കൊല്ലത്ത് പട്ടാപ്പകല്‍ മോഷണം; റിട്ട. അദ്ധ്യാപികയെ ബന്ദിയാക്കി ഏഴ് പവന്‍ സ്വര്‍ണവും 7000 രൂപയും കവര്‍ന്നു:

കൊല്ലം: കടയ്ക്കലില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടമ്മയെ ആക്രമിച്ച്‌ ഏഴ് പവൻ സ്വര്‍ണവും 7000 രൂപയും കവര്‍ന്നു.  77കാരിയായ വിരമിച്ച അദ്ധ്യാപിക ഓമനയാണ് മോഷണത്തിനും ആക്രമണത്തിനും ഇരയായത്.

കടയ്ക്കല്‍ പൊലീസ് സ്റ്റേഷന് അടുത്തുള്ള ഇവരുടെ വീട്ടിലാണ് താമസം. ഓമന ഒറ്റയ്ക്കാണ് ഈ വീട്ടില്‍ താമസിക്കുന്നത്.  ഓമനയുടെ വായില്‍ തുണി തിരുകി കൈകള്‍ കെട്ടിയിട്ട് കഴുത്തില്‍ കത്തിവച്ചായിരുന്നു മോഷണം.

ഉറങ്ങാനായി മുറിയില്‍ കയറിയ ഓമന കട്ടിലിനടിയില്‍ മോഷ്ടാവിനെ കണ്ടു. തുടര്‍ന്ന് ഓമനയെ കെട്ടിയിട്ടാണ് മോഷണം നടത്തിയതെന്ന് പരാതിയില്‍ പറയുന്നു. കഴുത്തില്‍ കത്തിവെച്ചുള്ള ആക്രമണത്തിനിടെ ഇവര്‍ക്ക് പരിക്കേല്‍ക്കുക ആയിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ ഓമനയെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ച്‌ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കി. കടക്കല്‍ പൊലീസ് സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു മോഷ്ടാവിനെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ്.