രാത്രിയില്‍ പെണ്‍സുഹൃത്തിനെ കാണാനെത്തിയ 16-കാരന്‍; തൊട്ടടുത്ത വീട്ടിലെ കിണറ്റില്‍ മരിച്ചനിലയില്‍

പത്തനംതിട്ട: രാത്രിയില്‍ പെണ്‍സുഹൃത്തിന്റെ വീട്ടിലെത്തിയ പതിനാറുകാരനെ തൊട്ടടുത്ത വീട്ടിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി.
റാന്നി പുതുശ്ശേരി മനയില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. റാന്നി അങ്ങാടി അലങ്കാരത്തില്‍ മുഹമ്മദ് ആഷിക്കാണ് മരിച്ചത്.
റാന്നിയിലെ സ്കൂളില്‍ പത്താംതരത്തില്‍ ഒപ്പംപഠിച്ചിരുന്ന വിദ്യാര്‍ഥിനിയെ ഫോണില്‍ വിളിച്ചിട്ട് കിട്ടാതിരുന്നതോടെ നേരിട്ട് കാണാനാണ് ആഷിക്ക് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. വീടിനോട് ചേര്‍ന്ന മറ്റൊരു സ്ഥലത്ത് സ്കൂട്ടര്‍വെച്ച ശേഷം നടന്നാണ് ആഷിക്ക് വീട്ടിലെത്തിയത്. ജനലില്‍ മുട്ടിവിളിച്ചപ്പോള്‍ പുറത്തേക്കുവന്ന പെണ്‍കുട്ടിയുടെ മാതാവ് തന്നെ കണ്ടുവെന്ന് ഉറപ്പാക്കിയതോടെ ആഷിക്ക് സ്ഥലത്തുനിന്ന് ഓടുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. സമീപത്തെ ആള്‍താമസമില്ലാത്ത വീട്ടിലെ ഉപയോഗശൂന്യമായ കിണറ്റില്‍നിന്നാണ് ആഷിക്കിന്റെ മൃതദേഹം കണ്ടെത്തിയത്. ഇതിനുസമീപത്തുതന്നെ ആഷിക്ക് ഉപയോഗിച്ച സ്കൂട്ടറും കണ്ടെത്തിയിരുന്നു. പെണ്‍കുട്ടിയുടെ വീടിന് സമീപത്തുനിന്ന് സ്കൂട്ടര്‍ കണ്ടെത്തിയതോടെ പരിസരമാകെ നടത്തിയ പരിശോധനയിലാണ് കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച ഉച്ചയോടെ പുറത്തെടുത്ത മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.