ബോട്ടപകടത്തില്‍ മരിച്ചവര്‍ക്കുള്ള ആദരസൂചകമായി സംസ്ഥാന സര്‍ക്കാര്‍ ദു:ഖാചരണം പ്രഖ്യാപിച്ചിരുന്നു. ഇതേ തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഔദ്യോഗിക പരിപാടികളും മാറ്റി വച്ചിരുന്നു. ഇങ്ങനെ മാറ്റി വച്ച അദാലത്താണ് ഈ മാസം 23 ന് നടക്കുക. ജനങ്ങള്‍ക്ക് നിയമപ്രകാരമുള്ള നീതി ഉറപ്പാക്കുകയാണ് അദാലത്തുകളുടെ ലക്ഷ്യം. മാനദണ്ഡങ്ങള്‍ അനുസരിച്ച് പ്രശ്നങ്ങള്‍ക്കും പരാതികള്‍ക്കും അര്‍ഹമായ നീതി നടപ്പിലാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഏപ്രില്‍ ഒന്ന് മുതല്‍ 15 വരെയായിരുന്നു പരാതികള്‍ അദാലത്തില്‍ സ്വീകരിച്ചിരുന്നത്. അദാലത്തിന് തുടര്‍ച്ച ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു.